മേക്കപ്പ് മാൻമാർ അദ്ദേഹത്തിന് വേണ്ടിയാണ് കാത്തിരുന്നിട്ടുള്ളത്, അല്ലാതെ അവസരം ഇല്ലെന്ന് പറഞ്ഞ് സഹതാരങ്ങളുടെ വീട്ടിൽ പോയി കരയേണ്ട ഗതികേട് അദ്ദേഹത്തിന് ഉണ്ടായിട്ടില്ല, ഖബറിനുള്ളിൽ അടക്കും വരെ അദ്ദേഹം സമ്പന്നൻ തന്നെയായിരുന്നു!
നിത്യ ഹരിത നായകൻ പ്രേം നസീറിനെ കുറിച്ച് നടൻ ടിനി ടോം പറഞ്ഞ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു.
വിഷയത്തിൽ ടിനി ടോമിന് എതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ടിനി ടോമിന്റെ വാക്കുകളോട് പ്രതികരിച്ചു പ്രേം നസീറിനെ കുറിച്ച് സിദ്ധു പനക്കൾ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
മേക്കപ്പ് മാൻമാർ അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ട് എന്നല്ലാതെ മേക്കപ്പിട്ട് സഹതാരങ്ങളുടെ വീട്ടിൽ പോയി അവസരമില്ലെന്നു കരയേണ്ട ഒരു ഗതികേട് അദ്ദേഹത്തിനുണ്ടായിട്ടില്ല. കാട്ടുമുറാക്കൽ ജുമാ മസ്ജിദിന്റെ ഖബറിനുള്ളിൽ അടക്കും വരെ അദ്ദേഹം സമ്പന്നൻ തന്നെയായിരുന്നു. തുടർന്നും അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം മറ്റുള്ളവരെ സഹായിച്ച കാശുണ്ടെങ്കിൽ കേരളം മുഴുവൻ വാങ്ങാമായിരുന്നു എന്ന് പല പ്രമുഖരും പറയുന്നത് ഇന്നും നിങ്ങൾക്ക് യൂട്യൂബിൽ ലഭ്യമാണ് എന്നും സിദ്ധു പറയുന്നു.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു സിദ്ധുവിന്റെ വാക്കുകൾ. പോസ്റ്റിന്റെ പൂർണ രൂപം-
പ്രേം നസീർ ഈ പേര് മലയാളിയുടെ ഒരു വികാരമാണ്. രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ, അങ്ങിനെ ഒരാൾ നസീർ സാറിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അത് തികച്ചും തെറ്റാണ്.
മേക്കപ്പ് മാൻമാർ അദ്ദേഹത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ട് എന്നല്ലാതെ മേക്കപ്പിട്ട് സഹതാരങ്ങളുടെ വീട്ടിൽ പോയി അവസരമില്ലെന്നു കരയേണ്ട ഒരു ഗതികേട് അദ്ദേഹത്തിനുണ്ടായിട്ടില്ല. കാട്ടുമുറാക്കൽ ജുമാ മസ്ജിദിന്റെ ഖബറിനുള്ളിൽ അടക്കും വരെ അദ്ദേഹം സമ്പന്നൻ തന്നെയായിരുന്നു. തുടർന്നും അദ്ദേഹത്തിന്റെ കുടുംബവും. അദ്ദേഹം മറ്റുള്ളവരെ സഹായിച്ച കാശുണ്ടെങ്കിൽ കേരളം മുഴുവൻ വാങ്ങാമായിരുന്നു എന്ന് പല പ്രമുഖരും പറയുന്നത് ഇന്നും നിങ്ങൾക്ക് യൂട്യൂബിൽ ലഭ്യമാണ്. മുൻപ് എഴുതിയിട്ടുള്ളതാണെങ്കിലും ഇത് ഒന്നുകൂടി പോസ്റ്റ് ചെയ്യണം എന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരിക്കുന്നു.
