ചിക്കാഗോ: മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരനും ജ്ഞാനപീഠം പുരസ്കാര ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ചിക്കാഗോ സാഹിത്യവേദി അംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.
സാഹിത്യവേദിയുടെ ചർച്ചകളിൽ എം ടി യുടെ കഥകളും കഥാപാത്രങ്ങളും മിക്കപ്പോഴും വിഷയമായിരുന്നു. 1999 മെയ് 7 -നു എം ടി യുടെ കൃതികളെപ്പറ്റി മാത്രമായി സാഹിത്യവേദി ചർച്ച നടത്തിയിരുന്നു. 2000 ഒക്ടോബർ 12-നു എം ടി-ക്ക് സാഹിത്യവേദി സ്വീകരണം നൽകുകയുണ്ടായി. വെസ്റ്റ് മോണ്ടിലെ ഇന്ത്യാ ഗാർഡൻ റെസ്റ്റോറന്റിലായിരുന്നു സ്വീകരണം സംഘടിപ്പിച്ചത്. അന്നത്തെ യോഗത്തിൽ അധ്യക്ഷനായിരുന്ന സാഹിത്യവേദി കോഓർഡിനേറ്റർ ശ്രീ ജോൺ ഇലക്കാട്ട് എം ടി യുടെ പ്രസംഗം വികാരവായ്പോടെ അനുസ്മരിച്ചു. എം ടി യെ നേരിൽ കാണുകയും കേൾക്കുകയും ചെയ്ത അനുഭവങ്ങൾ സാഹിത്യവേദി അംഗങ്ങൾ ഇന്നും മനസ്സിൽ കാത്തുസൂക്ഷിക്കുന്നു.
2023 മാർച്ച് 3 -നു നടന്ന യോഗത്തിൽ എം ടി യുടെ കാലം എന്ന നോവലിനെക്കുറിച്ചുള്ള വിശദമായ ചർച്ച നടത്തിയിരുന്നു.
സ്വാതന്ത്ര്യാനന്തര കേരളം എം ടി വാസുദേവൻനായരുടെ കാലം എന്ന നോവലിൽ എന്നതായിരുന്നു ചർച്ചാവിഷയം. എം ടി വാസുദേവൻനായരുടെ രചനകൾ ആരാധനയോളം പോരുന്ന അനുവാചക ശ്രദ്ധ നേടുന്നത് അവയിലെ ഭാവാത്മകതയുടെ പേരിലാണെന്നും മനുഷ്യജീവിതം വിശിഷ്യാ ദൈനംദിന സാമൂഹ്യ ജീവിതം അവയിൽ പച്ചയായി പ്രതിപാദിക്കപ്പെട്ടിട്ടില്ല എന്നും ഒരു പൊതു അഭിപ്രായം നിലവിലുണ്ട്. തകഴി, ദേവ് തുടങ്ങിയവർ മുതൽ എസ് ഹരിഷ് വരെ ഉള്ളവരുടെ കൃതികളിൽ കാണുന്ന പച്ചയായ ജീവിത ചിത്രീകരണം എം ടി കൃതികളിൽ കാണാൻ കഴിയില്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ഈ അഭിപ്രായം ശരിയല്ല എന്നും ഏകാകിയുടെ മനോരാജ്യങ്ങളിൽ അയാൾ ജീവിക്കുന്ന സമൂഹം എല്ലാ സൗന്ദര്യ വൈരൂപ്യങ്ങളോടെയും അനുഭവവേദ്യമാകുന്നു എന്ന് പ്രബന്ധകാരൻ ശ്രീ ആർ എസ് കുറുപ്പ് സമർത്ഥിച്ചു. സ്വാതന്ത്ര്യം കേരള സമൂഹത്തിൽ, വിശേഷിച്ച് മലബാറിലെ സമൂഹത്തിൽ വരുത്തിയ മാറ്റങ്ങൾ, അന്നത്തെ യുവതലമുറയുടെ മോഹങ്ങളും മോഹഭംഗങ്ങളും, കാലം എന്ന നോവലിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത് എങ്ങനെ എന്നുള്ള ഒരു പരിശോധനയാണ് സാഹിത്യവേദിയിലെ ചർച്ചയായത്.
മലയാള സാഹിത്യത്തിന്റെയും ചലച്ചിത്രത്തിന്റെയും മുടിചൂടാ മന്നനായി വിരാജിച്ച കാലാതിവർത്തിയായ ഈ യുഗപ്രഭാവന്റെ തിരോധാനത്തിൽ ലോകമെങ്ങുമുള്ള ഭാഷാസ്നേഹികൾക്കൊപ്പം സാഹിത്യവേദി അംഗങ്ങളും ഒരുപിടി കണ്ണീർപൂക്കൾ സമർപ്പിക്കുന്നു.