പാലാ ദേശത്തെയും,പ്രവിത്താനം എന്ന ശാലീന സുന്ദരമായ ഗ്രാമത്തെയും അതിന്റെ പ്രശാന്തതയെയും, രൂപ ലാവണ്യത്തെയും അതിരുവിട്ട് സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ എന്റെ ഈസ്റ്റർ കാലത്തെക്കുറിച്ചുള്ള മനോഹരമായ ഓർമ്മകൾ എണ്ണമറ്റതും മിഴിവാർന്നതുമാണ്.എൺപതുകളിലും തൊണ്ണൂറുകളിലുമാണ് ഏറ്റവും മഹത്തായ ഈസ്റ്റർ ഓർമ്മകൾ കാലം എനിക്ക് സമ്മാനിച്ചത്. കൂട്ടു കുടുംബ വ്യവസ്ഥിതി പുലർത്തിയ തറവാട്ടിൽ ജനിച്ചു വളർന്ന അന്നത്തെ ഒരു ബാലന്റെ മനോമുകുളത്തിൽ വിരിഞ്ഞ വിചാരങ്ങളുടെയും അനുഭവങ്ങളുടെയും ഓർമ്മയുടെ അവശേഷിപ്പാണ് ഈ കുറിപ്പ്.
പരമ്പരാഗത ക്രൈസ്തവ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്ന കേരള സമൂഹത്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മാർച്ച് ഏപ്രിൽ മാസങ്ങൾ തന്നെക്കുറിച്ച് തന്നെയുള്ള അവലോകനത്തിന്റെയും,മനനത്തിന്റെയും, പരിത്യാഗത്തിന്റെയും, നോമ്പിന്റെയും,ചില ആന്തരീക രൂപാന്തരീകരണത്തിന്റെയും, പിന്നിട്ട നാളുകളിലേക്കുള്ള കടന്നു പോകലിന്റയുമൊക്കെ ദിനങ്ങൾ ആണ്. മീനം മേട മാസങ്ങളിലെ തീവ്രമായ ചൂടുള്ള കേരളീയ കാലാവസ്ഥ പ്രകൃതി പോലും ഒരു മാറ്റത്തിന് ദാഹാർത്തയായി നിൽക്കുന്നു എന്ന് വിശ്വാസികളിൽ തോന്നലുളവാക്കുന്നു.എന്നാൽ കുട്ടികൾക്ക് ഇത് സംഘർഷഭരിതമായ പരീക്ഷാക്കാലവും അതിനെ തുടർന്ന് ഉല്ലസിക്കാനുള്ള നീണ്ട വേനലവധിയും.
ഭക്തകാര്യങ്ങളിൽ വളരെ ഉത്സുകയായ അമ്മക്ക്, ആദ്യ കുർബാന സ്വീകരണം കഴിഞ്ഞ മക്കൾ എല്ലാവരും തിരുസഭ നിർദേശിച്ചിരിക്കുന്ന കാലത്ത് നോയമ്പോ ത്യാഗ പ്രവൃത്തിയോ ചെയ്യണമെന്നതും ഭരണങ്ങാനത്തെ ചെറുപുഷ്പ മിഷൻ ലീഗ് മന്ദിരത്തിൽ കുഞ്ഞേട്ടൻ നയിക്കുന്ന മൂന്നു ദിവസത്തെ 'കുഞ്ഞു മിഷണറി' വേനൽ ക്യാമ്പിന് പോകണമെന്നതും നിർബന്ധമായിരുന്നു.ആദ്യമൊക്കെ പോകാൻ മടി ആയിരുന്നെങ്കിലും പിന്നീട് ഈ വേനൽ ക്യാമ്പ് ഇഷ്ടമായി.
വിഭൂതി തിരുന്നാളിന് തലേന്നാൾ പേത്രത്ത ഞായർ-ഒരുക്കത്തിന്റെ നാളുകൾക്ക് മുന്നോടിയായി വിശ്വാസികൾ തങ്ങളെ തന്നെ ആത്മശോധന ചെയ്യുന്ന സമയം പാലായിലെ മിക്കവാറും നസ്രാണി
ഭവനങ്ങളിൽ,വലിയ നോമ്പിന് മുന്നോടിയായ്, പിടിയും വറുത്തരച്ച കോഴിക്കറിയും,കപ്പയും പോത്തു കറിയും, ചക്കയും മുളകിട്ട മീൻകറിയുമൊക്കെ നിറഞ്ഞ് ആ ദിവസത്തെ അവരുടെ തീന്മേശയെ സമ്പന്നമാക്കി. കുരിശുവര പെരുന്നാളിന് പള്ളിയിൽ പോയി തിരികെ വരുമ്പോളേക്കും ഓരോരുത്തരും എന്താണ് നോമ്പ് എടുക്കേണ്ടതെന്ന് അമ്മ തീരുമാനിച്ചിരിക്കും.