എന്റെ വളരെ കാലത്തെ ആഗ്രഹമായിരുന്നു ഈ പുണ്യഭൂമിയിൽ വരണം എന്നത്. ഇവിടെ ഇങ്ങനെ നിൽക്കണം എന്നത്. പ്രാർത്ഥിക്കണം എന്നത്. S അബ്‌ദുൾഖാദർ ആയി ജന്മമെടുക്കുകയും, പ്രേം നസീറായി ലോകത്തോളം വളരുകയും, ജനപ്രിയനായി സ്വർഗം പൂകുകയും ചെയ്ത ഈ ചിറയിൻകീഴുകാരൻ ജനിച്ച മണ്ണിൽ.. ഒടുവിൽ ഒരു ജനതയെ മുഴുവൻ തീരാദുഃഖത്തിലാഴ്ത്തി അദ്ദേഹം നിത്യതയിലേക്കു മറഞ്ഞ ഈ കാട്ടുമുറാക്കൽ ജുമാമസ്ജിദിന്റെ മുറ്റത്ത് ഒരിക്കൽ എത്തണമെന്നത് എന്റെ മോഹമായിരുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ സിനിമകളിലെ നായകൻ, ഒരു നായികയോടൊപ്പം 110 ൽ കൂടുതൽ സിനിമകൾ. 100 ഓളം സിനിമകൾ ഒരു സംവിധായകനോടൊപ്പം, സഹപ്രവർത്തകർക്ക്.. സഹജീവികൾക്ക് കടലോളം കാരുണ്യം ചൊരിഞ്ഞുകൊടുത്ത മനുഷ്യസ്നേഹി.അങ്ങനെ ലോകറെക്കോർഡുകളും വിശേഷണങ്ങളും ഏറെയുള്ള നസീർ സാറിന് തിലകക്കുറിയായി പദ്മഭൂഷണും. ഒരുപക്ഷെ ഇനിയൊരിക്കലും ആരാലും തിരുത്തപ്പെടാൻ ഇടയില്ലാത്ത ബഹുമതികളുടെ കൂട്ടുകാരൻ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ എത്തിപ്പെടുക എന്നത് തീർച്ചയായും അനുഗ്രഹമാണ് .
പത്രപ്രവർത്തകനായ PK ശ്രീനിവാസൻ സാർ എഴുതിയിട്ടുണ്ട്, കോടമ്പാക്കത്തെ ശിവൻകോവിൽ തെരുവിലെ 61 ആം നമ്പർ വീട്ടിൽ താമസിക്കുന്ന "കൃഷ്ണകുചേല " സിനിമയിൽ കുചേലനായി അഭിനയിച്ച മുത്തയ്യ സാറിനെ കാണാൻ അദ്ദേഹത്തിന്റെ അവശനാളുകളിൽ അവസാന കാലങ്ങളിൽ അതെ സിനിമയിൽ ശ്രീകൃഷ്ണനായി അഭിനയിച്ച നസീർ സാർ മാസത്തിൽ ഒരിക്കൽ എത്തുമായിരുന്നു എന്ന്. സുഹൃത്തിനെ തിരിച്ചറിയാൻ പോലും കഴിവില്ലാതെ ഓർമ നഷ്ടപെട്ട മുത്തയ്യ സാറിനെ കണ്ടു മരുന്നിനും ചിലവിനുമുള്ള പൈസ അദ്ദേഹത്തിന്റെ ഭാര്യയെ ഏല്പിച്ചാണ് ശ്രീകൃഷ്ണൻ മടങ്ങുക.വിധിയുടെ വിളയാട്ടമാകാം കുചേലന് മുന്നേ ദൈവം ശ്രീകൃഷ്ണനെ തിരിച്ചു വിളിച്ചു. മാസം തോറുമുള്ള വരുമാനം നിലച്ചല്ലോ എന്ന് മുത്തയ്യസാറിന്റെ ഭാര്യ സങ്കടപ്പെട്ടു. പക്ഷെ 75 ആം വയസിൽ കുചേലൻ മരിക്കുന്നത് വരെ മഹാലിംഗപുരത്തു നിന്നുള്ള ശ്രീകൃഷ്ണന്റെ പെൻഷൻ ദൂതൻ മുഘേന കൃത്യമായി ശിവൻകോവിൽ തെരുവിലെത്തി എന്ന് ശ്രീനിവാസൻ സാർ തുടർന്നെഴുതുന്നു.
