PRAVASI

എന്തിന് വേണ്ടി ഈ സഹനങ്ങൾ

Blog Image

സുനിത വില്യംസിനും ബുച്ച് വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 287 ദിവസം കൂടി കഴിയാൻ സാധിച്ചല്ലോ എന്ന് നിഷ്‌ക്കളങ്കമായി കരുതുന്നവരുണ്ട്. ഓർക്കുക, പലരുടെയും സ്വപ്നമാണെങ്കിലും, സ്‌പേസിൽ കഴിയുക എന്നത് അത്ര സുഖകരമായ സംഗതിയല്ല. 

അപ്രതീക്ഷിതമായ അപകടത്തിൽ പെട്ട് സ്‌പേസിൽ കുടുങ്ങുക. എട്ടു ദിവസത്തെ ദൗത്യം എട്ടു മാസവും കടന്നു നീളുക. ഒടുവിൽ ഭൂമിയിൽ നിന്ന് രക്ഷകരെത്തി അപകടത്തിൽ പെട്ടവരെ സുരക്ഷിതമായി തിരികെ എത്തിക്കുക. നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്റെയും, ബാരി ബുച്ച് വിൽമോറിന്റെയും കഴിഞ്ഞ 9 മാസത്തെ അനുഭവം ഏത് ഹോളിവുഡ് സസ്‌പെൻസ് ത്രില്ലറെയും തോൽപ്പിക്കുന്നത്ര നാടകീയമാണ്. 
നാസയുടെ സഹായത്തോടെ ബോയിങ് കമ്പനി നിർമ്മിച്ച 'സ്റ്റാർലൈനർ' എന്ന ബഹിരാകാശ പേടകത്തിൽ 2024 ജൂൺ അഞ്ചിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോയവരായിരുന്നു ഇരുവരും. സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുള്ള ആദ്യ യാത്ര. സുനിതയുടെയും വിൽമോറിന്റെയും ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയായിരുന്നു ജൂൺ അഞ്ചിലേത്. സ്റ്റാർലൈനർ പേടകത്തിലെ അപ്രതീക്ഷിതമായ ഹീലിയം ചോർച്ചയും, അതിൻറെ ത്രസ്റ്ററുകൾക്ക് സംഭവിച്ച തകരാറും ഇരുവരുടെയും മടക്കയാത്ര വൈകിപ്പിച്ചു. 
സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര അനിശ്ചിതമായി വൈകിയതോടെ, നാസയുടെ വിശദീകരണങ്ങൾ ലോകമെങ്ങും ആളുകളിൽ വലിയ ആകാംക്ഷ സൃഷ്ടിച്ചു. അത്തരം ആകാംക്ഷകൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ടാണ് ഇരുവരും ഭൂമിയിലേക്ക് എത്തിയത്.
2024 സെപ്റ്റംബർ അവസാനം നാസ വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ വാഹനത്തിലായിരുന്നു സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര. സ്‌പേസ് എക്‌സിനും ബോയിങ്ങിനും നാസ ഒരേസമയം കരാർ നൽകിയതിന്റെ ഫലങ്ങളാണ് ക്രൂ ഡ്രാഗൺ വാഹനവും സ്റ്റാർലൈനർ പേടകവും എന്നതാണ് കൗതുകകരമായ വസ്തുത.
എട്ടു ദിവസം ചെലവഴിക്കാൻ പോയവർ 287 ദിവസം കഴിഞ്ഞാണ് മടങ്ങുന്നത്. ഇരവരെയും സംബന്ധിച്ച് അതത്ര പുതുമയല്ല. സുനിത തന്നെ മുമ്പ് രണ്ട് തവണയായി 322 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചിട്ടുണ്ട്. 
മാത്രമല്ല, മാധ്യമ റിപ്പോർട്ടുകളിൽ പറയും പോലെ, അപകടത്തിൽപ്പെട്ട രണ്ടുപേരെ പോലെ ക്ഷണിക്കപ്പെടാത്ത അതിഥികളെ പോലയല്ല ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിഞ്ഞത്. നിലയത്തിലെ 'എക്‌സ്‌പെഡിഷൻ 72' ന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ മുതൽ നാസ അവരെ ഉൾപ്പെടുത്തി. എന്നുവച്ചാൽ, നിലയത്തിൽ എത്തുന്ന മറ്റ് യാത്രികരെ പോലെ അവിടെ പരീക്ഷണങ്ങളിൽ നടത്തിയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും കഴിയുകയായിരുന്നു ഇരുവരും. ലോകത്ത് ഏറ്റവും ഊർജിതമായി പരീക്ഷണം നടക്കുന്ന മൈക്രോഗ്രാവിറ്റി ലാബ് കൂടിയാണ് ബഹിരാകാശ നിലയം. 
