PRAVASI

ഡാലസിലേക്ക് ലോക മലയാളികളെ സ്വാഗതം ചെയ്ത് WMC അമേരിക്കൻ റീജിയൻ; ആഗസ്റ്റ് 21–24 വരെ ഗ്ലോബൽ കോൺഫറൻസിന് ആവേശകരമായ ഒരുക്കങ്ങൾ

Blog Image

ഡാലസ്: ലോകമെമ്പാടുമുള്ള മലയാളികളുടെ മഹാസംഗമമായ വേൾഡ് മലയാളി കൗൺസിൽ (WMC) ഗ്ലോബൽ കോൺഫറൻസ് 2026-ൽ കുടുംബസമേതം പങ്കുചേരാൻ ലോക മലയാളികളോട് അമേരിക്കൻ റീജിയൻ നേതൃത്വം ഹൃദയപൂർവ്വം ആഹ്വാനം ചെയ്തു. ആഗസ്റ്റ് 21 മുതൽ 24 വരെ അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഡാലസിലുള്ള വിൻധം ഹോട്ടലിൽ നടക്കുന്ന ഈ മഹാസമ്മേളനം, ലോക മലയാളികളുടെ ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും ചരിത്ര മുഹൂർത്തമാകുമെന്ന് നേതാക്കൾ പറഞ്ഞു.

അമേരിക്കൻ റീജിയൻ ചെയർമാൻ ജോണി കുന്നംപുറം, പ്രസിഡന്റ് പിന്റോ കണ്ണംപള്ളി, ജനറൽ സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ നിവിൻ വിൽഫ്രഡ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ ആഹ്വാനം.

മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളി സമൂഹത്തെ ഒരു കുടുംബമായി ചേർത്തുനിർത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കാൻ അമേരിക്കൻ റീജിയന് ലഭിച്ചിരിക്കുന്ന അവസരം അഭിമാനകരമാണ്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഡാലസിൽ ഒത്തുചേർന്ന് സൗഹൃദത്തിന്റെയും സേവനത്തിന്റെയും സംസ്കാരത്തിന്റെയും പുതുചരിത്രം രചിക്കേണ്ട സമയമാണിത്. ഓരോ മലയാളിയും ഈ മഹാസംഗമത്തിന്റെ ഭാഗമാകണം, അമേരിക്കൻ റീജിയൻ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിയായ ബഹുമാനപ്പെട്ട ശ്രീ വി.ഡി. സതീശൻ സമ്മേളനത്തെ അനുഗ്രഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ഗതാഗത മന്ത്രി ബഹുമാനപ്പെട്ട ശ്രീ. സി.പി. ജോൺ, പ്രശസ്ത ചലച്ചിത്രതാരം മൈഥിലി റോയ്, കൂടാതെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുക്കും.

സംഘടനയുടെ സ്ഥാപക നേതാക്കെന്മാരിൽ ചിലരായ ന്യൂ ജേഴ്‌സിയിലെ ശ്രീ ആൻഡ്രൂ പാപ്പച്ചനും ടെക്സസിൽ നിന്നുള്ള ജോൺ എബ്രഹാമും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. സംഘടനയുടെ വളർച്ചയ്ക്കും ആശയപാരമ്പര്യത്തിനും അടിത്തറ പാകിയ ഈ നേതാക്കളുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ പ്രൗഢിയും ചരിത്രപ്രാധാന്യവും പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, വ്യവസായ പ്രമുഖർ, പ്രൊഫഷണലുകൾ, യുവജനങ്ങൾ, വനിതാ പ്രതിനിധികൾ എന്നിവർ ഒരേ വേദിയിൽ സംഗമിക്കുന്ന ഈ ആഗോള സമ്മേളനം ആശയവിനിമയത്തിന്റെയും ബന്ധവികസനത്തിന്റെയും പുതിയ സാധ്യതകൾ തുറന്നിടുന്ന അപൂർവ വേദിയായിരിക്കും.

സമ്മേളനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ, കലാവിരുന്നുകൾ, സംഗീത-നൃത്ത അവതരണങ്ങൾ, ഇന്ററാക്ടീവ് ഷോകൾ, പ്രചോദനാത്മക പ്രഭാഷണങ്ങൾ, ചർച്ചാവേദികൾ, യുവജന-വനിതാ ഫോറങ്ങൾ, കുടുംബസംഗമങ്ങൾ, ലോകമെമ്പാടുമുള്ള മലയാളി പ്രതിഭകളെ അണിനിരത്തുന്ന വിസ്മയിപ്പിക്കുന്ന വിനോദപരിപാടികൾ എന്നിവ അരങ്ങേറും.