വർജ്ജിക്കേണ്ട ഭക്ഷണ സാധനം ഏതാണെന്ന് കാലേകൂട്ടി പദ്ധതിയിട്ടാണ് പള്ളിയിൽ നിന്നുമുള്ള എന്റെ മടക്ക യാത്ര.എല്ലാ നോമ്പ് കാലത്തും നോമ്പെടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് പോത്തിറച്ചി ആയിരുന്നു,കാരണം അന്ന് ഒട്ടും തന്നെ ഇഷ്ടം അല്ലാത്തതും
കാലവൈപരീത്യത്താൽ ഇന്ന് ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് പോത്തിറച്ചി വിഭവങ്ങൾ. മനസ്സിലുള്ളത് മാനത്ത് കണ്ടെന്നവണ്ണം, ഞാൻ പറയും മുൻപേ അമ്മ എന്നോട് മധുരം നോമ്പെടുക്കാൻ പറയും. സിഗ്മണ്ട് ഫ്രോയ്ഡിന്റെ ശിക്ഷ്യയെന്ന പോലെ മകന്റെ ഉള്ളിലുള്ളത് ചൂഴ്ന്നെടുത്ത മനശ്ശാസ്ത്രജ്ഞയുടെ മനോഭാവത്തോടെ, 'ഇഷ്ടമില്ലാത്തവയല്ല ഇഷ്ടമുള്ളവയാണ് നോമ്പെടുക്കേണ്ടത്' എന്ന ഒരു ഉപദേശവും തരും. അല്ലെങ്കിലും മക്കളെ മനസ്സിലാക്കുവാൻ അമ്മമാർക്കുള്ള അസാധാരണമായ കഴിവ് പ്രശംസനീയം തന്നെ.
രാവിലത്തെ കാപ്പിയിലും,വൈകിട്ട് പ്രോട്ടീനെക്സ് ഇട്ടു തരുന്ന പാലിലും പിന്നീടുള്ള അൻപത് ദിവസങ്ങളിൽ മധുരം ഇല്ലല്ലോ എന്നോർക്കുമ്പോൾ
ഹൃദയം തകരുന്ന വേദനയായിരുന്നു.മധുരവും ഞാനും തമ്മിൽ അക്കാലത്തുണ്ടായിരുന്ന കാല്പനിക പ്രണയം കവികൾക്കു പോലും വർണ്ണിക്കാൻ ആവാത്തത്ര ദൃഢമായിരുന്നു. പിഞ്ചുമനസ്സിൽ അല്പ സ്വല്പം കള്ളത്തരം ഉണ്ടായിരുന്നെങ്കിലും, അമ്മമാരെ വിഷമിപ്പിക്കാൻ കുട്ടികൾക്ക് ആവാത്തതിനാലും, പേടി കലർന്ന സ്നേഹത്താൽ മനസ്സില്ലാ മനസ്സോടെ ഞാൻ മധുരം നോമ്പെടുത്തു.
പരീക്ഷകളിലെ വിജയം,എല്ലാ ആവശ്യ ഘട്ടങ്ങളിലും കാവൽ മാലാഖയുടെ സംരക്ഷണം ,ഇതിൽ എല്ലാമുപരി നോമ്പ് വീടൽ കഴിഞ്ഞ് വല്ലാർപാടം പള്ളി സന്ദർശനവും എറണാകുളത്ത് ഗ്രാൻഡ് ഹോട്ടലിൽ നിന്നുള്ള ഇഷ്ടഭക്ഷണവും, ഇതൊക്കെയായിരുന്നു മുടക്കം കൂടാതെ നോമ്പ് നോക്കുന്നവർക്കും അവധിക്കാലത്തു പള്ളിയിൽ
പോകുന്നവർക്കുമുള്ള പ്രത്യേക അനുഗ്രഹങ്ങളും സമ്മാനങ്ങളുമെന്ന് അമ്മ തഞ്ചത്തിൽ കുട്ടികളോട് പറഞ്ഞു. അറപ്പുരയിലെ വെൺകൽഭരണിയിലിരുന്ന് പഞ്ചസാര പാവിൽ വിളയിച്ചെടുത്ത അച്ചപ്പവും കൊഴലപ്പവും,അവലോസുണ്ടയും,ചക്ക വരട്ടിയതും എന്നെ നോക്കി പാൽപുഞ്ചിരി തൂകി.
സങ്കല്പ ലോകത്ത് കാവൽ മാലാഖയോടൊപ്പം ചിറകു വിരിച്ചു ആകാശത്തു പാറി പറക്കുന്നതും,സ്വർഗത്തിലെ പുല്മേട്ടിലും പൂന്തോപ്പിലും കാഴ്ചകൾ കണ്ടു നടക്കുന്നതും, മണിക്കുട്ടന്റെയും ജയചേച്ചിയുടെയും വീട്ടിൽ വലിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അമർചിത്രകഥാ പുസ്തകങ്ങൾ മുഴുവൻ അവധിക്കാലത്ത് വായിക്കുന്നതും, തെക്കിനിമുറ്റത്തെ
മാവിൻചില്ലകളിൽ വന്നിരിക്കുന്ന കിളികളുടെ കൊഞ്ചലുകൾ കേൾക്കുന്നതും,കുഞ്ചു ആശാന്റെ എസ്. എ.എസ് ബേക്കറിയിലെ ചില്ലലമാരയിൽ നിരയായിരിക്കുന്ന ജാം റോളും,ലെമൺ പേസ്റ്റും, ലഡ്ഡുവും,ജിലേബിയുമൊക്കെ മതിതീരെ കഴിക്കുന്നതും ദിവാസ്വപ്നം കണ്ട് ആ പ്രലോഭന നാളുകളെ അവൻ അതിജീവിച്ചു.
