PRAVASI

അദ്ധ്യായം പതിനാറ്

Blog Image

വിശ്വാസ വീരന്മാരുടെ പട്ടികയിൽ, എവറസ്റ് കൊടുമുടിയുടെ ഉയരത്തിൽ നിൽക്കുന്ന, അബ്രഹാമിന്റെ ജീവിതത്തിൽ ഒരു പക്ഷേ ‘അദ്ധ്യായം പതിനാറ്’ വന്നില്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ ലോകത്തിന്റെ അവസ്ഥ? അബ്രഹാമിന്റെ സന്തതിക്ക്‌ മാത്രമല്ല മുഴുവൻ മാനവസമൂഹത്തിനും അത് പ്രദാനം ചെയ്യുമായിരുന്ന സമാധാനം എത്ര വലുതായിരുന്നേനെ? ഇന്ന് നാം അധിവസിക്കുന്ന ഭൂമി എത്ര സുന്ദരമായിരുന്നേനെ എന്ന് എത്ര തവണ ചിന്തിച്ചിരിക്കുന്നു? എല്ലാ കുഴപ്പത്തിനും കാരണം ഉൽപ്പത്തി പുസ്തകത്തിലെ ആ പതിനാറാം ആദ്ധ്യായമാണ്. 

           നിങ്ങൾ പല ആവർത്തി ബൈബിൾ വായിച്ചിട്ടുണ്ടെങ്കിൽ ഒരു തവണ കൂടി പതിനാറാം  അദ്ധ്യായം വായിക്കുക. ഒരിക്കലും ആ ഭാഗം വായിച്ചിട്ടില്ലെങ്കിൽ ഇന്ന് നിങ്ങൾ തീർച്ചയായും വായിക്കും എന്നതിന് സംശയമില്ല. 

വായന കഴിഞ്ഞു മടങ്ങി വരുമ്പോൾ ഈ ഭാഗം കൂടി ശ്രദ്ധിക്കുക. അതിങ്ങനെയാണ്: “വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?"(സംഖ്യാപുസ്തകം 23:19)

             പ്രസ്തുത  ഭാഗം മോവാബ് രാജാവായ ബാലാക്ക് , ബിലെയാം എന്ന പ്രവാചകനോട്  യിസ്രായേൽ ജനത്തെ ശപിക്കാൻ പറയുന്ന സന്ദർഭത്തിൽ പരാമർശിക്കപ്പെട്ടതാണ്. മിസ്രയീമിലെ അടിമത്തത്തിൽ നിന്ന് ദൈവത്താൽ വിടുവിക്കപ്പെട്ട് വാഗ്ദത്ത ദേശത്തേക്ക് യാത്ര ചെയ്യുന്ന ദൈവജനത്തെ ശപിക്കാൻ ബിലെയാം എത്ര ആഗ്രഹിച്ചിട്ടും അവന്റെ വായിൽ നിന്ന് അനുഗ്രഹം മാത്രം പുറത്തു വരുന്ന സമയത്ത് ദൈവം ബിലെയാമിന്റെ അധരത്തിൽക്കൂടി കൂടി പറയുന്നത് മഹാദൈവത്തിന്റെ സവിശേഷ സ്വഭാവഗുണങ്ങളിലൊന്നാണ്. 'വാക്ക് പറഞ്ഞാൽ ദൈവം ഒരു കാരണവശാലും മാറ്റിപ്പറയുകയില്ല' എന്ന സ്വഭാവം. സർവ്വ ശക്തനായ ദൈവത്തിന്റെ അപ്രമാദിത്വത്തിലുള്ള വിശ്വാസം നന്നായി ഉണ്ടായിരുന്ന അബ്രഹാമിന് ഒന്ന് പിഴച്ചപ്പോൾ ഉല്പത്തി പുസ്തകത്തിൽ 16-മത്തെ അദ്ധ്യായം കൂടെ ചേർക്കപ്പെടുകയുണ്ടായി.

                    ഉല്പത്തി പുസ്തകം പതിനാറാം ആദ്ധ്യായത്തിന്‌ മുമ്പുള്ള നാല് അദ്ധ്യായങ്ങളിലായി ദൈവം അഞ്ച് തവണ അബ്രഹാമിന് സന്തതിയെ നൽകുമെന്ന് ഉറപ്പിച്ചു പറയുന്നതായി കാണുവാൻ കഴിയും. 

