വി.ഡി. സതീശൻ മന്ത്രിസഭയിൽ ചാണ്ടി ഉമ്മനെ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ചാണ്ടി ഉമ്മനെ അവസാന നിമിഷം തഴഞ്ഞത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി ‘എ’ ഗ്രൂപ്പ് ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കൾ കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി എന്നിവരെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഫോണിൽ വിളിച്ച് ഗ്രൂപ്പ് നേതാക്കൾ അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. നേതാക്കളെ നേരിൽ കാണാൻ അപ്പോയിന്റ്മെന്റും തേടിയിട്ടുണ്ട്. എ.കെ. ആന്റണിയും തന്റെ വിയോജിപ്പ് എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഉമ്മൻചാണ്ടിയുടെ ചിത്രം വെച്ച് വോട്ട് പിടിച്ച ശേഷം മകനെ തഴഞ്ഞത് ശരിയായില്ലെന്നാണ് ഗ്രൂപ്പിന്റെ വാദം. മറ്റ് സ്ഥാനങ്ങളെക്കാൾ വലിയ സ്ഥാനം തനിക്കുണ്ട്. കേരളത്തിന്റെ മകൻ എന്ന സ്ഥാനമാണ് അത്. സത്യപ്രതിജ്ഞാ സമയത്ത് പിതാവിന്റെ പേര് പറഞ്ഞ് ജനങ്ങൾ മുദ്രാവാക്യം വിളിക്കുന്നത് കേട്ടപ്പോൾ അത് തനിക്ക് ബോധ്യപ്പെട്ടുവെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം തന്നെ വേണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

