എഴുത്തച്ഛൻ അരങ്ങിലെത്തി, അരങ്ങുണർത്തി. പിന്നീട് സദസ്സിലെത്തി, അരങ്ങും സദസ്സും ഒന്നായി, വികാരസാന്ദ്രമായി, സംവാദാത്മകമായി.2026 ജൂലൈ 18 ശനിയാഴ്ചയുടെ സായാഹ്നം. ന്യൂയോർക്കിലെ എൽമണ്ട്, വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയം. ഡാളസ് ഭരതകല തീയറ്റേഴ്‌സ് 'എഴുത്തച്ഛൻ' നാടകം അവതരിപ്പിക്കുന്നു.
ഓഡിറ്റോറിയം ഏറെക്കുറെ നിറഞ്ഞ സദസ്സ്. നാടകാസ്വാദനതാല്പര്യംകൊണ്ട് എത്തിച്ചേർന്നവരല്ല ഏറെപ്പേരും. ടെലിവിഷനും സിനിമയും ചേർന്ന് കൈയേറിയ മനസ്സാണ് ഇന്ന് ഒരു ശരാശരി മലയാളിയുടേത്. ഓരോരുത്തരുടെയും അഭിരുചികൾക്കനുസരിച്ചുള്ള കലാവിഭവങ്ങൾ വിരൽത്തുമ്പിൽ വിരിയുന്ന ഇക്കാലത്ത് സമയം കണ്ടെത്തി നാടകം കാണാൻ ആർക്ക് താല്പര്യം. തിരക്കുപിടിച്ച പ്രവാസി ജീവിതത്തിൽ നാടകം കാണാൻ സമയം കണ്ടെത്താൻ കഴിയുന്നത് എത്ര പേർക്ക്. സംഘാടകരോടുള്ള ബന്ധംകൊണ്ട് ഒഴിവാക്കാൻ പറ്റാത്തതിനാൽ എത്തിയവരാണ് ഏറെയും. കുറച്ചു സമയം ഇരുന്നിട്ട് പോകാൻ വന്നവരും ധാരാളം ഉണ്ടായിരുന്നു. പക്ഷേ ആരും പോയില്ല. നാടകം കഴിഞ്ഞ് കലാകാരന്മാരെ അഭിനന്ദിച്ചതിനു ശേഷമാണ് ഏറെപ്പേരും പിരിഞ്ഞത്. ടി വി-സിനിമ-കമ്പ്യൂട്ടർ-മൊബൈൽ മാധ്യമങ്ങൾ അപഹരിച്ചുകൊണ്ടുപോയ സഹൃദയമനസ്സ് കുറച്ചു സമയത്തേക്കെങ്കിലും തിരിച്ചെത്തി.
ശ്രീ. സി. രാധാകൃഷ്ണന്റെ 'തീക്കടൽ കടഞ്ഞ് തിരുമധുരം' എന്ന ജീവചരിത്ര ആഖ്യായിക ആധാരമാക്കിയാണ് എഴുത്തച്ഛൻ നാടകത്തിന്റെ ആവിഷ്കാരം. ഭാഷാപിതാവായ എഴുത്തച്ഛന്റെ നരകതുല്യമായ ജീവിതഗതിയുടെ ചരിത്രമാണത്. പതിനാറാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ ദേശ കാല അവസ്ഥകളും സാമൂഹിക വ്യവസ്ഥകളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട് ഈ കൃതിയിൽ.
അഞ്ഞൂറോളം പേജുകളുള്ള നോവലിനെ ഒന്നര മണിക്കൂർ വേദിയിൽ അവതരിപ്പിക്കുംവിധം രൂപപ്പടുത്തിയതാണ് ഈ നാടകം. സമൂതിരിക്കോയ്മയും വെട്ടത്തുനാടിന്റെ ചരിത്രവും ബ്രാഹ്മണ മേധാവിത്വവും മാമാങ്കവും ചാവേറുകളുമൊക്കെ രംഗഭാഷയിലാക്കി അവതരിപ്പിച്ചിരിക്കുന്നു.
