PRAVASI

കാലത്തിന്റെ പരീക്ഷണത്തിൽ വിജയിച്ച ഫോമാ വില്ലേജ് ;അഭിമാനത്തോടെ ഫിലിപ്പ് ചാമത്തിൽ

Blog Image

ചില സേവനപ്രവർത്തനങ്ങൾ കാലം കഴിയുന്തോറും മങ്ങിപ്പോകും. ചിലത് ചരിത്രത്തിന്റെ ഭാഗമാകും. എന്നാൽ അപൂർവമായി ചില സംരംഭങ്ങൾ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ച്, ഓരോ ദുരന്തവും വരുമ്പോഴും അവയുടെ മൂല്യം വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കും. അത്തരമൊരു മാതൃകയാണ് ഫോമാ വില്ലേജ്.

കേരളത്തെ നടുക്കിയ 2018-ലെ മഹാപ്രളയം ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാണ് തകർത്തത്. പമ്പയാറിന്റെ തീരപ്രദേശങ്ങൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലെ ആളുകൾക്ക് ഒരു നിമിഷം കൊണ്ട് വീടും സ്വപ്നങ്ങളും ജീവിതസമ്പാദ്യവും നഷ്ടമായി. തിരുവല്ല കടപ്ര പ്രദേശവും ആ ദുരന്തത്തിന്റെ ആഴത്തിലുള്ള മുറിവുകൾ പേറിയ സ്ഥലങ്ങളിൽ ഒന്നായിരുന്നു.
അന്ന് ഭൂരഹിതരായ 140 കുടുംബങ്ങൾക്ക് സർക്കാർ മൂന്ന് സെന്റ് വീതം ഭൂമി നൽകിയിരുന്നുവെങ്കിലും, അവരിൽ 40 കുടുംബങ്ങൾ പമ്പയുടെ തീരത്ത് തന്നെ നിർമ്മിച്ച ചെറിയ കുടിലുകളിലായിരുന്നു താമസം. ഓരോ മഴക്കാലവും വെള്ളം കയറുമ്പോൾ അവർ സമീപത്തെ സ്കൂളുകളിലേക്ക് മാറുമായിരുന്നു. എന്നാൽ 2018-ലെ പ്രളയം അവരുടെ കുടിലുകളും ജീവിതസമ്പാദ്യവും വാരികൊണ്ടുപോയി. അവശേഷിച്ചതവരുടെ ജീവൻ മാത്രം.


അത്തരം സാഹചര്യത്തിലാണ് അമേരിക്കയിലെ പ്രവാസി മലയാളികളുടെ സംഘടനയായ ഫോമ (Federation of Malayalee Associations of Americas) സഹായഹസ്തവുമായിരംഗത്തെത്തിയത്.അന്നത്തെ പ്രസിഡന്റ് ആയിരുന്ന ഫിലിപ്പ് ചാമത്തിലും സുഹൃത്തുക്കളും അവിടെ  ദുരിതാശ്വാസം നൽകി മടങ്ങുകയല്ല, മറിച്ച് ദുരന്തത്തെ അതിജീവിക്കാൻ കഴിയുന്ന സുരക്ഷിതമായ ജീവിതം സമ്മാനിക്കണമെന്ന തീരുമാനമാണ് ഫോമ അന്നെടുത്തത്. അങ്ങനെ, തണൽ എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെ ആരംഭിച്ച ആ ദൗത്യമാണ് പിന്നീട് ഫോമാ വില്ലേജ് എന്ന പ്രതീക്ഷയുടെ വിലാസമായി മാറിയത്. ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത, അതിന്റെ ദീർഘവീക്ഷണമായിരുന്നു. മുൻ പ്രളയത്തിൽ എത്തിയ ജലനിരപ്പ് കൃത്യമായി പഠിച്ച ശേഷമാണ് വീടുകളുടെ രൂപകൽപ്പന നടത്തിയത്. ശക്തമായ പൈലിംഗ് നടത്തി, ഭൂനിരപ്പിൽ നിന്ന് നാല് മുതൽ എട്ട് അടി വരെ ഉയരത്തിലുള്ള കോൺക്രീറ്റ് പില്ലറുകൾ പണിത് അതിനു മുകളിലായിരുന്നു ഓരോ വീടും നിർമ്മിച്ചത്. വെള്ളം ഇറങ്ങിക്കിടക്കുന്ന സമയങ്ങളിൽ താഴെയുള്ള ഭാഗം സ്റ്റോറേജിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു രൂപകൽപ്പന.


