മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. പിണറായി വിജയന്‍, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എന്നിവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഹൈസില്‍ നിന്ന് മാര്‍ച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായിയടക്കം നേതാക്കളെ ഹരിയാന അതിർത്തിയിലുള്ള താൽക്കാലിക കസ്റ്റഡി കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. നടക്കുന്നത് ജനാധിപത്യ ധ്വംസനമെന്ന് പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിജെപി സമരത്തിന് പിന്തുണ കൊടുക്കേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം പിബി അംഗം വിജു കൃഷ്ണൻ, സിഐടിയു നേതാക്കൾ, എസ്എഫ്ഐ ദേശീയ അധ്യക്ഷൻ ആദർശ് സജി എന്നിവരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

