PRAVASI

ഫൗച്ചിയും ഫൗളും

Blog Image

മനുഷ്യ മനസ്സുകളിൽ ഇന്നും നൊമ്പരം സൃഷ്ടിക്കുന്ന കോവിഡ് കാലഘട്ടം ഒന്ന് തിരിഞ്ഞു നോക്കിയാൽ സാമാന്യ ബോധമുള്ളവർ പറയും അത് മനുഷ്യൻ സൃഷ്ടിച്ച മഹാ ദുരന്തമായിരുന്നു.  വുഹാനിലെ ഇറച്ചി കടയിൽന്നോ കുരങ്ങിൽനിന്നോ അത് പടർന്നു പിടിച്ചതല്ല പ്രത്യുത ചൈനയിലെ വൂഹാൻ ലാബിൽ നിന്ന് ലോകമൊട്ടാകെ പടർന്നു പിടിച്ച ഒരു കാട്ടു തീയായിരുന്നു.  ഈ യാഥാർത്ഥ്യം വെളിപ്പെടുത്തിയവരെ മണ്ടൻമാർ, നിഷേധികൾ, സയൻസ് അറിയാത്തവർ എന്ന് മുദ്രകുത്തി യാഥാർത്ഥ്യം അവർ മറച്ചുപിടിച്ചു.  അങ്ങനെ മുഖംമൂടി ധരിച്ച ഫൗച്ചിയും കിങ്കരന്മാരും ജനകോടികളെ കബളിപ്പിച്ചും ഭയപ്പെടുത്തിയും ഊണും ഉറക്കവും കെടുത്തി മുൾമുനയിൽ നിർത്തിയത് ഇവരുടെ ഒരു കലാപരിപാടി ആയിരുന്നു.. 

ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ആന്റണി ഫൗച്ചിയുടെ ഡയറിക്കുറിപ്പുകൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്.  വെള്ളിത്തിരയിലെ ഹോളിവുഡ് ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി പ്രശസ്തിക്കും പ്രശംസയ്ക്കും വേണ്ടി ഞാനാണ് സയൻസ്, ഞാനാണ് കോവിഡിൻ്റെ ഒറ്റമൂലി എന്ന് സ്വയം അവകാശപ്പെട്ട ജന പീഡകൻ  ഫൗച്ചിയുടെ ഫൗൾ കാപട്യത്തിൻ്റെ സുനാമിയായിരുന്നു.  നിരന്തരം വൈറ്റ് ഹൗസിൻ്റെ തണലിൽ നിന്ന് വാതോരാതെ വിഡ്ഢിത്തം വിളിച്ചു പറഞ്ഞ് സമൂഹത്തിൽ ഭീതി വിതച്ച് ഇവർ സായൂജ്യമടഞ്ഞു.  ഈ കപട ശാസ്ത്രജ്ഞൻ ഫൗച്ചി എന്ന ഭീരു മുൻ ഉറക്കം തൂങ്ങി ഭരണകൂടത്തിൻ്റെ സീമന്ത പുത്രനും കണ്ണിലുണ്ണിയും ആയിരുന്നു.  എന്നാൽ യുഎസ് കോൺഗ്രസിൻ്റെ മുമ്പിൽ ഒരു ചോദ്യത്തിന് പോലും ഉത്തരം കൊടുക്കുവാൻ തുനിയാതെ 111 പ്രാവശ്യം ഭരണഘടനയുടെ അഞ്ചാം മൗലിക അവകാശം വിളമ്പി വായ് പൂട്ടി ഇരുന്നു.   

