PRAVASI

ദോശ സാദാ ദോശ

Blog Image

പതഞ്ഞു പതഞ്ഞ് പൊങ്ങിവരുന്ന ഉഴുന്നുമാവ് ...നല്ല whipped cream പോലെയോ വെളുത്ത പഞ്ഞിപോലെയോ പതഞ്ഞു വരണം .
ഒരല്പം മാവ് കോരിയെടുത്ത് ഒരു പാത്രത്തിലെ വെള്ളത്തിലിടണം; വെള്ളിമേഘങ്ങൾ പോലെ ഒഴുകി നടന്നാൽ അതാണ് പാകം .
ആദ്യം 'കട' 'കടാ''ന്ന് ആട്ടുക്കല്ലിൽ അരയുന്ന ഉഴുന്ന് ,അരമണിക്കൂറിൻറെ ആട്ടത്തിനുശേഷം 'ബ്ലും' 'ബ്ലും' എന്ന് പതയുന്നതുകാണുമ്പോൾ  ആട്ടുകല്ലിൽ ആട്ടാൻ കൊതിയാവും .
"ഞാൻ അരച്ചോട്ടെ, ഞാൻ അരച്ചോട്ടെ" എന്ന് അമ്മയോട് കേണപേക്ഷിക്കാൻ തുടങ്ങും ഞാനും ചേച്ചിയും .
പച്ചരിയും പുഴുക്കലരിയും സമാസമം കുതിർത്തുവെച്ചത്  അരയ്ക്കുമ്പോൾ 'കര''കരാ'ന്നേ ഒച്ചയുണ്ടാവൂ.
അരിയൊന്നു നുറുങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങളുടെ അപേക്ഷകൾ പരിഗണിച്ച് ആട്ടുകല്ലിനെ ഞങ്ങളിൽ ഒരാൾക്ക്‌ കൈമാറും അമ്മ .
രണ്ടോ മൂന്നോ ആട്ടം കഴിയുമ്പോൾ തന്നെ പണി പാളി... കാണുന്നത്ര  എളുപ്പപ്പണി അല്ല ഇത് ....എന്ന് മനസ്സിലാവും .
"പാകമായോന്നു നോക്ക് അമ്മേ" എന്ന് ഓരോ അഞ്ചുമിനിട്ടിലും വിളിച്ചു കൂവിക്കൊണ്ടിരിക്കും ഞങ്ങൾ .ആ ഭാഗത്തേയ്ക്ക് തിരിഞ്ഞുപ്പോലും നോക്കാതെ അമ്മ സംശയലേശമന്യേ പാകമായിട്ടില്ലെന്ന് പറയുകയും ചെയ്യും. 
അങ്ങനെയും ഇങ്ങനെയും തിരിഞ്ഞും മറിഞ്ഞും കുറച്ചുസമയം ആട്ടി കഴിയുമ്പോൾ ആവും അമ്മ വരുന്നതും മാറി നിൽക്കൂ എന്ന് ആജ്ഞാപിക്കുന്നതും .
അരി പതയരുത് ...അല്ല പതയില്ല ...
സ്പർശനത്തിലൂടെ മാത്രം അറിയുന്ന വിധത്തിൽ വളരെ നേർമ്മയുള്ള തരികളായി അരയ്ക്കണം .
ഒറ്റ കയ്യാൽ ആട്ടുമ്പോൾ മറുകൈയ്യാൽ മാവ് തട്ടിയിടുന്നതിന് പ്രത്യേക താളമുണ്ടായിരുന്നു ...
ചലനതാളം ...
ജീവതാളം ...
കൗമാരമെത്തും മുന്നേ ആട്ടുക്കല്ല്‌ അടുക്കള മുറ്റത്തുനിന്നും അപ്രത്യക്ഷമായിരുന്നു .അതാവാം ഈ കല അത്ര വശമില്ല എനിക്കിന്നും .  
അമ്മയുടെ സ്വതവേ നേർത്തുവരണ്ട കൈവിരലുകൾ മാവാട്ടുന്ന ദിവസങ്ങളിൽ  ചുകചുകന്ന് മൃദുവായിരിക്കും ....ഉഴുന്നുമണക്കുന്ന ആ കൈപ്പത്തികളിൽ ചുംബിച്ചു ചുംബിച്ച് രാത്രികളിൽ ഞാനുറങ്ങും. 
