തൃശ്ശൂര്‍: കൊടകരയില്‍ പഴയ താമസ കെട്ടിടം ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളായ റൂബേല്‍, ആലിം, രാഹുല്‍ എന്നിവരാണ് മരിച്ചത്.
മണ്ണിനടിയില്‍ പെട്ട മൂന്ന് പേരെയും പുറത്തെടുക്കുമ്പോള്‍ നേരിയ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ദുരന്തമുണ്ടായത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച ഇരുനില കെട്ടിടം കനത്ത മഴയെ തുടര്‍ന്നാണ് തകര്‍ന്നത്. 17 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് 14 പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ വാടകയ്ക്ക് നല്‍കിയിരുന്ന പഴയ വീടാണ് തകര്‍ന്നത്.
തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകാനായി വീടിന്റെ മുകള്‍ നിലയില്‍ നിന്ന് പടിയിറങ്ങുമ്പോഴായിരുന്നു കെട്ടിടം ഒന്നാകെ നിലംപൊത്തിയത്. നാല് വര്‍ഷമായി തങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.