കോവിഡ് എന്ന മഹാ ദുരന്തം ലോകമൊട്ടാകെ മരണം വാരി വിതച്ചപ്പോൾ  തട്ടിപ്പുവീരന്മാർക്കും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് അനുഭാവ്യകൾക്കും അത് ചാകരയായി മാറി.  അങ്ങനെ ചിലർ ജൻമിമാരായി മാറി ജനത്തിൻ്റെ ഓരോ ചലനങ്ങളും ഇവർ കൈപ്പടിയിൽ ഒതുക്കി ആധിപത്യം സ്ഥാപിച്ചു.  ഭൂമിയിൽ ജനിച്ചവർ മറക്കാത്ത നാളുകൾ ആയി കോവിഡ് മാറ്റപ്പെട്ടു.  രോഗത്തിൻ്റെ കാഠിന്യത്തെക്കാൾ അധികമായി വോക്ക് സയൻസും എല്ലാത്തിനും ഓശാന പാടുന്ന സോഷ്യൽ മീഡിയകളും മനുഷ്യരെ നിന്നു തിരിയാൻ അനുവദിക്കാതെ ശ്വാസം മുട്ടിച്ച്  പലരുടെയും മാനസിക നില താറുമാറാക്കി.  ഫൗച്ചിയും സംഘവും സ്വയം സയൻസ് എന്ന് അവകാശപ്പെട്ട് തള്ളിവിട്ട വിഡ്ഢി സന്ദേശങ്ങളും കൽപ്പനകളും ഉത്തരവുകളുമായി തിരുവായ്ക്ക് എതിർവായ് ഇല്ലാതെ ലെഗസി മീഡിയയും സോഷ്യലിസ്റ്റ് അനുഭാവികളും ഗുളിക വിഴുങ്ങുന്നതുപോലെ വിഴുങ്ങി. എതിർപ്പ് പ്രകടിപ്പിച്ചവരെ അറസ്റ്റ് ചെയ്യാനും  ഒറ്റികൊടുക്കുവാനും ചാരന്മാർ അര കെട്ടി ഇറങ്ങി.  

ആറടി അകലം എപ്പോഴും പാലിക്കണം,  മാസ്ക് നിരന്തരം ധരിക്കണം, പുറത്തിറങ്ങരുത് കൂട്ടം കൂടരുത്, കുത്തിവെപ്പ് തുടരുക, ദേവാലയങ്ങളും, സ്കൂളുകളും, വ്യാപാര സ്ഥാപനങ്ങളും, ജോലി സ്ഥലങ്ങളും എല്ലാം അടച്ചുപൂട്ടുക. ഇതായിരുന്നു ഇവരുടെ ആപ്തവാക്യങ്ങൾ.  ഈ പേടിയും ഭയവും  കുത്തി നിറച്ച ക്യാപ്സൂളുകൾ സോഷ്യൽ മീഡിയകളിൽ കൂടി ഇവർ ദേശത്ത് വാരി വിതറി.  വെളിയിൽ സിംഹം ഉണ്ട് വീഥിയിൽ എനിക്ക് ജീവഹാനി വരുമെന്ന് മടിയൻ (സദ്യശ്യ 22:13) പറയുന്നതിന് തതുല്യമായി ഇത് മാറ്റപ്പെട്ടു.  ഒറ്റയ്ക്ക് കാറിലും റോഡിലും അഞ്ഞൂറ് മീറ്റർ പോലും അടുത്ത് ആരും ഇല്ലാത്തപ്പോഴും രണ്ട് മാസ്കും മുകളിലോട്ട് ഒരു കുഴലും കെട്ടി ചിലർ പോകുന്നത് കണ്ടപ്പോൾ  സയൻസിൻ്റെയും വൈദ്യശാസ്ത്രത്തിൻ്റെയും ബാല പാഠങ്ങൾ പോലും അറിയാത്ത ഈയുള്ളവനും സംശയിച്ചിട്ടുണ്ട് ഇതെന്തൊരു വിഡ്ഢിത്തം?  ഇതെന്തൊരു സയൻസ്? അങ്ങനെ ഒരു വലിയ സമൂഹത്തെ ബ്രെയിൻ വാഷ് ചെയ്ത് ഇവർ കയ്യിലെടുത്തു.

