കോഴിക്കോട് ഫറോക്ക് സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് നിപ സ്ഥിരീകരിച്ചതോടെ ജില്ല അതീവ ജാഗ്രതയിൽ. പഴയ കെട്ടിടം വൃത്തിയാക്കുന്നതിനിടെയോ, വീട്ടുവളപ്പിൽ നിന്ന് വവ്വാലുകൾ കടിച്ചിട്ട സപ്പോട്ട പഴം കഴിച്ചതിലൂടെയോ ആകാം രോഗബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് ഇദ്ദേഹം ചികിത്സ തേടിയിരുന്നതും, പിന്നീട് ബോധക്ഷയത്തെ തുടർന്ന് ഡീ-അഡിക്ഷൻ സെന്ററിലേക്ക് മാറ്റിയതും രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിച്ചു. നിലവിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള 77 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 58 പേരും ആരോഗ്യപ്രവർത്തകരാണ് എന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. 14 പേർ കുടുംബാംഗങ്ങളുമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരെ റിസ്ക് വിഭാഗങ്ങളായി തരംതിരിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇതിൽ 2 പേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് വിഭാഗത്തിലുമാണ്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് കർശനമായ ഹോം ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. ബാക്കി 63 പേർ ലോ റിസ്ക് വിഭാഗത്തിലാണ്. സമ്പർക്കപ്പട്ടികയിലുള്ള ആർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല എന്നത് വലിയൊരാശ്വാസമാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ മാത്രം പരിശോധന നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഉടൻ തന്നെ അധികൃതർ പുറത്തുവിടും.പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നതിനൊപ്പം പുറത്തുനിന്നുള്ള പഴങ്ങൾ കഴിക്കുമ്പോൾ വവ്വാലുകൾ കടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക. ആശുപത്രികളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ചെറിയ ലക്ഷണങ്ങൾ കണ്ടാൽ പോലും സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ആരോഗ്യകേന്ദ്രങ്ങളെ സമീപിക്കണം.