ഇത് ഒരു അതിജീവനത്തിന്റെ കഥയാണ്.ജാതീയമായ പിന്നാക്കാവസ്ഥകൊണ്ട് കാവ്യരചനയ്ക്ക് അർഹനല്ല എന്ന് ബ്രാഹ്മണ്യം വിധിയെഴുതിയ എഴുത്തച്ഛൻ, കഠിനമായ ശിക്ഷാവിധികളെ അതിജീവിച്ച് ഒരു ജനതയുടെ കാവ്യോപാസനയുടെയും അക്ഷരലോകത്തിന്റെയും ആചാര്യനായി മാറുന്ന ചരിത്രത്തിന്റെ ദൃശ്യവൽക്കരണമാണ് ഈ നാടകം. കഥാപാത്രങ്ങളുടെ ആത്മരോദനങ്ങൾകൊണ്ട്, സ്വയം മറന്നുപോകുന്ന പ്രേക്ഷകനെ സൃഷ്ടിക്കാൻ ഈ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്.
മനോഹരമായ കട്ടൗട്ടുകളും മറ്റു രംഗസജ്ജീകരണങ്ങളുംകൊണ്ടാണ് പ്രൊഫഷണൽ നാടകങ്ങളിലും മറ്റും യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്നത്. എന്നാൽ വിദേശജീവിത സാഹചര്യത്തിൽ അവയ്ക്കൊക്കെ പരിമിതികളുണ്ട്. എൽ ഇ ഡി വാളും ഡിജിറ്റൽ സാങ്കേതിക വിദ്യകളും ആ പരിമിതി മറികടക്കാൻ സഹായകമാകുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല ഈ നാടകത്തിന്റെ വിജയ ഹേതു. അഭിനയ സിദ്ധിയുള്ള ഒരു കൂട്ടം കലാകാരമാരാണ് ഈ നാടകത്തെ ഹൃദയസ്പർശിയാക്കിയത്. എഴുത്തച്ഛൻ എന്ന കഥാപാത്രത്തിന്റെ സാത്വികഭാവവും ഉൾക്കനലുകളും ഭാവാത്മകമായി ആവിഷ്കരിക്കാൻ സ്വതസിദ്ധമായ അഭിനയശേഷികൊണ്ട് കഴിഞ്ഞിട്ടുണ്ട്. നിസ്സഹായതയും ഭയാശങ്കകളും പ്രതിസന്ധികളും ചൂഴ്ന്നു നിൽക്കുന്ന ജീവിതാവസ്ഥയിലും ചൂഷകർക്കുനേരെ വാക്ശരങ്ങൾ ഉതിർക്കുന്ന സീത ഓപ്പോൾ അപാരമായ അഭിനയ പാടവമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. നമ്പി, മുനയൂർ തിരുമേനി, ഉണ്ണി തുടങ്ങി എല്ലാ കഥാപാത്രങ്ങളെയും ജീവസ്സുറ്റതാക്കാൻ അതാത് അഭിനേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്.ഡയലോഗുകൾ റിക്കോർഡ് ചെയ്ത് അവതരിപ്പിച്ചിരിക്കുന്നതുകൊണ്ട് പ്രൊഫഷണലിസത്തിന്റെ വ്യക്തത അതിനും കൈവന്നു. എത്രമാത്രം റിഹേഴ്സലുകൾ എടുത്തതുകൊണ്ടാകാം ഡയലോഗും ലിപ് മൂവ്മെന്റും കൃത്യമായിരുന്നുവെന്നത് ഓർക്കേണ്ടതുണ്ട്.