അക്കാലത്തു പ്രവിത്താനം പള്ളിയിൽ വികാരിയായി ജോസഫ് നെടുമ്പുറം എന്ന പ്രഗത്ഭനും വ്യക്തിപ്രഭാവിയുമായ അച്ചൻ സ്ഥലം മാറി വന്നു.പാതി നോമ്പു കാലത്ത് ഭവന സന്ദർശനത്തിനും വെഞ്ചരിപ്പിനുമായി എന്റെ തറവാട്ടിൽ കപ്യാര് ജോയ് ചേട്ടനോടൊപ്പം വന്ന അദ്ദേഹം തൂണും ചാരി നിസ്സംഗനായി നിൽക്കുന്ന എട്ടാം ക്ലാസ്സുകാരനെ കണ്ടപ്പോൾ ഇവനെ ഇങ്ങനെ വെറുതെ
വിട്ടാൽ പറ്റില്ലല്ലോയെന്ന മട്ടിൽ പിറ്റേന്ന് മുതൽ കുർബാനക്ക് അൾത്താര ബാലനായി സഹായിക്കാൻ നിർദ്ദേശം തന്നു.
പ്രകൃത്യ അന്തർമുഖനും മിതഭാഷിയുമായ അവൻ പിറ്റേന്ന് ജനക്കൂട്ടത്തിന് മുൻപിൽ നിൽക്കുന്നതും കാറോസൂസ പ്രാർത്ഥന
ചൊല്ലുന്നതും ചിന്തിച്ചപ്പോൾ തന്നെ ശരീരം ആലില പോലെ വിറക്കാൻ തുടങ്ങി. അപ്പനും അമ്മയും തങ്ങളുടെ അരുമ സന്താനം വീടിന്റെ മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തു പോയി ബഹുമുഖ പ്രതിഭയായി ഒരിക്കൽ തിരിച്ചുവരുന്നതിനുള്ള ആദ്യ പടിയായി ഈ അവസരം വന്നതിനെയോർത്ത് അതിരില്ലാതെ സന്തോഷിച്ചു.ആശങ്കയും പേടിയും കൂടിക്കലർന്ന് മനസ്സിൽ മൂടൽ മഞ്ഞുതീർത്ത ആ രാത്രി അവസാനിക്കാതിരുന്നെങ്കിൽ എന്ന്
അവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു, പക്ഷെ ആ പ്രാർത്ഥനകൾ സ്വർഗ്ഗീയ വാതായനങ്ങൾ തുറക്കാൻ പര്യാപ്തമല്ലായിരുന്നു എന്ന് മാത്രമല്ല ഇറയത്തിന്റെ കട്ടിളപ്പടിക്കപ്പുറം ആ ശബ്ദം ആരും കേട്ടതുമില്ല.
അതിരാവിലെ അലാറം ക്ലോക്കിനെക്കാൾ കൃത്യനിഷ്ഠയുള്ള അപ്പന്റെ ഇടതടവില്ലാത്ത വിളി കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്,പള്ളിയിൽ പോകാൻ സമയം ആയെന്നും പെട്ടെന്ന് തയ്യാറാകാനും അദ്ദേഹം ആവശ്യപ്പെട്ടു.അറവുശാലയിലേക്ക് ആട്ടിൻ കുട്ടിയെ കൊണ്ടു പോകുന്ന ഉത്സാഹിയായ അറവുകാരനെ പോലെ എന്റെ അപ്പനും കുർബാനക്ക് സഹായിക്കാൻ പോകുന്ന മകനെ അനുധാവനം ചെയ്യാൻ തിടുക്കപ്പെട്ടു.അമ്മയാണെങ്കിലോ പുലർകാലെ ഉണർന്ന് കട്ടൻകാപ്പിയും
കുടിപ്പിച്ച് കാഞ്ഞിരപ്പള്ളിയിലെ സ്വഗൃഹത്തിൽ ഒരു കല്യാണത്തിന് നോമ്പുവീടൽ കഴിഞ്ഞ് പോകുമ്പോൾ ഇടാനായി ഇടപ്പറമ്പിൽ നിന്നും വാങ്ങിവെച്ച പുത്തൻ ഷർട്ട് ധരിച്ചു പള്ളിയിൽ പോകാൻ നിർബന്ധിച്ചു.
പോട്ടയിലെ പോപ്പുലർ മിഷൻ ധ്യാനക്കാർ ഒരിക്കൽ സമ്മാനിച്ച
ഒരു വചനപ്പെട്ടി വീട്ടിലെ തടിയിൽ തീർത്ത മേശപ്പുറത്തു വെച്ചിരുന്നു,പോസിറ്റീവായ സന്ദേശ ങ്ങൾ നിറഞ്ഞ ആ വചനപ്പെട്ടി തുറന്ന് വചനം എടുക്കുന്നത് പരീക്ഷക്ക് പോകും മുൻപ് കുട്ടികളെല്ലാവർക്കും ശീലമായിരുന്നു. ആ പെട്ടിയിൽ ഇങ്ങനെ ഒരു പ്രാർത്ഥന കുറിക്കപ്പെട്ടിരുന്നു, 'കർത്താവെ കടന്നു വരണമെ, തിരു വചനത്തിലൂടെ എന്നോട് സംസാരിക്കണമേ, സന്ദേശാനുസരണം ജീവിക്കാൻ അരൂപിയുടെ വരദാനങ്ങൾ എന്നിൽ
വർഷിക്കണമേ'.സഭാകമ്പത്തെ മറികടക്കാനുള്ള ഒരു വചനത്തിനായി ഞാൻ പ്രാർത്ഥിച്ചു, വചനപെട്ടിയിലെ ബഹുവർണ്ണ കടലാസുകളിലൂടെ കണ്ണടച്ച് വിരലോടിച്ചു,ഒരു വചനത്തിൽ കൈ ഉടക്കി നിന്നു:
“മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും എനിക്ക് ഉറപ്പേകുന്നു.”—സങ്കീർത്തനം 23:4
എന്തെന്നില്ലാത്ത ഒരു ധൈര്യം വന്നതുപോലെ തോന്നി,പിന്നീടുള്ള നാലഞ്ചു വർഷങ്ങളിൽ ഞായറാഴ്ച്ചകൾ, വിശേഷപ്പെട്ട ദിവസങ്ങൾ, പെരുന്നാളുകൾ എല്ലായിടത്തും സധൈര്യം ലേഖനം വായിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഇപ്പോഴും ആദ്യം ഓർമ്മ വരുന്ന വചനം ദാവീദ് രാജാവിന്റെ ഈ സങ്കീർത്തനമാണ്.