                  ഒന്നാമത്തേത്‌ ഹാരാനിൽ വച്ചാണ്. (ഉല്പത്തി 12:1-2 ). യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ,”ഞാൻ നിന്നെ വലിയോരു ജാതിയാക്കും". രണ്ടാമത്തെ സന്ദർഭം, ലോത്തുമായിട്ടുണ്ടായ അതിർത്തി പ്രശ്ന-പരിഹാരമൊക്കെ കഴിഞ്ഞ് അബ്രഹാം മടങ്ങിവരുമ്പോൾ അബ്രഹാമിന്റെ തീരുമാനത്തെ ശരിവയ്ക്കും വിധം, ലോത്ത് തിരഞ്ഞെടുത്ത കിഴക്കു ഭാഗം ഉൾപ്പെടെയുള്ള ദേശം അബ്രഹാമിനും സന്തതിക്കും കൊടുക്കും എന്ന് ദൈവം ഉറപ്പ് നൽകുന്നു. ( ഉല്പത്തി 13:15-16) 

"നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും." "ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം."

                        മൂന്നാമത്തേത് , സൊദോം രാജാവിന്റെ മുമ്പിൽ അബ്രഹാം നടത്തിയ അതിഗംഭീരമായ തീരുമാന പ്രഖ്യാപനമൊക്കെ (ഉല്പത്തി 14:21–24) കഴിഞ്ഞ്‌  രാത്രി ദർശനത്തിൽ സന്തതിയെക്കുറിച്ച് വീണ്ടും ദൈവം നൽകുന്ന ഉറപ്പ്. (ഉല്പത്തി:15:1-4)  "അവൻ(എലെയാസാർ) നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും" എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.

              നാലാമത്തേത്, അബ്രഹാമിനെ ദൈവം രാത്രിയിൽ പുറത്തുകൊണ്ടുവന്ന്  ആകാശത്തേക്കു നോക്കാൻ പറഞ്ഞിട്ട് സന്തതിയെക്കുറിച്ചു നൽകുന്ന അസന്നിഗ്ദമായ ഉറപ്പാണ് (ഉൽപ്പത്തി 15:5) "നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും" എന്നും അവനോടു കല്പിച്ചു.

              അഞ്ചാമത്തേത് , അതെ അദ്ധ്യായത്തിൽ ദൈവം അബ്രഹാമിനോട് ഉടമ്പടി ചെയ്തതിനു ശേഷം വീണ്ടും സ്ഥിരപ്പെടുത്തിക്കൊടുക്കുന്ന  സന്തതിയെക്കുറിച്ചുള്ള വാഗ്ദത്തമാണ്. (ഉല്പത്തി: 15:18-21) "അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ,കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു." 

                                   ഇത്രയൊക്കെ ഉറപ്പേറിയ വാഗ്ദത്തം അബ്രഹാമിന് ദൈവം നൽകിയിട്ടും കഷ്ടകാലം എന്ന് പറയട്ടെ , അദ്ധ്യായം  പതിനാറിലെ സംഭവം ദൗർഭാഗ്യവശാൽ അരങ്ങേറി. ആദാമിനും ഹവ്വയ്‌ക്കും സംഭവിച്ച തെറ്റുമായി ഇത് താരതമ്യം ചെയ്യാൻ ആകില്ല. കാരണം ദൈവത്തിന്റെ സ്നേഹിതനായ അബ്രഹാമിന്റെ ജീവിത ദർശനം കേവലം ഭൗമികമായിരുന്നില്ല. ദൈവം താൻ ശിൽപിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങൾ ഉള്ളതുമായ നഗരം ഹൃദയത്തിൽ പ്രതിഷ്‌ഠിച്ചവനായിരുന്നു അബ്രഹാം.

                ഇനി ഉല്പത്തി അദ്ധ്യായം പതിനാറിലെ നാടകം നോക്കാം. എൺപത്തിയഞ്ച് വയസ്സുള്ള അബ്രഹാമിനോട് ഒരു ദിവസം സാറാ വിചിത്രമായ ഒരു കാര്യം ആവശ്യപ്പെട്ടു. വാക്യം:16:2 

"സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു."

                        ഇതെന്ത് കഥ? അബ്രഹാമെ, നിങ്ങൾക്ക്  ഇതെന്തു പറ്റി? സാറാ പറഞ്ഞ ഒന്നാമത്തെ കാര്യം താങ്കൾ ശ്രദ്ധിച്ചോ? യഹോവയാണ് സാറായുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരൻ എന്ന്. അതുകൊണ്ടു സാറാ തന്നെ ഒരു പരിഹാരം പറയുന്നു. അത് ഈ 'വിശ്വാസ വീരൻ ' വെള്ളം തൊടാതെ വിഴുങ്ങുകയും   ചെയ്തു!  അബ്രഹാംസാറയുടെ വാക്ക് അനുസരിച്ചു. അങ്ങനെ ഹാഗാർ അബ്രഹാമിനാൽ ഗർഭിണിയായി. 

