'ഭാഗ്യസ്മരണാർഹൻ' എന്ന വിശേഷണത്തിന് സർവഥാ യോഗ്യനായ ഒരു വ്യക്തിയാണ് ഫിലിപ്പ് അപ്പാപ്പൻ എന്നു ഞങ്ങൾ വിളിക്കുന്ന ചിറക്കൽ സി. ജെ. ഫിലിപ്പ്.എന്റെ മമ്മിയുടെ ഏറ്റവും ഇളയ സഹോദരിയായതിനാൽ ഞങ്ങൾ ' കുഞ്ഞൂഞ്ഞമ്മ ' എന്നു വിളിക്കുന്ന ഗ്രേസി കുഞ്ഞമ്മയുടെ നിത്യ ഹരിത നായകൻ ' 'പെണ്ണു കാണാൻ ' കൈപ്പുഴ പള്ളത്തടം വീട്ടിൽ എത്തിയ ദിവസം എന്റെ ഓർമ്മയിൽ തെളിഞ്ഞു നിൽപ്പുണ്ട്. ആറടി ഉയരമുള്ള ആ മെലിഞ്ഞ സുന്ദരൻ നീല ഫുൾ കൈ ഷർട്ടുമിട്ട്, പത്തു പന്ത്രണ്ടു പേരുമായി കടന്നു വന്നപ്പോൾ, 'ക്വട്ടേഷൻ ' സംഘവുമൊത്ത്, മധ്യ പ്രദേശത്തു നിന്നുള്ള ഒരു കൊള്ളക്കാരൻ എന്റെ പ്രിയപ്പെട്ട കുഞ്ഞൂ ഞ്ഞമ്മയെ 'കിഡ്നാപ് ' ചെയ്യാൻ വന്നിരിക്കുന്നു എന്നാണ് എനിക്കു തോന്നിയത്. ഹൈസ്കൂൾ വിദ്യാർഥി യായിരുന്ന എനിക്ക്,കുഞ്ഞൂഞ്ഞമ്മ എന്നെ വിട്ടു പോകും എന്നത് അത്ര സന്തോഷകരമായ ചിന്തയായിരുന്നില്ല.അക്കാലത്ത് ' അമ്മവീടാ'യ പള്ളത്തടത്തിലായിരുന്നു എന്റെ ' പള്ളിയുറക്കം '.അപ്പച്ചനും, അമ്മച്ചിയും, കുഞ്ഞൂഞ്ഞമ്മയും, ഞാനും മാത്രമേ രാത്രിയിൽ അവിടെയുള്ളൂ. അത്താഴം കഴിഞ്ഞ് മണ്ണെണ്ണ വിള ക്കിനിരുപുറവും ഞങ്ങൾ വായിക്കാനിരിക്കുമ്പോൾ, പുട്ടിനു തേങ്ങാപ്പീര പോലെ, ചില സ്കൂൾ വിശേഷങ്ങളൊക്കെ കുഞ്ഞമ്മ പങ്കു വച്ചിരുന്നു. സ്കൂളിലെ ഒരു ' flame ' ആയിരുന്ന സുന്ദരിക്കുഞ്ഞമ്മയുടെ 'ക്രഷ് ' ആകാൻ ചൂണ്ടയിടുന്ന ആൺ പിള്ളേരെ കുറിച്ചു പറയുമ്പോൾ, അവന്മാരുടെ 'കരണത്തു രണ്ടു കൊടുക്കണം ' എന്നു പലവുരു എനിക്കു തോന്നിയിട്ടുണ്ട്.