രോഗത്തിൻ്റെ കാഠിന്യത്തെക്കാൾ ഭയങ്കരം ഇവർ കൊണ്ടുവന്ന കപട നിയമങ്ങൾ സാധാരണക്കാരുടെ ജീവിതത്തെ തകിടം മറിച്ചു താറുമാറാക്കി.  എത്രയെത്ര കുടുംബങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ആരും തൊട്ടടുത്തില്ലാതെ ഒരു തുള്ളി വെള്ളം പോലും നാക്കിൽ കിട്ടാതെ, ശ്വാസം കിട്ടാതെ ലോകത്തോട്  യാത്ര പറഞ്ഞു.   പലരുടെയും അവസാന നിമിഷങ്ങൾ ദുരിതപൂർണ്ണവും ദുഃഖപൂർണ്ണവുമായിരുന്നു.  ഭയം വർധിച്ച് പലരും പ്രിയപ്പെട്ടവരെ തൊടുവാൻ മടിച്ചുകൊണ്ട് ബഹു ദൂരം അകലത്തു മാറി നിന്നു. അങ്ങനെ അവർ ഒറ്റപ്പെട്ടവർ ആയി മരണത്തിന് കീഴടങ്ങി.  ഇതിലും ഭീകരമായത് അന്ന് മരിച്ച പല വ്യക്തികൾക്കും അവസാന കർമ്മങ്ങളോ യോഗ്യമായ ഒരു  ശവ സംസ്കാരമോ  ലഭിക്കാതെ ചത്ത മൃഗത്തെ വലിച്ചെറിയുന്നത് പോലെ വലിച്ചെറിയപ്പെട്ടു ചിലയിടത്ത് അവരെ കൂട്ടിയിട്ട് തീ കൊളുത്തി.   മറ്റിടങ്ങളിൽ അധികാരികൾ എന്നവകാശപ്പെട്ട മേലാളൻമാർ പ്രിയപ്പെട്ടവർക്ക് അവരുടെ നഷ്ടപ്പെട്ടവരെ അവസാനമായി ഒരു നോക്കുപോലും കാണുവാൻ അനുവദിക്കാതെ അവരെ എവിടെയോ മറവ് ചെയ്തു.  സഭയും സമൂഹവും  ഗവൺമെൻ്റും പലരെയും കൈവിട്ടു.  വെറും അധികാരത്തിൻ്റെയും ഗർവ്വത്തിൻ്റെയും മുതലാളിത്തവും മേധാവിത്വവും ഈ വേദനയുടെ നടുവിൽ അവർ ജനത്തിൻ്റെമേൽ കെട്ടി വെച്ചു.  ഇതെല്ലാം ദേശത്ത് നടമാടുമ്പോൾ പുറം വാതിലിലൂടെ ഈ രാക്ഷസന്മാർ പോക്കറ്റുകൾ നിറച്ചു സമൂഹത്തെ നോക്കി ഊറി ചിരിച്ചു.  

കോവിഡ് എന്ന വിഷമാരി സൃഷ്ടിച്ചത് കേവലം ശാരീരികമായ രോഗം മാത്രമല്ല മനുഷ്യനിൽ ഏകാന്തതയും ഭയവും ഭീതിയും ആത്മഹത്യാ പ്രവണതയും ആത്മഹത്യയും വർദ്ധിപ്പിച്ചു.  കുടുംബങ്ങളിലും കൂട്ടങ്ങളിലും സംഘർഷങ്ങൾ, വെറുപ്പ്, തൊട്ടുകൂടായ്മയും വർദ്ധിപ്പിച്ചു.   പലരും മാനസിക നില തെറ്റിയവരായി വിതുമ്പി കരഞ്ഞു.   കൊച്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധരായവർവരെ ഈ അപരിഷ്കൃത ചതിയിൽ കുടുങ്ങി ജീവിതം ബലി കൊടുത്തു.   ഫൗച്ചി പോലുള്ള അധികാര ദുർമോഹികളുടെ ഫൗൾ നിമിത്തം എത്രയെത്ര കുഞ്ഞുങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം ദുഷ്കരമായി അവർ അനുഭവിച്ച മാനസിക പീഡനം ആർക്കെങ്കിലും അറിയുവാൻ കഴിയുമോ?.  അനവധി കുടുംബങ്ങളുടെ വരുമാനമാർഗങ്ങൾ നിലച്ചു, ജോലികൾ ഇല്ലാതെയായി വ്യാപാരങ്ങൾ അടച്ചു പൂട്ടി.   പലരുടെയും യാത്രകൾ മുടങ്ങി വിവാഹത്തിനും മരണാനന്തര ശുശ്രൂഷിക്കും ആശുപത്രിയിൽ പോലും എത്തുവാൻ കഴിയാതെ പലരും കഷ്ടനഷ്ടങ്ങളിൽ കൂടി ദിനങ്ങൾ തള്ളിനീക്കി.  അവരുടെ കണ്ണുനീർ ആരും കണ്ടില്ല. 

