പുറത്തിറങ്ങിയ ജ്ഞാനികൾ തങ്ങൾക്കു വഴിതെറ്റി എന്ന് മനസ്സിലാക്കി വീണ്ടും ആ നക്ഷത്രത്തെ തിരയുകയും കണ്ടെത്തുകയും ചെയ്തു. ആവെളിച്ചത്തിൽ അവർ എത്തേണ്ടിടത്തെത്തി. ഉണ്ണിഈശോയെ വണങ്ങി. തെറ്റിയ വഴിയിലൂടെ വീണ്ടും തിരിച്ചുപോകാതെ ദൈവം കാണിച്ചുകൊടുത്ത വഴിയിലൂടെ തിരിച്ചുപോയി.
ഇരുണ്ട രാത്രിയേക്കാൾ അതിഭീകരമായിരുന്നു ആ പകൽ . പതിവില്ലാത്ത തരത്തിലുള്ള ഇരുളും തണുപ്പും അന്നുണ്ടായിരുന്നു . അന്തരീക്ഷം മുഴുവൻ ഇളം ചോരയുടെ ഗന്ധം. എങ്ങും മുലപ്പാലുവിങ്ങിയ മാറത്തടിച്ചു നിലവിളിക്കുന്ന അമ്മമാർ . ഇതിനൊക്കെ തക്കതായ എന്ത് കുറ്റമാണ് തങ്ങൾ ചെയ്തത് ആർക്കും അറിയില്ല .
അതുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും പറഞ്ഞ മാലാഖയെവിടെ.വഴികാട്ടിയ നക്ഷത്രമെവിടെ പാവം ആട്ടിടയൻമ്മാർ.
തലേന്നുരാത്രി എന്ത് സന്തോഷമായിരുന്നു എന്ത് പ്രകാശമായിരുന്നു. ദാവീദിന്റെപട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്ന് ആ മാലാഖ പറഞ്ഞപ്പോൾ അവർക്കെന്തു സന്തോഷമായിരുന്നു. മാലാഖ കൊടുത്ത അടയാളത്തെ ലക്ഷ്യം വച്ച് അവർ നടക്കുകയല്ലായിരുന്നു, ഓടുകയായിരുന്നു . അതിനാൽ എല്ലാവരെയുംകാൾ ആദ്യം അവിടെ എത്തി ദൈവപുത്രനെ കണ്ടുവണങ്ങാൻ അവർക്കുസാധിച്ചു. എന്നാൽ ആ സന്തോഷത്തിൽ ഭാവനങ്ങളിലെത്തിയ അവരുടെ മനസ്സിൽതങ്ങിനിന്ന ഉണ്ണിഈശോയുടെ മുഖം മായുന്നതിനുമുൻപേ ആ ദുരിതം അവരുടെ ഇടയിലേക്ക് കുതിരപ്പുറത്തു പാഞ്ഞെത്തി . തങ്ങളുടെ പിഞ്ചോമനകളുടെ ശിരസ്സറ്റ ശരീരം രക്തത്തിൽ കിടന്നു പിടയുന്ന ദയനീയ കാഴ്ച കണ്മുന്നിൽ അവർക്കു കാണേണ്ടി വന്നു.
അതെ സമയം ദീർഘ ദർശനം കിട്ടിയ മൂന്നു ദിവ്യ ജ്ഞാനികൾ രക്ഷകനെ കണ്ടുവണങ്ങാൻ അവരുടെ സമ്പാദ്യത്തിന്റെ നല്ല ഓരോ പങ്കും കയ്യിലെടുത്ത് രാജകീയമായി തങ്ങളുടെ ഒട്ടകപ്പുറത്ത് അതേ നക്ഷത്രത്തെ നോക്കി പുറപ്പെട്ടു . എന്നാൽ എപ്പോഴോ അവർ ആ ദിവ്യ നക്ഷത്രത്തിൽ നിന്നും ദൃഷ്ട്ടിമാറ്റി. അങ്ങനെ അന്ധകാരത്തിൽ പെട്ട് വഴിതെറ്റിയ അവർ . പിന്നെ കണ്ടത് ഹേറോദേസിന്റെ രാജകൊട്ടാരത്തിൻറെ വലിയ വിളക്കുമരത്തിലെ വെട്ടമാണ്. ആർഭാടത്തോടെ അലങ്കരിച്ച ആ രാജപാത പിന്തുടർന്ന് അവർ രാജകൊട്ടാരത്തിലെത്തി.
ഒരുദൈവം മനുഷ്യനായി പിറക്കുന്നത് ഒരു രാജ കൊട്ടാരത്തിൽ ആകാനാണ് കൂടുതൽ സാധ്യത, എന്ന വാദത്തിന് അവരുടെ ഇടയിൽ തർക്കമില്ലായിരുന്നു . അതിനാൽ അവർ ആ ദിവ്യകുഞ്ഞിനെ കൊട്ടാരത്തിനകത്തുതന്നെ തിരഞ്ഞു. എളിയവരിൽ എളിയവനായി ഒരുകാലിത്തൊഴുത്തിൽ കന്യകയിൽ നിന്ന് ദൈവപുത്രൻ പിറക്കും എന്ന തിരുവെഴുത്ത്, എപ്പോൾ അവർ ദിവ്യനക്ഷത്രത്തിൽ നിന്നും ദ്രിഷ്ടിമാറ്റിയോ അപ്പോൾ മുതൽ മറന്നുപോയിരുന്നു.
