ആയുസ്സിൻ നീളമൊരു ശാപമല്ലോർക്കുക,
ആകാശനാഥന്റെ പുണ്യദാനം!
ദൈവിക കൃപയുടെ പൊൻതൂവലുകളാൽ
തീർത്തൊരു വാഴ് വിന്റെ സൗഭാഗ്യമത്.
ശിരസ്സിലെ വെള്ളിനര വാർധക്യ ചിഹ്നമല്ല,
കർത്താവിൻ സന്നിധിയിൽ നട്ടൊരു വൃക്ഷം പോൽ
വാർധക്യവേളയിലും പൂത്തുലയുന്നു;
തൻ കരംപിടിച്ചവൻ വഴിനടത്തീടുമ്പോൾ
ഏതു സായന്തനവും സുന്ദരമാണ്.
ഈ ജന്മസാഫല്യം ഈശന്റെ ദാനമായ്
നെഞ്ചോടു ചേർക്കുക ആനന്ദമായ്!
ശിരസ്സിലെ വെള്ളിനര വാർധക്യ ചിഹ്നമല്ല,
നീതിതൻ വീഥിയിൽ ചൂടും കിരീടം.
ജീവിത സാഗരം നീന്തിക്കടന്നവർക്ക്
ഉള്ളിലുദിക്കുന്നു ജ്ഞാനസൂര്യൻ.
കർത്താവിൻ സന്നിധിയിൽ നട്ടൊരു വൃക്ഷം പോൽ
വാർധക്യവേളയിലും പൂത്തുലയും;
പച്ചപ്പൊടുങ്ങാത്ത പാവന ചിന്തകൾ
മറ്റുള്ളവർക്കെന്നും സാന്ത്വനമാകും.
കാലിടറി വീണാലും തളരരുതേ മനമേ,
ജീവിത സായന്തനം ശാന്തമാം തീരം.
ദേഹത്തിനതിരുകൾ വീണുതുടങ്ങിയാലും,
ആത്മാവിൻ ചിറകുകൾക്കതിരുകളില്ല!
കൈക്കുമ്പിളിലുണ്ട് വിജ്ഞാനക്കടലുകൾ,
കൺമുന്നിലുണ്ട് പുസ്തകപ്പൂങ്കാവനം.
നവസാങ്കേതിക വിസ്മയ നാളുകളിൽ
വിരൽത്തുമ്പിലുണരുന്നു വിസ്മയലോകം;
ഇരുളടഞ്ഞ മുറികളിൽ തളച്ചിടേണ്ടതില്ലിനി
സ്വപ്നങ്ങൾ നെയ്യുന്ന നിൻ ചിന്തകളെ.
മാറ്റമാണല്ലോ ജീവന്റെ നിത്യതാളം,
ഓരോ പ്രഭാതവും പുതുജന്മ ദാനം.
ഇന്നലെയല്ല നീ ഇന്നത്തെ പുലരിയിൽ,
നിന്നെത്തന്നെ നീ വീണ്ടും തീർക്കുക.
അറിവിന്റെ യാത്രയൊടുങ്ങാത്ത കാലത്തോളം
വാർധക്യം നിന്നിൽ തളർച്ചയല്ലൊരുനാളും.
നാടകവേദിയിതെന്നപോൽ ജീവിതം,
ആറാം രംഗവും നിറപ്പകിട്ടാർന്നതാവട്ടെ.
കണ്ണീരും പുഞ്ചിരിയും തോൽവിയും വിജയവും
ഹൃദയം തുറന്നു നീ സ്വീകരിച്ചിടുക.
കാതങ്ങളേറെ താണ്ടാനുണ്ട് മുന്നിൽ,
കാത്തുസൂക്ഷിക്കാനുണ്ട് പല വാഗ്ദാനങ്ങൾ.
വാർധക്യമേ, നിൻ കരംപിടിച്ചു ഞാൻ ചൊല്ലിടാം:
"ഇനിയുള്ള നാളുകളാവട്ടെ ഏറ്റവും സുന്ദരം!"

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്

