തിരുവനന്തപുരം: കേരളത്തിൽ തീവ്ര വോട്ടർപട്ടികാ പരിഷ്‌കരണമായ എസ്‌ഐആർ കാരണം ആർക്കും വോട്ട് നഷ്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്‌ഐആർ മൂലമാണ് കേരളത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായതെന്ന സിജെപിയുടെ ആരോപണത്തെയും അദ്ദേഹം പരിഹസിച്ചു. കേരളത്തിൽ വോട്ട് നിഷേധിക്കപ്പെട്ടതായി പരാതികളില്ലെന്നും ബിജെപിയോ സിപിഎമ്മോ ഇക്കാര്യത്തിൽ പരാതി ഉന്നയിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 24 ലക്ഷം വോട്ടുകൾ ഒഴിവാക്കപ്പെട്ടത് ഇരട്ട വോട്ടുകളും മരിച്ചവരുടെ പേരിലുള്ള വോട്ടുകളും ഉൾപ്പെടെയുള്ള കാരണങ്ങളാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിൽ നരേന്ദ്ര മോദിയും കേരളത്തിൽ പിണറായി വിജയനും ഭരിച്ചിരുന്ന സമയത്ത് കേന്ദ്രത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വോട്ടർപട്ടികയെയും എസ്‌ഐആറിനെയും അട്ടിമറിച്ചാണ് തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി താൻ മുഖ്യമന്ത്രിയായതെന്ന തരത്തിലുള്ള ആരോപണത്തെയും വി.ഡി. സതീശൻ പരിഹസിച്ചു. എസ്‌ഐആറിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് സമയത്ത് പരാതി നൽകിയത് യുഡിഎഫ് മാത്രമാണെന്നും ആ പരാതികൾ പരിഹരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബിജെപിക്ക് ജയിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് വോട്ടുകൊള്ള നടന്നതെന്ന ആരോപണം ഉന്നയിച്ച അദ്ദേഹം, അത്തരം സാധ്യതകളില്ലാത്ത ഇടങ്ങളിൽ ബിജെപി എന്തിനാണ് ഇത് ചെയ്യുന്നതെന്നും ചോദിച്ചു. കേരളത്തിൽ ബിജെപിയുടെയോ സിപിഎമ്മിന്റെയോ ഭാഗത്തുനിന്ന് ഇത്തരത്തിൽ പരാതികളുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസറെ വിളിക്കുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. എസ്‌ഐആറിനെ ചൊല്ലിയുള്ള രാഷ്ട്രീയ ആരോപണങ്ങൾക്കിടെ, കേരളത്തിലെ വോട്ടർപട്ടികാ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും അവയിൽ സ്വീകരിച്ച നടപടികളുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

