മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് ഓരോ വിമര്‍ശനത്തിനും മറുപടി എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചതിലുളള അമര്‍ഷമാണ് അന്‍വര്‍ കടുത്ത നിലപാടിലേക്ക് കടന്നതിന് പിന്നില്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് ഓരോ വിമര്‍ശനത്തിനും മറുപടി എണ്ണിപ്പറഞ്ഞ് പിവി അന്‍വര്‍ തുറക്കുന്നത് പുതിയൊരു യുദ്ധമുഖം. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരനായി ചിത്രീകരിച്ചതിലുളള അമര്‍ഷമാണ് അന്‍വര്‍ കടുത്ത നിലപാടിലേക്ക് കടന്നതിന് പിന്നില്‍. എഡിജിപി എംആര്‍ അജിത്കുമാര്‍ എഴുതി നല്‍കിയത് മുഖ്യമന്ത്രി വായിക്കുകയാണ് ചെയ്തതെന്ന പരിഹാസവും അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്രയും കടുത്ത ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് മലപ്പുറത്തെ പാര്‍ട്ടി നേതൃത്വവുമായെങ്കിലും മുഖ്യമന്ത്രി ഒന്ന് സംസാരിക്കാമായിരുന്നു എന്നാണ് അന്‍വര്‍ പറയുന്നത്. മുഖ്യമന്ത്രി ചതിക്കുകയായിരുന്നു. തന്നെ കുഴിയിലാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നുമാണ് അന്‍വറിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതെല്ലാം ഒരു ഭരണ കക്ഷി എംഎല്‍എയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായിരിക്കുന്നത്. ഇത് നല്‍കുന്നത് വ്യക്തമായ സൂചന തന്നെയാണ്.
എംഎല്‍എ സ്ഥാനം രാജിവക്കാന്‍ പിവി അന്‍വര്‍ തീരുമാനിക്കുമോ എന്ന ഭയത്തിലാണ് സിപിഎം. പാര്‍ട്ടിക്കുള്ളില്‍ ഇത്തരമൊരു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ സിപിഎമ്മോ ഒന്നും പരിഗണിക്കാത്തതില്‍ അന്‍വര്‍ അത്രത്തോളം അസ്വസ്ഥനാണ്. ഇതുതന്നെയാണ് ഈ ചര്‍ച്ചയ്ക്ക് കാരണം. പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ സംരക്ഷിക്കുന്നതിനേക്കാള്‍ അന്‍വറിനെ ചൊടിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥനു വേണ്ടി ഭരണകക്ഷിയുടെ ഒരു എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നതിലാണ്. എഡിജിപി അജിത് കുമാറിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഉണ്ടായത് പേരിന് ഒരു അന്വേഷണ പ്രഖ്യാപനം മാത്രമാണ്.
മുപ്പത് വര്‍ഷത്തോളം കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നിലമ്പൂരിനെ വീണ്ടും ചുവപ്പിച്ചതിന്റെ പരിഗണന ലഭിക്കാത്തതില്‍ ആദ്യം മുതല്‍ തന്നെ അന്‍വര്‍ അസ്വസ്ഥനായിരുന്നു. കെടി ജിലീലിന് ആദ്യവട്ടം മന്ത്രിയാകാന്‍ അവസരം നല്‍കിയപ്പോള്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അന്‍വര്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നറുക്ക് വീണത് വി അബ്ദുറഹിമാനായിരുന്നു. ഇനിയും അവഗണനയില്‍ മുന്നോട്ട് പോകേണ്ടെന്ന തീരുമാനിച്ചാല്‍ അന്‍വറിനെ അറിയുന്നവർക്ക് അതിൽ അതിശയമുണ്ടാകില്ല.
ഇടതു സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഏറെ അകന്ന അവസ്ഥയിലാണെന്ന് അന്‍വര്‍ ക്യാംപ് കണക്കു കൂട്ടുന്നുണ്ട്. സ്ഥാനാര്‍ത്ഥിയുടെ മികവില്‍ ആലത്തൂരില്‍ നേടിയ വിജയം ഒഴിച്ചാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത് പ്രകടവുമാണ്. മുഖ്യമന്ത്രിയും ഒരുപരിധി വരെ പാര്‍ട്ടിയില്‍ നിന്നും ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന സമയത്ത് ഒരു ഉപതിരഞ്ഞെടുപ്പ് അനായാസമാണെന്നും അവര്‍ കണക്ക് കൂട്ടുന്നു. തിരുവായ്ക്ക് എതിര്‍വായില്ലാത്ത മുഖ്യമന്ത്രിക്കും വിശ്വസ്തര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതും നേട്ടമാകുമെന്നാണ് അന്‍വറിന്റെ വിലയിരുത്തല്‍.
