കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ ബി.ജെ.പിയിൽ വൻ ഫണ്ട് തട്ടിപ്പ് നടന്നതായി മുതിർന്ന നേതാവ് പി.സി. ജോർജിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ മാസം എരുമേലിയിൽ വെച്ചുനടന്ന ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവെയാണ് അദ്ദേഹം സ്വന്തം പാർട്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. പൂഞ്ഞാറിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബി.ജെ.പി. നേതൃത്വം നാലരക്കോടി രൂപയാണ് അനുവദിച്ചിരുന്നതെന്നും, എന്നാൽ ഈ പണം താഴെത്തട്ടിൽ എത്താതെ നേതാക്കൾ തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് ഫണ്ട് പ്രധാനമായും കൈകാര്യം ചെയ്തത് സജി എന്ന ബി.ജെ.പി. നേതാവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ബൂത്തിൽ 31,000 രൂപ വീതം നൽകണമെന്നായിരുന്നു കർശന നിർദ്ദേശം ഉണ്ടായിരുന്നത്. എന്നാൽ ഈ നിർദ്ദേശം പാലിക്കപ്പെട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം നാല് കോടി 45 ലക്ഷം രൂപ ചെലവായെന്ന് കാണിച്ച് തനിക്കൊരു കണക്ക് നൽകിയിരുന്നുവെന്നും, ആ വ്യാജ കണക്കുകൾ പുറത്തുവിട്ടാൽ ബി.ജെ.പി. പ്രവർത്തകർക്ക് അത് വലിയ നാണക്കേടുണ്ടാക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
നേതൃത്വം നൽകിയ തിരഞ്ഞെടുപ്പ് ഫണ്ട് ആരൊക്കെയാണ് വീതം വെച്ചതെന്ന് തനിക്കറിയില്ലെന്നും എന്നാൽ തട്ടിയെടുത്ത പണം ഉപയോഗിച്ച് പലരും പുതിയ കാറുകൾ വാങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു. പാർട്ടി ഫണ്ട് അപഹരിച്ച് ആരെങ്കിലും പുതിയ കാർ വാങ്ങിയാൽ, ആ കാർ ഇടിച്ച് അപകടത്തിൽപ്പെടുമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ മുന്നറിയിപ്പായി പറഞ്ഞു. പണം എവിടേക്കാണ് പോയതെന്ന് കൃത്യമായി അന്വേഷിക്കണമെന്ന സൂചനയാണ് അദ്ദേഹം ഇതിലൂടെ നൽകിയത്.