കേരളം പോലുള്ള അപരിഷ്കൃത ദേശത്ത് കോവിഡ് കാലത്ത് പുറത്തിറങ്ങിയവരെ പോലീസ് നിർദയം അടിച്ച് പുറം പൊളിച്ചു.  മരുന്ന് മേടിക്കുവാനും കുഞ്ഞിന് പാലു മേടിക്കുവാനു  പുറത്തിറങ്ങിയവനെ തല്ലിച്ചതച്ചു സമൂഹം അവരെ ഒറ്റപ്പെടുത്തി.  ഇത് ചിലർക്കൊക്കെ ഒരു ഹരമായി മാറി മറ്റു ചിലയിടങ്ങളിൽ കുട്ടി നേതാക്കളും കുട്ടി ഉദ്യോഗസ്ഥന്മാരും നിയമങ്ങൾ കയ്യിലെടുത്ത് അവർ തന്നെ  തീരുമാനിച്ചു എന്തു ചെയ്യണം എന്തു വേണ്ട എന്ന്.  ആരെങ്കിലും വീടിനു പുറത്തിറങ്ങുന്നുണ്ടോ മാസ്ക് ധരിക്കാതെ നടക്കുന്നുണ്ടോ എന്ന് അറിയുവാൻ ചാരന്മാർ എല്ലായിടത്തും എഴുന്നേറ്റു.  അങ്ങനെ ആയിരങ്ങളുടെ മൗലിക അവകാശങ്ങൾ  ഇവർ ചവിട്ടി മെതിച്ച് ഇവർ ആനന്ദം കണ്ടെത്തി. 

ഇതിൻ്റെ പിന്നിലുള്ള രഹസ്യം എന്ത്?   അത് മറ്റൊന്നുമല്ല അധികാരം, സ്ഥാനം, നിയന്ത്രണം, പണം.   ഇതെന്നും കൈപ്പടിയിൽ ഒതുക്കി വെക്കണം.   ഈ ആനപ്പുറത്ത് എന്നും എഴുനള്ളണം.  ധൂർത്തും അമിതമായ ആർത്തിയും ദ്രവ്യാഗ്രഹവും കൂട്ടിമുട്ടി കഴിഞ്ഞപ്പോൾ  മനുഷ്യ ജീവിതങ്ങൾക്കും സാമാന്യ മര്യാദകൾക്കും വിലയില്ലാതെയായി ആദർശങ്ങൾ കാറ്റിൽ പറന്നു.  കോവിഡ് നിമിത്തം ജനകോടികൾ പീഡിയനുഭവിച്ചപ്പോൾ  ജീവിതത്തിൽ എല്ലാം തകർന്നു മാറിയപ്പോൾ ഫൗച്ചിയും സംഘവും മിടുക്കന്മാരും കോടിപതികളായിമാറി.  രാജ്യദ്രോഹികളായ  ഈ സ്വാർത്ഥ ജീവികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.  മുഖംമൂടി ധരിച്ച ഈ കള്ളന്മാർ  സമൂഹത്തിൻ്റെ പുഴുക്കുത്തുകൾ.  സർവ്വലോകവും ദുഷ്ടന്‍റെ അതീനതയിൽ കിടക്കുന്നു പിശാചിൻ്റെ അനുയായിയായ കള്ളൻ  മോഷ്ടിക്കുവാനും  അറുക്കുവാനും മുടിക്കുവാനും അത്രേ വരുന്നത് (യോഹന്നാൻ 10 10) .  ഈ മുഖംമൂടി ധാരികളെ തിരിച്ചറിയുക ഇനിയെങ്കിലും ഈ ചതിക്കുഴികളിൽ വീഴാതിരിക്കുക.  

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.