ഇതെഴുതുമ്പോൾ ഉഴുന്നുമണം വന്ന് എന്നെ പൊതിഞ്ഞതും  മൃദുലമായ ആ വിരലുകൾ കവിളിൽ ചേർത്തുവെച്ചതും  തോന്നലുകൾ മാത്രമോ . 
ഈ മാവ് ദോശരൂപത്തിലോ  അതോ ഇഡ്ഢലി രൂപത്തിലോ അടുത്ത ദിവസം തീന്മേശയിൽ എത്തും .
ദോശമാവിനും ഇഡ്ഢലിമാവിനും വ്യത്യാസമുണ്ടോ അറിയില്ല .ഞാനിവിടെ രണ്ടുദിവസം ഇഡ്ഢലി മൂന്നാം ദിവസം മുതൽ ദോശ അങ്ങനെയാണ് പതിവ്. 
ദോശ മാവ് പുളിച്ചാൽ അതിൽ ഉള്ളിയും പച്ചമുളകും ചേർത്ത് ഊത്തപ്പം ഉണ്ടാക്കാമെന്ന അടുക്കള സൂത്രം  പറഞ്ഞുതന്നത്  ചേച്ചിയാണ് .
ഒരു കപ്പ് മാവ് മാത്രമേ അവശേഷിക്കുന്നുള്ളൂ എങ്കിൽ, അതിൽ മൈദയും കടലപ്പൊടിയും ചേർത്ത് സവാള ,പച്ചമുളക് ,കറിവേപ്പില ഇത്യാദികളും ചേർത്ത് നാലാൾക്കുള്ള സവാള ബജ്ജയാക്കി മാറ്റാമെന്ന 'മാനേജ്മെൻറ് ടെക്‌നിക്' ഉപദേശിച്ചത് എൻ്റെ അമ്മായിഅമ്മയാണ് .
അങ്ങനെ അങ്ങനെ ദോശ ഉണ്ടാക്കുന്നതുമുതൽ പറഞ്ഞുതുടങ്ങിയാൽ എത്രയധികം കഥകളാണെന്നോ പറയാനുള്ളത് ...  
"ഇതെന്താദ് ?ദോശയ്‌ക്കെന്തു കഥ?" എന്ന് ചോദിക്കല്ലേ .നിങ്ങൾ കരുതുംപ്പോലെ ദോശ നിസ്സാരക്കാരനല്ല ട്ടോ ...രക്ഷകനാണ് രക്ഷകൻ. 
ഫ്രിഡ്‌ജിൽ ദോശ മാവ് ഉണ്ടല്ലോ എന്ന ചിന്ത നൽകുന്ന ആശ്വാസം ഒരു അടുക്കളക്കാരിക്ക് മാത്രമേ അറിയൂ .
രാത്രിയിൽ സ്വച്ഛന്ദമായി ഉറങ്ങാനുള്ള ഉറക്കഗുളികപ്പോലെയാണ് അത്. 
റെഡിമെയ്‌ഡ്‌ ദോശമാവിനും നമോവാകം .സ്വിഗ്ഗിയും സോമാറ്റോയും പ്രചാരത്തിലാവുന്നതിനു മുന്നെയുള്ള കാലത്തെ ഉദ്യോഗസ്ഥകളായ അടുക്കളക്കാരികളുടെ നമോവാകം ...
പക്ഷെ, വീട്ടിൽ അരച്ചുണ്ടാക്കുന്ന ദോശ തന്നെ സ്വാദിൽ കേമൻ.
എൻ്റെ അമ്മ  നല്ല കനത്തിൽ ആണ് ദോശ ചുട്ടെടുക്കാറ് .വെളിച്ചെണ്ണ തൂവുമെങ്കിലും ചട്ടുകം ഉപയോഗിച്ച് മറിച്ചിടുന്ന സമ്പ്രദായം ഇല്ലായിരുന്നു.ഭർത്താവിൻറെ വീട്ടിൽ എത്തിയപ്പോളാണ് 'ദോശമറിച്ചിടുന്നതെന്തുകൊണ്ട്?' എന്ന പഴയൊരു കുസൃതി ചോദ്യത്തിനുത്തരം കിട്ടിയത് .