കുഞ്ഞമ്മയ്ക്ക് ഒരു ആത്മ സഖിയുണ്ടായിരുന്നു. അവർ തമ്മിൽ പങ്കു വയ്ക്കാത്ത രഹസ്യങ്ങളില്ല. എന്നാൽ ഇടയ്ക്കിടെ പ്രണയകലഹങ്ങൾ കൊണ്ട് അവരുടെ ലോകം അന്ധകാരത്തിലാണ്ടു പോകും. അരവിന്ദന്റെ 'ആർട്ട് സിനിമ ' പോലെ, വാചാലമായ മൗനം കൊണ്ട് സംവദിക്കുന്ന കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ, ഒരു പ്രണയ ലേഖനത്തിലൂടെ, രണ്ടുപേരും മുറിവുണക്കി ഒ രുമിച്ചുകൂടും. ചിലപ്പോഴൊക്കെ ആ പ്രണയലേഖനം എഴുതാനുള്ള ദൗത്യം കുഞ്ഞമ്മ എന്നെ ഏല്പിച്ചിരുന്നു. കവിതാശകലങ്ങളും, ബൈബിൾ വാക്യങ്ങളും, സിനിമാപ്പാട്ടുകളിലെ രാഗാർദ്രമായ വരികളുമൊക്കെ സ മൃദ്ധമായി വാരി വിതറിയ പ്രണയ ലേഖനങ്ങൾ രണ്ടു തവണ എഴുതിയത് എനിക്കു വ്യക്തമായി ഓർമ്മയുണ്ട്. ' Ghost Writer ' എന്ന നിലയി ലുള്ള ഈ അനുഭവ പരിചയം എനിക്ക് ജീവിതത്തിൽ പിന്നീട് കുറച്ചൊക്കെ പ്രയോജനപ്പെട്ടിട്ടുണ്ട് എന്നു പറയാതെ വയ്യ .കാലത്തിന്റെ തികവിൽ കാമുകിക്ക് പ്രണയലേഖനം എഴുതേണ്ട ഘട്ടം വന്നപ്പോൾ , Ghost Writer Experience ഒരു ഇന്റേൺഷിപ് പോലെ പ്രയോജനപ്പെട്ടു എന്നു പറഞ്ഞ് ഊറിച്ചിരിക്കാം.
അങ്ങനെ ഞാനും കുഞ്ഞൂഞ്ഞമ്മയും ഉല്ലസിച്ചു കഴിയുമ്പോഴാണ്, മധ്യ പ്രദേശിൽ റെയിൽവേ ഉദ്യോഗസ്ഥനായ ഒരു മണവാളന്റെ രംഗപ്രവേശം. അതു വരെ ഓരോ കല്യാണാ ലോചന വരുമ്പോഴും, ' എനിക്കിഷ്ടമില്ലെന്നു നീ അപ്പച്ചനോട് പറഞ്ഞേക്ക് ' എന്ന് എന്നെ ശട്ടം കെട്ടിയിരുന്ന കുഞ്ഞമ്മ, മദ്യപ്രദേശത്തു നിന്നു കൂവിപ്പാഞ്ഞു വന്ന ' ചിറക്കൽ എക്സ്പ്രസ്സ് ' പള്ളത്തടം സ്റ്റേഷനിൽ നിന്നപ്പോൾ, അതിൽ ചാടിക്കയറി, എന്നോട് ' ബൈ ' പറഞ്ഞു. ആ ട്രെയിൻ സ്റ്റേഷൻ വിട്ടപ്പോൾ, മധ്യ പ്രദേശത്തു നിന്നു വന്ന ആ ' കിഡ്നാപ്പറോ 'ട് എനിക്കു തോന്നിയ ദ്വേഷ്യത്തിന് അതിരില്ലായിരുന്നു. കുഞ്ഞമ്മ പോയതിനു ശേഷം, ഇടയ്ക്കൊക്കെ,Bishrampur P O, Surguja Dist., Madhya Pradesh എന്ന വിലാസത്തിൽ ഞാൻ കത്തുകൾ എഴുതിക്കൊണ്ടിരുന്നു.മറുവടികൾ കൃത്യമായി വന്നു കൊണ്ടുമിരുന്നു.ഞാൻ ഹോസ്റ്റലിൽ താമസിക്കുമ്പോൾ ഒരു ദിവസം ഈ വിലാസത്തിൽ നിന്ന് ഒരു ടിൻ എനിക്കു പാഴ്സൽ ആയി വന്നു. അതിലുണ്ടായിരുന്ന കേക്കിന്റെ രുചി ഇന്നും നാവിൽ തങ്ങി നിൽപ്പുണ്ട്. അപ്പാപ്പന്റെ വാത്സല്യം കൂടി നല്ല അളവിൽ ചേർത്താണ് ആ കേക്ക് മിക്സ് ഉണ്ടാക്കിയത് എന്നു കുഞ്ഞമ്മ പിന്നീട് പറഞ്ഞു.