നാൽപതാം വെള്ളിയാഴ്ച ഇടവകയിൽ നിന്നും പാമ്പൂരാമ്പാറ എന്ന മലയിലേക്ക് ഭക്ത ജനങ്ങൾ കുരിശിന്റെ വഴിയും വിലാപയാത്രയും നടത്തി.മുൻകൂട്ടി തീരുമാനിച്ചതനുസരിച്ച് കുരിശ് കടന്നു പോകുന്ന വഴിയിലെ വീട്ടുകാർ തങ്ങളുടെ മുറ്റത്തെ ചെറിയ പന്തലിൽ പ്രാർത്ഥന നടത്തി. മരക്കുരിശിന്റെ അറ്റത്ത് സ്പർശിക്കുവാനും മുത്തുവാനും അനുഗ്രഹം പ്രാപിക്കുവാനും ജാതിമത ഭേദമന്യേ ഭക്തജനങ്ങൾ തിരക്കുകൂട്ടി.മൂലേൽ പീടികയുടെ തിണ്ണയിലും ബാലൻ ചേട്ടന്റെ ചായക്കടയുടെ പരിസരത്തും വൈകുന്നേരങ്ങളിൽ സ്ഥിരമായി സൊറ പറഞ്ഞിരിക്കുന്ന നാട്ടിലെ ചെറുപ്പക്കാരുടെ സംഘം അന്ന് പതിവിന് വിപരീതമായി വഴിയരികെ തമ്പടിച്ച് തീർത്ഥാടകർക്ക് ദാഹജലവും തണുത്ത സംഭാരവും കൊടുത്ത് നല്ല സമറിയക്കാരനെ പോലെ മാതൃകയായി.
അതുവരെ ഒരു മൂളിപ്പാട്ട് പോലും പാടി കേട്ടിട്ടില്ലാത്ത ദേവസ്യ മറിയം ദമ്പതികൾ 'കുരിശിൽ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ'എന്ന ഗാനം നാല് ദിക്കും കേൾക്കുമാറുച്ചത്തിൽ പാടി ഭക്തപാരവശ്യത്താൽ കുരിശിനെ അനുഗമിച്ചു. അവരുടെ കൊച്ചുമകൻ കുട്ടായി മണിനാദം മുഴക്കി വികാരിയച്ചന്റെ പുറകിലായി മന്ദം മന്ദം നടന്നു.മലമുകളിൽ തളർന്നെത്തുന്നവർക്ക് കഴിക്കാൻ വീട്ടിൽ നിന്നും നേർച്ചയായി കൊടുത്തയച്ച പാച്ചോർ വിളമ്പാൻ തറവാട്ടിലെ കാര്യസ്ഥനായ കൃഷ്ണൻകുട്ടിയോടൊപ്പം ഞങ്ങൾ കുട്ടികളും കൂടി.നടന്നും, കിതച്ചും, വിശന്നും,ദാഹിച്ചും പരവശരായി മല കയറിയവർ വാഴയിലയിൽ വിളമ്പിയ ആ ഒരു തവി പാച്ചോറിനെയോർത്ത് അത്യുന്നതങ്ങളിലേക്ക് നോക്കി ബാവാ പുത്രൻ റൂഹാ തമ്പുരാന് നന്ദി പറഞ്ഞു.
ഓശാന ഞായറാഴ്ചയിലെ നീണ്ട പ്രസ്സംഗ വേളയിൽ തങ്ങൾക്കു കിട്ടിയ കുരുത്തോലകളുടെ തുമ്പിൽ ക്രിയാത്മകമായ കുരിശുകൾ തീർത്ത് നാട്ടിലെ പിള്ളേർ കേമത്തരം കാണിച്ചു, മുതിർന്നവർ ജറുസലേം ദേവാലയത്തിലേക്ക് രാജകീയമായി പ്രവേശിച്ച ദൈവപുത്രനെയോർത്ത് പുളകിതരായി ഉച്ചത്തിൽ 'ദാവീദിൻ സുതന് ഓശാന' എന്ന് പാടി.വെഞ്ചരിച്ച കുരുത്തോല തറയിൽ ഇടുകയോ കളയുകയോ ചെയ്യരുതെന്ന കല്പന വേദപാഠം പഠിപ്പിച്ച കന്യാസ്ത്രീയമ്മ സീത്താമ്മ പുറപ്പെടുവിച്ചത് അക്ഷരംപ്രതി പാലിച്ച് കുരുത്തോല ഭക്ത്യാദരപൂർവ്വം വീട്ടിലെത്തിച്ചു.പേരപ്പൻ അവയെല്ലാം
വാങ്ങി കിഴക്കിനി പൂമുഖ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന തിരുഹൃദയരൂപത്തിന് പിറകിൽ ഒളിപ്പിച്ചു.അടുത്ത ഓശാന പെരുന്നാൾ വരെ കുരുത്തോല അവിടെ ഭദ്രമായിരുന്നു.
