PRAVASI

ചാരുകസേര സാമ്പത്തികശാസ്ത്രത്തിൽ നിന്ന് ജീവിതപാഠത്തിലേക്ക്

Blog Image

സ്ത്രീകളുടെ ചലനാത്മകത വർധിപ്പിക്കാനും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന പ്രിയദർശിനി വനിതാ സൗജന്യ ബസ് യാത്രാ പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടതാണെന്ന് ഞാൻ കരുതുന്നു. എന്നിരുന്നാലും, സംസ്ഥാന ആസൂത്രണ ബോർഡിലെ മുൻ അംഗമെന്ന നിലയിൽ, ഇതിനകം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിൽ ഇത്തരത്തിലുള്ള Free Bees എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സൗജന്യ ക്ഷേമപദ്ധതികൾ ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്  അധിക സാമ്പത്തികഭാരം സൃഷ്ടിക്കുമോ എന്ന ആശങ്ക എനിക്കുമുണ്ടായിരുന്നു.


എന്നാൽ ചിലപ്പോൾ ജീവിതം തന്നെ കണക്കുകൂട്ടലുകളേക്കാളും സാമ്പത്തിക യുക്തികളെക്കാളും ശക്തമായ പാഠങ്ങൾ നമുക്ക് നൽകും. അത്തരമൊരു അനുഭവം എനിക്ക് വീട്ടിനുള്ളിൽ നിന്നുതന്നെ ലഭിച്ചു.
ഞങ്ങളുടെ വീട്ടിലും സമീപത്തുള്ള ബന്ധുവീട്ടിലും ജോലിക്കെത്തുന്ന സീമ ഇന്ന് വലിയ സന്തോഷത്തിലാണ് രാവിലെ എത്തിഒയത്.  സൗജന്യ ബസ് യാത്രയുടെ ടിക്കറ്റ് അവർ വലിയ അഭിമാനത്തോടെയും സന്തോഷത്തോടെയും ഞങ്ങളെ കാണിച്ചു. ആ ടിക്കറ്റ് അവരെ സംബന്ധിച്ചിടത്തോളം  ഒരു  യാത്രാരേഖയുടെ പ്രാധാന്യം  മാത്രമല്ല ഉണ്ടായിരുന്നത്; അത് അവരുടെ ജീവിതത്തിലെ ചെറുതെങ്കിലും അവഗണിക്കാനാവാത്ത സാമ്പത്തിക മോചനത്തിന്റെ പ്രതീകമായിരുന്നു.
വീട്ടുജോലിയിൽ നിന്ന് സീമയ്ക്ക് പ്രതിമാസം ലഭിക്കുന്നത് ഏകദേശം 12,000 രൂപയാണ്. അതിൽ 3,500 രൂപ യാത്രാച്ചെലവിനായി മാത്രം മാറ്റിവെക്കേണ്ടി വരുന്നു. അതായത് അവരുടെ വരുമാനത്തിന്റെ ഏതാണ്ട് നാലിലൊന്ന് ഭാഗം യാത്രയ്ക്കായി ചെലവാകുകയായിരുന്നു. സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ ആ തുക കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകും. അവരുടെ ജീവിതനിലവാരത്തിലും കുടുംബ ബജറ്റിലും അതുണ്ടാക്കുന്ന മാറ്റം ചെറുതല്ല.
പൊതുനയങ്ങളെ വിലയിരുത്തുമ്പോൾ നമ്മൾ പലപ്പോഴും സാമ്പത്തിക കണക്കുകളും ബജറ്റ് ബാലൻസുകളും മാത്രം നോക്കാറുണ്ട്. എന്നാൽ ആ കണക്കുകൾക്കപ്പുറം, ദിവസേന അധ്വാനിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളും കാണേണ്ടതുണ്ട്. ചിലപ്പോൾ ഒരു ക്ഷേമപദ്ധതിയുടെ യഥാർത്ഥ മൂല്യം സർക്കാർ ചെലവഴിക്കുന്ന തുകയിലല്ല; അത് സാധാരണ മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന അന്തസ്സിലും ആത്മവിശ്വാസത്തിലും സാമ്പത്തിക ആശ്വാസ ത്തിലുമാണ് പ്രതിഫലിക്കുന്നത്.
സൗജന്യ ടിക്കറ്റുമായുള്ള സീമയുടെ ചിത്രം അവരുടെ സമ്മതത്തോടെ ഇവിടെ പങ്കുവെക്കുന്നു. ആ ടിക്കറ്റിൽ ഞാൻ കണ്ടത് യാത്രാഅവകാശം മാത്രമല്ല, ജീവിതം കുറച്ചുകൂടി  സുരക്ഷിതമാകുമെന്ന  പ്രതീക്ഷയുടെ ഇളം  പുഞ്ചിരികൂടിയാണ്

ഡോ.ബി.ഇക്‌ബാൽ  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.