അമേരിക്കൻ മലയാളിസമൂഹത്തിലെന്നും ഉയർന്നു കേട്ടുകൊണ്ടിരിക്കുന്ന വേറിട്ട ശബ്ദമാണ് ശ്രീ. ഐ. വർഗീസ് എന്ന സാമൂഹ്യസംഘാടകന്റെത്. ഒരു നല്ല സംഘാടകനു പ്രധാനമായും വേണ്ട നയചാതുര്യം, സമയകൃത്യത, ആശയവ്യക്തത, നിലപാട്, സത്യസന്ധത എന്നിവയൊക്ക സ്വാംശീകരിച്ച മഹദ് വ്യക്തിത്വമാണദ്ദേഹമെന്നത് സഹപ്രവർത്തകരെല്ലാം ഒരുപോലെ സമ്മതിക്കുന്നു.കൊല്ലം ആദിത്യനെല്ലൂർ സ്വദേശിയായ ശ്രീ ഐ. വർഗീസ് കേരളത്തിൽ വച്ചു തന്നെ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലും പിന്നീട് ഗവണ്മെന്റ് സർവീസിൽ (ടാക്സ് & റെവന്യു ഡിപ്പാർട്മെന്റ് ) പ്രവേശിച്ചപ്പോൾ ജോലിയ്ക്കൊപ്പം എൻ ജി ഒ യൂണിയനിലും സജീവമായി പ്രവർത്തിക്കുകയും പ്രസ്തുതസംഘടനയുടെ നിര്‍ണായകസ്ഥാനങ്ങൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. അതു വഴി ആദര്‍ശാധിഷ്ഠിതമായ
സംഘാടകമികവു നേടുവാനും അദ്ദേഹത്തിനു സാധിച്ചു. മൂന്നു ദശാബ്‌ദം കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ കർമ്മമണ്ഡലത്തിൽ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്ന ശബ്ദവും നിത്യ സാന്നിധ്യവുമാണ് ഐ. വർഗീസ്.ഡാളസ് മലയാളി സമൂഹത്തിന്റെ സാമൂഹ്യ - സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിനായി നിലകൊള്ളുന്ന സംഘടനയായ ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും, 48 വയസ്സു പിന്നിടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും പ്രേരകശക്തിയാകുന്നു ഇദ്ദേഹം. ഡാളസ് മലയാളി സമൂഹത്തെ ജാതി - മത ഭേദമന്യേയുള്ള ഒത്തൊരുമയോടെ ഊട്ടിയുറപ്പിക്കുന്ന കലാ - സാംസ്‌കാരിക - സാഹിത്യ സിരാകേന്ദ്രമായ ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും, കേരള അസോസിയേഷൻ ഓഫ് ഡാളസ്സിന്റെയുമൊക്കെ തുടക്കകാലം മുതൽ മുൻനിരപോരാളിയായി ഇക്കാലമത്രയെയും സന്നദ്ധസേവനവും സമയവും പിന്തുണയും നിർലോഭം നൽകികൊണ്ടുമിരിക്കുന്ന ശ്രീ ഐ. വർഗീസ് സാമൂഹ്യനന്മയുടെ പ്രകാശം പരത്തുന്ന ഭദ്ര ദീപമാണ്. നിസ്വാർത്ഥമായ സാമൂഹ്യ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃക. നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ നന്മക്കുവണ്ടിയുള്ള അചഞ്ചലമായ നിലപാട് സംഘടനക്ക് ഗുണകരമല്ലാത്ത പ്രവർത്തനം ആരിൽ നിന്നുമുണ്ടായാലും ശക്തമായി വിമർശിച്ച് ശരിയായ പ്രവർത്തന ശൈലി സ്വീകരിക്കുന്ന പ്രയോഗികമായ നയചാതുര്യം. പദവിയോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ നിശബ്ദ സേവനം നടത്തുന്ന കർമയോഗിയുമാണ് ഐ. വർഗീസെന്നും പ്രിയ സുഹൃത്തും സാഹിത്യകാരനും അമേരിക്കൻ മലയാളികളുടെ കലാ - സാംസ്‌കാരിക - സാഹിത്യ മേഖയിലെ സജീവ പ്രവർത്തകനുമായ ശ്രീ ജെ. മാത്യൂസ് അഭിപ്രായം ലേഖകനുമായി പങ്കുവെച്ചു.
ഇന്ത്യ പ്രെസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഈ അവാർഡ് നൽകുക വഴി ഒരു പുതിയ സപര്യ സൃഷ്ടിച്ചിരിക്കുന്നുവെന്നും അനുപേക്ഷണീയമായ ഒരവാർഡ് ആണ് ഐ പി സി എൻ ടി ഇപ്പോ ശ്രീ ഐ. വർഗീസിനു നൽകിയിരിക്കുന്നതെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു.അസ്സോസിയേഷൻറെ സീനിയർ ഫോറത്തിന് രൂപം നല്കി നയിക്കുന്നത് ശ്രീ ഐ. വർഗീസ്സാണെന്നതും ,തന്നേപ്പോലെ പലർക്കും സംഘടന പ്രവർത്തനത്തിൽ ഗുരുസ്ഥാനീയനാണിദ്ദേഹംമെന്നും മുൻ അസ്സോസിയേഷൻ പ്രസിഡന്റും കലാ പ്രവർത്തകനും, നാടക നടനും കേരള ലിറ്റററി സൊസൈറ്റി ഡാളസ് (കെ എൽ എസ് ) സെക്രട്ടറിയുമായ ഹരിദാസ് തങ്കപ്പൻ ഓർമ്മിച്ചു. എന്നാൽ ഒന്ന് നിശ്ച്ഛയമായും പറയാം അമേരിക്കൻ മലയാളി സമൂഹത്തിലെ യുവാക്കൾക്കും വരും തലമുറക്കും സംഘടന പ്രവർത്തനങ്ങളിൽ മാതൃകയും പ്രോത്സാഹനവുമാണ് ശ്രീ. ഐ. വർഗീസ് എന്ന് ലേഖകനും ശരി വെയ്ക്കുന്നു.ഭാര്യ മോളിയും മക്കൾ റിനോ, റിനി പേരക്കുട്ടികളോടൊപ്പം ഡാളസിൽ സന്തോഷത്തോടെ താമസിക്കുന്നു.
അമേരിക്കയിലെ മികച്ച സംഘാടകൻ,സംഘടനാ പ്രവർത്തകൻആരെന്ന് കണ്ടെത്തുന്നതിന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസിനു ലഭിച്ച നിരവധി നാമനിർദേശങ്ങളിൽ നിന്നുംമാണ് ഡോ. ഹരി നമ്പൂതിരി, ഡോ. സ്റ്റീഫൻ പോട്ടൂർ, ലാലി ജോസഫ്,എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റിയാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.