അങ്ങനെ പെസഹാ വ്യാഴാഴ്ച വന്നെത്തി. പുതുതായി വന്ന നെടുംപുറത്തച്ചൻ,കാൽകഴുകൽ ശുശ്രൂഷയിൽ സമകാലീകമായ മാറ്റം കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു. അന്നാൾവരെ പന്ത്രണ്ടു ശിഷ്യന്മാരെ അനുസ്മരിപ്പിച്ചു കാൽ കഴുകാൻ തിരഞ്ഞെടുത്തിരുന്നത്,വലിയ പെരുന്നാൾ നടത്തുന്ന പ്രസുദേന്തിമാരെയും ഇടവകയിലെ മുതിർന്ന അംഗങ്ങളുടെയുമൊക്കെയാണ് . എന്നാൽ അത്തവണ ആദ്യമായി കുട്ടികളുടെയും അൾത്താര ബാലന്മാരുടെയും കാൽകഴുകാൻ
അദ്ദേഹം തീരുമാനിച്ചു. വെള്ള ഷർട്ടും, കറുത്ത ട്രൗസറുമിട്ട് സെഹിയൊന്റെ മണിമാളികയിലെ വിരുന്നിനെന്ന പോലെ ഞാനും കൂട്ടുകാരായ ജോബിയോടും റോബിനോടും, സിനോയിയോടുമൊപ്പം ബെഞ്ചിൽ ഇടംപിടിച്ചു. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്വയം ശൂന്യനാക്കിയ ഈശോമിശിഹായെ അനുസ്മരിപ്പിച്ച് വികാരിയച്ചൻ ബാലന്മാരുടെ കാല് കഴുകി തുടച്ചു ചുംബിച്ചു,അച്ചൻ എന്റെ അടുത്ത് എത്തിയപ്പോൾ ഈശോയുടെ പ്രിയ ശിഷ്യനായ യോഹന്നാൻ ആയി സ്വയം സങ്കല്പിച്ചു ഭക്തിയുടെ ഔന്നത്യത്തിൽ ലയിച്ചു, പരിപാവനമായ ആ ചടങ്ങ് അങ്ങനെ അവസാനിച്ചു.അച്ചൻ പന്ത്രണ്ട് കുട്ടികൾക്കും സമ്മാനപ്പൊതികൾ നല്കി അവരെ ആദരിച്ചു, കുട്ടികൾക്കാണെങ്കിൽ പെട്ടെന്ന് വിശേഷപ്പെട്ട ഒരു സ്ഥാനം കിട്ടിയ പ്രതീതി.
പെസഹാ വ്യാഴാഴ്ച ഒരു കല്യാണ വീട്ടിലെ ബഹളമായിരുന്നു. പെസഹാ അപ്പം പുഴുങ്ങാൻ തേങ്ങാ ചോദിച്ച് വിദൂര ദേശത്ത് നിന്നു പോലും ആളുകൾ വരും, കൃഷ്ണൻകുട്ടി മച്ചിൻപുറത്തെ തട്ടിൽ നിന്നും തേങ്ങാ തലയെണ്ണംഅനുസരിച്ച് പെറുക്കി കൊടുത്തു. ചിലരുടെ കൈയ്യിൽ കച്ചവടം നടത്താനുള്ള തേങ്ങാ ചാക്കിൽ ഒളിച്ചുവെച്ചിരിക്കുന്നത് കണ്ട് അയാൾ അവരെ പരിഹസിച്ചു പറഞ്ഞു, 'ചേടത്തി ഈ തേങ്ങ കൊണ്ടു തന്നെ ഇത്തവണ അപ്പം പുഴുങ്ങണെയെന്നു'. ആ കൂട്ടത്തിൽ സത്യാന്വേഷികളും സൂത്രശാലികളും ഉണ്ടായിരുന്നു, പലരും ഒരു വർഷത്തേക്ക് വേണ്ട തേങ്ങ സൂക്ഷിക്കാനുള്ള സുവർണ്ണ അവസരമായി ഇതിനെ കണ്ടു,എങ്കിലും വന്നവർക്കും ചോദിച്ചവർക്കും മുട്ടില്ലാതെ ലഭിച്ചു.
പാചകപ്പുരയിലെ മേശമേൽ, ഊണു മുറിയിലെ നീല ചായം തേച്ച തടിയലമാരയിൽ സൂക്ഷിക്കപ്പെട്ടിരുന്ന, വർഷത്തിൽ ഒരിക്കൽ മാത്രം പുറത്തെടുക്കുന്ന കുഴിയുള്ള തൂവെള്ള പിഞ്ഞാണങ്ങളിൽ അപ്പത്തിനുള്ള മാവ് അമ്മയും മമ്മിയെന്ന പേരമ്മയും ഒഴിച്ചു. വീട്ടിലെ തലമൂത്ത കാരണവർ പപ്പായെന്ന പേരപ്പൻ നെറ്റിയിൽ കുരിശു വരച്ചു, തിരുഹൃദയ രൂപത്തിന് പിറകിൽ ഒളിപ്പിച്ച കുരുത്തോല ഒന്നെടുത്തു കുരിശാകൃതിയിൽ കീറി മാവിന് മുകളിൽ വെച്ചു. അമ്മയും മമ്മിയും അപ്പം വിള്ളൽ വീഴാതെ വൃത്തിയായി പുഴുങ്ങിയെടുത്തു മാറ്റി. അപ്പത്തിനൊപ്പം കഴിക്കാനുള്ള ശർക്കര പാലിൽ കുടുംബത്തിലെ മുതിർന്ന ഗൃഹനാഥയായ വലിയമ്മച്ചി കുരുത്തോല കീറി കുരിശാകൃതിയിൽ ഇട്ടു, ഒരപ്പുരയുടെ അടുപ്പിൽ സഹായികളായ കുഞ്ഞേലി ചേടത്തിയും പത്രോസ് ചേട്ടനും, വട്ടയപ്പവും ഇലയടയും ഉണ്ടാക്കി ചൂടോടെ കിണ്ണത്തിൽ അടുക്കി വെച്ചു.
