കാപ്പാ കേസിൽപ്പെട്ട് വിയ്യൂർ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് തിരുവനന്തപുരം കോർപ്പറേഷൻ ആറ് മാസത്തേക്ക് അവധി അനുവദിച്ചു. മേയർ വി.വി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ ഉൾപ്പെടെ 51 പേരുടെ പിന്തുണയോടെയാണ് തീരുമാനം പാസാക്കിയത്. മുൻസിപ്പൽ ആക്ട് പ്രകാരം കൗൺസിലർക്ക് ആറുമാസം വരെ അവധി നൽകാൻ വ്യവസ്ഥയുണ്ടെന്ന് മേയർ വ്യക്തമാക്കി. കോൺഗ്രസ് വിമതനായി ജയിച്ച സുധീഷ് സുഗതനെ പിന്തുണച്ച് വോട്ട് ചെയ്തതും ശ്രദ്ധേയമായി.
തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യത കൽപ്പിക്കപ്പെടുമെന്ന സാഹചര്യം ഒഴിവാക്കാനാണ് അവധി അപേക്ഷ സമർപ്പിച്ചതെന്ന് മേയർ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും സർക്കുലറുകൾ പ്രകാരം വോട്ടിനിട്ട് പാസാക്കിയാൽ കൗൺസിലർ സ്ഥാനം സുരക്ഷിതമായിരിക്കുമെന്ന് അധികൃതർ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും വി.വി. രാജേഷ് വ്യക്തമാക്കി.
അതേസമയം, ബിജെപിയുടെ ഈ നടപടിക്കെതിരെ യുഡിഎഫും എൽഡിഎഫും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അവധി അനുവദിച്ചത് ചട്ടലംഘനമാണെന്നും ജനാധിപത്യവിരുദ്ധ നടപടിയാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം കോർപ്പറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. വിഷയം നിയമപരമായി നേരിടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥനും സിപിഐഎം കൗൺസിലർ എസ്.പി. ദീപകും വ്യക്തമാക്കി.