ഏകദേശം 500 ചതുരശ്ര അടി വിസ്തീർണമുള്ള ഓരോ വീടിലും കിടപ്പുമുറികൾ, സ്വീകരണമുറി, അടുക്കള, ബാത്ത്റൂം എന്നിവ ഉൾപ്പെടുത്തി. വീട് പണിതു നൽകുക മാത്രമല്ല, കട്ടിൽ, മേശ, കസേര, ലൈറ്റുകൾ, ഫാനുകൾ തുടങ്ങി താമസത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ പൂർണമായും താമസയോഗ്യമായ നിലയിലാണ് വീടുകൾ കൈമാറിയത്. ഒരു വീടിന്റെ നിർമ്മാണച്ചെലവ് ഏകദേശം ഏഴ് ലക്ഷം രൂപയായിരുന്നു. അതിൽ അഞ്ചര ലക്ഷം രൂപ ഫോമയും ബാക്കി തുക തണൽ സംഘടനയും വഹിച്ചു. വെറും നാല് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് ആ കൂട്ടായ പ്രവർത്തനത്തിന്റെ മികവ് തെളിയിച്ചു. ഈ മഹത്തായ പദ്ധതിക്ക് നേതൃത്വം നൽകിയത് അന്നത്തെ ഫോമ പ്രസിഡന്റായിരുന്ന ഫിലിപ്പ് ചാമത്തിൽ ആയിരുന്നു. ഒരു വീട് പണിയുക എന്നതിലുപരി, അടുത്ത പ്രളയവും അതിജീവിക്കുന്ന ഒരു വീട് നിർമ്മിക്കണമെന്ന അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് ഈ പദ്ധതിയുടെ ആത്മാവ്. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച അന്നത്തെ ദേശീയ കമ്മിറ്റിയുടെ കൂട്ടായ ചിന്തയും പ്രവർത്തനശേഷിയും ലോകമെമ്പാടുമുള്ള ഫോമാ അംഗങ്ങളുടെ പിന്തുണയും ഈ സ്വപ്നത്തെ യാഥാർഥ്യമാക്കി.


ഇന്ന്, വർഷങ്ങൾക്കുശേഷം വീണ്ടും പ്രകൃതി ആ പ്രദേശത്തെ പരീക്ഷിച്ചപ്പോൾ, വിജയിച്ചത് ഫോമയുടെ ആ ദീർഘവീക്ഷണമാണ്.
ഈ വർഷവും ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായിട്ടും ഫോമാ വില്ലേജിലെ വീടുകൾക്ക് യാതൊരു കേടുപാടും സംഭവിച്ചില്ല. പരിസരങ്ങളിൽ വെള്ളം എത്തിയെങ്കിലും, ഉയർത്തി നിർമ്മിച്ച അടിത്തറ കാരണം വീടുകൾക്കകത്തേക്ക് വെള്ളം കയറാനായില്ല. ഒരിക്കൽ മഴക്കാലം ഭയന്നിരുന്ന ആ കുടുംബങ്ങൾ ഇന്ന് സ്വന്തം വീടുകളിൽ സുരക്ഷിതരായി കഴിയുകയാണ്. അവരുടെ മുഖത്തെ ആശ്വാസവും ആത്മവിശ്വാസവും ഈ പദ്ധതിയുടെ യഥാർഥ വിജയത്തിന്റെ അളവുകോലാണ്.

ഒരു സേവനപ്രവർത്തനത്തിന്റെ മഹത്വം അത് ഉദ്ഘാടനം ചെയ്യുന്ന ദിവസം അളക്കാൻ കഴിയില്ല; വർഷങ്ങൾക്കുശേഷം അതിന്റെ ഫലം സമൂഹം അനുഭവിക്കുമ്പോഴാണ് അതിന്റെ മൂല്യം മനസ്സിലാകുന്നത്. ഫോമാ വില്ലേജ് അതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. 2018-ൽ എടുത്ത ഒരു ദൂരദർശിയായ തീരുമാനം, 2026-ലെ മഴയിലും പതറാതെ നിലകൊണ്ടു. അത് ഒരു കെട്ടിടത്തിന്റെ വിജയം മാത്രമല്ല; ഉത്തരവാദിത്തമുള്ള നേതൃത്വത്തിന്റെയും ശാസ്ത്രീയ ആസൂത്രണത്തിന്റെയും പ്രവാസി മലയാളികളുടെ കാരുണ്യത്തിന്റെയും വിജയമാണ്. അതുകൊണ്ടുതന്നെ നിസ്സംശയം നമുക്ക് പറയാം: ഫോമാ വില്ലേജ് ഇന്ന് വെറും വീടുകളുടെ ഒരു സമുച്ചയമല്ല; അത് ദീർഘവീക്ഷണത്തോടെ ചെയ്തസേവനം ഒരിക്കലും വെറുതെയാകില്ലെന്ന സന്ദേശം തലമുറകളിലേക്ക് കൈമാറുന്ന ഒരു ജീവിക്കുന്ന സ്മാരകമാണെന്ന്!

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.