PRAVASI

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): ചരിത്രപ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ചുബിഷപ്പ്

Blog Image

ചിക്കാഗോ: ചിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവെൻഷന്റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ സമാപിച്ചു. ജൂലൈ 9-ന് ആരംഭിച്ച കൺവെൻഷന്റെ രണ്ടാം ദിനത്തിൽ നടന്ന ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും ഈ ചരിത്ര സംഗമത്തിന് മാറ്റുകൂട്ടി.

ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ

രണ്ടാം ദിവസം, കൺവെൻഷനിൽ പങ്കടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും  രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള  വിശ്വാസികളും ഒന്നുചേർന്നുള്ള ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ  മാർ ജോയ് ആലപ്പാട്ട് , ബിഷപ്പ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്,  അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത,  മാർ. ജോസ് കല്ലുവേലിൽ, റവ. ഡോ. ജോളി വടക്കൻ, റവ. ഡോ. ജോസഫ് തടത്തിൽ, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോൺ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളിൽ, തുടങ്ങിയവർ സഹകാർമികരായിരുന്നു.

ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാർ റാഫേൽ തട്ടിൽ നൽകിയ വചനസന്ദേശം വിശ്വാസികളിൽ ഏറെ സ്വാധീനം ചെലുത്തി. ക്രിസ്തു ലോകത്തിലേക്ക് 12 ശിഷ്യന്മാരെയും തുടർന്ന് 72 പേരെയും ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന് വിളംബരം ചെയ്യാനായി അയച്ച വചനഭാഗം അദ്ദേഹം ഓർമ്മിപ്പിച്ചു. "വിളവധികം, വേലക്കാർ ചുരുക്കം" എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്റെ മാർഗ്ഗത്തിലൂടെ ചരിച്ചവരാണ് നമ്മുടെ പൂർവ്വികർ. ആ പൈതൃകവും മാർഗ്ഗവും നാം കുടിയേറിപ്പാർത്ത ഈ അമേരിക്കൻ മണ്ണിലും വരുംതലമുറകൾക്കായി തുടർന്നുപോകാൻ നമുക്ക് സാധിക്കണം. കഴിഞ്ഞ 25 വർഷക്കാലം വലിയ പോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും ജീവിച്ച ചിക്കാഗോ രൂപത കൈവരിച്ച ഈ വളർച്ച, വലിയ ആനന്ദത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും സാക്ഷ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

രൂപതയുടെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ സിൽവർ ജൂബിലി കൺവെൻഷൻ അമേരിക്കൻ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവ്വവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്  പ്രസ്താവിച്ചു. കാൽനൂറ്റാണ്ട് മുൻപ് വിതക്കപ്പെട്ട വിശ്വാസത്തിന്റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളർന്നു പന്തലിച്ചതിന്റെ നേർക്കാഴ്ചയാണ് ഈ കൺവെൻഷനെന്നും, രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഒത്തുചേരലെന്നും മാർ ആലപ്പാട്ട്  ഓർമ്മിപ്പിച്ചു.

ദമ്പതികൾക്കായി ചങ്ങനാശേരി ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ അതിവേഗം പായുന്നതും തിരക്കുപിടിച്ചതുമായ ആധുനിക ജീവിതസാഹചര്യങ്ങളിൽ, കുടുംബജീവിതത്തിലെ മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ലളിതമായി വിവരിച്ചു. പരസ്പരമുള്ള ആശയവിനിമയവും ആത്മീയ അടിത്തറയും വഴി മാത്രമേ കുടുംബങ്ങളിൽ സമാധാനം നിലനിർത്താൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി കൺവെൻഷൻ നഗരിയിൽ പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകൾ നടന്നു. കുട്ടികൾ , യുവജനങ്ങൾ ,മുതിർന്ന യുവാക്കൾ ,വനിതകൾ , മുതിർന്നവർ , എന്നിവർക്കായി ക്ലാസ്സുകളും വർക് ഷോപ്പ് സെഷനുകളും നടന്നു.

ചരിത്രം കുറിച്ച് വമ്പിച്ച വിശ്വാസ റാലി; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു:

രണ്ടാം ദിവസത്തെ ഏറ്റവും വലിയ ആകർഷണം അമേരിക്കയിലെ വിവിധ ഇടവകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള വിശ്വാസികളെ അണിനിരത്തി നടത്തിയ വമ്പിച്ച ഘോഷയാത്രയായിരുന്നു കൺവെൻഷൻ സെന്ററിനെ ഭക്തിസാന്ദ്രമാക്കിയ റാലിയിൽ ഓരോ ചർച്ചുകളുടെയും പേരെഴുതിയ ബാനറുകളും മനോഹരമായി അലങ്കരിച്ച നിശ്ചലദൃശ്യങ്ങളും മുൻനിരയിൽ അണിനിരന്നു. പരമ്പരാഗത മുത്തുക്കുടകളും വാദ്യമേളങ്ങളുമായി ആയിരക്കണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തപ്പോൾ അത് അമേരിക്കൻ മണ്ണിലെ ഒരു മിനി കേരളമായി മാറി.