ഇതിനെപ്പറ്റി ഞാൻ ഷാനവാസ് ഇക്കയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഡാഡി ചെയ്തിരുന്ന ഇതുപോലുള്ള കാര്യങ്ങൾ അതാത് ആളുകളുടെ മരണം വരെ താൻ തുടർന്നിരുന്നു എന്നാണ്. മുത്തയ്യ സാറിന്റെ ദുരന്തം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മകനായിരുന്നു എന്നാണ് ശ്രീനിവാസൻ സാർ പറയുന്നത്. കുടിയനായ, മുടിയനായ ദൂർത്തനായിരുന്നു ആ മകൻ.മകൻ വീട്ടിലേക്ക് വരുന്നുണ്ടെന്നറിഞ്ഞാൽ നെഞ്ചത്ത് കൈ വെക്കുന്ന അച്ഛനും അമ്മയും.
ഇതും ആദ്യം തിരിച്ചറിഞ്ഞത് നസീർ സാർ.മകന്റെ ശല്യത്തിൽ നിന്ന് അച്ഛനെ രക്ഷിക്കാൻ മകനൊരു പ്രസ്സ് വാങ്ങിക്കൊടുത്തു നസീർ സാർ. വൈകാതെ അതും വിറ്റുതുലച്ചു കുടിച്ചു മുടിച്ചു ആ മകൻ.
സിനിമയുടെ ബാലാരിഷ്ടതകൾ നിറഞ്ഞ ആദ്യകാലങ്ങളിൽ ഒരു സമൂഹത്തെയൊന്നാകെ സിനിമാ കൊട്ടകകളിലേക്കു ആകർഷിച്ചതിൽ പ്രേം നസീർ എന്ന നിത്യഹരിത നായകന് വലിയപങ്കുണ്ട്.തകിലുകൊട്ടാമ്പുറം സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് നസിർ സാർ പുറത്തുവരുന്നു. അദ്ദേഹത്തിന് കൊടുക്കാനുള്ള ബാലൻസ് എമൗണ്ട് തീർത്തു കൊടുത്തു. ഇറങ്ങാൻ നേരം അദ്ദേഹം സംവിധായകൻ ബാലു സാറിനെ വിളിച്ചു. (ബാലു കിരിയത് )ബാലു നാളെ രാവിലെ 11 മണിക്കാണ് എന്റെ ഫ്ലൈറ്റ്. 9 മണിക്ക് ഞാൻ ഇറങ്ങും രാവിലെ പ്രൊഡ്യൂസറേയും കൂട്ടി ഹോട്ടലിലേക്ക് വരണം.
ശമ്പളമെല്ലാം തീർത്തു കൊടുത്തതാണല്ലോ. എന്താണാവോ. ചെറിയൊരു വേവലാതിയോടെ ബാലുസാറും പ്രൊഡ്യൂസറും അമൃത ഹോട്ടലിലെത്തി. 25000 രൂപ എടുത്തു തിരികെ കൊടുത്തിട്ട് നസീർ സാർ പറഞ്ഞു നിങ്ങൾ എന്റെ 20 ദിവസം വാങ്ങിയിരുന്നു. 14 ദിവസം കൊണ്ട് എന്റെ വർക്ക് തീർന്നു. ബാക്കി 6 ദിവസം ഞാൻ മറ്റൊരു പ്രൊഡ്യൂസർക്ക് കൊടുത്തു കാശുവാങ്ങി. അപ്പോൾ പിന്നെ നിങ്ങളുടെ പൈസ എന്തിനാണ് എനിക്ക്. തിരുവനന്തപുരത്തു തിരുമല എന്ന സ്ഥലത്ത് സെന്റിന് 150 രൂപ വിലയുള്ള കാലത്താണ് ഇതെന്ന് ബാലു സാർ പ്രത്യേകം ഓർമപ്പെടുത്തുന്നു.
