PRAVASI

നായനാർ സർക്കാരിന് പണിയായത് ഒരൊറ്റ ഫോട്ടോ; ഡോ.ഹാരിസിൻ്റെ തുറന്നെഴുത്ത് വിനയാകുമോ

Blog Image

തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ ആരോഗ്യവകുപ്പിലെ പരിതാപകരമായ അവസ്ഥകൾ പുറത്തുവരുന്നത് പിണറായി സർക്കാരിനെ കടുത്ത നാണക്കേടിൽ എത്തിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപകരണക്ഷാമം കാരണം ശസ്ത്രക്രിയകൾ മുടങ്ങുന്ന അവസ്ഥയെക്കുറിച്ചുള്ള യൂറോളജി വകുപ്പ് മേധാവി ഡോ ഹാരിസ് ഹസൻ ചിറക്കലിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൻ വിവാദമായി. ഈ ഗുരുതര സ്ഥിതിയെക്കുറിച്ച് മന്ത്രിയുടെ പതിവ് പ്രതികരണം വന്നു- ‘അന്വേഷിക്കും, റിപ്പോർട്ട് തേടും’….

2000ത്തിലെ നായനാർ സർക്കാരിൻ്റെ കാലാവധി തീരുന്നതിന് ഏതാനും മാസം മുമ്പ് മാതൃഭൂമി പത്രത്തിൽ അച്ചടിച്ചുവന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്നുള്ള ഒരു ചിത്രം ഉണ്ടായ രാഷ്ട്രീയ പ്രകമ്പനവും പിന്നീട് അത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടാക്കിയ തിരിച്ചടിയും ഇപ്പോഴത്തെ സാഹചര്യവുമായി കൂട്ടിവായിക്കാവുന്നതാണ്.നമ്പർ വൺ കേരളമെന്ന വൻ പ്രചാരണം നടക്കുന്നതിനിടയിലാണ് ഇപ്പോൾ പൊതുജനാരോഗ്യരംഗം വെൻ്റിലേറ്ററിലായ അവസ്ഥയെക്കുറിച്ച് സർക്കാർ മെഡിക്കൽ കോളജിലെ ഒരു വകുപ്പു മേധാവി തന്നെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഉപകരണങ്ങൾ വാങ്ങാനായി പലർക്കും മുന്നിൽ ഇരക്കേണ്ടി വരുന്നുവെന്നാണ് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞത്. ‘എനിക്ക് മടുത്തു, ഇനി ഒന്നും ഒളിക്കാനില്ല എന്നായിരുന്നു ഡോ.ഹാരിസ് വെട്ടിത്തുറന്ന് പറഞ്ഞത്. വകുപ്പിലെ കുത്തഴിഞ്ഞ അവസ്ഥയെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിട്ടും ഒന്നും നടക്കാത്ത അവസ്ഥയിലാണ് അദ്ദേഹം പോസ്റ്റിട്ടത്.പിന്നീട് സമ്മർദം, ഭീഷണി ഒക്കെ വന്നതിൻ്റെ ഫലമായി പോസ്റ്റ് പിൻവലിച്ചു എങ്കിലും, തൻ്റെ വകുപ്പിലെ ദയനീയ അവസ്ഥയുടെ യഥാർത്ഥചിത്രമാണ് അദ്ദേഹം പുറത്തുവിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പോലെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആരോഗ്യകേന്ദ്രത്തിൻ്റെ അവസ്ഥ ഇതെങ്കിൽ മറ്റിടങ്ങളിൽ എന്താകും എന്ന വലിയ ചോദ്യം കൂടിയാണ് ഈ വെളിപ്പെടുത്തലിന് പിന്നാലെ ഉയരുന്നത്. വകുപ്പു മേധാവിയുടേത് പോലെ സുപ്രധാന സ്ഥാനത്തിരിക്കുന്ന മുതിർന്ന ഡോക്ടറുടെ വാക്കുകളെ അവിശ്വസിക്കാൻ ഒരു കാരണവുമില്ല.

2000 ഓഗസ്റ്റ് 21ന് ‘കണ്ണേ മടങ്ങുക’ എന്ന് ക്യാപ്ഷനിട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രമെടുത്ത ഫോട്ടോഗ്രാഫർ ബിനു ലാൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞതിങ്ങനെ- “തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായി ആഹാരവും വസ്ത്രവും വിതരണം ചെയ്യാന്‍ ഒരു സന്നദ്ധസംഘടന ഒരുക്കിയ പരിപാടി കവർ ചെയ്യാൻ എത്തിയതായിരുന്നു. അനാഥരായ രോഗികളെ പാര്‍പ്പിക്കുന്ന ഒന്‍പതാം വാര്‍ഡിന്റെ ദുരവസ്ഥയെക്കുറിച്ച് നേരത്തെ ചില വിവരങ്ങൾ കേട്ടിരുന്നു. പക്ഷേ മാധ്യമപ്രവര്‍ത്തകരെ അവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ചടങ്ങിനിടയില്‍ താൻ അതിനകത്ത് കയറി. മാലിന്യങ്ങള്‍ക്കു നടുവില്‍ വസ്ത്രം പോലുമില്ലാതെ കുറെ വൃദ്ധരായ രോഗികള്‍ കിടക്കുന്നു. പെട്ടെന്ന് രണ്ട് സ്നാപ് എടുത്തു. അപ്പോഴേക്കും സെക്യൂരിറ്റി ജീവനക്കാര്‍ ഓടിവന്ന് തടഞ്ഞു. ഫിലിം നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും ഒരുവിധം അവിടെ നിന്ന് രക്ഷപെട്ടു.”

പിറ്റേന്നത്തെ മാതൃഭൂമി പത്രത്തിൻ്റെ ഒന്നാം പേജിൽ ‘കണ്ണേ മടങ്ങുക’ എന്ന തലക്കെട്ടിൽ ബിനു ലാലിൻ്റെ വാർത്തയും പടവും അച്ചടിച്ചു വന്നു. കേരളം ലജ്ജിച്ചു തലതാഴ്ത്തി. മാതൃഭൂമി വാർത്തയിൽ സംസ്ഥാനം ഇളകിമറിഞ്ഞു. അന്നത്തെ ആരോഗ്യമന്ത്രി വി.സി. കബീര്‍ ആശുപത്രി സന്ദര്‍ശിച്ച്, പരിഹാര നടപടികൾക്ക് തുടക്കം കുറിച്ചു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഈ ചിത്രം യുഡിഎഫ് വലിയ തോതിൽ പ്രചാരണായുധമാക്കി. 2001ൽ 99 സീറ്റ് നേടി യുഡിഎഫ് എകെ ആൻ്റണിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. ഇടത് സർക്കാരിൻ്റെ ദയനീയ പരാജയത്തിന് ഇടയാക്കിയ കാരണങ്ങളിലൊന്നായി ജനറൽ ആശുപത്രിയുടെ ഈ ഗുരുതരാവസ്ഥ.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.