കഥാപാത്രങ്ങൾക്ക് അനുരൂപരായ അഭിനേതാക്കളെ കണ്ടെത്തി ഉപയോഗിക്കാൻ കഴിഞ്ഞിരിക്കുന്നു എന്നതു തന്നെ ഈ നാടകത്തിന്റെ പ്രധാന വിജയഹേതുവാണ്. എഴുത്തച്ഛനായി വേദിയിൽ പുനർജനിച്ച രാജേഷ് കൈമൾ, മറ്റു കഥാപാത്രങ്ങൾക്ക് അരങ്ങിൽ ജീവൻ നൽകിയ ദീപ്തി റോയ്, ചാർളി അങ്ങാടിശ്ശേരി, ഹരിദാസ് തങ്കപ്പൻ, മനോജ് ബൽരാജ്, സന്തോഷ് പിള്ള, വിമൽ വെള്ളോത്ത്,നിഷ മാത്യൂസ്, രാധാകൃഷ്ണ കൈമൾ, സുധീർ പക്കവത്ത്, ജയ് കുമാർ, ബെന്നി മറ്റക്കര, ശ്രീകുമാർ മഡോലിൽ, ഡോ.സുരേഷ് മാർഗ്ഗശ്ശേരി, തോമസ് ചിറമേൽ ബാലതാരങ്ങളായ ഷാനീസ് സക്കറിയ, അമേയ വിമൽ എന്നിവരെല്ലാം സ്വതസിദ്ധമായ അഭിനയം കൊണ്ട് കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി. നമ്പിയായി വേഷമിട്ട ചാർളി അങ്ങാടിശ്ശേരിയെപ്പോലെ എടുത്തു പറയേണ്ട അഭിനേതാക്കൾ ഇതിലുണ്ട്. ബ്രഹത്തായ ഒരു നോവലിനെ ചുരുക്കി നാടകത്തിന്റെ ചട്ടക്കൂട്ടിലേക്കു മാറ്റാനും അരങ്ങിനു ചേരുന്ന കഥാപാത്രനിർമ്മിതി നടത്താനും നാടകലക്ഷ്യത്തിന് ഉപയുക്തമായ സംഭാഷണങ്ങൾ ക്രമീകരിക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് നാടക രചയിതാകളായ സന്തോഷ് പിള്ള, ജയമോഹൻ,ഹരിദാസ് തങ്കപ്പൻ എന്നിവർക്ക് അഭിമാനിക്കാം.
ചിരിക്കാനുള്ള വക തേടി എത്തിയ പ്രേക്ഷകർ ചിരിയുടെ കണിക പോലുമില്ലാത്ത ഈ നാടകം കണ്ടിട്ടും നിരാശരായില്ല. കാരണം ചിരിയെക്കാൾ ചിന്തിക്കാനുള്ള വക അവർക്കു കിട്ടിയിരുന്നു. "പ്രേക്ഷകരെ വികാരം കൊള്ളിക്കലല്ല, മറിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നതാണ് നാടകം എന്ന ബർത്തോൾഡ് ബ്രഹ്ത്തിന്റെ സിദ്ധാന്തം ഇവിടെ ഓർക്കേണ്ടതുണ്ട്.
കലാസംവിധാനം, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രംഗസംവിധാനങ്ങൾ, കാലാനുസൃതമായ വേഷവിധാനങ്ങളും ചമയങ്ങളും, നാടകത്തിന്റെ ഭാവാത്മകത നിലനിർത്തുന്ന ഗാനങ്ങൾ, പശ്ചാത്തല സംഗീതം തുടങ്ങിയവയിലെല്ലാം മികച്ച കലാകാരന്മാരുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. അമ്പിളി വിമൽ, സുനിത ഹരിദാസ്, ആശ നായർ, റോയ് സക്കറിയ എന്നിവർ രംഗസജ്ജീകരണം നിർവഹിച്ചു. ശബ്ദ വെളിച്ച സാങ്കേതിക കാര്യങ്ങൾ നിയന്ത്രിച്ചത് വിനു രാജേന്ദ്രൻ ആയിരുന്നു.
എല്ലാംകൊണ്ടും പൂർണമാണ് ഈ നാടകം എന്നല്ല പറഞ്ഞു വരുന്നത്. വിദേശ ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ചും തൊഴിലിന്റെയും മറ്റു ജീവിതവ്യഗ്രതകളുടെയും തിരക്കുകൾക്കിടയിൽ ഒരു കലാസൃഷ്ടിക്കുവേണ്ടി സമയം കണ്ടെത്താനും പരിശ്രമിക്കാനും വിജയത്തിലെത്തിക്കാനും കഴിയുക എന്നത് ചെറിയ കാര്യമായി തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇതിന്റെ സ്രഷ്ടാക്കൾ അങ്ങേയറ്റം പ്രശംസ അർഹിക്കുന്നവരാണ്.
