ഭാഗം 1 : 2003 ഏപ്രിൽ പതിനാലാം തീയതിയാണ് ഏഷ്യാനെറ്റിന്റെ സാറ്റലൈറ്റ് സിഗ്നൽ അമേരിക്കയിൽ കിട്ടിത്തുടങ്ങിയത്. അമേരിക്കൻ മലയാളികൾ രണ്ടു കൈയും നീട്ടിയാണ് ഏഷ്യാനെറ്റിനെ സ്വീകരിച്ചത്. ഗ്ലോബ് കാസ്റ്റിന്റെ സാറ്റലൈറ്റ് ഡിഷലൂടെ ആയിരുന്നു സിഗ്നൽ കിട്ടിയിരുന്നത്.
ആയിടക്കാണ് എനിക്ക് ഏൽപ്പാസോയിൽ നിന്നും ഒരു ഫോൺ കോൾ. ആരാണ് എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ്, " അങ്കിളേ എന്റെ പേര് മേഴ്സി പോളച്ചൻ എന്നാണ്, എന്റെ വീട് അങ്കമാലിക്ക് അടുത്ത് മാളയിലാണ്. ഇപ്പോൾ ഹോസേ ലൂയിസ്നെ കല്യാണം കഴിച്ച ഏൽപ്പാസോയിൽ ആണ്. അങ്കിളേ എനിക്ക് ഏഷ്യാനെറ്റ് വേണം. ഇവിടെ മലയാളം സംസാരിക്കാനോ, ഒരു പ്രോഗ്രാം കാണാനോ ഒരു മാർഗ്ഗവുമില്ല". സ്വന്തം അങ്കിളിനോട് സംസാരിക്കുന്ന രീതിയിൽ, നിഷ്കളങ്കമായ സംസാരം. കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഫിഫ്ത് പ്രിഫറൻസിൽ അമ്മയോടൊപ്പം അമേരിക്കയിൽ വന്നിട്ട് മൂന്നു വർഷമേ ആയുള്ളൂ. ഇവിടെ എത്തിയപ്പോൾ 18 വയസ്സായിരുന്നു. ഹോസ്പിറ്റലിലെ സാനിറ്റേഷൻ ഡിവിഷനിൽ ജോലി കിട്ടിയ മേഴ്സി, അവിടെയുള്ള സൂപ്പർവൈസർ ഹൊസെ ലൂയിസുമായി പ്രണയത്തിലായി. വീട്ടിൽ അറിഞ്ഞു, എതിർത്തു പ്രശ്നമായി.
ഹോസേ,മേഴ്സിയുമായി ഏൽപ്പാസോയിലക്കു താമസം മാറി. ഡാലാസിൽ നിന്നും, ഏതാണ്ട് 600 മൈൽ ദൂരമുണ്ട് ഏൽപ്പാസോയിലക്ക് . ഇൻസ്റ്റാൾ ചെയ്യുന്ന ആളെ അത്രയും ദൂരം അയക്കുവാൻ സാധിക്കില്ല. അതിനാൽ ഡിഷ് അയച്ചു കൊടുത്തു. ഹോസ ലൂയിസ് ഇൻസ്റ്റാൾ ചെയ്തു. നല്ല സ്നേഹവും മര്യാദയും ഉള്ള ചെറുപ്പക്കാരൻ. അവർ വളരെ സന്തോഷത്തിലാണ് കഴിയുന്നത് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. മേഴ്സിയുടെ വീട്ടുകാരുമായി സ്നേഹത്തിൽ പോകാൻ ഒരുപാട് ശ്രമിച്ചു എന്നും, അവർക്ക് സംസാരിക്കാനോ കാണുവാനോ ഒരു താല്പര്യമില്ലെന്നും മനസ്സിലാക്കുവാൻ സാധിച്ചു. ഭാഗം ഒന്ന് ഇവിടെ അവസാനിക്കുന്നു.
ഭാഗം 2.
2016, ആപ്പിൾബീസിൽ ജോലി ചെയ്യുന്ന കാലം. കാലിഫോണിയയിലെ ഗില്റോയിലുള്ള, ആപ്പിൾബീ ലൊക്കേഷൻ റീമോഡലുമായി ഞാൻ അവിടെയായിരുന്നു. സിലിക്കോൺ വാലിയുടെ ഗേറ്റെവേ, ധാരാളം ഗാർലിക് ഫാംസ് ഉള്ള സ്ഥലം. റീ മോഡൽ കോൺട്രാക്ടർ ഒരു റെഡ് ഇന്ത്യൻ വംശജനായിരുന്നു, നവജോ.
ഒരു ദിവസം നവാജോ എന്നോട് പറഞ്ഞു, അടുത്ത രണ്ടാഴ്ചത്തേക്ക് ഞാൻ ഉണ്ടാകയില്ല എന്റെ അസിസ്റ്റന്റ് കാര്യങ്ങൾ നോക്കിക്കൊള്ളും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഫോണിൽ ബന്ധപ്പെടാം എന്നും പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് വളരെയധികം അടുത്ത പെരുമാറിയത് കൊണ്ടും, ചില ദിവസങ്ങളിൽ അവന്റെ വെജിറ്റബിൾ ഫാമിൽ പോകുവാൻ സാധിച്ചതിനാൽ അവനുമായി ഒരു അടുപ്പം ഉണ്ടായിരുന്നു. എന്തിനാണ് ഈ രണ്ടാഴ്ച, ഇത്ര പെട്ടെന്ന് പ്രോജക്ടിൽ നിന്നും മാറി നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, എന്റെ സ്റ്റെപ് സൺ, അതായത് എന്റെ ഭാര്യ എന്നെ കല്യാണം കഴിക്കുന്നതിനു മുമ്പ് ഉണ്ടായ മകൻ, അവന്റെ ടീനേജിൽ ഒരു കേസിൽ പെട്ടു എന്നും, 15 വർഷം കഴിഞ്ഞ്, ശിക്ഷ ഇളവ് കിട്ടി അടുത്തയാഴ്ച പുറത്തിറങ്ങും. എനിക്കും എന്റെ ഭാര്യക്കും കൂടി അവനെ പോയി പിക്കപ്പ് ചെയ്ത, ഒരാഴ്ച വെക്കേഷനും, പിന്നീട് വീട്ടിലേക്ക് കൊണ്ടുവരണമെന്നും വളരെ ആവേശത്തോടെ എന്നോട് പറഞ്ഞു. അവന്റെ മുഖത്തെ സന്തോഷവും എനർജിയും ഇന്നെന്ന പോലെ ഓർക്കുന്നു.
ഭാഗം: 2 ,ഫിയർ ഓഫ് ഷെയിം ഇവിടെ അവസാനിക്കുന്നു.