ദുബായിൽ എത്തി പാചകത്തിൽ ഭർത്താവിൻ്റെ ശിഷ്യത്വം സ്വീകരിച്ചപ്പോൾ ,വെളിച്ചെണ്ണ അല്ല എള്ളെണ്ണയാണ് ദോശയിൽ തൂവുക എന്ന് കേട്ട് അത്ഭുതം തോന്നി.
നല്ല ശുദ്ധമായ എള്ളെണ്ണ ഒഴിച്ച് നേർത്ത ദോശ 'മൊര''മൊരാ'ന്ന് ചുട്ടെടുക്കുമ്പോൾ 'ഗുമുഗുമാ'ന്ന് കൊതിപ്പിക്കുന്ന മണം ഞങ്ങളുടെ അപ്പാർട്ട്മെൻറ്റിൽ മാത്രമല്ല ആ ഇടനാഴി മുഴുവൻ പരക്കുമെന്ന് പറഞ്ഞുതന്നത് അടുത്തവീട്ടിലെ കുട്ടികൾ ആണ്.
ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതും ,സ്വാദിഷ്ടമായതും ആയ പ്രാതൽ തന്നെ ദോശ .
പ്രാതലിൻറെ കാര്യത്തിൽ  അമ്മ പുലിയായിരുന്നു.ആവർത്തന വിരസതയില്ലാതെ വ്യത്യസ്തമായ വിഭവങ്ങൾ ഓരോദിവസവും തയ്യാറാക്കും.
അതിൽ പലതരത്തിലെ ദോശകൾ ആയിരുന്നു മുഖ്യം . 
റവയും മൈദയും തേങ്ങയും ചേർത്തുകുഴച്ച ഒരൽപ്പം മധുരം ചേർത്ത റവദോശ ,ഗോതമ്പുപൊടിയിൽ ശർക്കരയും തേങ്ങയും ചേർത്തുകുഴച്ച് തട്ടിപൊത്തി എടുക്കുന്ന ഗോതമ്പ് ദോശ ,സാദാ ഗോതമ്പ് ദോശ ,പച്ചമുളകും കടുകും കറിവേപ്പിലയും ഒക്കെ താളിച്ചു ചേർത്ത് ചുട്ടെടുത്ത മൈദ ദോശയും ,കടലപ്പൊടി ദോശയും ,പച്ചരിയും ഇളം തേങ്ങയും ചേർത്തരച്ച ദോശ അങ്ങനെ അങ്ങനെ പലതരം ദോശകൾ .
ഹൈ ലൈറ്റ് ദോശകൾ ഇതൊന്നും ആയിരുന്നില്ല .മുരിങ്ങയിലയോ  ,കയ്പചീരയോ മുറിച്ചിട്ട് പച്ചരിയും മുളകും കായവും ഒക്കെ ചേർത്തരച്ച ചീര ദോശയായിരുന്നു .ഇതിൽ വെളിച്ചെണ്ണ തന്നെ സ്വാദ് ട്ടോ .
പിന്നെ, പലതരം പരിപ്പുകൾ ചേർത്തരച്ച 'ചെട്ടിയാർ ദോശ' എന്ന് അമ്മയും, 'തീണ്ടാരി ദോശ' എന്ന് ചേച്ചിയും വിളിക്കുന്ന അട ദോശ അഥവാ തമിഴരുടെ അടൈ അവിയൽ; എക്കാലത്തെയും എൻ്റെ  പ്രിയപ്പെട്ട ദോശ .ഇതിലും പിശുക്കില്ലാതെ വെളിച്ചെണ്ണ തന്നെ ഒഴിക്കണം, നമ്മൾ മലയാളികൾക്ക് അതിസ്വാദിന്. കൂട്ടാനൊന്നും ഇല്ലാതെ തന്നെ കഴിക്കാവുന്ന ഈ ദോശയ്‌ക്കൊപ്പം കട്ടൻ ചായയോ കാപ്പിയോ കിട്ടിയാൽ ഞാൻ കൃതാർത്ഥയാവും .