           എന്നാൽ ഇപ്പോൾ ഹാഗാറിന്റെ മട്ട് മാറി. 'ഈ കിഴവിയെ (സാറാ) കൊണ്ട് എന്തിനു കൊള്ളാം' എന്ന ഒരു തരം പുച്ഛം. വേറെ എന്തും സാറാ സഹിക്കും. പക്ഷെ ഹാഗാർ തന്നേ നോക്കുന്ന ആ 'നോട്ടം ' ഉണ്ടല്ലോ! അത് ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി ആദ്യ റൗണ്ടിൽ പോലും ജയിക്കാത്തവനെ നോക്കുന്ന നോട്ടം പോലെ സാറായ്ക്കു തോന്നി. ഇതിനെയാണ് വിളിച്ചു വരുത്തിയ ദുരന്തം എന്ന് പറയുന്നത്! എന്നാൽ കുറ്റം ഏൽക്കാൻ സാറാ തയ്യാറായില്ല എന്ന് മാത്രമല്ല, അബ്രഹാമിനോട് പറയുന്നു, "അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി!" . അബ്രഹാം കണ്ണു തള്ളിപ്പോയി.

                              പിന്നെ സാറാ പതുക്കെ പണി തുടങ്ങി. ഹാഗാറിനെ പുകച്ചു പുറത്തു ചാടിച്ചു. തുടർന്ന് ഹാഗാർ മരുഭൂമിയിലേക്ക് ഓടിപ്പോയതും അവിടെ വച്ച് ദൂതൻ പ്രത്യക്ഷപ്പെട്ട് അവളോട് വീട്ടിൽ മടങ്ങിപ്പോയി സാറയുടെ മുമ്പിൽ വലിയ മിടുക്കി ചമയാതെ മര്യാദയ്ക്ക് കീഴടങ്ങിയിരിക്കാനും ആവശ്യപ്പെടുന്നു. അവിടെ വച്ച് ഹാഗാറിനെയും ഗർഭത്തിലുള്ള മകൻ യിശ്മായേലിനും അനുഗ്രഹം നൽകുന്നുണ്ട്. പന്ത്രണ്ടാം വാക്യത്തിലെ അനുഗ്രഹം ശരിക്കും അനുഗ്രഹമാണോ അതോ നേരിട്ടല്ലാത്ത ഒരു ശാപമാണോ  എന്ന് ആ വംശത്തിന്റെ സ്വഭാവം ഇന്ന് കാണുമ്പോൾ തോന്നുന്നതിൽ അതിശയിക്കേണ്ടതില്ല! ഇതാണ് ആ വാക്യം. "അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർക്കും" എന്നു അരുളിച്ചെയ്തു.

              തുടർന്ന് പതിനാറാം അദ്ധ്യായം അവസാനിക്കുന്നത്  അബ്രഹാമിന്റെ പ്രായം പറഞ്ഞുകൊണ്ടാണ്. "ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു." അതിന്റെ കാരണം മനസ്സിലാക്കണമെങ്കിൽ പതിനേഴാം അദ്ധ്യായം ഒന്നാം വാക്യം വായിക്കണം. വാക്യം നിരീക്ഷിക്കുക,"അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക". നീണ്ട പതിന്നാലു വർഷം ദൈവം അബ്രഹാമിനോട് സംസാരിച്ചില്ല. ദൈവം തന്നോട് സംസാരിച്ചപ്പോൾ പറയുന്നത്, 'ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക' എന്ന്! 

                           എന്തൊരു വിരോധാഭാസം? ആ രണ്ടു വാചകങ്ങളിൽ അബ്രഹാമിനോടുള്ള ദൈവത്തിന്റെ സകല വിഷമവും അടങ്ങിയിട്ടുണ്ട്. ഇതിൽക്കൂടി ദൈവം അബ്രഹാമിനോട് പറയുകയാണ്, അബ്രഹാമെ, 'എങ്ങനെ, എപ്പോൾ, എന്ത്' ചെയ്യണമെന്ന് എനിക്കറിയാം; നിന്റെ വേലത്തരങ്ങളും കുറുക്കുവഴികളും നിർത്തി എന്റെ മുമ്പിൽ നീ നിഷ്കളങ്കനായി നടക്കുക. അബ്രഹാം തന്റെ തെറ്റ് തിരിച്ചറിഞ്ഞു. അവൻ സാഷ്ടാഗം വീണ് ദൈവത്തെ നമസ്കരിച്ചു തന്റെ തെറ്റുകൾ സമ്മതിച്ചു. 