സുനിതയ്ക്കും വിൽമോറിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 287 ദിവസം കൂടി കഴിയാൻ സാധിച്ചല്ലോ എന്ന് വിചാരിക്കുന്നവരുണ്ട്. ഓർക്കുക, പലരുടെയും സ്വപ്നമാണെങ്കിലും സ്‌പേസിൽ കഴിയുക എന്നത് അത്ര സുഖകരമായ സംഗതിയല്ല. 
ബഹിരാകാശ നിലയത്തിന്റെ കാര്യം തന്നെ എടുക്കാം. ഭൂമിയിൽനിന്ന് 408 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണ് ബഹിരാകാശ നിലയം ഭൂമിയെ ചുറ്റുന്നത്. മണിക്കൂറിൽ ഏതാണ്ട് 28,000 കിലോമീറ്റർ വേഗത്തിൽ. ഒരു വെടിയുണ്ടയുടെ ശരാശരി വേഗം മണിക്കൂറിൽ 3000 കിലോമീറ്റർ മാത്രമാണ് എന്നറിയുമ്പോഴാണ് ബഹിരാകാശ നിലയത്തിന്റെ വേഗം നമ്മളെ സ്തംഭിപ്പിക്കുക. ഇത്രയും വേഗത്തിൽ ചലിക്കുന്നതിനാൽ ദിവസവും 16 തവണ ബഹിരാകാശ നിലയം ഭൂമിയെ വലംവയ്ക്കും. 
എന്നുവച്ചാൽ, ഭൂമിയിൽ ദിവസം ഒരു സൂര്യോദയവും അസ്തമയവും കാണുമ്പോൾ ബഹിരാകാശ നിലയത്തിൽ അത് 16 തവണ ദൃശ്യമാകും. മനുഷ്യരുടെയൊക്കെ ശരീരത്തിൽ ഒരു ജൈവഘടികാരമുണ്ട്. 24 മണിക്കൂറിൽ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഒന്നാണത്. എന്നാൽ ബഹിരാകാശ നിലയത്തിൽ 16 തവണ സൂര്യനുദിക്കുമ്പോൾ അവിടെയുള്ള സഞ്ചാരികളുടെ ജൈവ ഘടികാരം കീഴ്‌മേൽ മറിയും. പരിശീലനം ലഭിച്ചിട്ടുള്ളതിനാൽ സഞ്ചാരികൾക്ക് ഒരുവിധം അതിനോട് പിടിച്ചുനിൽക്കാൻ പറ്റും. 
അതുപോലെ തന്നെ, നമുക്കിവിടെ നിസ്സാരം എന്ന് തോന്നുന്ന പല സംഗതികളും ബഹിരാകാശ നിലയത്തിൽ അതീവ സങ്കീർണ്ണമായി മാറും. മൈക്രോ ഗ്രാവിറ്റി സിറ്റുവേഷൻ ആണ് ബഹിരാകാശ നിലയത്തിൽ. തീരെ ഗുരുത്വാകർഷണം കുറഞ്ഞ അവസ്ഥ. ഭൂമിയിലേതുപോലെ നടക്കാനോ സഞ്ചരിക്കാനോ പറ്റില്ല ഒഴുകി നടക്കാനേ പറ്റൂ. അത്തരം ഒരു അവസ്ഥയിൽ ദൈനംദിന കൃത്യങ്ങൾ പോലും എത്ര സങ്കീർണ ആയി മാറും എന്നോർക്കുക. ഒന്ന് വാഷ്‌റൂമിൽ പോയി പ്രകൃതിയുടെ വിളി പരിഹരിക്കുന്നതുപോലും വലിയ വെല്ലുവിളിയാണ്. 
ഗ്രാവിറ്റി തീരെ കുറഞ്ഞ അവസ്ഥയിൽ കുറെ നാൾ കഴിയേണ്ടിവന്നാൽ, ശരീപേശികൾക്കും അസ്ഥികൾക്കും ശോഷണം സംഭവിക്കും. അത് കുറെയെങ്കിലും കുറയ്ക്കാൻ, ബഹിരാകാശ നിലയത്തിലെ താമസക്കാർ ദിവസവും കുറഞ്ഞത് രണ്ടുമണിക്കൂർ വീതം വർക്കൗട്ട് ചെയ്യണം. 
സുനിതയെ പോലെയുള്ളവർ എന്തിന് ഇത്രയും ത്യാഗം സഹിച്ച് ഇത്തരം അവസ്ഥകളിൽ കഴിയണം എന്ന് ചോദിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ അവരുടെ ഈ ത്യാഗവും സമർപ്പണവും ഭാവി തലമുറകൾക്ക് വേണ്ടി ഉള്ളതാണ്. ബഹിരാകാശ നിലയത്തിൽ കഴിയുമ്പോൾ സുനിതയെ പോലുള്ളവരുടെ ശരീരം പോലും പരീക്ഷണ വസ്തുവാണ്. ഭാവിയിലെ ബഹിരാകാശ യാത്രകൾക്ക് വിലപ്പെട്ട പാഠങ്ങൾ നൽകുന്ന പരീക്ഷണ വസ്തു.

ജോസഫ് ആൻറണി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.