PRAVASI

ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ചിക്കാഗോ ഗീതാമണ്ഡലം മണ്ഡലമകരവിളക്ക് പൂജകൾ

Blog Image


ഈ വർഷത്തെ മണ്ഡലമകരവിളക്ക് സമാരംഭ മഹോത്സവത്തില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ധിക്കുമായി അനേകം  അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം തറവാട്ടിലേക്ക് എത്തിയത്. ശ്രീമഹാഗണപതിക്ക് വിശേഷാൽ പൂജകൾ നടത്തിയശേഷമാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് .

ശബരിമല സന്നിധാനം തുറന്ന ശുഭമുഹൂർത്തത്തിൽ, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ഭക്തിസാന്ദ്രമായ നിമിഷങ്ങളിൽ ഭസ്മവിഭൂഷിതനായ കലിയുഗവരദന്റെ തിരുസന്നിധാനം, മേൽശാന്തി ശ്രീ കൃഷ്ണന്‍ സ്വാമികൾ നട തുറന്നു. തുടർന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും നടത്തി. തുടര്‍ന്ന് അത്താഴപൂജയ്ക്ക് ശേഷം അഷ്ടോത്തര അര്‍ച്ചനയും, ദീപാരാധനയും, നമസ്കാരമന്ത്രവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു.

ഈ വര്‍ഷത്തെ മണ്ഡല കൊടിയേറ്റ് പൂജകള്‍ക്ക് മേൽശാന്തി ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികള്‍ നേതൃത്വം നല്‍കി. ശ്രീ രവി ദിവാകരന്‍ പരികര്‍മിത്വം വഹിച്ചു. ഈ വര്‍ഷത്തെ അയ്യപ്പ പൂജയോടൊപ്പം നടന്ന ഭജനകള്‍ക്ക് ഗീതാമണ്ഡലം ഭജനമണ്ഡലി നേതൃത്വം നല്കി. ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ അപ്പുക്കുട്ടൻ ശേഖരനും കുടുംബവുമാണ് ആണ് മണ്ഡലകാല കൊടിയേറ്റ് പൂജ എല്ലാ സത്ജനങ്ങൾക്കുമായി സമര്‍പ്പിച്ചത്.

ഭാരതീയ ദര്‍ശനങ്ങള്‍ പറയുന്നത്, ഈ പ്രപഞ്ച പ്രഹേളികയെ നാമറിയുന്നത് പതിനെട്ടു തത്വങ്ങളായിട്ടാണ് എന്നാണ്. ഈ പതിനെട്ട് തത്വങ്ങളെയും അനുഭവിച്ച്, നമ്മിലെ ശരിയായ ഉണ്മയെ തിരിച്ചറിയുവാനുള്ള മഹത്തായ പുണ്യകാലം ആണ് മണ്ഡലമകരവിളക്ക് കാലം എന്ന് ഗീതാമണ്ഡലം പ്രസിഡന്‍റ് ശ്രീ അപ്പുകുട്ടൻ ശേഖരൻ  പറഞ്ഞു. അതി രാവിലെ ഉണര്‍ന്ന് ബ്രഹ്മചര്യനിഷ്ഠയോടെ വ്രതമെടുത്ത് മനസിനെയും ശരീരത്തേയും ഈശ്വരചിന്തയില്‍ അര്‍പ്പിച്ച്, ഭഗവാനില്‍ അഭയംപ്രാപിക്കുന്ന ഒരാളുടെ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുകയും, ആത്മീയമായ ഉയര്‍ച്ച നേടുകയും ചെയ്യുന്നു. കുടുംബത്തില്‍ ഒരാളെങ്കിലും സ്വാമി മുദ്ര ധരിച്ചു കഴിഞ്ഞാല്‍ ആ കുടുംബത്തിന് തന്നെ പോസിറ്റീവ് ആയ പല മാറ്റങ്ങള്‍ സംഭവിക്കും എന്ന് ജോയിന്റ് വൈസ് പ്രസിഡണ്ട് ഡോക്ടർ വിശ്വനാഥൻ തദവസരത്തിൽ അഭിപ്രായപ്പെട്ടു. 

മണ്ഡല മകരവിളക്ക് കൊടിയേറ്റ് ഒരു വന്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും, ഉത്സവസത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, കൊടിയേറ്റ് ഉത്സവം സ്‌പോണ്‍സര്‍ ചെയ്ത ശ്രീ അപ്പുകുട്ടൻ ശേഖരനും, പൂജകള്‍ക്ക് നേതൃത്വം നൽകിയ മേൽശാന്തി ശ്രീ കൃഷ്ണൻ ചെങ്ങണാംപറമ്പിൽ സ്വാമികള്‍ക്കും, പരികര്‍മിത്വം നിർവഹിച്ച ശ്രീ രവി ദിവാകരനും ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോന്‍ പ്രത്യേകം നന്ദി അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.