കൃഷ്ണൻകുട്ടി പത്തായ പുരയിലെ ചാക്കിൽ കെട്ടി തൂക്കിയിട്ടിരുന്ന പൂവൻ പഴം പടലകളായി ഇരിഞ്ഞെടുത്തു മുറത്തിൽ നിരത്തി. കുട്ടികൾ കൂടകളിൽ അപ്പവും മറ്റു പലഹാരങ്ങളും അടുത്തുള്ള ബന്ധു വീടുകളിലും, മരണം നടന്നതിനാൽ അപ്പം പുഴുങ്ങാത്ത വീടുകളിലേക്കും എത്തിച്ചു. അയല്പക്കത്തെ കമലാക്ഷിയമ്മ പലഹാരം കൊണ്ടു വന്ന കുട്ടികൾക്ക് കെട്ടിപ്പിടിച്ചു ചക്കരയുമ്മ കൊടുത്തിട്ട് വിഷുവിനു ശർക്കരയിട്ട് വിളയിച്ച ഇലയട തരാമെന്ന് വാഗ്ദാനം ചെയ്തു. അവരുടെ മുറ്റത്തേ പീടിക തിണ്ണയിൽ ഇതൊക്കെ കണ്ട് രസിച്ചിരുന്ന അമ്മാവൻ എന്ന വിളിപ്പേരുള്ള അപ്പൂപ്പൻ പുഞ്ചിരി പൊഴിച്ചു കുട്ടികൾക്ക് നാരങ്ങാ മിഠായിയും
തേൻമിഠായിയും മംഗളം വാരികയുടെ കടലാസൊന്നു കീറി അതിൽ പൊതിഞ്ഞു നല്കി.അന്ന് കുരിശുവരയും അത്താഴവും നേരത്തെ കഴിച്ച് എല്ലാവരും വിരിച്ചിട്ട തഴപ്പായയിൽ ഇരുന്നു. സ്ഫുടമായി മലയാളം വായിച്ചിരുന്നതിനാൽ ബൈബിളിലെ അന്ത്യത്താഴ ഭാഗം വായിക്കാൻ പേരപ്പൻ എന്നോട് ആവശ്യപ്പെട്ടു.യേശുക്രിസ്തു തന്നെ ഒറ്റികൊടുക്കുവാൻ പോകുന്ന യൂദാസ് സ്കറിയോത്തായിൽ നിന്നും അന്ത്യ ചുംബനം സ്വീകരിച്ചത് മൃദുലമനസ്കനായ ഞാൻ ഏറെ വികാര നിർഭരമായി വായിച്ചു വ്യസനപ്പെട്ടു.മൂത്ത സഹോദരി സീതമ്മ ചെറുതായി എന്റെ ഉള്ളംകൈയ്യിൽ വിരലമർത്തി മുഖം വക്രിച്ചു കാണിച്ചു, ഷൈനി ചേച്ചി തോൾ ഒന്ന് മെല്ലെ തടവി സ്നേഹം പകർന്നു. വായന കഴിഞ്ഞയുടൻ, ദൈവപുത്രൻ ശിഷ്യർക്ക് പെസഹാ ഭക്ഷണം പങ്കു വെച്ചതുപോലെ, പേരപ്പൻ ഓരോരുത്തർക്കും അപ്പവും പാലും വീതം വെച്ചു. അപ്പം നന്നായിയെന്നോ പാലിൽ മധുരം കുറഞ്ഞെന്നോ യാതൊരു അഭിപ്രായവും പറയരുതെന്ന അലിഖിത നിയമം ഉണ്ടായിരുന്നതിനാൽ,മൊട്ടു സൂചി നിലത്ത് വീണാൽ കേൾക്കാമെന്ന നിശബ്ദതയിൽ ഓരോരുത്തരും തങ്ങൾക്ക് കിട്ടിയ പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ച് സ്തുതിയും ചൊല്ലി അവരവരുടെ മുറികളിലേക്ക് വിശ്രമത്തിനായി പോയി. ദുഃഖ വെള്ളിയാഴ്ച പള്ളിയിൽ കുർബാനയ്ക്ക് പകരം നീണ്ട പീഡാനുഭവ വായനയും ഉച്ച കഴിഞ്ഞു കുരിശിന്റെ വഴിയുമാണ്. പ്രാർത്ഥന കഴിഞ്ഞ് ദേവാലയ ശുശ്രൂഷിയായ
ബിജു ചേട്ടൻ മുഖത്ത് കള്ള ചിരിയോടെ കൈയ്യിലേക്ക് ഒരു ടീ സ്പൂൺ പാവയ്ക്കാ നീര് പകർന്നിട്ട് 'നല്ലതാ കുറച്ച് രുചിച്ചോ' എന്ന് പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി അത് ഇറക്കിയതും നീരിറങ്ങിയ വഴി ഗൂഗിൾ മാപ് പോലെ ഉൾക്കണ്ണാൽ കണ്ടു. മധുര പ്രേമിയായ എനിക്ക്,കുരിശിൽ ദാഹിച്ച കർത്താവിന് കയ്പ്നീർ ഞാങ്ങണയിൽ മുക്കി കൊടുത്ത പടയാളിയോട് വല്ലാത്ത അമർഷം തോന്നിയ നിമിഷമായിരുന്നു അത്.
