PRAVASI

ഫൊക്കാന തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 7-ന്: എല്ലാ ഒരുക്കങ്ങളും പൂർത്തിയായി സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് വിപുലമായ ക്രമീകരണങ്ങൾ

Blog Image

ഫ്ലോറിഡ: ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിനായി പെൻസൽവാനിയയിലെ കലഹാരി റിസോർട്ടിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫൊക്കാനാ ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.

ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന ജനറൽ കൗൺസിൽ യോഗത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഉച്ചയ്ക്ക് 3 മണി വരെയാണ് വോട്ടെടുപ്പ്. 3 മണിക്ക് വോട്ടെടുപ്പ് ഔപചാരികമായി അവസാനിക്കുമെങ്കിലും, അപ്പോൾ ലൈനിൽ നിൽക്കുന്ന എല്ലാ ഡെലിഗേറ്റുകൾക്കും വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കും.

പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർഥികൾ ഉൾപ്പെടെ വിവിധ ദേശീയ സ്ഥാനങ്ങളിലായി 76 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഫൊക്കാനയുടെ അംഗസംഘടനകളെ പ്രതിനിധീകരിക്കുന്ന 800 - ഓളം ഡെലിഗേറ്റുകൾ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

ഡെലിഗേറ്റ് ലിസ്റ്റിൽ പേരുള്ളവർക്കു മാത്രമേ വോട്ടവകാശമുള്ളൂ. ഫോട്ടോ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷമായിരിക്കും ഡെലിഗേറ്റുകൾക്ക് വോട്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കുക. ഇതിനായി നിയമപാലന വിഭാഗത്തിന്റെ (Law Enforcement) പ്രതിനിധികളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

വോട്ടിംഗ് ഹാളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഡെലിഗേറ്റുകളെ മൂന്ന് ഗ്രൂപ്പുകളായി ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്തമായ പ്രൊഫഷണൽ ഇലക്ഷൻ മാനേജ്മെന്റ് കമ്പനിയാണ് മുഴുവൻ തെരഞ്ഞെടുപ്പ് നടപടികളും നിയന്ത്രിക്കുകയും ഫലം നിർണയിക്കുകയും ചെയ്യുന്നത്.

സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികൾക്ക് വോട്ടെടുപ്പിന്റെ മുഴുവൻ നടപടിക്രമവും ഹാളിൽ സന്നിഹിതരായി നിരീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വോട്ടർമാർ തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബോക്സ് പൂർണമായി നിറച്ചശേഷം ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കണം. സ്കാനിംഗ് സംവിധാനത്തിലൂടെ എണ്ണുന്നതിനാൽ ബാലറ്റ് പേപ്പർ മടക്കരുത്. ഓരോ സ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന ഒഴിവുകളുടെ എണ്ണത്തിൽ കൂടുതൽ പേർക്ക് വോട്ട് രേഖപ്പെടുത്തിയാൽ ആ പ്രത്യേക സ്ഥാനത്തേക്കുള്ള വോട്ട് അസാധുവാകുമെന്ന് ഇലക്ഷൻ കമ്മിറ്റി അറിയിച്ചു. ഉദാഹരണത്തിന്, യു.എസ്.എ കമ്മിറ്റി മെമ്പർ സ്ഥാനത്തേക്ക് 15 ഒഴിവുകളാണെങ്കിൽ, 15-ൽ കൂടുതൽ പേർക്ക് വോട്ട് ചെയ്താൽ ആ വിഭാഗത്തിലെ വോട്ട് അസാധുവാകും.

തിരഞ്ഞെടുപ്പ് സുഗമമായും സുതാര്യമായും നടത്തുന്നതിനായി പ്രസിഡന്റ് സ്ഥാനാർഥികളായ ലീലാ മാരേട്ട്, ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സ്ഥാനാർഥികളായ ജോർജ് ഓലിക്കൽ, സന്തോഷ് നായർ, ട്രഷറർ സ്ഥാനാർഥികളായ ആന്റോ വർക്കി, രേവതി പിള്ള എന്നിവരെയും, ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോൻ ആന്റണി, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ജോജി തോമസ്, ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവരെയും പങ്കെടുപ്പിച്ച് ഇലക്ഷൻ കമ്മിറ്റി പ്രത്യേക യോഗം ചേർന്നിരുന്നു. സ്ഥാനാർഥികളുടെ അഭിപ്രായങ്ങളും ആശങ്കകളും കേട്ട് ആവശ്യമായ വിശദീകരണങ്ങളും ഉറപ്പുകളും യോഗത്തിൽ നൽകിയിരുന്നു.

ഫൊക്കാന തെരഞ്ഞെടുപ്പ് പൂർണമായും സുതാര്യവും നിഷ്പക്ഷവും വിശ്വാസ്യതയോടെയും നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജോർജി വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജോൺ പി. ജോൺ, ബിജു ജോൺ കോട്ടാരക്കര എന്നിവർ അറിയിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.