എന്നാൽ ഞാനൊരു ദോശ പ്രേമിയൊന്നും അല്ല .ദോശയെക്കുറിച്ച് ഇത്രയൊക്കെ എഴുതാൻ കാരണം ഫഹദ് ഫാസിലുമായുള്ള ഒരു അഭിമുഖം കണ്ടതാണ് .മടുപ്പില്ലാതെ എത്രദിവസം വേണമെങ്കിലും കഴിക്കാവുന്ന വിഭവം ദോശയാണത്രെ .ഇവിടെ എൻ്റെ കണവൻ ഇത് നൂറുശതമാനം ശരിയെന്ന് ഉറപ്പിച്ചു പറയും . 
തമിഴ് നാട്ടിൽ  നിന്നും കാതങ്ങൾ അകലെ ഇവിടെ ദെയ്‌റയിലെ 'മദ്രാസ് കഫേ' യിൽ നിന്നുമാണ് ആദ്യമായി തമിഴരുടെ തനതായ 'അടൈ അവിയൽ' കഴിക്കുന്നത് .മഞ്ഞൾപ്പൊടി ചേർക്കാത്ത വെള്ള അവിയലോ ശർക്കരയോ കൂട്ടിവേണം 'അടൈ' കഴിക്കാൻ എന്നത് കൗതുകം ജനിപ്പിച്ചു എന്ന് തന്നെ പറയാം .
ഗോദാവരി നദിയുടെ കിഴക്കൻ തീരത്തുനിന്നും ദുബായിൽ എത്തിയ വരലക്ഷ്‌മിയാണ് 'പേസറട്ടു 'എന്ന ആന്ധ്രാദോശ എനിക്കുനേരെ നീട്ടുന്നത്.അതാവട്ടെ ചെറുപയർ അരച്ചുണ്ടാക്കിയ ഹരിതാഭയാർന്ന ഒരു സുന്ദരി ആയിരുന്നു ...കപ്പലണ്ടി ചട്ട്ണിയോ, ഇഞ്ചി ചട്ട്ണിയോ  കൂടും സഹചാരികളായി . ചിലപ്പോളൊക്കെ പേസറട്ടുവിൽ ക്യാരറ്റ് ചീകിയതും സവാള കൊത്തിഅരിഞ്ഞതും വിതറി സ്പെഷ്യൽ ആക്കും അവൾ .ഉപ്പുമാവ് ദോശക്കകത്ത് വെച്ച് മടക്കിയെടുത്താൽ MLA പേസറട്ടു ആവും എന്ന് പറഞ്ഞു ചിരിക്കും .
ഞാൻ ഇതുവരെ MLA പേസറട്ടു രുചിച്ചിട്ടില്ല .
ഉഴുന്ന് വറുത്തുപൊടിച്ചുണ്ടാക്കുന്ന  ദോശപ്പൊടി  വീട്ടിലെ സ്ഥിരം അന്തേവാസി ആയിരുന്നെങ്കിലും 'പൊടിദോശ' അത് അതിൻ്റെ രൂപത്തിലും രീതിയിലും കഴിക്കുന്നത് തിരുത്തണ്ണിയിലെ ചെറിയൊരു തട്ടുകടയിൽ ആണ് .
ആഹാ ...ചൂട് ചൂട് ദോശയിൽ നിറയെ പൊടി വിതറി, നെയ്യും ഒഴിച്ച് മൊരിച്ചെടുക്കുന്ന ദോശകൾ അന്ന് എത്ര എണ്ണം കഴിച്ചെന്നു കണക്കില്ല. പക്ഷെ, കൂട്ടത്തിൽ രണ്ടുപേർക്ക് വയറിനു പണി കിട്ടി എന്നത് നല്ല ഓർമ്മയുണ്ട് .
പറഞ്ഞുവന്നപ്പോൾ ദോശയിലെ രാജാവായ മസാലദോശ യെക്കുറിച്ച് പറഞ്ഞതേയില്ലല്ലോ .