അന്‍വറിനെ വലിയ ശത്രുവായി കണ്ടിരുന്ന മുസ്ലിം ലീഗില്‍ നിന്നു പോലും അന്‍വറിന് പരസ്യമായ പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാജി എന്ന വജ്രായുധം പ്രയോഗിക്കുമോയെന്ന് സിപിഎം ഭയക്കുന്നത്. അന്‍വറിൻ്റെ രാജിയുണ്ടായാല്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്ന് മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ നേതൃത്വത്തിന് സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
ആരുടേയും പിന്തുണ സ്വീകരിക്കാതെ സ്വതന്ത്രനായി മത്സരിക്കുക എന്ന നീക്കമാണ് അന്‍വറിന്റെ മനസിലെന്നാണ് വിവരം. ഈ തീരുമാനത്തില്‍ അന്‍വര്‍ എത്തിയതിന്റെ സൂചനയാണ് ഇത്രയും നാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ മാത്രം ഉന്നയിച്ച ആരോപണങ്ങളില്‍ ഇത്തവണ മുഖ്യമന്ത്രിയെ കൂടി ചേര്‍ത്തത്. സിപിഎമ്മിന് തന്നെ വേണ്ടെങ്കില്‍ വേറെ വഴിതേടുമെന്ന് കഴിഞ്ഞയാഴ്ച തന്നെ പറഞ്ഞിട്ടുണ്ട്. വേണ്ടെങ്കില്‍ പാര്‍ട്ടി പറയട്ടെ, അതുവരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പോരാടുമെന്നാണ് അന്‍വര്‍ പറയുന്നത്. ഇടത് എംഎല്‍എ കുപ്പായത്തിലുള്ള അന്‍വറിനേക്കാള്‍ അപകടകാരിയാണ് ബന്ധം ഉപേക്ഷിച്ച് പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്ന അന്‍വറെന്ന് സിപിഎമ്മിന് നന്നായി അറിയാം.
തികച്ചും പ്രവചനാതീതനാണ് പിവി അന്‍വര്‍. രാജി എന്ന വഴി സ്വീകരിച്ചാൽ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വരും. ഇടതു പിന്തുണയില്ലാത്ത അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചാലും ജയസാധ്യത ഉണ്ടെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. വിജയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പോലും ശക്തമായ മത്സരത്തില്‍ അദ്ദേഹം രണ്ടാം സ്ഥാനത്ത് എങ്കിലും എത്തും. ഇടത് വോട്ടുകളില്‍ അതിശക്തമായി വിള്ളല്‍ വീഴുന്നതോടെ ദയനീയമായ പരാജയമായിരിക്കും ഭരണമുന്നണിയെ കാത്തിരിക്കുന്നത്. ജില്ലാ നേതൃത്വവും ഈ സാഹചര്യം സംസ്ഥാന നേതൃത്വത്തെ ബോധിപ്പിച്ചിട്ടുണ്ട്. അന്‍വര്‍ പെട്ടെന്ന് രാജിവച്ചാല്‍ നിലമ്പൂര്‍ കൂടാതെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പിനെ ഇത് കാര്യമായി സ്വാധീനിക്കുമെന്ന അപകടവും പാർട്ടി കാണുന്നുണ്ട്.
മുസ്ലിം ന്യൂനപക്ഷ വിഭാഗം നിര്‍ണായകമായ മണ്ഡലമാണ് നിലമ്പൂര്‍. എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയടക്കം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. എഡിജിപിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ മത്സരിച്ചാല്‍ അത് ഉറപ്പായും നേട്ടമാകും. കൂടാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് നടത്തിയ നിയമപോരാട്ടങ്ങളും മുസ്ലീം സമൂഹത്തിൽ അൻവറിൻ്റെ സ്വീകാര്യത കൂട്ടിയിട്ടുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലത് പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും ലിറ്റ്മസ് ടെസ്റ്റായി വിലയിരുത്തപ്പെടും. അതില്‍ അന്‍വര്‍ വിജയിച്ചാലോ മുന്നണി സ്ഥാനാര്‍ത്ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് എത്തിയാലോ അത് സിപിഎമ്മിന് പരാജയത്തിന് തുല്യമാകും. പാർട്ടിയേക്കാളേറെ അത് പിണറായി വിജയൻ്റെ പരാജയമായി വിലയിരുത്തപ്പെടുകയും ചെയ്യും. അത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും കൊണ്ടെത്തിക്കുന്നത് പ്രവചനാതീതമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കായിരിക്കും.
2016ല്‍ കോണ്‍ഗ്രസ് വിട്ട് നിലമ്പൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ 11,504 വോട്ടിനാണ് വിജയിച്ചത്. മുപ്പത് വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലമാണ് അന്‍വര്‍ ഇടതിനൊപ്പമാക്കിയത്. അന്ന് പരാജയപ്പെടുത്തിയത് ആര്യടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ. പിന്നീട് വിവാദങ്ങള്‍ ഏറെ ഉണ്ടായി. അന്‍വര്‍ നിലമ്പൂരിലില്ലെന്നും ഖാനയില്‍ ബിസിനസ് ചെയ്യുകയാണെന്നുമെല്ലാം വിവാദമുണ്ടായി. എന്നിരുന്നാലും 2021ല്‍ 2,700 വോട്ടിന് വിജയിച്ച് അന്‍വര്‍ തന്നെ നിലമ്പൂരില്‍ നിന്നും നിയമസഭയിലെത്തി. 2019ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ അന്‍വറിനെ ഇറക്കി ഒരു പരീക്ഷണവും സിപിഎം നടത്തിയിരുന്നു. ഈ പഴയ ചാവേര്‍ തന്നെയാണ് ഇപ്പോള്‍ സിപിഎമ്മിനും പിണറായിക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നത് എന്നതാണ് വലിയ കൌതുകം.