PRAVASI

ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് ഹൃദയം നിറഞ്ഞ ആശംസകൾ

Blog Image

കേരള രാഷ്ട്രീയത്തിൽ പുതിയൊരു ഭരണാധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ അഡ്വ. മോൻസ് ജോസഫ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. മുന്നണിയിലെ തർക്കങ്ങൾക്കൊടുവിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിച്ച സുപ്രധാനമായ ജലവിഭവം, ഉൾനാടൻ ജലഗതാഗതം, രജിസ്ട്രേഷൻ വകുപ്പുകളുടെ അമരക്കാരനായാണ് പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായ മോൻസ് ജോസഫ് ഇന്ന് ചുമതലയേറ്റത്. വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയും നിരന്തരമായ ജനകീയ സമരങ്ങളിലൂടെയും വളർന്നുവന്ന്, കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച് രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവിന്റെ മന്ത്രിപദവിയിലേക്കുള്ള രണ്ടാം വരവുകൂടിയാണിത്. കോട്ടയം ജില്ലയിലെ മുളക്കുളം ഗ്രാമപഞ്ചായത്തിൽ ഒ. ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മൂത്തമകനായി ജനിച്ച മോൻസ് ജോസഫ്, സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തലയോലപ്പറമ്പ് ഡി.ബി കോളേജിലും കോട്ടയം ബെസേലിയോസ് കോളേജിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം ബെസേലിയോസ് കോളേജ് യൂണിയൻ ചെയർമാനായും ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയരംഗത്ത് സജീവ സാന്നിധ്യമാകുന്നത്. തുടർന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും നേടിയ അദ്ദേഹം 1995-96 കാലഘട്ടത്തിൽ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.

കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.സി.യുടെ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെയുള്ള വിവിധ പദവികളും, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ്, പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു. നിലവിൽ കേരള കോൺഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ പാർലമെന്ററി കരിയർ ആരംഭിക്കുന്നത് 1996 ലാണ്. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ പത്താം കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായിരുന്നു അഡ്വ. മോൻസ് ജോസഫ്. അതിനുശേഷം 2006, 2011, 2016, 2021, 2026 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി വിജയം കൈവരിച്ച അദ്ദേഹം, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുപ്പത്തിയൊന്നായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആറാം തവണയും ചരിത്രവിജയം നേടിയത്. കടുത്തുരുത്തി നിയോജക മണ്ഡലത്തിന് ചരിത്രത്തിൽ ആദ്യമായി ഒരു മന്ത്രിസ്ഥാനം സമ്മാനിച്ചുകൊണ്ട് 2007-2009 കാലഘട്ടത്തിൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അദ്ദേഹം മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചു. മന്ത്രിയായിരുന്ന ചുരുങ്ങിയ കാലയളവിൽ മുടങ്ങിക്കിടന്നിരുന്ന തിരുവനന്തപുരം നഗരവികസന പദ്ധതി, എം.സി റോഡ് വികസനം, കെ.എസ്.ടി.പി റോഡ് വികസനം, ദേശീയപാതാ വികസനം എന്നിവ പുനരാരംഭിക്കാനും നിരവധി റെയിൽവേ മേൽപ്പാലങ്ങളും റോഡുകളും പൂർത്തിയാക്കാനും അദ്ദേഹത്തിന് സാധിച്ചു. കേന്ദ്രസർക്കാരുമായി നിലനിന്നിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സ്റ്റേറ്റ് സപ്പോർട്ട് അഗ്രിമെന്റിൽ ഒപ്പുവെച്ചുകൊണ്ട് ദേശീയപാതാ വികസനത്തിലെ പ്രതിസന്ധി മാറ്റിയതും പൊതുമരാമത്ത് വകുപ്പിൽ 'മാന്വൽ പരിഷ്കരണം' നടപ്പാക്കാൻ സുപ്രധാന തീരുമാനമെടുത്തതും ഭരണരംഗത്തെ അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളായി വിലയിരുത്തപ്പെടുന്നു.

ഭരണരംഗത്ത് മാത്രമല്ല, നിയമസഭാ സമിതികളുടെ തലപ്പത്തും പ്രതിപക്ഷ നിരയിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. കേരള നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി, സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച കമ്മിറ്റി, പേപ്പേഴ്സ് ലെയ്ഡ് കമ്മിറ്റി എന്നിവയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി ഉൾപ്പെടെയുള്ള വിവിധ സമിതികളിൽ അംഗമായിരുന്നു. ഇതിനുപുറമേ 2021-26 കാലയളവിൽ നിയമസഭയിലെ പ്രതിപക്ഷ ചീഫ് വിപ്പായും യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാൻ, യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി അംഗം എന്നീ നിലകളിലും അദ്ദേഹം ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു. വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റ് പടിക്കൽ എട്ട് ദിവസത്തെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചതുൾപ്പെടെ നിരവധി ശ്രദ്ധേയമായ ജനകീയ സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. കേരള ജനതയുടെ സുരക്ഷയ്ക്കായി മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിലെ ചപ്പാത്തിൽ ആറ് ദിവസമാണ് അദ്ദേഹം നിരാഹാര സത്യാഗ്രഹം നടത്തിയത്. കൂടാതെ, റബ്ബർ വിലയിടിവിൽ പ്രതിഷേധിച്ച് റബ്ബറിന്റെ താങ്ങുവില മുന്നൂറ് രൂപയായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരെ അണിനിരത്തി കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് 2024-ൽ നടത്തിയ "റബ്ബർ കർഷക ലോംഗ് മാർച്ച്" കേരളം ഏറെ ചർച്ച ചെയ്ത ഒരു കർഷക പ്രക്ഷോഭമായിരുന്നു.

കടുത്തുരുത്തി മണ്ഡലത്തിലെ 11 പഞ്ചായത്തുകളുടെയും സമഗ്രവികസനത്തിനായി അനേകം കർമ്മപദ്ധതികൾ ആവിഷ്കരിക്കുകയും പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വികസന പദ്ധതികളും യാഥാർത്ഥ്യമാക്കുകയും ചെയ്ത അദ്ദേഹം, ജനങ്ങളുടെ ഏതൊരാവശ്യത്തിനും വിളിപ്പുറത്തെത്തുന്ന മാതൃകാ ജനപ്രതിനിധിയാണ്. ജാതിമത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങളുടെ വലിയ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞ അദ്ദേഹത്തിന് നിയമസഭാ പ്രവർത്തന മികവിനായി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന്റെ നേതൃത്വത്തിൽ മുന്നോട്ടുവെച്ച വികസന ആശയങ്ങൾ കേരളമെമ്പാടും പ്രചരിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മോൻസ് ജോസഫ്, പുതിയ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതൽ കരുത്ത് പകരുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്ന് ഔദ്യോഗികമായി ഭരണമേറ്റെടുത്ത ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിന് ഹൃദയം നിറഞ്ഞ ആശംസകൾ!

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.