PRAVASI

ഫാൽക്കെ അവാർഡ് ശിരസ്സിൽ ചൂടിയ പ്രിയ മോഹൻലാലിന് അഭിനന്ദനങ്ങൾ !

Blog Image

ലാലും ഒരുമിച്ച്‌ ഒരുപാട് മുഹൂർത്തങ്ങൾ എന്റെ എളിയ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.അതൊക്കെ  മഹാഭാഗ്യമായാണ് ഞാൻ  കരുതുന്നത്‌!
ഏറ്റവും ഒടുവിൽ ഇസ്കോൺ സ്ഥാപകനായ ശ്രീലാ പ്രഭുപാദരുടെ ജീവിതത്തെ ആസ്പദമാക്കി ഞാനെഴുതിയ 'മഹായോഗി 'എന്ന  ജീവചരിത്ര നോവലിന്റെ പ്രകാശനമായിരുന്നു വേദി . ലാൽ പ്രകാശനം ചെയ്യണമെന്നൊരാഗ്രഹം . 2013 ൽ ലിപി പ്രസിദ്ധീകരിച്ച  എന്റെ  'റൊമീല ഒരോർമ്മച്ചിത്രം 'കോഴിക്കോട് പ്രകാശനം ചെയ്തത്‌ ലാൽ ആയിരുന്നു .ആയിടെ താന്ത്രിക ബുദ്ധിസം പ്രമേയമായ  എന്റെ 'പ്രണയത്തിന്റെ മൂന്നാം കണ്ണ് ' വായിച്ച്‌ ലാൽ ചെറിയൊരു കുറിപ്പും ‌ എഴുതി തന്നിരുന്നു . 


'മഹായോഗി 'യുടെ കാര്യം പറയാൻ ലാലിനെ ഫോണിൽ വിളിക്കുമ്പോൾ  അദ്ദേഹം വിദേശത്തെവിടെയോ  ഷൂട്ടിംഗിൽ  ആയിരുന്നു.ഫോണിൽ സംസാരിക്കാനാവാത്തതിനാൽ വോയിസ് ചാറ്റിലൂടെയാണ് ഞങ്ങൾ ആശയം കൈമാറിയത് . 2022  ഒക്ടോബർ  22 നു  കൊച്ചിയിൽ വച്ച്‌ പുസ്തകം പ്രകാശനം ചെയ്യാമെന്ന് ലാൽ സമ്മതിച്ചു.അതിനിടെ അതിന്റെ തലേന്ന് ലാൽ  അഭിനയിച്ച 'മോൺസ്റ്റ'റിന്റെ പ്രമോഷൻ ദുബായിൽ നടത്തേണ്ടിവന്നു. പിറ്റേന്നും ദുബായിൽ നിൽക്കേണ്ടി വന്നു .അങ്ങനെ  ഒക്റ്റോബർ 24 ന് പുസ്തക പ്രകാശനം  നിശ്ചയിച്ചു . ഇസ്കോണും മാതൃഭൂമി ബുക്സും അതിനുള്ള ഒരുക്കങ്ങൾ ചെയ്തു . ആ  ദിവസങ്ങളിലും  ലാലിന്  ദുബായിൽ stay ചെയ്യേണ്ട സാഹചര്യമുണ്ടായി . എങ്കിലും എങ്ങനെയെങ്കിലും  പുസ്തക പ്രകാശനത്തിനായി  കൊച്ചിയിൽ എത്താം,പക്ഷേ അന്നു വൈകിട്ടു തന്നെ  ദുബായിൽ തിരിച്ചെത്തേണ്ടതുണ്ടെന്നു ലാൽ അറിയിച്ചപ്പോൾ ആശ്വാസമായി  .ഇസ്കോണിൽ ഈ വിവരം അറിയിച്ചപ്പോൾ പുസ്തക പ്രകാശനത്തിന് വേണ്ടി മാത്രമായി ലാൽ ദുബായിൽ നിന്ന് വരികയല്ലേ  ,അതുകൊണ്ട്  ബിസിനസ്സ്‌ ക്ലാസ്സിൽ കൊച്ചിയിൽ വന്നു പോകുന്നതിന്റെ ചെലവ്‌ വഹിക്കാമെന്നു പറഞ്ഞു.അത്‌  ഉചിതമായിരിക്കുമെന്ന് എനിക്കും തോന്നി.ഈ വിവരം സൂചിപ്പിച്ച് ഞാൻ വോയിസ്‌ മെസ്സേജ്‌ ഇട്ടപ്പോൾ  ലാലിന്റെ മറുപടി വന്നു.'ഏയ്‌   ,ഏയ്‌...അതൊന്നും വേണ്ടാ . ഞാൻ വന്നോളാം.നമ്മൾ തമ്മിലുള്ള സൗഹൃദത്താൽ ഞാൻ  വരാമെന്നു പറഞ്ഞതല്ലേ  ? ഇസ്കോണിനെ   ബുദ്ധിമുട്ടിക്കണ്ടാ.' രാവിലെ കൃത്യം 11 മണിക്ക് ലാൽ കൊച്ചി റാഡിസൺ ബ്ലൂവിലെ വേദിയിലെത്തി 'മഹായോഗി 'പ്രകാശനം ചെയ്ത്‌   മനോഹരമായി  സംസാരിച്ചു .ബോബിയച്ചന്റെയും ഷൗക്കത്തിന്റെയും സത്യൻ അന്തിക്കാടിന്റെയും പ്രസംഗങ്ങളും എന്റെ  മറുപടി  പ്രസംഗവും കേട്ട്‌ രണ്ടു മണിക്കൂറോളം ആ പരിപാടിയിൽ ഇരുന്നു . അന്നു വൈകിട്ട് തന്നെ  ദുബായിലേക്ക്  മടങ്ങിപ്പോവുകയും  ചെയ്തു.   അതാണ് സൗഹൃദത്തിന് ലാൽ നൽകുന്ന മഹിമ .
പ്രേം നസീറിനെപ്പോലെ ആരോട്‌  ഇട പഴകുമ്പോഴും  വലിപ്പച്ചെറുപ്പം നോക്കാതെ  വളരെ എളിമ പുലർത്തുന്ന ആളാണ്  മോഹൻലാൽ.അഭിനയത്തിൽ ഹിമാലയത്തോളം ശിരസ്സുയർത്തി നിൽക്കുമ്പോഴും വ്യക്തി ബന്ധങ്ങളിൽ ഒരു പുൽക്കൊടിയോളം  എളിമ ലാൽ പുലർത്തും .ഇനിയും ഒരുപാട്‌ മഹത്തായ അഭിനയ മുഹൂർത്തങ്ങൾ ആ നടന ജീവിതത്തിൽ വന്നുചേരട്ടെ ! വലിയ  വലിയ  അംഗീകാരങ്ങളും ! 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.