ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചുവരെ ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിന്റെ വിവിധ കമ്മറ്റികളുടെയും നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും സംയുക്ത പ്രവർത്തക യോഗം ജൂൺ 20 ശനിയാഴ്ച വൈകിട്ട് നാലരമണിക്ക് സെലിബ്രേഷൻ ചർച്ചിൽ വച്ച് നടക്കുമെന്ന് ലോക്കൽ കൺവീനർ പാസ്റ്റർ ജിജു ഉമ്മൻ അറിയിച്ചു. സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പതിനഞ്ചോളം സബ് കമ്മിറ്റികളുടെ കൺവീനർമാരും കമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്ത് പ്രവർത്തന അവലോകനം നടത്തും. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി ഡോ ബിജു ചെറിയാൻ അവതരിപ്പിക്കും. വോളണ്ടിയേഴ്സ് ഉൾപ്പെടെയുള്ള ഗ്രൗണ്ട് സപ്പോർട്ടിംഗ് ടീമിന് ആവശ്യമായ നിർദ്ദേശങ്ങൾ യോഗത്തിൽ വച്ച് നൽകും. കോൺഫറൻസിന്റെ അവസാനഘട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി നാഷണൽ സെക്രട്ടറി സാം മാത്യു അറിയിച്ചു. ലോഡ്സൺ ആന്റണി നേതൃത്വം നൽകുന്ന നാഷണൽ കൊയറിനോടൊപ്പം ചിക്കാഗോയിലുള്ള ടീമും പങ്കെടുക്കും. ഷെർലി ചിക്കാഗോ രചിച്ച തീം സോങ്ങും വർഗീസ് സാമുവൽ രചിച്ച സ്പെഷ്യൽ സോങ്ങും കോൺഫറൻസിൽ അവതരിപ്പിക്കാനായിട്ടുള്ള പരിശീലനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ രജിസ്ട്രേഷനിൽ വലിയ പുരോഗതി ഉണ്ടായതായി നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ അറിയിച്ചു. രജിസ്ട്രേഷൻ കൗണ്ടറിലെ വൻ തിരക്ക് ഒഴിവാക്കുവാൻ നേരത്തെ തന്നെ പണം അടച്ച് പേരുകൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കേ സ്റ്റീഫൻസൺ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും ഡോക്ടർ സതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ഇംഗ്ലീഷ് സെഷന് ഡോ ജോനാഥാൻ ജോർജും ലേഡീസ് സെഷന് സിസ്റ്റർ ജീന വിൽസനും നേതൃത്വം നൽകും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യ, കാനഡ, യൂറോപ്പ്, ഗൾഫ് എന്നീ രാജ്യങ്ങളിൽ നിന്നുമായി വൻജനക്കൂട്ടത്തെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.


കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ

