ഉറക്കത്തോട് വിട്ടുവീഴ്ച ചെയ്യാത്ത എന്റെ സ്വഭാവത്തെ കുറിച്ച് കഴിഞ്ഞ ആഴ്ച ഒരു കുറിപ്പ് എഴുതിയിരുന്നു. അത് വായിച്ച സുഹൃത്തും ജനപ്രതിനിധിയുമായ ഒരാൾ ചിരിച്ചു കൊണ്ട് പറഞ്ഞത് ഇങ്ങനെയാണ് "ഈ സ്വഭാവം വെച്ച് ഇനി ഡൽഹിയിൽ അധികകാലം സമാധാനമായി ജീവിക്കാൻ കഴിയില്ല." അത് ഒരു തമാശയായിരുന്നെങ്കിലും, അതിൽ ഒരു രാഷ്ട്രീയ സത്യം ഒളിഞ്ഞിരുന്നു.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരം ഏറ്റെടുക്കാൻ പോകുകയാണ്. ഈ മാറ്റം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ഭൂപടത്തിൽ എന്ത് രേഖകൾ വരയ്ക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. എന്നാൽ ഡൽഹിയിലെ മാധ്യമപ്രവർത്തനത്തിന്റെ താളം അത് തീർച്ചയായും മാറ്റും. ഒരു പതിറ്റാണ്ടിന് ശേഷം ഡൽഹിയുടെ രാത്രികൾ വീണ്ടും ഞങ്ങളുടെ തൊഴിൽജീവിതത്തിന്റെ ഭാഗമാകുകയാണ്.
വി.എസ്. അച്ചുതാനന്ദൻ എന്ന കരുത്തുറ്റ രാഷ്ട്രീയ ശബ്ദം നിശ്ശബ്ദനായ ശേഷമുള്ള പിണറായി ഭരണകാലം, ഡൽഹിയിലെ മാധ്യമപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഒരു 'റെസ്റ്റ് മൂഡ്' ആയിരുന്നു. ചെറിയ ചെറിയ ചില രാഷ്ട്രീയ വാർത്തകൾ ഇടയ്ക്കും മുറക്കും ഒക്കെ ഉണ്ടാകുമായിരുന്നു. സീതാറാം യെച്ചൂരിയുടെ ആദ്യ ടേംമിന് ശേഷം സി.പി.എമ്മിന്റെയും, എ.ബി. ബർദാനു ശേഷം സി.പി.ഐയുടെയും ദേശിയ നേതൃത്വങ്ങൾ തങ്ങളുടെ അധികാരം സംസ്ഥാന ഘടകങ്ങൾക്ക് അടിയറവ് വയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 'കേരള നേതൃത്വം പ്രതികരിക്കും' എന്ന പതിവ് പല്ലവിയിൽ ഇടത് വാർത്തകൾ അവസാനിച്ചിരുന്ന കാലം.
ഇനി അങ്ങനെ അല്ല. ഡൽഹിയിലെ കേരള രാഷ്ട്രീയ റിപ്പോർട്ടിംഗ് വീണ്ടും അതിന്റെ പഴയ ഉണർവിലേക്ക് മടങ്ങുകയാണ്. എന്തിനും ഏതിനും ഹൈകമാൻഡിലേക്ക് ഓടിയെത്തുന്ന കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെ മാധ്യമ പ്രവർത്തനം അതിന്റെ പ്രതാപ കാലത്തിലേക്ക് മടക്കി കൊണ്ട് പോകുമെന്ന് ഉറപ്പാണ്. ഹൈകമാൻഡ് ഇല്ലാതെ എന്ത് കോൺഗ്രസ്? ഒരു ഭരണ മാറ്റം സാധാരണ കാര്യമല്ലേ, മാധ്യമ പ്രവർത്തകരുടെ ജീവിതത്തിൽ എന്ത് മാറ്റം അത് ഉണ്ടാക്കുമെന്ന് സംശയിക്കുന്നവർ ഉണ്ടാകും. അൽപ്പം വിശദീകരിച്ചാൽ ആ സംശയം പമ്പ കടക്കും.
