സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് കളമൊരുങ്ങിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് കടുത്ത നിർദ്ദേശവുമായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. നിലവിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരിൽ നിന്ന് തന്നെ മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും അത്തരമൊരു പോരാട്ടത്തിൽ വിജയസാധ്യത ഉറപ്പില്ലെന്നും ജോസഫ് വിഭാഗം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു.
യു.ഡി.എഫ് വിജയിച്ച് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമാകാത്തതിൽ ഘടകകക്ഷികൾക്കിടയിൽ വലിയ അതൃപ്തിയാണ് പുകയുന്നത്. പ്രത്യേകിച്ചും ഒരു വ്യക്തിയുടെ പേര് ജോസഫ് ഗ്രൂപ്പ് നിർദ്ദേശിച്ചിട്ടില്ലെങ്കിലും, സഭയ്ക്ക് പുറത്തുനിന്നുള്ളവർ വരുന്നത് പ്രായോഗികമല്ലെന്ന സൂചനയാണ് പി.ജെ. ജോസഫ് നൽകുന്നത്. ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
തീരുമാനം വൈകുന്നത് മുന്നണിയുടെ വിജയത്തിളക്കം കെടുത്തുന്നുവെന്ന് മുസ്ലിം ലീഗും ആർ.എസ്.പിയും നേരത്തെ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. അണികൾക്കിടയിൽ പടരുന്ന നിരാശ വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാകുമെന്ന ഭയത്തിലാണ് നേതൃത്വം. തൃക്കാക്കരയിൽ ബെന്നി ബഹനാൻ അടക്കമുള്ള നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെക്കുന്ന സാഹചര്യം വരെ ഉണ്ടായത് ഈ പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കുന്നു.