മസാല ദോശയല്ല ;സാക്ഷാൽ 'രാജാതിരാജൻ മൈസൂർ മസാലദോശ'. സാധാരണ മസാലദോശയേക്കാൾ വലുപ്പം കുറഞ്ഞതും ,പുറമെ മൊരിഞ്ഞതും ,അകമേ മൃദുവായതും ആയ മൈസൂർ മസാല ദോശ .
മുളകും വെളുത്തുള്ളിയും അരച്ച് എരിവുകൂട്ടിയ ചമ്മന്തി തേച്ചുപിടിപ്പിച്ച് അതിൽ ഉരുളക്കിഴങ്ങു മസാലയും ചേർത്ത ശരിക്കും രാജകീയമായ മൈസൂർ മസാലദോശ .
സാൻഡ്‌വിച്ച് ഒക്കെ മുറിക്കും പോലെ രണ്ടായി മുറിച്ചാണ് വിളമ്പിയത് .അങ്ങനെ ആണത്രേ അതിൻറെയൊരു ഔപചാരികമായ രീതി .
ഇത്തവണത്തെ മൈസൂർ യാത്രയിൽ ദിവസം ഒരുനേരം മൈസൂർ മസാലദോശ തന്നെ ആയിരുന്നു താരം. 
യുട്യൂബിൽ നിന്നും കിട്ടിയ ഒരു തട്ടുകടയെ  അന്വേഷിച്ചു കണ്ടുപിടിച്ചു കഴിച്ച 'ബെണ്ണെ മസാലദോശ'; വെണ്ണയിൽ കുതിർന്ന ദോശ. ഞാൻ ഇന്നോളം കഴിച്ചിട്ടുള്ളതിൽ ഏറ്റവും ഏറ്റവും സ്വാദിഷ്ടമായ മസാലദോശ എന്ന് വീണ്ടും വീണ്ടും പറയും .ആ തട്ടുകടയിലെ വിഭവങ്ങൾ ഓരോന്നും ഒന്നിനൊന്നു മെച്ചമായിരുന്നു എന്ന് കൂടി കൂട്ടി ചേർക്കട്ടെ .
നെയ്യ് ദോശ (Ghee  Roast ) സുപരിചിതമാണെങ്കിലും 'ബെണ്ണെ ദോശ' എനിക്ക് തീർത്തും അപരിചിതമായിരുന്നു. 
ഹൂബ്ലിയിൽ  ഒരു വിവാഹ വിരുന്നിന്  പങ്കെടുത്തപ്പോൾ  ആയിരുന്നു ആദ്യമായി ബെണ്ണെ ദോശ കാണുന്നത് വെറും ബെണ്ണെ ദോശ അല്ല 'ദേവനഗരെ ബെണ്ണെ ദോശ '.വലിയൊരു  ഉരുള വെണ്ണ ചൂടു ദോശയ്ക്കു മുകളിലും കിഴങ്ങു കറി ഒപ്പവും വിളമ്പി അവർ പ്രാതലിന് . 
മൈസൂറിലെ 'മൈലാരി ദോശ'യുടെ പുകഴ്ത്തുപാട്ടുകൾ കേട്ടാണ് അതന്വേഷിച്ചിറങ്ങിയത് .അതാവട്ടെ നമ്മുടെ അപ്പം പോലെ രുചിച്ചു. അവിടെയും, തൂവെള്ളനിറത്തിലെ വെണ്ണ നിർലോഭം ചൊരിഞ്ഞു. വെണ്ണയിൽ ആകെ കുതിർന്ന ദോശ വെണ്ണ പ്പോലെ അലിഞ്ഞിറങ്ങി നാവിലെ രസമുകുളങ്ങളെ തലോടി ഉണർത്തി. ഒപ്പമെത്തിയ ചമ്മന്തിക്ക് തേങ്ങാപ്പാലിൻറെ രുചിയെന്ന് നാവ് രഹസ്യം പറഞ്ഞു.  
"പക്ഷെ ഇങ്ങനെ അല്ലല്ലോ അമ്മ ഉണ്ടാക്കുന്ന ബട്ടർ ദോശ" എന്ന് കുട്ടികൾ .