ലോകമെമ്പാടുമുള്ള റീജിയനുകളിൽ നിന്ന് വൻ പങ്കാളിത്തം പരിപാടിയുടെ മാറ്റുകൂട്ടും എന്ന് സംഘടകർ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ റീജിയനുകളിൽ നിന്നുള്ള പങ്കാളിത്ത പ്രഖ്യാപനങ്ങൾ ഇതിനോടകം ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

WMC മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷൈൻ ചന്ദ്രസേനൻ, തന്റെ റീജിയനിൽ നിന്ന് 100 പ്രതിനിധികളെ ഡാലസിലേക്ക് എത്തിക്കുമെന്ന് ഉറപ്പുനൽകിയതായി അമേരിക്കൻ റീജിയൻ നേതൃത്വം അറിയിച്ചു. സംഘടനയെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ആത്മാർഥതയുടെയും പ്രതിബദ്ധതയുടെയും തെളിവായാണ് ഈ പ്രഖ്യാപനത്തെ വിലയിരുത്തുന്നത്.

മിഡിൽ ഈസ്റ്റിലെ 13 പ്രവിശ്യകളെ ഏകോപിപ്പിച്ചും അവിടുത്തെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നും ശ്രദ്ധേയമായ നേതൃത്വം നൽകിയ ഷൈൻ ചന്ദ്രസേനന്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ജെറോ വർഗീസിന്റെയും രാജേഷ് പിള്ളയുടെയും സമർപ്പണവും സംഘാടക മികവും WMC നേതൃത്വത്തിന്റെ പ്രത്യേക അഭിനന്ദനം നേടി.

അതുപോലെ, ജർമ്മനി, ഇംഗ്ലണ്ട്, അയർലൻഡ് ഉൾപ്പെടെ ഏഴ് പ്രവിശ്യകളിലായി വ്യാപിച്ചുകിടക്കുന്ന യൂറോപ്പ് റീജിയനിൽ നിന്ന് കുറഞ്ഞത് 50 പ്രതിനിധികളെയെങ്കിലും ഡാലസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന്, നിലവിലെ യൂറോപ്പ് റീജിയൻ പ്രീതിനിധി ജോളി തടത്തിൽ സംഘാടക സമിതിയെ അറിയിച്ചു.

ഇന്ത്യ റീജിയനും സമ്മേളനത്തിൽ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. നിലവിലെ ഇന്ത്യ റീജിയൻ കോൺഫറൻസ് കോ കൺവീനർ അറിയിച്ചതനുസരിച്ച്, 20 കുടുംബങ്ങൾ ഇതിനോടകം രജിസ്ട്രേഷൻ പൂർത്തിയാക്കി യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഈ ആവേശകരമായ പ്രതികരണം സമ്മേളനത്തിന്റെ
സ്വീകാര്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി.

WMCയുടെ മഹത്തായ പാരമ്പര്യത്തിലേക്ക് നോക്കിയാൽ, 1995 ജൂലൈ 3-ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ നടന്ന ആദ്യ ലോക മലയാളി സമ്മേളനത്തിന്റെ സമാപനദിനത്തിലാണ് വേൾഡ് മലയാളി കൗൺസിൽ രൂപംകൊണ്ടത്. അതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ കൂട്ടായ്മയ്ക്കും മാനവിക സേവന പ്രവർത്തനങ്ങൾക്കും സാംസ്കാരിക സംരക്ഷണത്തിനും നേതൃത്വ വികസനത്തിനും വേദിയൊരുക്കിയ സംഘടനയായി WMC വളർന്നു.

കൊച്ചി (1998), ഡാലസ് (2000, 2012), ഡിംഗ്ഡൻ–ജർമ്മനി (2002), ബഹ്റൈൻ (2004, 2022), കൊച്ചി (2006), സിംഗപ്പൂർ (2008), ദോഹ (2010), കുമരകം (2014), കൊളംബോ (2016), ബോൺ–ജർമ്മനി (2018), തിരുവനന്തപുരം (2024) എന്നിവിടങ്ങളിലെ വിജയകരമായ സമ്മേളനങ്ങളുടെ തുടർച്ചയായാണ് ഡാലസ് ഗ്ലോബൽ കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ നേത്ര്വത്വം
* ഗോപാല പിള്ള – ചെയർമാൻ
* ജോൺ മാതായി – പ്രസിഡന്റ്
* ക്രിസ്റ്റഫർ വർഗീസ് – ജനറൽ സെക്രട്ടറി
* ശശികുമാർ നായർ – ട്രഷറർ

