PRAVASI

ഷിക്കാഗോ ഗീതാമണ്ഡലം ദീപാവലി അതിവിപുലമായി ആഘോഷിച്ചു

Blog Image

പ്രകാശത്തിന്റെ മഹോത്സവമായ ദീപാവലി, ഷിക്കാഗോ ഗീതാമണ്ഡലത്തിൽ സംസ്കാരപരമായ സമൃദ്ധിയോടെയും ആത്മീയ ഊർജ്ജത്തോടെയും അതീവ ആകർഷകമായി ആഘോഷിച്ചു. അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്കുള്ള മാനവതയുടെ യാത്രയുടെ ആകമാനമായ ആഘോഷത്തിൽ നിരവധി കുടുംബങ്ങൾ പങ്കുചേർന്നു. പരമ്പരാഗത ചിരാതുകൾ തെളിയിച്ചും, പടക്കങ്ങളുടെ പ്രകാശം ആകാശത്ത് വിരിയിച്ചും കൊണ്ടാണ് ഈ വർഷത്തെ ദീപാവലി ആഘോഷങ്ങൾക്ക് വിരാമമിട്ടത്.

 

മേൽശാന്തി ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിലിന്റെ നേതൃത്വത്തില്‍ ശ്രീമഹാഗണപതി പൂജയോടെ ആരംഭിച്ച ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കാലപുരുഷനായ ശ്രീമഹാവിഷ്ണുവിന് വിഷ്ണുസമസ്രനാമത്താലും, സര്‍വ്വ ഐശ്വര്യദായകിയായ ശ്രീ മഹാലക്ഷ്മിക്ക് ശ്രീസുക്തത്താലും വിശേഷാല്‍ പൂജകളും, ഗീതാമണ്ഡലം ഭജനസംഗത്തിന്റെ വിശേഷാൽ ദീപാവലി ഭജനയും ഉണ്ടായിരുന്നു. തുടർന്ന് മേൽശാന്തി ശ്രീകോവിലിൽ നിന്നു പകര്‍ന്ന അഗ്‌നിനാളങ്ങള്‍ കൊണ്ട് ഗീതാമണ്ഡലം കുടുംബത്തിലെ അമ്മമാരും സഹോദരിമാരും കുട്ടികളും ചേർന്ന് നൂറിലേറെ ചിരാതുകളിൽ നന്മയുടെയും, ഐശ്വര്യത്തിന്റെയും, ജ്ഞാനത്തിന്റെയും ദീപങ്ങൾ തെളിയിച്ചു. ഈ ദൃശ്യവിസ്മയം ഷിക്കാഗോയിലെ ഭക്തർക്ക് ആത്മസായൂജ്യത്തിന്റെ നിമിഷങ്ങൾ ആണ് സമ്മാനിച്ചത്.

 

ശേഷം, ദീപാവലിക്ക് പ്രത്യേകമായി തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യ ആശയ വിനിമയത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി. രാത്രി വൈകുവോളം കുട്ടികളുടേയും മുതിർന്നവരുടേയും പങ്കാളിത്തത്തിൽ നടന്ന ഡാണ്ടിയ നൃത്തം ആഘോഷത്തിന് പ്രത്യേക ഊർജ്ജം നൽകി. തുടർന്ന് എല്ലാവരും ചേർന്ന് പൂത്തിരി, കമ്പിത്തിരി, മത്താപ്പ്, ചക്രം, കളർ കാൻഡിൽ തുടങ്ങി അനേകം തരം പടക്കങ്ങൾ പൊട്ടിച്ചു. ഈ തിളക്കം നിറഞ്ഞ രാത്രി എല്ലാ തലമുറകൾക്കും ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ് നൽകിയത്.

ഭാരതം എന്നും ജ്ഞാന സൂര്യനെ ആരാധിച്ചിരുന്ന രാഷ്ട്രമാണ്. അജ്ഞാനത്തിനെ ഇരുട്ടായും അറിവിനെ പ്രകാശമായും കരുതിയ സംസ്കാരമാണ് ഭാരതത്തിന്റേത് . ഈ സംസ്കൃതി അല്പം പോലും ചോര്‍ന്നുപോകാതെ അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കുക എന്നതാണ് ഓരോ സനാതന ധര്‍മ്മപ്രചാരകന്റെയും ധര്‍മ്മം എന്നു പ്രസിഡന്റ് ശ്രീ ശേഖരൻ അപ്പുക്കുട്ടൻ തന്റെ ദീപാവലി സന്ദേശത്തിൽ പറഞ്ഞു. ഗീതാമണ്ഡലത്തിന്റെ ദീപാവലി ആഘോഷം പ്രവാസി ഭാരതീയരുടെ ആത്മീയ പാരമ്പര്യത്തെയും സാംസ്കാരിക ഐക്യത്തെയും ശക്തിപ്പെടുത്തിയ ചടങ്ങായി മാറി എന്നും, പുതുതലമുറയിൽ ഈ പാരമ്പര്യബോധം പകർന്നു നൽകുന്നതിൽ അതിന്റേതായ സവിശേഷത ഈ പരിപാടിക്ക് ഉണ്ടായി എന്നും ഡോക്ടർ വിശ്വനാഥും തദവസരത്തിൽ പറഞ്ഞു. തുടർന്ന് ദീപാവലി മഹോത്സവം ഒരു വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും, ഉത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ മേൽശാന്തിക്കും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോൻ പ്രത്യേകം നന്ദി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.