കുതിർത്ത അരിയിൽ അവലും,തൈരും, ഒരല്പം ശർക്കരയും ചേർത്തരച്ച് പുളിപ്പിച്ച്  അപ്പം പോലെ ചുട്ടെടുത്ത് ഒരു ടേബിൾസ്പൂൺ വെണ്ണയാൽ അലങ്കരിച്ച് ബട്ടർ ദോശ എന്ന് ചെല്ലപ്പേരിട്ട്  കുട്ടികളെ പറ്റിച്ചതാണെന്ന് പറഞ്ഞിട്ടെന്താ കാര്യം :അതവരുടെ പ്രിയപ്പെട്ടതാണ് . കൊങ്കൺ മേഖലയിലെ 'സുർണാലി 'എന്നാണ് അതിൻ്റെ യഥാർത്ഥനാമം എന്ന് അവരെന്നെങ്കിലും അറിഞ്ഞോട്ടെ ..
ഘീ റോസ്‌റ്റ് ,പ്ലെയ്ൻ റോസ്‌റ്റ് ,പേപ്പർ റോസ്‌റ്റ് ,തൊപ്പി ദോശ,ബാഹുബലി ദോശ മുതൽ ചീസ് ദോശ,പനീർ ദോശ ,മഷ്‌റൂം ദോശ, പിസാ ദോശ ...പിന്നെ മുട്ട ദോശ മുതൽ ബീഫ് ദോശ വരെയും ...നീർ  ദോശ,ഓട്സ് ദോശ,റാഗി  ദോശ ,എന്ന് തുടങ്ങി മില്ലറ്റ് ദോശ വരെയും ഇന്നെത്തിനിൽക്കുന്നു....
ഇവിടെയും തീരുന്നില്ല കേട്ടോ ...
ഇതൊക്കെ പറയുമ്പോൾ 'പൈ ദോശ' യെക്കുറിച്ച് മിണ്ടീല്ല എന്ന് പരിഭവം പറയരുത് .ദോശയിൽ നൂറിലധികം തരം ഉണ്ടെന്ന് നമ്മൾ അറിഞ്ഞത് പൈ ദോശയിലൂടെയാണ് .അവിടത്തെ ഉള്ളിച്ചമ്മന്തി ശ്ശൊ ഒരു രക്ഷേമില്ലന്നേ. 
"അപ്പോൾ 'തട്ടിൽകൂട്ടിയ ദോശ'യോ?അത് salt and pepper ലെ ദോശയല്ലേ? പ്രണയത്തിലേക്ക് നയിക്കുന്ന ദോശ? "
തട്ടിൽ കൂടിയ ദോശയുമായി എനിക്ക്‌ എന്തെന്നില്ലാത്ത ആത്മബന്ധമാണ്. ദോശ ചുടാൻ പഠിക്കുന്ന  കാലത്ത് എന്നും തട്ടിക്കൂട്ടിയ ദോശയായിരുന്നു ഞാൻ ഉണ്ടാക്കിയിരുന്നത് ... അങ്ങനെയും ഞാൻ വിവാഹജീവിതത്തെ പ്രണയത്തിൻറെ വഴിയിലൂടെ നടത്തി .
തട്ടിൽ  കൂട്ടിയ ദോശ  'വേ 'തട്ട് ദോശ 'റേ'. 
മറൈൻ ഡ്രൈവിലെ ആ തട്ടുകടയിൽ നിന്നും കഴിച്ച (അക്ഷരാർത്ഥത്തിൽ നിന്ന് തന്നെ കഴിച്ച )ആ തട്ട് ദോശയുണ്ടല്ലോ ;മുളകുചമ്മന്തിയിൽ മുക്കിയെടുത്ത് തട്ടിവിഴുങ്ങിയ ആ പഞ്ഞിപോലുള്ള ദോശ തന്നെ ...  ആ ദോശ വേറെ ലെവൽ തന്നെ ആയിരുന്നു.
എനിക്കാണെങ്കിൽ ചില ഭ്രാന്തൻ ഇഷ്ടങ്ങളുണ്ട് ദോശയ്‌ക്കൊപ്പം ചേർത്തുവെക്കാൻ .
സാമ്പാറും ചട്ണിയും മാറ്റി നിർത്തി, മുളക് അരച്ചിട്ട നല്ല പുളിങ്കറി ഒരു ദിവസം പഴകിയത് ചൂടാക്കി ചൂടാക്കി വറ്റിച്ചതും ദോശയും...
