സംസ്ഥാന പോലീസ് മേധാവിയായി വീണ്ടും ആന്ധ്രാ സ്വദേശി.വിരമിക്കുന്ന ഡിജിപി എസ്.ദർവേഷ് സാഹിബിന് പിന്നാലെ റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ 41 ആമത് പോലീസ് മേധാവിയാകും. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ കാബിനറ്റ് സ്പെഷൽ സെക്രട്ടറി തസ്തികയിൽ ഇന്റലിജന്റ്സ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടർ ആയി സേവനമനുഷ്ഠിച്ചുവരികയാണ്.
യുപിഎസ്.സി അംഗീകരിച്ച പോലീസ് മേധാവിപ്പട്ടികയില്‍ രണ്ടാമനാണ് റവാഡ. കേന്ദ്ര അംഗീകാരത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയ ശേഷം റവാഡ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിയാന്‍ റവാഡ ചന്ദ്രശേഖറിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അദ്ദേഹം കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാസെക്രട്ടറിയായി നിയമിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതലായിരുന്നു ഈ നിയമനം. ഇതിനിടെയാണ് കേരളത്തില്‍ പോലീസ് മേധാവിയാകാനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചത്.
ആന്ധ്രാ പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച റവാഡ ചന്ദ്രശേഖർ കൃഷി ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 1991 കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായി ഹൈദരാബാദില്‍ നിന്ന് എ.എസ്.പിയായി നിയമിതനായി കേരളത്തിലെത്തിയതിന്‍റെ പിറ്റേന്നായിരുന്നു കൂത്തുപറമ്പ് വെടിവെപ്പ്.തലശ്ശേരി എ.എസ്.പി. ആയിരുന്നു അദ്ദേഹം .
കേരള രാഷ്ട്രീയ സിപിഎമ്മിന്‍റെ ചരിത്രത്തിൽ മറക്കാനാവാത്ത സംഭവമാണ് 1994 നവംബര്‍ 25ലെ കൂത്തുപറമ്പ് വെടിവയ്പ്. സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു.പ്രതിഷേധം കനത്തതോടെ വഴി തടഞ്ഞവരെ പിരിച്ചുവിടുന്നതിന് വെടിവയ്ക്കാന്‍ ഉത്തരവിട്ടത് തലശ്ശേരി എ.എസ്.പി റവാഡ ചന്ദ്രശേഖരറാണ്.
സംസ്ഥാനം നടുങ്ങിയ പൊലീസ് വെടിവയ്പില്‍ നഷ്ടമായത് ആറ് ജീവനുകൾ. അന്ന് തന്നെ അഞ്ചു ഡിവൈഎഫ്ഐക്കാര്‍ കൊല്ലപ്പെട്ടു.ആറു പേര്‍ക്ക് പരിക്കേറ്റു. പിന്‍കഴുത്തില്‍ വെടിയേറ്റ് സുഷുമ്ന നാഡി തകര്‍ന്ന് കഴുത്തിന് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട പുഷ്പന്‍ മൂന്നു പതിറ്റാണ്ടു നീണ്ട കിടപ്പുജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-നാണ് മരണത്തിന് കീഴടങ്ങിയത് കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും ഓദ്യോഗിക കൃത്യനിര്‍വഹണത്തിലായിരുന്ന പൊലീസുകാര്‍ക്ക് കൊല നടത്താനുള്ള വ്യക്‌തിവൈരാഗ്യമില്ലായിരുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി 2012 ല്‍ റവാഡയുള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കി.
കേരളത്തിലെ സർവീസ്
തലശ്ശേരിയ്ക്ക് ശേഷം ശേഷം പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ് എറണാകുളം റെയ്ഞ്ച്, ക്രൈംബ്രാഞ്ച് തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ എസ്. പിയായും പോലീസ് ആസ്ഥാനത്ത് എ.ഐ.ജി 1 ആയും കെ.എ.പി രണ്ടാം ബറ്റാലിയൻ, കെ.എ.പി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാണ്ടന്റ് ആയും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി ബോസ്നിയയിലും സുഡാനിലും സേവനം അനുഷ്ഠിച്ചു. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.തൃശൂർ റെയ്‌ഞ്ച്, എറണാകുളം റെയ്ഞ്ച് എന്നിവിടങ്ങളിൽ ഡി.ഐ.ജി ആയി പ്രവർത്തിച്ചിട്ടുണ്ട്. ഡി.ഐ.ജി റാങ്കിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും ജോലി നോക്കി.
കേരളം വിടുന്നു
കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്. 2008 ൽ ക്രൈം റിക്കോർഡ്സ് ബ്യൂറോയിൽ പ്രവർത്തിക്കെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി ഇന്റലിജൻസ് ബ്യൂറോയിലേയ്ക്ക് മാറി. ഇന്റലിജൻസ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനം, ഭുവനേശ്വര്, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിൽ ജോലി നോക്കി.കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി നോക്കവേ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഐ.ബി അഡീഷണൽ ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.
വിശിഷ്ടസേവനത്തിന് 2015 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹ സേവനത്തിന് 2009 ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു.സരിതയാണ് ഭാര്യ. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.