കോൺഫറൻസ് കൺവീനർ
ജോൺസൻ തലച്ചെല്ലൂർ
കോൺഫറൻസ് കോ-കൺവീനർമാർ
* നൈനാൻ മാതായി – ഫിലാഡൽഫിയ
* സാം ലൂക്ക് മണ്ണിക്കരോട്ടു – ന്യൂയോർക്ക്
* അനീഷ് ജെയിംസ് – ന്യൂജേഴ്‌സി
* ജോളി പടയാട്ടിൽ – ജർമ്മനി
* ശ്രീജിത്ത് – ഇന്ത്യ
* ബാബു തങ്കലത്തിൽ – മിഡിൽ ഈസ്റ്റ്

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
രജിസ്ട്രേഷൻ കമ്മിറ്റി (സോണി കണ്ണോത്തുതറ), ഫിനാൻസ് കമ്മിറ്റി (ജോൺസൺ തലച്ചെല്ലൂർ, ജോൺ മാതായി, ഗോപാല പിള്ള), ഫണ്ട് റൈസിംഗ് കമ്മിറ്റി (നൈനാൻ മാതായി, സുകു വർഗീസ്), സുവനീർ കമ്മിറ്റി (സാം മണ്ണിക്കരോട്ടു, ശ്രീജിത്ത് എം.ജി.), പബ്ലിസിറ്റി & പബ്ലിക് റിലേഷൻസ് കമ്മിറ്റി (ക്രിസ്റ്റഫർ വർഗീസ്, Dr. സൂസൻ ചാണ്ടി), ഹോസ്പിറ്റാലിറ്റി കമ്മിറ്റി (സ്മിത ജോസഫ്, മറിയാമ്മ ജോർജ്), ലോജിസ്റ്റിക്സ് കമ്മിറ്റി (ജോസഫ് മാത്യു), റിസപ്ഷൻ കമ്മിറ്റി (ലിജി സോയ്, ശാന്ത പിള്ള, ആലിസ് മഞ്ചേരി, ആൻസി തലച്ചെല്ലൂർ), പ്രോഗ്രാം കമ്മിറ്റി (ശ്രീജിത്ത് എം.ജി., സ്മിത സോണി), കൾച്ചറൽ കമ്മിറ്റി (ആൻസി തലച്ചെല്ലൂർ, അജി പണിക്കർ), ഓഡിയോ-വിഷ്വൽ കമ്മിറ്റി (ജിമ്മി ജോർജ്, അനിയൻകുഞ്ഞ്), ഫോട്ടോഗ്രഫി കമ്മിറ്റി എന്നിവർ സമ്മേളനത്തിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ചുവരികയാണ്.

ഡാലസ് ഗ്ലോബൽ കോൺഫറൻസ് ഒരു സാധാരണ സമ്മേളനമല്ല, മൂന്ന് ദശാബ്ദങ്ങളിലേറെയായി ലോക മലയാളികളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന മഹത്തായ ആഗോള കുടുംബസംഗമമാണ്. പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും, പുതുതലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും കൈമാറാനും ഈ വേദി അവസരമൊരുക്കും.

അമേരിക്ക റീജിയൻ മുൻ ചെയർമാൻ ചാക്കോ കോയിക്ക്ലത്ത്, ന്യൂ ജേഴ്‌സിയിലെ വിവിധ പ്രൊവിൻസുകളുടെ പ്രസിഡന്റുമാരായ ജോൺ സാംസൺ, ജിനു തരിയൻ എന്നിവരും പ്രമുഖ നേതാക്കളായ ലിബിൻ ബെന്നി, ജേക്കബ് എഫ്രേം, ബോബി തോമസ്, ആലിസ് സ്റ്റീഫൻ തുടങ്ങിയവരും സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമങ്ങളുമായി രംഗത്തുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. ‌

ലോകത്തിന്റെ ഏത് കോണിലായിരുന്നാലും എല്ലാ മലയാളികളെയും കുടുംബസമേതം ഡാലസിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നതായി, അമേരിക്കൻ റീജിയൻ ഭാരവാഹികൾ സംയുക്തമായി അറിയിച്ചു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.