നേർപ്പിച്ച തേങ്ങാച്ചമ്മന്തി ദോശയ്ക്ക് മുകളിൽ ഒഴിച്ച് ഒരല്പം പഞ്ചസാരവിതറി കുതിർത്ത് കഴിക്കുന്നതാണെനിക്കേറ്റം ഇഷ്‌ടം .
ദോശയ്‌ക്കൊപ്പം ചമ്മന്തിയും പപ്പടവും അതും ഒരിഷ്ടമാണ് .
ലോകത്തിൻ്റെ ഏതൊക്കെ ഭാഗത്തിരുന്ന് കഴിച്ചാലും മസാലദോശ എന്നുകേൾക്കുമ്പോൾ ഓർമ്മകളിൽ പ്രിയമുള്ളത് മട്ടാഞ്ചേരിയിലെ 'കൃഷ്ണ കഫെ'യിലെ മസാലദോശയും, ഇന്ത്യൻ കോഫി ഹൗസിലെ ബീറ്റ്റൂട്ട് ചേർത്ത മസാലദോശയും തന്നെ . 
സ്പാനിഷ് മസാലദോശയെക്കുറിച്ച് പറയാനൊന്നും ഇല്ലേ?എന്ന് നിങ്ങള് ചോദിക്കും ഇപ്പോൾ.
അത്  ഒരു ഇൻറ്റർനാഷണൽ പ്രണയകഥ...മസാലദോശയെ പ്രണയിച്ചു പ്രണയിച്ചു ദോശക്കാരനെ പ്രണയിച്ച കഥ .....കേരളത്തിൽ നിന്ന് അങ്ങ് സ്പെയിൻ  വരെ എത്തിയ കഥ .
ദോശയുടെ കഥ കർണ്ണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് തുടങ്ങിയതെന്നും അല്ല തമിഴ് നാട്ടിൽ ആണെന്നും രണ്ടുവാദം .
എന്തായാലും ഇന്ത്യ മുഴുവൻ ;ചിലപ്പോൾ ലോകത്തിൻ്റെ തന്നെ പലഭാഗങ്ങളിലും ദോശയോ, ദോശയുടെ മുഖച്ഛായയോ ഉള്ള വിഭവങ്ങൾ ദോശ എന്ന പേരിലോ അല്ലാതെയോ കാണുമല്ലേ .
ദോശയിൽ പുതിയ പരീക്ഷണങ്ങൾ ഈ സമയവും നടക്കുന്നുണ്ടാവാം അല്ലേ ?
"ദേ ...ദോശക്കല്ല് ചൂടായി .ഒരല്പം വെള്ളം തളിച്ച്, ചൂട് ക്രമീകരിച്ച്, ഒരു തവി മാവ് ശ് ശ് എന്ന് കോരി ഒഴിച്ച്, നേർമ്മയായി പരത്തി, ഒരല്‌പം നല്ലെണ്ണ ഒഴിച്ച്, മൊരിയുമ്പോൾ ഒന്നുമറിച്ചിട്ട്, ചൂടോടെ മടക്കിയെടുത്ത്, സാമ്പാറിലോ ചട്ട്ണിയിലോ മുക്കി അങ്ങ് വായിൽ വയ്ക്ക അത്രന്നെ .
ചൂടോടെ ചുട്ടുതരാൻ ഒരാൾ തയ്യാറായി നിൽപ്പുണ്ടെങ്കിൽ അതാണ് സ്വർഗ്ഗം...
കൂട്ടത്തിൽ ഒരു ഫിൽറ്റർ കോഫിയോ ചായയോ ആയാൽ വിരോധം ഉണ്ടോ ?
മൊരിഞ്ഞ ദോശയ്‌ക്കൊപ്പം കുട്ടിക്കാലത്തെന്നോ കേട്ടുമറന്ന ആ ശീലുകൾ മൂളിയാലോ ? 
"മീശക്കാരൻ കേശവന് ദോശ തിന്നാൻ ആശ
ദോശ വാങ്ങാൻ കാശിനായി തപ്പി നോക്കി കീശ ."
 

പ്രഭ പ്രമോദ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.