PRAVASI

ദയാബായിയും പീറ്റർ കുളങ്ങരയും; കാരുണ്യത്തിൻ്റെ രണ്ട് മുഖങ്ങൾ

Blog Image

അപ്രതീക്ഷിതമായി വന്ന ഒരു വീഡിയോ കോൾ. കോൾ എടുത്തപ്പോൾ മറുതലയ്ക്കൽ പീറ്റർ കുളങ്ങര. ചിക്കാഗോ മലയാളികൾക്ക് ഏറെ പരിചിതനായ അദ്ദേഹം ഒരു കട്ടിലിൽ കിടന്നു കൊണ്ടാണ് സംസാരിക്കുന്നത്. പെട്ടെന്ന് എന്തോ ഒരു അസുഖം പിടി കൂടിയെന്നും  നിശ്ചയിച്ചുറച്ച കേരളത്തിലെ ജീവകാരുണ്യ പരിപാടിക്ക് വരാൻ സാധിക്കില്ല എന്ന് പറയുമ്പോഴും അദ്ദേഹത്തിൻ്റെ വിഷമം എനിക്ക് വായിച്ചെടുക്കാമായിരുന്നു. " ആ കുട്ടികളെയൊക്കെ ഒന്ന് കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. അവർക്ക് വേണ്ടത് വീൽ ചെയർ മാത്രമല്ലെന്ന് അറിയാം. വേണ്ടതെല്ലാം നമുക്ക് കൊടുക്കാം. എന്തായാലും അനിലും കാസർഗോഡിന് പോകണം."
കേരളത്തിൻ്റെ അങ്ങേ അറ്റത്ത് എൻഡോ സൾഫാൻ ദുരിതം മൂലം ജീവിതത്തിൽ നിന്ന് അനാഥരായ കുറച്ച് കുട്ടികൾക്കും, അച്ഛനമ്മമാർക്കും കൈത്താങ്ങ് ആകുവാൻ പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ ചിക്കാഗോ സോഷ്യൽ ക്ലബ്ബും, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷനും തീരുമാനിച്ച നിമിഷത്തെ ഏതോ ഒരു ശക്തിയുടെ ഇടപെടലായി മാത്രമെ കാണാനാകു. കഴിഞ്ഞ വർഷം കോട്ടയത്ത് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും, മുതിർന്നവർക്കും വീൽ ചെയറും , മുച്ചക്ര സ്കൂട്ടറും , ഹിയറിംഗ് എയ്ഡ്സും നൽകുമ്പോഴും രണ്ടാം ഘട്ടം കാസർഗോട്ടേക്ക് എത്തുമെന്നത് നിയോഗമല്ലാതെ മറ്റൊന്നുമല്ല." കാസർഗോട്ട് വീൽ ചെയർ കൊടുക്കുവാൻ തീരുമാനിച്ചപ്പോഴേ മനസ്സിൽ വന്ന പേരായിരുന്നു ദയാബായി. മറ്റൊരാളെ അന്വേഷിക്കേണ്ടി വന്നില്ല. കൃത്യമായി ആ കുട്ടികൾക്കും കുടുംബങ്ങൾക്കും സഹായം എത്തുമല്ലോ " പീറ്റർ കുളങ്ങര ഇങ്ങനേയും ഒരു വാക്ക് കൂടി ചേർത്തപ്പോഴാണ് എത്ര കൃത്യമായിട്ടാണ് അദ്ദേഹം ഈ സംരംഭത്തെ അടയാളപ്പെടുത്തുന്നത് എന്ന് മനസിലായത്.

ജീവിതത്തിൻ്റെ ആറ് പതിറ്റാണ്ടിലേറെയായി മധ്യ പ്രദേശിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയും അവർക്ക് വേണ്ടി ജീവിതം മാറ്റി വെയ്ക്കുകയും  ചെയ്ത ദയാബായി കാസർഗോട്ടെ എൻഡോ സൾഫാൻ ദുരിദ ബാധിതർക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണത്തിനായി തൻ്റെ ജീവിതം കാസർഗോട്ടേക്ക് പറിച്ചു നടുമ്പോൾ തനിക്ക് നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണെന്ന് ഒരിക്കലും മനസിലാക്കിയിട്ടുണ്ടാവില്ല. കേന്ദ്ര, കേരള ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കേണ്ട ഒരു സഹായവും എൻഡോസൾഫാൻ മേഘയ്ക്ക് ലഭിക്കാതെയാകുമ്പോൾ സഹായിക്കാനെത്തുന്ന സുമനസുകളെ ഒപ്പം നിർത്തി തൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോവുകയാണ് ദയാബായി. ഒപ്പം കൂടാൻ പീറ്റർ കുളങ്ങരെയെ പോലെ ആത്മാർത്ഥമായി ജീവകാരുണ്യ പ്രവർത്തനങ്ങളെ നോക്കിക്കാണുന്ന ഒരാൾ കൂടി ഉണ്ടായപ്പോൾ ധന്യമായത് ഭിന്ന ശേഷിക്കാരായ നൂറോളം മനുഷ്യരുടെ പ്രതീക്ഷയായിരുന്നു.
കഴിഞ്ഞ ദിവസം കാസർഗോട്ട് നടന്ന ചടങ്ങിൽ  തന്നെയും തൻ്റെ മക്കളേയും സഹായിച്ച ഇതുവരെ നേരിൽ കാണാത്ത പീറ്റർ കുളങ്ങരയെയും, മൂന്ന് സംഘടനകളെയും കുറിച്ചും സംസാരിച്ചപ്പോൾ ദയാബായി വിങ്ങിപ്പൊട്ടി.ഒപ്പം എൻഡോസൾഫാൻ ദുരിതം വിതച്ച ചില കുടുംബങ്ങളുടെയും ദുരിതബാധിതരുടെയും കഥകൾ കൂട്ടിയിണക്കി ദയാബായി തന്നെ തയാറാക്കിയ ഒറ്റയാൾ നാടകവും സദസിനെ ഈറനണിയിച്ചു .തന്റെ എൺപത്തിയാറാം വയസിൽ അവർ ഒരു സമൂഹത്തിനു നൽകുന്ന പ്രതീക്ഷ ചെറുതല്ല.

ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നതല്ലൊം ഈ കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടത് ചെയ്യാം എന്ന് ചടങ്ങിൽ പങ്കെടുത്ത പോൾസൺ കുളങ്ങര അറിയിച്ചതും ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.

ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ നാം അവർക്ക് നൽകേണ്ടത് പ്രതീക്ഷകളാണ്. അവരുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് കൈത്താങ്ങ് ആവുകയാണ്. ഒരു വീൽ ചെയർ, ഹിയറിംഗ് എയ്ഡ് , കരകൗശല വസ്തുക്കൾ ഉണ്ടാക്കാൻ ഉപകരിക്കുന്ന ചെറിയ ഉപകരണങ്ങൾ , പഠിക്കുന്ന കുട്ടികൾക്ക് വേണ്ട സഹായങ്ങൾ, മരുന്നുകൾ  അങ്ങനെ അവരുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാം. ദയാബായിയേയും പീറ്റർ കുളങ്ങരയേയും നമുക്ക് കരുതാം. എൻഡോസൾഫാൻ മേഖലയിലെ ദുരിതമനുഭിക്കുന്ന കുഞ്ഞുങ്ങൾക്കായി.

ദയാബായി

പീറ്റർ കുളങ്ങര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.