വികാരിയച്ചനും കൊച്ചച്ചനും ഗായകസംഘവും വികാരനിർഭരമായി വായിച്ച പീഡാനുഭവം ശോക മൂകവും ദുഃഖസാന്ധ്രവുമായ അന്തരീക്ഷം പള്ളിയിൽ സൃഷ്ടിച്ചു. പാട്ടുകാരൻ കുട്ടി ചേട്ടൻ വിറയാർന്ന ശബ്ദത്തിൽ അല്പം തേങ്ങലോടെ 'ഗാഗുൽത്താ മലയിൽ നിന്നും 'എന്ന പാട്ട് പാടി ഭക്തരുടെ മിഴികളെ സജലങ്ങളാക്കി. ഈശോയെ
ഭാരിച്ച കുരിശെടുക്കാൻ സഹായിച്ച കെവുറീൻകാരനായ ശിമയോനും,ഗാഗുൽത്തായിലേക്കുള്ള മാർഗ്ഗമധ്യെ തളർന്ന നാഥന്റെ മുഖം തുടച്ച് ആശ്വാസം പകർന്ന ഭക്തയായ വേറൊനിക്കയും, 'നീ പറുദീസയിൽ ആയിരിക്കുമ്പോൾ എന്നേക്കൂടി ഓർക്കണമേ 'എന്നപേക്ഷിച്ച നല്ല കള്ളനും, 'നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകും'എന്ന ശിമയോൻ ദീർഘദർശിയുടെ പ്രവചനം കുരിശിൻ ചുവട്ടിൽ ഓർത്തെടുത്ത വ്യാകുലയായ മാതാവും,യേശുവിന്റെ മൃതദേഹം കല്ലറയിൽ സംസ്കരിച്ച അരിമത്തിയാക്കാരൻ ജോസഫും
വിശ്വാസത്തിന്റെ അചഞ്ചല സാക്ഷ്യങ്ങൾ ആയി മാറുന്ന നേർകാഴ്ച.പള്ളിയിൽ നിന്നും വീട്ടിലേക്കുള്ള ഒന്നര കിലോമീറ്റർ മടക്ക യാത്രയിൽ ഈ മഹാന്മാരെയും മഹതികളെയും കുറിച്ചായിരുന്നു മനസ്സിൽ സ്മരണ.അന്നേ ദിവസം ടിവിയിൽ ജീസസ് സിനിമ ഒഴികെ മറ്റൊന്നും കാണുവാനോ ടേപ്പ് റെക്കോർഡറിലൂടെ പാട്ടുകൾ കേൾക്കുവാനോ വീട്ടിൽ അനുവാദം ഇല്ലായിരുന്നു.വർഷത്തിൽ ഏറ്റവും കുറച്ച് അടുപ്പിൽ തീ പുകയുന്ന ആ ദിവസം കഞ്ഞിയും പയറും അച്ചാറുമായിരുന്നു വലിപ്പചെറുപ്പമില്ലാതെ ഏവർക്കുമുള്ള ഉച്ച ഭക്ഷണം. ഇളയവനും കുസൃതിയുമായ അനിയൻ മാത്തുക്കുട്ടി, ഈശോ മരിച്ചു പോയതിനാൽ പതിവുള്ള നീണ്ട സന്ധ്യാ പ്രാർത്ഥന അന്നേ ദിവസം ഒഴിവാക്കാൻ പറ്റുമോയെന്ന് അപ്പനോടും പേരപ്പനോടും നയത്തിൽ ആരാഞ്ഞു, ചില ഭാഗങ്ങൾ പ്രത്യേകിച്ച് സകലപുണ്യവാന്മാരുടെ ലുത്തിനിയ ഒഴിവാക്കാമെന്ന് അവർ മൗനാനുവാദം നല്കി, ഭൂവാസികളോടൊപ്പം സ്വർല്ലോകർക്കും ഒരു ദിവസം വിശ്രമം കിട്ടുമെന്നതിനാൽ ലുത്തിനിയാ പുസ്തകത്തിലൂടെ മാത്രം കേട്ട് പരിചിതമായ വിശുദ്ധ തെക്ലാക്കും വിശുദ്ധ ലുക്യാക്കും മനസ്സാ കൃതജ്ഞതയർപ്പിച്ച് അവൻ സന്തോഷിച്ചു.ആളും ആരവവും ഇല്ലാതെ ദുഃഖശനിയാഴ്ച പകൽ കടന്നുപോയി. വൈകുന്നേരമായപ്പോഴേക്കും കശാപ്പുകാരൻ അന്തോണിച്ചേട്ടൻ തേക്കിലയിൽ പൊതിഞ്ഞു മത്സ്യമാംസാദികൾ എത്തിച്ചു. പിറ്റേന്ന് ഊണു കഴിക്കാൻ വരുന്ന അതിഥികൾക്കുള്ള മെനു നേരത്തെ നിർണ്ണയിക്കപ്പെട്ടതനുസരിച്ച് മത്സ്യവും മാംസവും അടുപ്പിൽ കയറി,ആട്ടിൻ സൂപ്പിനുള്ള എല്ലും കക്ഷണങ്ങളും ചൂട് കനലിൽ വെന്തുരുകി,അവയ്ക്ക് തുണയായി ഒരു മണ്ണെണ്ണ വിളക്ക്