എള്ളും ചക്കും ഈ നാടകത്തിലെ പ്രതീകാത്മകമായ പ്രമേയമാണ്. പാട്ടിനെയും മണിപ്രവാളത്തെയും സംയോജിപ്പിച്ച് ആധുനിക മലയാളഭാഷയ്ക്ക് ജന്മം നൽകുകയും അതിന് അക്ഷരമാല രൂപപ്പെടുത്തുകയും ചെയ്തത് എള്ള് ആട്ടി എണ്ണ എടുക്കുന്നതുപോലെയാണ്. ചരിത്രത്തിലെ അസ്പഷ്ടമായ ഇടങ്ങളിൽനിന്നും വിവരങ്ങൾ കണ്ടെത്തി സി. രാധാകൃഷ്ണൻ നോവൽ രചിച്ചതും എള്ളാട്ടി എണ്ണ എടുക്കൽ ആയിരുന്നു. ആ നോവലിൽനിന്നും എഴുത്തച്ഛൻ എന്ന നാടകം രൂപപ്പെടുത്തിയത് മറ്റൊരു എണ്ണ എടുക്കലാണ്.
നാടകത്തിന്റെ ശരീരം വാക്കാണെന്ന് നട്യശാസ്ത്രം പറയുന്നു. 2500 വർഷം പഴക്കമുള്ള ഗ്രീക്ക് നാടകങ്ങളും നൂറിലേറെ വർഷം മാത്രം പഴക്കമുള്ള മലയാള നാടകങ്ങളും വാക്കിന്റെ ശക്തിയിലാണ് നിലകൊള്ളുന്നത്. ഉറക്കെ സംസാരിക്കാൻ അവകാശമില്ലാത്തവരെക്കൊണ്ട് ഉറക്കെ സംസാരിപ്പിച്ച ചരിത്രമാണ് നാടകത്തിനുള്ളത്. അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും
ശബ്ദം നാടകങ്ങളിലൂടെ മുഴങ്ങിക്കേട്ടു. ആൾക്കൂട്ടത്തിനു മുന്നിൽ ചതുരാകൃതിയിൽ കെട്ടിപ്പൊക്കിയ വേദികളിൽ നിന്നും ഉയർന്നു കേട്ട ശബ്ദങ്ങൾ . എത്രയോ സാമൂഹിക മാറ്റങ്ങൾക്കാണ് വഴി തെളിച്ചിട്ടുള്ളത്. എത്രയോ മഹാരഥന്മാർ ജനകീയ ദൗത്യം നിർവഹിച്ച മേഖലയാണിത്. ആ ശ്രേണിയുടെ ഇങ്ങേ തലയ്ക്കലാണ് എഴുത്തച്ഛൻ നാടകത്തിന്റെ സ്രഷ്ടാക്കൾ നിലകൊള്ളുന്നത്. ഒരു നോവൽ സാരത്തിന് മനോഹരമായ രംഗാവിഷ്കാരം നിർവഹിച്ചവർ അങ്ങേയറ്റം അനുമോദനം അർഹിക്കുന്നു.
ശ്രീ. കോരസൺ വർഗീസ് (വാൽക്കണ്ണാടി മീഡിയ), ശ്രീ. ഫിലിപ്പ് മഠത്തിൽ (മലയാളം ഗ്ലോബൽ വോയിസ്) എന്നിവരാണ് എഴുത്തച്ഛൻ നാടകം ന്യൂയോർക്കിൽ പ്രശംസാർഹമായ രീതിയിൽ നടത്തുന്നതിന് നേതൃത്വം നൽകിയത്.
എഴുത്തച്ഛനെ അറിയുക എന്നാൽ നാം നമ്മെ അറിയുക എന്നതാണ്. അതാണ് ഈ നാടകത്തിന്റെ പ്രസക്തിയും .