ബാലു സാർ മറ്റൊന്ന് കൂടി പറയുന്നുണ്ട് ബാലു സാറിന്റെ സെറ്റിലേക്ക് ഒരു ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ വി ആർ ഗോപാലകൃഷ്ണൻ എത്തി. രാത്രി അദ്ദേഹത്തിന് ചെറിയൊരു അസ്വസ്ഥത തോന്നിയപ്പോൾ ബാലു സാറും മറ്റുള്ളവരും അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. സിനിമാക്കാരാണെന്നു അറിഞ്ഞപ്പോൾ അവിടത്തെ ലേഡി ഡോക്ടർ വളരെ ആവേശത്തോടെ നസീർ സാറിനെ പറ്റി സംസാരിക്കാൻ തുടങ്ങി. അവരെ പഠിപ്പിച്ച ഡോക്ടറാക്കിയത് നസീർ സാർ ആയിരുന്നത്രേ.
ബാലു സാർ ഇങ്ങനെ തുടരുന്നു. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിൽ ഷാനവാസിന്റെ വിവാഹസൽക്കാരം നടക്കുകയാണ് .k കരുണാകരൻ അടക്കം എല്ലാ മേഘലകളിലെയും പ്രശസ്തരും പ്രഗൽഭരും സാധാരണക്കാരും അടങ്ങുന്ന പ്രൗഢഗംഭീര സദസ്. അപ്പോൾ T S സുരേഷ് ബാബുവിന്റെ അച്ഛനും എവർഷൈൻ ന്റെ മാനേജരും കൂടി നസീർ സാറിനെ സമീപിച്ചു. തിരുവനന്തപുരത്തെ കോളനികളിൽ നിന്ന് 1000 ത്തോളം ആളുകൾ ഇവിടെ കയറിയിട്ടുണ്ട്. അവർ ഭക്ഷണം കഴിക്കുകയാണ്. അതിന് സാർ നൽകിയ മറുപടി. അവർ ഭക്ഷണം കഴിക്കാൻ വന്നതല്ല ഞങ്ങളെ കാണാൻ വന്നതാണ്.കൂട്ടത്തിൽ ഭക്ഷണം കഴിക്കുന്നു എന്നേ ഉള്ളു. ഞാൻ 4000 ബിരിയാണി കരുതിയിട്ടുണ്ട് അത് അവർക്കും കൂടി ഉള്ളതാണ്. അവർ ടിക്കറ്റ് എടുത്തു സിനിമകണ്ടാണ് ഞങ്ങൾ വളർന്നതും വലുതായതും. ആ മനസുനോക്കു എന്ന് പറഞ്ഞാണ് ബാലുസാർ സംസാരം അവസാനിപ്പിക്കുന്നത്.
നിർമാതാവ് ജയ്മാരുതിയുടെ വാസു സാർ (TE വാസുദേവൻ )പറയുന്നതിങ്ങനെയാണ്. നസീറിന് ഒരു സ്വഭാവമുണ്ട് താൻ അഭിനയിച്ച സിനിമകൾ റിലീസ് ആകുമ്പോൾ തീയേറ്ററുകളിൽ നേരിട്ട് വിളിച്ചു വിജയ പരാജയങ്ങളെ പറ്റി തിരക്കാറുണ്ട് നസീർ. ജയ്മാരുതിയുടെ "സത്യഭാമ " റിലീസ് ആയി. അത്ര ആശാവഹമല്ല നസീറിന് കിട്ടിയ റിപ്പോർട്ടുകൾ. ഒരു ദിവസം അദ്ദേഹം എന്റെ ഓഫീസിൽ വന്നു. സാർ പടം വിചാരിച്ചപോലെ പോകുന്നില്ല അല്ലെ വിഷമിക്കണ്ട സാറിന്റെ അടുത്ത പടത്തിൽ എനിക്ക് പറ്റിയ വേഷം ഉണ്ടെന്നു തോന്നുകയാണെങ്കിൽ പ്രതിഫലം തരേണ്ടി വരുമല്ലോ എന്നോർത്ത് എന്നെ വിളിക്കാതിരിക്കരുത്. സാറിന്റെ ഇഷ്ടംപോലെ തരുന്ന പ്രതിഫലത്തിന് അഭിനയിക്കാൻ ഞാൻ തയ്യാറാണ്. വാസുസാർ തുടരുന്നതിങ്ങനെയാണ് 50 ൽ അധികം സിനിമകൾ എടുത്ത എന്നോട് ഒരു നടനോ നടിയോ ഇതുപോലെ പറഞ്ഞിട്ടില്ല മിസ്റ്റർ നസീർ അല്ലാതെ.