ഞാൻ മാധ്യമപ്രവർത്തനം ആരംഭിച്ച കാലത്ത് ഡൽഹിയിലെ ഏറ്റവും ഗ്ലാമർ ബീറ്റ് സി.പി.എം ആയിരുന്നു. വി എസ് അച്യുതാന്ദന്റെ കാലത്ത് സിപിഎം പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ നോയിഡയിലെ ഹിന്ദി ചാനലുകൾ വരെ എത്തുമായിരുന്നു. പക്ഷെ ഇന്ന് ടെലിവിഷൻ ഭാഷയിൽ പറഞ്ഞാൽ, ആ ബീറ്റ് “ഫൂട്ടേജ് - ബെറ്റ് ബീറ്റ്” ആയി ചുരുങ്ങി പോയി. ഈ വിലയിരുത്തലിനോട് പല ഇടതുപക്ഷ സുഹൃത്തുക്കളും വിയോജിച്ചേക്കാം. പക്ഷേ സത്യം അതാണ്. സ്വന്തം മനസ്സ് തുറന്ന് സംസാരിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് പാർട്ടി സെക്രട്ടറിക്ക് തന്നെ പ്രത്യേകം പറയേണ്ടി വരുന്ന അവസ്ഥയിലേക്കെത്തിയ ഒരു പ്രസ്ഥാനത്തിന്റെ വാർത്തകളെ അതിലും വ്യക്തമായി വേറെ എങ്ങനെയാണ് വിശേഷിപ്പിക്കുക.
കേരള ഹൗസ്, A. K. G. ഭവൻ, സുർജിത്ത് ഭവൻ അജോയ് ഭവൻ, വി പി ഹൗസ്. ഇതിന് അപ്പുറം മറ്റൊരു സ്ഥലത്ത് നിന്നും ഇടത് പക്ഷ വാർത്തകൾ ഉണ്ടാകില്ലായിരുന്നു. രണ്ട് ക്യാമറ യുണിറ്റ് ഉണ്ടെങ്കിൽ എല്ലാം ഭംഗിയായി നടക്കും. സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ഇടത് നേതാക്കളെല്ലാം കൂട് അണയുന്ന പക്ഷികളെപ്പോലെ വിശ്രമത്തിലേക്ക് മാറും. ആ അച്ചടക്കത്തിന്റെ നിഴലിൽ, അനാവശ്യമായ കാത്തിരിപ്പുകളില്ലാതെ സുഖകരമായ ഒരു മാധ്യമപ്രവർത്തന കാലത്തിലൂടെയാണ് ഞങ്ങൾ കടന്നുപോയിരുന്നത്. എന്നാൽ കോൺഗ്രസിന്റെ വരവോടെ ആ ശാന്തതയ്ക്ക് തിരശ്ശീല വീഴുകയാണ്.
