മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ നേതാക്കളെയും പ്രവർത്തകരെയും വ്യാപകമായി കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. ജന്തർ മന്തറിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാനെത്തിയ സി.ജെ.പിയുടേയും, സിപിഎം അടക്കം ഇടതുപാർട്ടികളുടേയും ആംആദ്മി പാർട്ടിയുടേയും നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമടക്കമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ,കോ-കൺവീനർ അശുതോഷ് റാങ്കെ, വക്താവ് സൗരവ് ദാസ്, സിപിഎം നേതാക്കളായ പിണറായി വിജയൻ, എം എ ബേബി, എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ, ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി അടക്കം ദില്ലിയിൽ കസ്റ്റഡിയിലാണ്. സമരത്തിന് മുന്നോടിയായി രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം പ്രതിഷേധക്കാരെയാണ് ദില്ലി പൊലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുള്ളത്.സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ വിമാനത്തിൽ വെച്ചാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, കോ-കൺവീനർ അഷുതോഷ് റാങ്ക എന്നിവരെയും വിമാനത്തിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും വിമാനത്തിൽ നിന്നും ഇറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നും ദില്ലിയിലെത്തിയതായിരുന്നു ദീപ്കേ. അറസ്റ്റിന് നീക്കമുണ്ടായേക്കാമെന്നും ഭയന്ന് പിൻമാറില്ലെന്നും അഭിജീത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിമാനത്തിനുള്ളിലെ നാടകീയ രംഗങ്ങൾ ഇവർ ഇൻസ്റ്റാഗ്രാം ലൈവിലൂടെ പുറത്തുവിട്ടു. തുടർന്ന് റൺവേയിൽ കാത്തു കിടന്ന ബസിലേക്ക് ഇവരെ മാറ്റി രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