ഇതൊന്നും അറിയാത്ത ഹേറോദേസ് അവിചാരിതമായി മൂന്ന് പ്രഭുക്കൻമ്മാരെ തന്റെ കൊട്ടാരത്തിൽ കണ്ട് സ്തപ്തനായി. ഇത്രയും വലിയ സംഭവം തന്റെ രാജ്യത്തു നടന്നിട്ട്, താൻ അതൊന്നും അറിഞ്ഞിട്ടില്ല എന്ന് എങ്ങനെ പറയും. ഏതായാലും അദ്ദേഹം ബുദ്ധിപരമായി, ആ ജ്ഞാനികളായ രാജാക്കന്മാരെതന്നെ തിരുപ്പിറവിയുടെ വിവരങ്ങൾ അറിഞ്ഞു തിരിച്ചുവരാൻ ഏൽപ്പിച്ച് പറഞ്ഞയച്ചു. ഇത്രദൂരം സഞ്ചരിച്ച് ക്ഷീണിച്ച ആ പ്രബുക്കന്മ്മാർ തീർച്ചയായും തന്റെ കൊട്ടാരത്തിൽ തിരിച്ചെത്തും എന്ന് അദ്ദേഹം വിശ്വസിച്ചു. അവരതു സമ്മതിക്കുകയും ചെയ്തിരുന്നു.
പുറത്തിറങ്ങിയ ജ്ഞാനികൾ തങ്ങൾക്കു വഴിതെറ്റി എന്ന് മനസ്സിലാക്കി വീണ്ടും ആ നക്ഷത്രത്തെ തിരയുകയും കണ്ടെത്തുകയും ചെയ്തു. ആവെളിച്ചത്തിൽ അവർ എത്തേണ്ടിടത്തെത്തി. ഉണ്ണിഈശോയെ വണങ്ങി. തെറ്റിയ വഴിയിലൂടെ വീണ്ടും തിരിച്ചുപോകാതെ ദൈവം കാണിച്ചുകൊടുത്ത വഴിയിലൂടെ തിരിച്ചുപോയി.
ആഡംബരത്തിന്റെ അഹന്തമൂത്ത ഹേറോദേസ് ഭാവിയിൽ തന്റെ രാജ്യവും ധനവും നഷ്ടപ്പെടുമോ എന്ന് ഭയന്നു, അതിന് ആ കുഞ്ഞിനെ ഇല്ലാതാക്കിയാൽ പ്രശ്നം തീരുമല്ലോ. പക്ഷെ താൻ ഉദ്ദേശിച്ചു പറഞ്ഞയച്ച ജ്ഞാനികൾ തിരിച്ചുവരാഞ്ഞതിനാൽ ആ കുഞ്ഞിനെ കണ്ടുപിടിക്കുവാൻ സാധിക്കാതെ അന്ധകാരത്തിൽ തപ്പിയ അയ്യാൾ, തലങ്ങും വിലങ്ങും പടയാളികളെ വിട്ട് നിർദോഷികളും നിഷ്കളങ്കരുമായ തന്റെ തന്നെ പ്രജകളുടെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കി . അതിനിടയിൽ എവിടെയോ ദൈവപുത്രനും മരിച്ചുകാണും എന്നയാൾ ആശ്വസിച്ചു. എന്നാൽ ആ സത്യം അന്നും ഇന്നും എന്നും ജീവിക്കുന്നു എന്നകാര്ര്യം മരിക്കുന്നതുവരെ അയ്യാൾ അറിഞ്ഞിരുന്നില്ല .
ആഡംബരങ്ങളുടെയും ആർഭാടങ്ങളുടെയും മിന്നുന്ന വെട്ടവുമായി ഹേറോദേസ് കൊട്ടാരങ്ങൾ എങ്ങും വിളങ്ങുന്നു. അതിനാൽ യഥാർത്ഥ ദിവ്യ നക്ഷത്രത്തിന്റെ പ്രകാശം പലരും കാണാതെപോകുന്നു. ബെത്ലഹേമിലെ കുഞങ്ങളുടെ കരച്ചിൽ, അതിനൊപ്പം അവർക്കു മുലപ്പാലുകൊടുക്കുന്ന അമ്മമാരുടെ അലമുറയിട്ടുള്ള രോദനം, അത് ഇന്നും കാതുകളിൽ ഇടയ്ക്കിടെ എങ്കിലും കേൾക്കാറുണ്ട് എന്നാൽ ക്രിസ്മസിന്റെ വലിയ ആരവം അതിലും മുകളിലാണല്ലോ .
മുകളിലേക്കുനോക്കി എളിയ ആട്ടിടയന്മാരായി ആ ദിവ്യനക്ഷത്രത്തെ മാത്രം പിന്തുടരുന്ന ചിലരുണ്ടാവും അന്നും
ഇന്നും. ജ്ഞാനവും ജ്ഞാനികളും രാജകൊട്ടാരവളപ്പിലെ വലിയ വിളക്കുമരവും വഴിവിളക്കുകളും അവർ ഗൗനിക്കാറില്ല. ഹേറോദേസുമാരെ അവർക്കു പേടിയില്ല. കാരണം അവർക്കു ക്രിതുമസ്സ് ത്യാഗത്തിന്റെ ദിനമാണ്. ത്യാഗമായിത്തീരാൻ പിറന്ന ദൈവപുത്രന്റെ പിറവിക്കുവേണ്ടി അവർ അന്ന് കൊടുത്ത ത്യാഗത്തിന്റെ ദിനം.
അവർക്കുകാണാം ആ ദിവ്യ നക്ഷത്രത്തെ, അവർക്കേ ...അത് ... പറ്റൂ...
മാത്യു ചെറുശ്ശേരി