ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദൃശ്യം 3’ (ദൃശ്യം ദ കൺക്ലൂഷൻ) തിയേറ്ററുകളിൽ എത്തി മികച്ച പ്രതികരണവുമായി മുന്നേറുന്നു. മലയാളം പതിപ്പ് പുറത്തിറങ്ങി നാല് മാസങ്ങൾക്ക് ശേഷമെത്തിയ ഹിന്ദി പതിപ്പ് പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തില്ലെന്നാണ് ആദ്യ പ്രദർശനങ്ങളിൽ നിന്നുതന്നെയുള്ള വ്യക്തമാകുന്നത്. അഭിനയത്തിലും മേക്കിങ്ങിലും തികഞ്ഞ പുതുമയോടെയെത്തിയ ചിത്രം ആഗോളതലത്തിൽ ഇതിനോടകം 490 കോടി രൂപയും വിദേശത്ത് നിന്ന് മാത്രം 112 കോടിയും വാരികൂട്ടിക്കഴിഞ്ഞു.
പ്രമുഖ നിരൂപകൻ തരൺ ആദർശ് ചിത്രത്തിന് 4.5/5 റേറ്റിംഗ് നൽകി “ഷുവർ-ഷോട്ട് ബ്ലോക്ക്ബസ്റ്റർ” എന്നാണ് വിശേഷിപ്പിച്ചത്. മലയാളം പതിപ്പിനേക്കാൾ ഗംഭീരമായാണ് ഹിന്ദിയിൽ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, ഇതിലെ ട്വിസ്റ്റുകൾ ഒട്ടും പ്രവചിക്കാൻ കഴിയാത്തതാണെന്നും സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അജയ് ദേവ്ഗണിന്റെയും ജയ്ദീപ് അഹ്ലാവത്തിന്റെയും തകർപ്പൻ പ്രകടനങ്ങളും മികച്ച പശ്ചാത്തല സംഗീതവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നുണ്ട്.
മലയാളം ഒറിജിനലിൽ നിന്ന് കഥയിൽ ചില മാറ്റങ്ങളോടെയാണ് ഹിന്ദി റീമേക്ക് എത്തിയിരിക്കുന്നത്. ഹിന്ദി പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ജീത്തു ജോസഫിന്റെ അറിവോടെയാണ് തിരക്കഥയിൽ ഈ മാറ്റങ്ങൾ വരുത്തിയത്. അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ അജയ് ദേവ്ഗൺ, തബു, ജയ്ദീപ് അഹ്ലാവത്, ശ്രിയ ശരൺ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്