ഇത് ഒരു വാസുസാറിന്റെ മാത്രം അനുഭവമല്ല . തളരുമ്പോൾ താങ്ങാൻ ഞാനുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിച്ചു കൊടുത്ത ആളാണ് നസീർ സാർ.നിർമാതാവ് RS പ്രഭു സാർ ഹോട്ടൽ മുറിയിൽ അസ്വസ്ഥനായി ഇരിക്കുകയാണ്. ഷൂട്ടിംഗ് നടക്കുന്നു. വിതരണക്കാരിൽ നിന്ന് എത്തേണ്ട തുക എത്തിയിട്ടില്ല. ഇനിയും പണം എത്തിയില്ലെങ്കിൽ കുഴയുമല്ലോ ദൈവമേ എന്നോർത് ഒരു എത്തും പിടിയും കിട്ടാതിരിക്കുമ്പോൾ പടത്തിലെ ഹീറോ നസീർ സാറിന്റെ വിളിവരുന്നു. റൂമിൽ എത്തിയ പ്രഭു സാറിനോട് സാമ്പത്തീകമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് നസീർ സാറിന്റെ ചോദ്യം. പറയാൻ മടിച്ച പ്രഭു സാറിന് പെട്ടിതുറന്നു 10000 രൂപയെടുത്തു കൊടുത്തിട്ട് തല്ക്കാലം ഉള്ള പ്രശ്നങ്ങൾ പരിഹരിക്കു എന്ന് പറഞ്ഞു. രൂപ വാങ്ങി തിരിഞ്ഞു നടന്ന പ്രഭുസറിനെ ഒരു കാര്യം കൂടി ഓർമിപ്പിച്ചു നസീർ സാർ 10000 കൂടി ഇരിപ്പുണ്ട് അത്യാവശ്യം ഉണ്ടെങ്കിൽ വരൂ. ഈ മനുഷ്യനെ എങ്ങിനെയാണ് വിശേഷിപ്പിക്കേണ്ടത്.
രണ്ടും മൂന്നും ലക്ഷം രൂപയ്ക്കു സിനിമ തീരുന്ന ഒരു കാലഘട്ടത്തിൽ 10000 രൂപക്ക് ഇന്നത്തെ മൂന്ന് കോടി രൂപ മതിപ്പുണ്ടാകും.കിട്ടുന്ന സന്ദർഭങ്ങളിൽ ഒക്കെ നസീർ സാറിനെ കുറ്റം പറയുകയും അഭിനയത്തെ പുഛിക്കുകയും ചെയ്തിട്ടുള്ള ഒരു സിനിമാ പ്രവർത്തകന് മാരകമായ അസുഖം പിടിപെടുകയും വലിയൊരു തുക ചികിത്സാ ചിലവിന് ആവശ്യം വരികയും ചെയ്തു. ചികിത്സാ സഹായം സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തീരുമാനിച്ചു. കിട്ടുന്ന തുകയൊന്നും പോരാതെവന്നു. ഭീമമായ തുക ഇനിയും വേണം. ഒടുവിൽ അല്പം ചമ്മലോടെ ആണെങ്കിലും നസീർ സാറിനെ സമീപിക്കാൻ അവർ തീരുമാനിച്ചു. എന്നും തന്നെ ശത്രുപക്ഷത്തു നിർത്തിയിട്ടുള്ള ആളാണെന്നു അറിയാമായിരുന്നിട്ടുകൂടി വലിയൊരു തുക ചികിത്സാഫണ്ടിലേക്ക് നൽകാൻ നസീർസാർ മനസുകാണിച്ചു എന്ന് സൂര്യാകൃഷ്ണമൂർത്തി സാർ പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.കൃഷ്ണമൂർത്തി സാറും നസീർ സാറിനെ കാണാൻ പോയ സംഘത്തിലെ അംഗമായിരുന്നു..