കുഞ്ഞമ്മ മധ്യ പ്രദേശിലെ ആ 'ചമ്പൽ കൊള്ളക്കാരനു'മായി ആദ്യത്തെ അവധിക്കു നാട്ടിൽ വന്നപ്പോൾ മധുവിധുവിന്റെ മഴവിൽ ആ മാനസാകാശപ്പ രപ്പിൽ നിന്നു മാ ഞ്ഞിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമെന്നു പറയട്ടെ, എന്നോടു കൂട്ടുകൂടി അധികം കഴിയും മുൻപുതന്നെ ആ കൊള്ളക്കാരന്റെ മുഖംമൂടി അഴിഞ്ഞുവീണു.
സുന്ദരനും, സുമുഖനും, സൗമ്യനും, മിതഭാഷിയുമായ ആ യുവാവിനോട് കുഞ്ഞമ്മയ്ക്ക് Love at First Sight തോന്നിയതി ന്റെ മന്ത്രം എനിക്കു മനസിലായി. എന്റെ സുന്ദരിക്കുഞ്ഞമ്മയെ എന്നല്ല, അടുത്തിടപഴകുന്ന ആരുടെയും മനസ് കൊള്ളയടിക്കുന്ന ഒരു 'ഹൃദയ ചോറി'നെ ഞാൻ അപ്പാപ്പനിൽ കണ്ടെത്തി. മൃദുലവും മധുരോദാ രവുമായ വാക്കുകളേ ആ ചുണ്ടുകളിൽ നിന്ന് അടർന്നു വീഴൂ. അന്തർ ലീനമായ നർമ്മരസം അദ്ദേഹത്തിന്റെ സംഭാഷണത്തെ കേൾവിക്കാർക്ക് കർണപീയൂഷമാക്കി.ആരോടും ഇഷ്ടക്കേടില്ല,ഒന്നിനെക്കുറിച്ചും പരാതിയില്ല, സദാചാരപൊലീസ് ചമഞ്ഞ് വഴി മാറി നടക്കുന്നവരെ ചോദ്യം ചെയ്യുന്ന സ്വഭാവമില്ല! അപ്പാപ്പന്റെ തിരക്കഥകളിൽ വില്ലൻ കഥാപാത്രങ്ങളെ കണ്ടെത്താനാവില്ല തന്നെ . ' എവിടുന്നു വന്നിത്ര കടുകയ്പ്പ് വായിൽ ' എന്നു ചോദിക്കാൻ തോ ന്നിപ്പിക്കുന്ന ഒരു വാക്കെങ്കിലും, ഒരിക്കലെങ്കിലും, അപ്പാപ്പനിൽ നിന്നു കേട്ടിട്ടില്ല. എങ്കിലും, ഇഷ്ടക്കുറവുള്ള കാര്യങ്ങൾ, സാഹിത്യ ഭംഗിയുള്ള തളിർവെറ്റിലയിൽ, നേർത്ത ഹാസ്യത്തിന്റെ ചുണ്ണാമ്പ് പുരട്ടി, ഒരു ചെറു പുഞ്ചിരിയിൽ ചുരുട്ടി നൽകുന്നത് ചിലപ്പോഴൊക്കെ ഞാൻ കണ്ടിട്ടുണ്ട്.