കേരളത്തിലെ വാർത്ത മാധ്യമങ്ങൾക്ക് താത്പര്യം ഉള്ള ഡൽഹിയിലെ പൊളിറ്റിക്കൽ റിപ്പോർട്ടിങ് അതിന്റെ പഴയ പ്രതാപകാലത്തേക്ക് മടങ്ങുകയാണ്. വാർത്തകളുടെ പുതിയ പ്രഭവകേന്ദ്രങ്ങൾ (News Hotspots) ഡൽഹിയിലുടനീളം മുളച്ചു പൊങ്ങുന്നു.10 ജൻപത് (സോണിയാ ഗാന്ധിയുടെ വസതി), 5, സുനേരി ബാഗ് (രാഹുൽ ഗാന്ധിയുടെ വസതി), 10 രാജാജി റോഡ് (ഖാർഗെയുടെ വസതി), 51 ലോധി എസ്റ്റേറ്റ് (കെ.സി. വേണുഗോപാലിന്റെ വസതി), സൈനിക് ഫാമിലെ ദീപാ ദാസ് മുൻഷിയുടെ വീട്, 24 അക്ബർ റോഡ് (പഴയ എ.ഐ.സി.സി ആസ്ഥാനം), ഇന്ദിരാഭവന്‍, 9 എ, കോട്‌ല മാര്‍ഗ് (പുതിയ എ.ഐ.സി.സി ആസ്ഥാനം). ലിസ്റ്റ് അവിടെ തീരുന്നില്ല. നോർത്ത് അവന്യൂവിലെയും സൗത്ത് അവന്യൂവിലെയും ബി.ഡി. മാർഗിലെയും എം.പി ക്വാർട്ടേഴ്സുകൾ എല്ലാം വാർത്തയുടെ സ്പന്ദനമുള്ള ഇടങ്ങളായി മാറുകയാണ്. ഹൈബി ഈഡന്റെ ഖാൻ മാർക്കറ്റിനടുത്തുള്ള വസതിയും, കൊടിക്കുന്നിൽ സുരേഷിന്റെ ഗുരുദ്വാര റകാബ് ഗഞ്ചിനടുത്തുള്ള വീടും ഇനി വെറും വിലാസങ്ങൾ മാത്രമല്ല; വാർത്തയുടെ വാതിലുകളാണ്.
സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് തീരുമാനങ്ങളും പ്രതികരണങ്ങളും എത്തുന്നതാണ് ഇടത് പാർട്ടികളുടെ പ്രത്യേകതയെങ്കിൽ കോൺഗ്രസിലെ കാര്യം അങ്ങനെയല്ല. യോഗം എപ്പോൾ തുടങ്ങും? തീരുമാനം എപ്പോൾ ഉണ്ടാകും? ഇവയ്ക്ക് ഒന്നും ഉത്തരം പ്രതീക്ഷിക്കരുത്. കോൺഗ്രസിൽ സമയം മണിക്കൂറുകളിൽ അല്ല, മനോഭാവങ്ങളിലാണ് സഞ്ചരിക്കുന്നത്. രണ്ട് യൂണിറ്റുകൾ കൊണ്ട് എല്ലാം മനോഹരമായി നടത്തിക്കൊണ്ടിരുന്ന സുന്ദരമായ കാലം ഇനി സ്വപ്നത്തിൽ മാത്രം. ഒരേ സമയം കാൽ ഡസനോളം സ്ഥലങ്ങളിൽ നിന്ന് വാർത്തകൾ ഉണ്ടാകുന്ന പാർട്ടിയാണ് കോൺഗ്രസ്. ചുരുക്കി പറഞ്ഞാൽ ഡൽഹി വീണ്ടും ഉണരുകയാണ്. അതോടൊപ്പം, ഞങ്ങളുടെ ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും തുടങ്ങുകയാണ്. ഇനി വാർത്തകളുടെയും തിരക്കുകളുടെയും പുതിയൊരു അധ്യായത്തിലേക്ക്.
അവസാനിപ്പിക്കുന്നതിന് മുമ്പ് ഒരു ചെറിയ കാര്യം കൂടി വ്യക്തമാക്കാം. ഒരു പതിറ്റാണ്ട് മുമ്പ് സജീവ രാഷ്ട്രീയ റിപ്പോർട്ടിങ് അവസാനിപ്പിച്ച മാധ്യമ പ്രവർത്തകനാണ് ഞാൻ. ഇഷ്ടമുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിലേക്ക് വരുന്നത്. വീണ്ടും അധികം ഉറക്കം ഒഴിയേണ്ടാത്ത കോടതി റിപ്പോർട്ടിങ്ങിൽ സജീവവമാകാൻ ആണ് താത്പര്യവും ഇഷ്ടവും
കടപ്പാട് :എഫ് ബി പോസ്റ്റ്
Balagopal. B. Nair