മലയാള ചലച്ചിത്ര പരിഷത്തിലെ ഓഫീസ് ബോയ് എന്ന നിലയിൽ പ്രസിഡണ്ട് ആയ നസീർ സാറുമായി അടുത്തിടപഴകാൻ കഴിഞ്ഞത്, ആ വാത്സല്യം അനുഭവിക്കാൻ കഴിഞ്ഞത്, ഓണത്തിനും പെരുന്നാളിനും അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞത്, ഷാനവാസ് ഇക്കയുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞത്, അതിന്നും തുടരാൻ കഴിയുന്നത് എല്ലാം സന്തോഷകരമായ ഓർമ്മകളാണെങ്കിൽ.അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങൾ ഫാസിൽ സാർ, തമ്പികണ്ണന്താനം സാർ, കൊച്ചിൻ ഹനീഫസർ, പ്രൊഡ്യൂസർ വാളക്കുഴി ഔസേപ്പച്ചൻ സാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബാബു ഷാഹിർ തുടങ്ങിയവരോടൊപ്പം വിജയഹോസ്പിറ്റലിലെ ICU വിൽ കയറി കാണാൻ കഴിഞ്ഞത് ശപിക്കപ്പെട്ട നിമിഷമായും ഞാൻ കരുതുന്നു.
വലതുകൈ കൊടുക്കുന്നത് ഇടതുകൈ മാത്രമല്ല സ്വന്തം വീട്ടുകാർ പോലും അറിയരുതെന്ന വിശ്വാസക്കാരനായിരുന്നു നസീർ സാർ. നിർദ്ധന കുടുംബങ്ങളിലെ മിടുക്കരായ കുട്ടികളെ, ആരെന്നുപോലും നേരിട്ടറിയാത്തവരെ, സഹായം അഭ്യർത്ഥിച്ചു വരുന്ന കത്തുകളിലൂടെ മാത്രം പരിചയം ഉള്ള എത്രയോ പേരെ പഠിപ്പിച്ചു ഡോക്ടർ മാരും എഞ്ചിനിയർ മാരും ആക്കിയിരിക്കുന്നു നസീർ സാർ..
അദ്ദേഹം ചെയ്ത സഹായങ്ങളുടെ ലക്ഷത്തിൽ ഒരംശം പോലും വരില്ല ഞാൻ ഇപ്പോൾ എഴുതിയത്.
അശരണർക്ക് ആശ്രയമായി സ്വാന്ത്വനമായി ജീവിച്ച ഈ മനുഷ്യനോട് ദൈവത്തിനു പോലും അസൂയ തോന്നിക്കാണണം. ജനങ്ങൾ തന്നെ മറന്നുപോകുമോ എന്ന ഭയം കൊണ്ടാവാം 63 ആം വയസിൽ ദൈവം ആ നന്മമരത്തെ തിരിച്ചു വിളിച്ചത്..
ആ കരം സ്പർശിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇപ്പോൾ ഇവിടെ ഈ മീസാൻകല്ലിൽ തൊട്ട് നിൽക്കുമ്പോൾ ആ കയ്യിന്റെ മൃദുലത എനിക്കനുഭവിക്കാനാകുന്നുണ്ട് , ആ ശബ്ദം എനിക്ക് കേൾക്കാനാവുണ്ട്, ആ പുഞ്ചിരി എനിക്ക് കാണാനാവുന്നുണ്ട്, ആ സാമിപ്യം എനിക്കറിയാനാവുന്നുണ്ട് അതുകൊണ്ട് തന്നെ എന്റെ കണ്ണുകൾ നിറയുന്നത് എനിക്കനുഭവപ്പെടുന്നുമുണ്ട്