ജോലിയും ജീവിതവും മദ്ധ്യ പ്രദേശത്തായിരുന്നെങ്കിലും, മലയാളവും കേരളവും അപ്പാപ്പന് എന്നും പ്രിയപ്പെട്ടവയാ യിരുന്നു. മലയാള സാഹിത്യത്തിൽ നന്നേ തല്പരനായിരുന്ന അദ്ദേഹം ആനുകാലികങ്ങൾ പതിവായി വായിച്ചിരുന്ന തുകൊണ്ട് സമകാലിക കേരളത്തെ കുറിച്ചുള്ള അവബോധത്തോടെ സംസാരിക്കുന്ന ഒരു നല്ല 'സംഭാഷണചതുരൻ ' -- conversationalist--ആയിരുന്നു.സാഹിത്യകാരന്മാരുടെ ജീവിതകഥകളിൽ നിന്നുള്ള ഏടുകളും, സാഹിത്യകൃതികളുടെ പിന്നാമ്പുറങ്ങളും കൊണ്ടു സമ്പന്ന മായിരുന്നു പലപ്പോഴും അപ്പാപ്പന്റെ സംഭാഷണം. ബഷീറിന്റെ ഭ്രാന്തും, തകഴിയുടെ പിശുക്കും, ദേവിന്റെ പ്രണയവും, ചങ്ങമ്പുഴയുടെ മദ്യപാനവും പോലുള്ള വിഷയങ്ങളെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത് അപ്പാപ്പനി ൽ നിന്നാണ്. സംഭാഷണം മുഴുമിക്കുമ്പോൾ,ഇടയ്ക്കൊക്കെ,കേരള ചരിത്രത്തിലേക്കും ഇന്ത്യൻ പൊളിറ്റിക്‌സിലേക്കും ടോർച്ചടിച്ചു പോന്നു, ഈ സരസൻ.
ആദ്യമായി അവധിക്കു നാട്ടിൽ വന്നപ്പോൾ എന്നെ വിസ്മയിപ്പിച്ച ഒരു കാര്യം അപ്പാപ്പന്റെ സംഗീത വാസനയും താള ബോധവുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത്, വണക്കമാസത്തിലെ ' നല്ല മാതാവേ, മറിയേ ' എന്നു തുടങ്ങുന്ന പാട്ടും, കുർബാനയ്ക്കിടയിൽ പാടുന്ന ' ഓശാന, ഓശാന, ഈശനു സതതം ' എന്നു തുടങ്ങുന്ന പാട്ടുമൊക്കെയാണ് എന്റെ താള ബോധത്തെ രൂപപ്പെടുത്തിയിരുന്നത്. അവധിക്കു വന്ന അപ്പാപ്പൻ, ഒരു ദിവസം ഞാൻ നോക്കുമ്പോൾ, എന്റെ നസ്രാണി സംഗീത ബോധത്തെ വെല്ലുവിളിച്ചുകൊണ്ട്, റേഡിയോക്കു മുന്നിലിരുന്ന്, തുടയിൽ അടി ച്ചുകൊണ്ടേയിരിക്കുന്നു ! പശ്ചാത്തലത്തിൽ, സാധാരണ കേട്ടുതുടങ്ങിയാലുടൻ ഞാൻ ' ഓഫ് ' ചെയ്യാറുള്ള ശാസ്ത്രീയ സംഗീതം! തുടയിൽ താളം പിടിച്ച് ആ സംഗീതം ആസ്വദിച്ചുകൊണ്ടിരുന്ന അപ്പാപ്പൻ അന്തിച്ചു നിൽക്കുന്ന എന്നോടു ചോദിച്ചു,: " നല്ല രസമല്ലേ, കേൾക്കാൻ? "
അപ്പാപ്പന്റെ വ്യക്തിത്വവും എന്റെ വ്യക്തിത്വവും സന്ധി ക്കുന്ന ഒരു ബിന്ദുവുണ്ട്--- റൊമാന്റിക് മനസ്. ഈ മനസാണ് സുന്ദരിക്കുഞ്ഞമ്മയ്ക്ക് ഒരു ' മധുര മനോഹര മനോജ്ഞ ' ദാമ്പത്യം ഉറപ്പാക്കിയത് എന്നു ഞാൻ കരുതുന്നു. അവധി കിട്ടുമ്പോഴൊക്കെ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അ പ്പാപ്പൻ കുഞ്ഞമ്മയുമായി വിനോദയാത്ര നടത്തി. റെയിൽവേയുടെ സൗജന്യ ടിക്കറ്റ് ലഭിക്കുമെന്നതിനാൽ ഇതെളുപ്പമായിരുന്നു. കുഞ്ഞമ്മ ജന്മ നാട്ടിലേക്കുള്ള യാത്രകളാണോ, ഈ യാത്രകളാണോ കൂടുതൽ ആസ്വദിച്ചിട്ടുണ്ടാവുക, ആവോ!
