ദക്ഷിണേന്ത്യൻ സൂപ്പർതാരം വിജയിന്റെയും സംഗീതയുടെയും വ്യക്തിജീവിതം എക്കാലത്തും മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഒരു കടുത്ത ആരാധികയായി വിജയ്‌യുടെ ജീവിതത്തിലേക്ക് കടന്നുവന്ന് പിന്നീട് അദ്ദേഹത്തിന്റെ പങ്കാളിയായി മാറിയ സംഗീതയുമായുള്ള ബന്ധം തമിഴകത്തെ ഏറ്റവും ശ്രദ്ധേയമായ പ്രണയകഥകളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിവാഹമോചന നടപടികളെക്കുറിച്ചും പുറത്തുവരുന്ന വാർത്തകൾ ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ നിർണ്ണായകമായ ഒരു വഴിതിരിവാണ് ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കൻ തമിഴ് വ്യാവസായിയുടെ മകളായ സംഗീത, വിജയിന്റെ കരിയറിലെ വഴിതിരിവായ ‘പൂവേ உനക്കാഗ’ (1996) എന്ന ചിത്രം കണ്ടാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധികയായി മാറുന്നത്. തുടർന്ന് ചെന്നൈയിലെത്തി നടനെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച സംഗീതയുടെ ലാളിത്യവും ആത്മാർത്ഥതയും വിജയിയെ ആകർഷിക്കുകയായിരുന്നു. തുടർന്ന് വിജയ്യുടെ മാതാപിതാക്കൾ ലണ്ടനിലെത്തി ഔദ്യോഗികമായി വിവാഹാലോചന നടത്തുകയും, 1998 ജൂലൈ 10-ന് യുകെയിൽ വെച്ച് ആദ്യമായി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് പരമ്പരാഗത ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായ ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുമുണ്ട്.
എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഇരുപത്തിയേഴ് വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ടുകൊണ്ട് സംഗീത ചെങ്കൽപ്പട്ട് ഫാമിലി കോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത് വലിയ കോലാഹലങ്ങൾക്കാണ് വഴിവെച്ചത്. വിജയിക്ക് ബാഹ്യബന്ധമുണ്ടെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. നടി തൃഷയുമായുള്ള ബന്ധത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഊഹാപോഹങ്ങളും ഈ സമയത്ത് ചർച്ചയായിരുന്നു. ഇരുവരും കുറച്ചുകാലമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഈ വിവാഹമോചന കേസിൽ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിജയിനെതിരെ ചെങ്കൽപ്പട്ട് ജില്ലാ കോടതിയിൽ ഫയൽ ചെയ്തിരുന്ന വിവാഹമോചന ഹർജി സംഗീത ഇന്ന് (ഓഗസ്റ്റ് 7) ഔദ്യോഗികമായി പിൻവലിച്ചിരിക്കുകയാണ്. ഹർജി പിൻവലിച്ചതിനെത്തുടർന്ന് കോടതി നടപടികൾ അവസാനിപ്പിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കുടുംബവിവാദത്തിന് പെട്ടെന്നുള്ള ഈ പര്യവസാനം സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.

