PRAVASI

എങ്കിലും എന്റെ ഹോർമൂസേ!

Blog Image


രാവിലെ ഒരു ഓട്ടോ പിടിച്ച് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടതാണ്.

വഴിയിലൊക്കെ കുഴികൾക്കിടയിൽ “ജിമ്മിൽ പോയതുപോലെ” ബൗൺസ് ആയി, മസിൽ പിടിച്ചു വീഴാതിരിക്കാനായി സൈഡ് ഹാൻഡിൽ പിടിച്ച് തൂങ്ങിക്കിടക്കുന്ന യാത്ര…

അവസാനം സഹിക്കാനാകാതെ ഞാൻ ചോദിച്ചുപോയി:

“ഇതെന്താ ചേട്ടാ വഴിയേ? വേറെ നല്ല റോഡൊന്നുമില്ലേ?”

ഡ്രൈവർ ഒരു ശ്വാസം വിട്ട് പറഞ്ഞു:

“എന്റെ സാറേ… ഇവിടുത്തെ കാര്യമൊക്കെ എന്നാ പറയാനാ!. ഇനിയും വരുന്ന സർക്കാർ എന്തെങ്കിലും ചെയ്താലായി. ഇപ്പോ ഹോർമൂസ് കടലിടുക്ക് അടച്ചിട്ടിരിക്കുന്നതുകൊണ്ട് ടാർ കിട്ടാനില്ല. അതുകൊണ്ടാ പഞ്ചായത്തും കൈകഴുകിയിരിക്കുന്നത്!”

അപ്പോഴാണ് മനസ്സിലായത് —

ഇവിടത്തെ ഓട്ടോ ഡ്രൈവർമാർ പോലും ഇപ്പോൾ ഇന്റർനാഷണൽ അഫയേഴ്‌സിൽ അപ്‌ഡേറ്റ് ആണെന്ന്!

അഞ്ച് വർഷമായി കിടക്കുന്ന കുഴിക്ക്… പുതിയ “ഗ്ലോബൽ കാരണം” വരെ കിട്ടി കഴിഞ്ഞു!

ശരിയാണ്, ഹോർമൂസ് അടഞ്ഞാൽ പ്രശ്നമുണ്ടാകും.

ലോകത്തെ എണ്ണയുടെ നല്ലൊരു പങ്ക് അവിടെ നിന്നാണ് പോകുന്നത്.

അത് നിർത്തിയാൽ…

പെട്രോൾ, ഡീസൽ, ഗ്യാസ്, പ്ലാസ്റ്റിക്, അസ്ഫാൽട്ട് — എല്ലാം ഉൾപ്പെടുന്ന ശ്രുംഖല, അറിയാതെ വന്ന പൗവർ കട്ട്  പോലെ നിൽക്കും.

അതിനിടയിൽ ഞാൻ വിചാരിച്ചു —

“ഇനി ഹോസ്പിറ്റലിൽ ചെന്നാലോ?”

പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നല്ലേ, മരുന്ന് നിർമ്മാണത്തിന് വേണ്ട നിരവധി സൊലൂഷനുകൾ, ലായനികൾ, കോമ്പൗണ്ടുകൾ, പാക്കിങ് സാമഗ്രികൾ മുതലായവ ഉണ്ടാക്കുന്നത്. മരുന്നുകളുടെ പ്രത്യേകിച്ചും ജനറിക് മരുന്നുകളുടെ വിലയും ഏറും. രോഗിക്ക് മരുന്ന് കിട്ടുന്നതിന് മുമ്പേ… ബിൽ കണ്ടിട്ട് തന്നെ “ഷോക്ക് തെറാപ്പി” കിട്ടും. രോഗിയെ ഇനിയും പിഴിയാൻ സാധ്യത, ഈ ഇടുക്കിൽ തന്നെ.

വീട്ടിലേക്ക്  തിരിച്ച് വരുമ്പോൾ പച്ചക്കറി വാങ്ങാൻ പോയപ്പോൾ —അവിടെയും കഥ അതുതന്നെ.

വില കണ്ടാൽ തോന്നും, ഇവയെല്ലാം ദുബായിൽ നിന്നോ നേരിട്ട് ഹോർമൂസ് കടന്നോ വന്നതാണെന്ന്!

കോഴിമുട്ടയ്ക്ക് വില കൂടിയത് കണ്ടപ്പോൾ മാത്രം എനിക്ക് കൺഫ്യൂഷന്  ആയി —

“ഇതും ഏത് പുതിയ ഇടുക്കിലൂടെ വന്നതാണോ?” 

അത് ചോദിക്കാനൊന്നും ധൈര്യം വന്നില്ല.

ഓട്ടോ ഡ്രൈവറിനെക്കാൾ വലിയ “ജിയോ-പൊളിറ്റിക്കൽ എക്സ്പർട്ട്” ആണെങ്കിലോ ആ കടക്കാരൻ!

ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ —

ഗ്യാസ് തീർന്നിരിക്കുകയാണെങ്കിൽ…

ഈ വാടിയ പച്ചക്കറിയും മുട്ടയും കയ്യിൽ പിടിച്ച് നിൽക്കുന്ന എന്നെ കണ്ടിട്ട്, 

ഭാര്യയും വേലക്കാരത്തിയും ചേർന്ന് “നോയിഡ സമരം” തുടങ്ങി എന്നെ പുറത്താക്കുമോ എന്നൊരു പേടിയും ഇല്ലാതില്ല!

ഇങ്ങനെ ചെറിയ കുഴിയിൽ നിന്ന് തുടങ്ങിയ വിഷയം…

ലോകയുദ്ധം, വിലക്കയറ്റം, തൊഴിലില്ലായ്മ വരെ എത്തി നിൽക്കുന്നു.

ഐക്യരാഷ്ട്രസംഘടന പറഞ്ഞത് പോലെ, ലക്ഷക്കണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴാനിടയുണ്ട്.

ഉത്പാദന ചിലവ് കൂടും, വാങ്ങൽ ശേഷി കുറയും —രാജ്യത്തിന്റെ വളർച്ചക്ക് തന്നെ ബ്രേക്ക് അടിക്കും.

അതുവരെ…

വോട്ടർ ലിസ്റ്റിൽ പോലും ഇല്ലാത്ത എന്റെ പേര്, അറിയാതെ എങ്കിലും ആ “25 ലക്ഷം ലിസ്റ്റിൽ” പെട്ടാൽ…

വരുന്ന സർക്കാരിന്റെ ഏതെങ്കിലും ഗ്യാരന്റിയിൽ ഒന്ന് കിട്ടുമെന്ന സ്വപ്നം കണ്ടുകൊണ്ട്…

തത്കാലം ഞാൻ ഉറങ്ങട്ടെ! 

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ് 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.