എന്റെ പപ്പ സുൽത്താൻ ബത്തേരിയിൽ ജോലി ചെയ്യുന്ന സമയത്ത്, ഒരിക്കൽ അപ്പാപ്പൻ അവിടെ വന്നു. ഞങ്ങൾ രണ്ടു പേരും കൂടി അവിടെ നിന്ന് ഊട്ടി യിൽ കറങ്ങാൻ പോയി. അവിടെ, ഒരു വിശാലമായ പുൽത്തകിടിയിൽ എത്തിയപ്പോൾ, അപ്പാപ്പൻ, ഒരു കുസൃതി ച്ചിരിയോടെ, എന്നിലെ കാമുകനോടു ചോദിച്ചു:
" Would be യുമൊത്ത് ഈ ലോണിൽ കിടന്നുരുളാൻ തോന്നുന്നുണ്ടോ? "
അതൊരു ' സ്പാർക് ' ആയിരുന്നെങ്കിലും, അങ്ങനെ ഉരുളാൻ ഞങ്ങൾക്കു ഭാഗ്യം ലഭിച്ചിട്ടില്ല, ഇതു വരെ. ഈ പ്രായത്തിൽ ഇനിയൊട്ടു നടക്കുമെന്നും തോന്നുന്നില്ല.
ജീവിതത്തിന്റെ റെയിൽപാളങ്ങളിലൂടെ അപ്പാപ്പന്റെയും കുഞ്ഞമ്മയുടെയും ' ചിറക്കൽ എക്സ്പ്രസ്സ് ' കുതിച്ചും കിതച്ചും ഉരുളുന്നതിനിടയിൽ ഒരു തവണയെങ്കിലും പാളം തെറ്റിയോ കൂട്ടിയിടിച്ചോ അപകടമുണ്ടായതായി കേട്ടിട്ടില്ല. തങ്ങളുടെ പ്രണയാതുരമായ റൊമാന്റിക് ജീവിതത്തെ ധന്യമാക്കാൻ ഈ നിത്യ ഹരിത ജോടിക്ക് മൂന്നു മക്കളെ ദൈവം നല്കി. പേരക്കിടാങ്ങളെയും അവരുടെ മക്കളെയും താലോലിക്കാൻ അ പ്പാപ്പന് ഭാഗ്യം സിദ്ധിച്ചു.