സീറോ മലബാർ വിശ്വാസ പാരമ്പര്യവും തനിമയും അതിമനോഹരമായി അണിയിച്ചൊരുക്കിയ റാലിയിൽ പങ്കെടുത്ത മികച്ച ഇടവകകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ പ്രഖ്യാപിച്ചു:
ഒന്നാം സ്ഥാനം: റവ. ഫാ. സിബി സെബാസ്റ്റ്യൻ, അസിസ്റ്റന്റ് വികാരി റവ. ഫാ. ക്രിസ്റ്റിൻ പുതിയകുന്നേൽ എന്നിവർ നേതൃത്വം നൽകുന്ന ഗാർലൻഡ് സെന്റ് തോമസ് ഫൊറോന ചർച്ച് കരസ്ഥമാക്കി.
രണ്ടാം സ്ഥാനം: റവ. ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോർജ് പാറയിൽ എന്നിവർ നേതൃത്വം നൽകുന്ന ഹൂസ്റ്റൺ സെന്റ് മേരീസ് ഫൊറോന ചർച്ച് നേടി.
മൂന്നാം സ്ഥാനം: വികാരി റവ.  ഫാ. ജോൺസ്റ്റി തച്ചാറയുടെ നേതൃത്വത്തിൽ അണിനിരന്ന ലോങ് ഐലൻഡ് സെന്റ് മേരീസ് ചർച്ച് (ന്യൂയോർക്ക്) സ്വന്തമാക്കി.
നാലാം സ്ഥാനം: റവ. ഫാ. റൂബൻ ജോസഫ് താന്നിക്കൽ വികാരിയായി നേതൃത്വം നൽകുന്ന അറ്റ്ലാന്റ സെന്റ് അൽഫോൻസ ഫൊറോന ചർച്ച് നേടി.

ആൽമായ പ്രേക്ഷിതത്വത്തിന്റെ മുന്നേറ്റവുമായി 'ജീവൻ ജ്യോതി' :

സഭയുടെ വളർച്ചയിലും സുവിശേഷ പ്രഘോഷണത്തിലും ആൽമായരുടെ സജീവവും ശക്തവുമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'ജീവൻ ജ്യോതി ആൽമായ മുന്നേറ്റ'ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൺവെൻഷൻ നഗരിയിൽ നടന്നു. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ, ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന് ഭദ്രദീപം കൈമാറിക്കൊണ്ടാണ് ഈ ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചത്.

പ്രേക്ഷിത പ്രവർത്തനങ്ങൾ വൈദികരിലും സന്യാസ്തരിലും മാത്രം ഒതുങ്ങിനിൽക്കാതെ, ആൽമായരിലൂടെയും കുടുംബങ്ങളിലൂടെയും സജീവമായി പ്രോത്സാഹിപ്പിക്കുക എന്നതാണ് ജീവൻ ജ്യോതിയുടെ പ്രധാന ലക്ഷ്യമെന്ന് ഈ പുതിയ മുന്നേറ്റത്തിന്റെ കോർഡിനേറ്ററായ റവ. ഫാ. ഫ്രാൻസിസ് പാലത്തുങ്കൽ അറിയിച്ചു. സഭയുടെ മിഷൻ പ്രവർത്തനങ്ങളിലും ഭരണപരമായ കാര്യങ്ങളിലും ആൽമായർക്ക് കൂടുതൽ വ്യക്തമായ ദിശാബോധവും പങ്കാളിത്തവും നൽകാൻ ഈ പ്രസ്ഥാനം വഴിതുറക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേജർ ആർച്ചുബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.

വൈകുന്നേരം നടന്ന സെഷനുകളിൽ വിവിധ ഇടവകളിൽ നിന്നുള്ള പ്രതിനിധികൾ അവതരിപ്പിച്ച മനോഹരമായ സ്കിറ്റുകളും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും അരങ്ങേറി. ബൈബിൾ അധിഷ്ഠിത സന്ദേശങ്ങളും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള സ്കിറ്റുകൾ പ്രേക്ഷകരുടെ വലിയ പ്രശംസ പിടിച്ചുപറ്റി. ആത്മീയ ചൈതന്യവും സാംസ്കാരിക തനിമയും ഒത്തുചേർന്ന കൺവെൻഷന്റെ രണ്ടാം ദിവസം പ്രവാസി സമൂഹത്തിന് വലിയൊരു ആത്മീയ ഉണർവാണ് സമ്മാനിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.