അടുപ്പും പാതകത്തിൽ കത്തിക്കൊണ്ടിരുന്നു, അമ്മയോ മൺകലത്തിൽ മസ്‌ലിൻ തുണിയിട്ട് വാ മൂടി കെട്ടി സൂക്ഷിച്ച നെയ്യപ്പ മാവിന്റെ പരുവം നോക്കി, രാധ പാലപ്പത്തിനുള്ള മാവ് ആട്ടുകല്ലിൽ അരച്ച് മാറ്റി ചെത്തുകാരൻ ഗോപൻ എത്തിച്ച കള്ളും ചേർത്ത് യോജിപ്പിച്ചുവെച്ചു, കല്യാണി ഒരിക്കലും തുറക്കാത്ത ഓടാമ്പലുകൾ വരെ എണ്ണയിട്ട് മയപ്പെടുത്തി കിളിവാതിലുകളും ജനാലകളും തുറന്ന് മുക്കും മൂലയും അടിച്ചു വൃത്തിയാക്കി.ഷൈനിചേച്ചിയാണെങ്കിൽ കിടക്കയിലും ടീപോയിലും വിശേഷപ്പെട്ട അവസരങ്ങളിൽ മാത്രം പുറത്തെടുക്കുന്ന, അറ്റത്തു തൊങ്ങലുകൾ ഉള്ള ക്രോഷേയും ലെയ്സും തുന്നിയ വെള്ള വിരിപ്പിട്ടു, ഷെൽവി ചേട്ടൻ അറപ്പുരയിൽ കടന്ന്
വലിയമ്മച്ചി കാണാതെ പലഹാര ഭരണികൾ എങ്ങനെ കാലിയാക്കാമെന്നുള്ള വിദ്യകൾ ഭാവന ചെയ്തു. മീൻ കൊതിച്ചിയായ ഉണ്ണിയമ്മ, ഒറ്റക്കണ്ണൻ അവറാൻ ചേട്ടന്റെ സൈക്കിൾ കുട്ടയിലെ പിടക്കുന്ന മീനുകളെ അത്‌ഭുതത്തോടെ നോക്കി പിറ്റേന്ന് അവയെ വറത്തു കിട്ടുമല്ലോയെന്നോർത്ത് സ്വയം ആശ്വസിച്ചു.കുട്ടികൾ നിലവറയിൽ പതുങ്ങിയിരുന്ന പൂവൻ കോഴിക്ക് ചോറ് കൊടുത്ത് പിടിച്ച് തന്ത്രപരമായി കൂട്ടിൽ കയറ്റി.രണ്ടു ദിവസത്തെ താത്ക്കാലിക ഇടവേളക്കു ശേഷം ചില്ലലമാരയിലെ പോർസിലിൻ പാത്രങ്ങളും കരണ്ടികളും ഒരിക്കൽ കൂടെ കലപില ശബ്ദം ഉണ്ടാക്കി.
ഈസ്റ്റർ ഞായറാഴ്ച രാവിലെ ഏഴുമണി കുർബാനക്ക് കോവെന്തപ്പട്ടക്കാരൻ കാപ്പിപൊടി
ളോഹധാരിയായ ഫ്രാൻസിസ് അച്ചൻ
മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു, " വിശ്വാസികളെ കേൾപ്പിൻ, ദുഃഖവെള്ളി സന്തോഷവെള്ളിയാണ്,അത് വിലപിക്കാനുള്ളതല്ല,മരണത്തിന്റെയും സഹനത്തിന്റെയും താഴ്‌വരയിലൂടെ നടക്കുന്നവർക്ക് കാൽവരിയിൽ പ്രത്യാശയുടെ സുവിശേഷം പ്രഘോഷിക്കപ്പെട്ട ദിനമാണത്, ഭാഗ്യപ്പെട്ട ദിനം. ക്രിസ്തു മാനവരാശിക്കു വേണ്ടി കുരിശിൽ തൂങ്ങിമരിച്ച് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റപ്പെട്ടിരിക്കുന്നു, കേൾക്കാൻ ചെവിയുള്ളവൻ ഇത് കേൾക്കട്ടെ", അച്ചൻ പറഞ്ഞു നിർത്തി.
പുതു ഞായറാഴ്ച്ച വെഞ്ചരിച്ച പുത്തൻ വെള്ളവും തിരിയും വാങ്ങി, മലയാറ്റൂർ പൊന്മല കയറി പൊന്നിൻ കുരിശു മുത്തപ്പനെയും വണങ്ങി ഒരു ഈസ്റ്റർ കാലവും കഴിഞ്ഞ ആത്മസംതൃപ്തിയിൽ ആൾക്കൂട്ടം പുതിയ പ്രതീക്ഷകളുമായി അവരുടെ വീടുകളിലേക്ക് തിരിച്ചു.
അവരോടൊപ്പം ഈ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ ചേർത്തുവെ ക്കാനുള്ള മായാത്ത ഈസ്റ്റർ ഓർമ്മകളുമായി ഞാനും,ഇനി ഒരിക്കലും ഒരു മടങ്ങിവരവില്ലാത്ത ആ സുന്ദരമായ കാലത്തിന്റെ പടിവാതിലിൽ പിന്തിരിഞ്ഞൊന്നു നോക്കി, നിശബ്ദനായി ഋതുഭേദങ്ങൾക്കൊപ്പം മണ്ണിനെയും കല്ലിനെയും നോവിക്കാതെ നടന്നകന്നു,ഗൃഹാതുരമായ ഓർമ്മകളുടെ മറ്റൊരു തീരം തേടി.
സുജിത് തോമസ് തെക്കേൽ ,ഇംഗ്ലണ്ട്