സുഖാന്ത്യം കൊണ്ടും അനുഗ്രു ഹീതമായി അപ്പാപ്പന്റെ ജന്മം. വലിയ സഹ നങ്ങൾക്കൊന്നും ഇടം കൊടുക്കാതെ സാ യന്തനം കടന്നുപോയി. ജീവിത സായാഹ്നത്തിൽ, കാറ്റും കോളും ജീവിത നൗകയെ ഉലച്ചപ്പോഴൊക്കെ, വിദേശങ്ങളിലുള്ള മക്കളും കൊച്ചുമക്കളും മാറി മാറി പറന്നു വന്ന്, അവരുടെ പ്രിയ പിതാവിന് സാന്ത്വനമരുളി. ഭാ ര്യയുടെയും മക്കളുടെയും സ്നേഹസമ്പന്നമായ ശുശ്‌റൂഷ ഇതുപോലെ ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളവർ കുറവാണ്.ഒടുവിൽ, പ്രിയതമയുടെ സാ ന്നിധ്യത്തിൽ തന്നെ,ആരെയും ബുദ്ധിമുട്ടിക്കാതെ, ശാന്തമായി, സ്വതസിദ്ധ മായ സൗമ്യതയോടെ, ലോകത്തോടു വിട പറയാൻ ദൈവം അപ്പാപ്പനെ അനുഗ്രഹിച്ചു. ആ നിമിഷത്തിനായി അപ്പാപ്പൻ നന്നായി ഒരുങ്ങിയിരുന്നു. ' പോകാൻ ഞാൻ റെഡി ' എന്ന് അടുത്ത കാലങ്ങളിൽ കണ്ടപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നു. ഈ ജന്മത്തിൽ ദൈവം തന്നെ ഭരമേല്പിച്ചിട്ടുള്ള ദൗത്യം തികഞ്ഞ ആത്മാർത്ഥതയോടെ, നൂറു ശതമാനവും നിറവേറ്റിയിട്ടാണ്, അദ്ദേഹം,ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള നിത്യ സമ്മാനം സ്വീകരിക്കാനായി, ഫെബ്രുവരി പതിനെട്ടാം തീയതി നിത്യതയുടെ സ്റ്റേഷനിലേക്ക് പുറപ്പെട്ടത്.

ചിറക്കൽ സി. ജെ. ഫിലിപ്പ്
വിശാലമായി പടർന്നു പന്തലിച്ച ഒരു വൻ വൃക്ഷമാണ് ചിറക്കൽ കുടുംബം. ആ വൃക്ഷത്തിന്റെ വിവിധ ചില്ലകളിലിരുന്ന്, വിഷാദ മഗ്നരായ കിളികൾ അ പ്പാപ്പനു വേണ്ടി സ്നേഹമസ്രുണമായ കീർത്തനങ്ങൾ പാടുന്ന ത് ഞാൻ കേൾക്കുന്നു. നല്ലവനായ സ്നേഹിതനു യാത്രാ മംഗളങ്ങൾ നേരുന്ന ചെറുതല്ലാത്ത സുഹൃദ് വലയത്തെ ഞാൻ കാണുന്നു. എല്ലാ ജീവിത യാത്രകൾക്കും അവസാനത്തെ സ്റ്റേഷൻ ആയിരിക്കുന്ന ' അബ്ര ഹാമിന്റെ മടി'യിൽ ചെന്നെത്തിക്കഴിഞ്ഞിരിക്കുന്ന പ്രിയപ്പെട്ട ഫിലിപ്പ് അപ്പാപ്പനു വേണ്ടി മാലാഖാമാർ സ്വാഗതഗാനം ആലപിക്കുന്നത് , ഇതാ,ഞാ ൻ ശ്രവിക്കുന്നു.
നശ്വരമായ ഈ ലോകത്ത് അപ്പാപ്പൻ നടത്തിയ 87 വർഷത്തെ ജീവിത യാത്രയെ ഓർത്ത് സന്തോഷിക്കാനും അഭിമാനിക്കാനും ഭാഗ്യം ലഭിച്ച നമുക്ക് പ്രകാശപൂർണമായ ആ ജീവിതത്തെ ആഘോഷിക്കാം."സഫലമീ യാത്ര " എന്ന് കവി എഴുതിയത് ആരെക്കുറിച്ചായിരിക്കാം എന്നു സംശ യിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ :
" ചെല്ലുവിൻ ഭവാന്മാരെൻ അപ്പാപ്പൻ നികടത്തിൽ ".

ജയിംസ് ജോസഫ് കാരക്കാട്ട്