ഇവിടെ വച്ച് ദൈവം അബ്രഹാമിന്റെ പേര് 'അബ്രാം ' എന്നത് മാറ്റി 'അബ്രഹാം ' എന്നാക്കി. ഇതൊരു അനുഗ്രഹമാണെന്നാണ് പലപ്പോഴും നാം ചിന്തിക്കുന്നത്. പേരുകളുടെ അർഥം ശ്രദ്ധിച്ചുനോക്കിയാൽ അപകടം നമുക്ക് തിരിച്ചറിയാം. 'അബ്രാം'  എന്ന വാക്കിന്റെ അർത്ഥം 'ശ്രേഷ്ഠനായ പിതാവ് ' എന്നാണ് .  'അബ്രഹാം' എന്നാൽ 'ബഹുജാതികൾക്ക്  പിതാവ് 'എന്നർത്ഥം. സാറായുടെ ആദ്യത്തെ പേര് 'സാറായി ' എന്നാൽ 'രാജകുമാരി' എന്നായിരുന്നു. 'സാറാ' യുടെ അർഥം 'ബഹുജാതികൾക്ക് മാതാവ്' എന്നർത്ഥം . 'ശ്രേഷ്‌ഠനായ പിതാവും ഉത്തമയായ രാജകുമാരിയുമായി ' ഭൂമിയിൽ ആദരിക്കപ്പെടേണ്ടിയിരുന്ന അബ്രാമും സാറായിയും ഇപ്പോൾ 'കണ്ട എല്ലാ ജാതികളുടെയും പിതാവും മാതാവുമായി മാറി '. അദ്ധ്യായം പതിനാറിന്റെ ദുരന്തഫലം ലോകം ഇനിയും അനുഭവിച്ചു തീർന്നിട്ടില്ല.

      എന്നാൽ അബ്രഹാം പിന്നീട് വിശ്വാസത്തിന്റെ പാതയിൽ നിന്നും അൽപ്പം പോലും വ്യതിചലിച്ചില്ല എന്ന് കാണാം. അതിനു തെളിവാണ്, പതിനാറാമത്തെ അദ്ധ്യായത്തിൽ ഭാര്യ പറഞ്ഞ നിർദ്ദേശം  ദൈവത്തോട് പോലും ചോദിക്കാതെ അതുപോലെ അബ്രഹാം അനുസരിച്ചെങ്കിൽ, 22-മത്തെ അദ്ധ്യായത്തിൽ ഹാഗാറിനെയും യിശ്മായേലിനെയും  വീട്ടിൽ നിന്ന് പുറത്താക്കാൻ സാറാ പറഞ്ഞപ്പോൾ ദൈവം അത് അനുവദിച്ചതിനു ശേഷം  മാത്രമേ അബ്രഹാം അക്കാര്യം അനുസരിച്ചുള്ളൂ. യിസഹാക്കിനെ യാഗം കഴിക്കാൻ ദൈവം ആവശ്യപ്പെട്ടപ്പോൾ ഭാര്യയുടെ അനുവാദത്തിനു പോലും കാത്തുനിൽക്കാതെ ദൈവ കൽപ്പന അനുസരിച്ചത് .

               അബ്രഹാമിന് ശേഷം ഏതാണ്ട് അഞ്ഞൂറോളം വർഷങ്ങൾ കഴിഞ്ഞും ദൈവം ബിലെയാമിൽക്കൂടി വീണ്ടും ഉറപ്പിച്ചു പറയുകയാണ് , "ദൈവം  കല്പിച്ചതു ചെയ്യാതിരിക്കുമോ? ദൈവം  അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ?" എന്ന് ! ദൈവം പറഞ്ഞാൽ ചെയ്തിരിക്കും എന്നതിന് ഏറ്റവും വലിയ തെളിവാണ്, പുതിയ നിയമം ആരംഭിക്കുന്നത്  അബ്രഹാമിന്റെ പേര്  ഒരു നീണ്ട വംശാവലി സഹിതം പറഞ്ഞുകൊണ്ടാണ് പരിശുദ്ധാത്മാവ് രേഖപ്പെടുത്തുന്നത് . 

ലോക ചരിത്രം അബ്രഹാമിന് ശേഷം നാലായിരത്തോളം വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ മനസ്സ് പിന്നെയും പറയുകയാണ്, 'അദ്ധ്യായം 16 ' സംഭവിക്കേണ്ടിയിരുന്നില്ല. എന്നാൽ അത് തിരി കൊളുത്തുന്ന മറ്റൊരു ചിന്തയുണ്ട്, എന്റെ ജീവിതത്തിൽ ആ പതിനാറാം അദ്ധ്യായം ഉണ്ടാകാതെ ഞാൻ എത്രയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് !

തോമസ് മുല്ലയ്ക്കൽ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.