തിരുവനന്തപുരം: വിവാദ ചിത്രം എമ്പുരാന്റെ പുതിയ പതിപ്പിൽ 24 വെട്ടെന്ന് റിപ്പോർട്ട്. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് ബൽദേവ് എന്നാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരമാർശങ്ങൾ മ്യൂട്ട് ചെയ്യുകയും ചെയ്തതായി സെൻസർ രേഖയിൽ വ്യക്തമാക്കുന്നു. രണ്ടു മിനിട്ട് എട്ടു സെക്കന്റ് ഭാഗങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ദൃശ്യവും സ്ത്രീകൾക്കെതിരായ അതിക്രമസീനുകൾ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദും പിതാവുമായുള്ള സംഭാഷണത്തിലും ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും ഐആർഎസ് ഉദ്യോഗസ്ഥനായ ജ്യോതിസ് മോഹന്റെ പേരും ഒഴിവാക്കി. തന്റെ പേര് ഒഴിവാക്കണമെന്ന് സുരേഷ് ഗോപി അണിയറപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം.