സത്യത്തിൽ കേരളത്തിലെ ഒരു സ്റ്റീരിയോ ടൈപ്പ് രാഷ്ട്രീയക്കാർ എല്ലാം ഇഷ്ട്ടം പോലെ കാശ് ഉണ്ടാക്കുന്നു എന്നാണ്. കാരണം അവരിൽ പലരും പൊതുവിൽ നല്ല വസ്ത്രം ധരിച്ചു കാറിൽ പോകുന്നു. നല്ല വീട്. കണ്ടാൽ കുഴപ്പം ഇല്ല.
അതു പോലെ പലരും വിചാരിക്കുന്നത് മന്ത്രിയൊ മുഖ്യമന്ത്രിയൊ ഒക്കെ ആയാൽ ഇഷ്ട്ടം പോലെ ശമ്പളവും കിമ്പളം കിട്ടും. പിന്നേ കോടികൾ കാണും എന്നൊക്കെയാണ്.
ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ തിരെഞ്ഞെടുപ്പ് ഡിക്ലെറേഷൻ നോക്കിയാൽ അറിയാം അവസ്ഥ. ആയാൾ 54 പേർക്ക് വീട് നൽകാൻ സഹായം പലയിടത്തു നിന്ന് അഭ്യർത്ഥിച്ചു. പക്ഷെ ആയാൾ വാടക വീട്ടിലാണ്.
യഥാർത്ഥത്തിൽ മുഴുവൻ സമയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർ എങ്ങനെ ജീവിക്കുന്നു എന്നത് ഒരു അത്ഭുതമാണ്.
കേടർ പാർട്ട്കളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു ചെറിയ തുക കിട്ടും. അല്ലെങ്കിൽ വീട്ടിൽ ഒരാൾക്ക് ജോലി.
പക്ഷെ കോൺഗ്രസിലും ലീഗിലും കേരള കോൺഗ്രെസ്സിൽ ഒന്നും ചില്ലി കാശ് കിട്ടില്ല. ഭൂരിപക്ഷം പേരും റോൾ ചെയ്തു റോൾ ചെയ്തു എങ്ങനെയൊക്കെയൊ ജീവിക്കുന്നു. ദൂര കാഴ്ച്ചയിൽ കുഴപ്പം ഇല്ല. കടം ഒന്നും ആരും അറിയുകയും ഇല്ല.
യഥാർത്ഥത്തിൽ
രാഷ്ട്രീയ അധികാരത്തിൽ കാശ് ഉണ്ടാക്കിയവർ 10% പോലും കാണില്ല.
ഒരു എം ൽ എ യൊ എം പി യൊ ആണെങ്കിൽ പോലും കിട്ടുന്നതിൽ കൂടുതൽ ചിലവാണ് എന്നതാണ് വസ്തുത. പലരും തിരെഞ്ഞെടുപ്പ് ചിലവിന് വാങ്ങിയ കടങ്ങൾ ശമ്പളം കൊണ്ട് തീരുന്നത് അല്ല.
ഞാൻ രാഷ്ട്രീയത്തെ ഇപ്പോൾ വളരെ അടുത്ത് നിന്ന് കാണുന്ന ഒരാളാണ്. സത്യത്തിൽ എല്ലാമുണ്ടന്നു നമ്മൾക്ക് ദൂര കാഴ്ച്ചയിൽ തോന്നുന്നു പലരും വൻ കടത്തിൽ ഇങ്ങനെ റോൾ ചെയ്തു റോൾ ചെയ്തു പോകുന്നു എന്നേയുള്ളു.വീടുകൾക്ക് ജപ്തി നോട്ടീസ് ഉള്ള പലരേയും നേരിട്ട് അറിയാം.കോടികൾ കടം ഉള്ള എം ൽ എ മാരെയും എം പി മാരെയും അറിയാം.
തിരെഞ്ഞെടുപ്പിനു നിന്ന കോടികൾ കടം തീർക്കാൻ വസ്തുക്കൾ വിറ്റ ഒരുപാട് പേരെ അറിയാം. വീട് മോർട്ഗേജ് ചെയ്തു കടം വീട്ടുന്നവർ. വീട് ജപ്തി നോട്ടീസ് വരുന്നവർ.
പലപ്പോഴും മരിച്ചു കഴിയുമ്പോഴാണ് വീട്ടുകാർ പോലും നേതാവിന് ദിശ ലക്ഷങ്ങളുടെയൊ കോടികളുടെയൊ കടമുണ്ടന്ന് അറിയുന്നത്.
മുനീർ സുഹൃത്താണ് നല്ല മനുഷ്യൻ. രാഷ്ട്രീയത്തിൽ കൂടെ കാശ് ഉണ്ടാക്കിയില്ല. സത്യത്തിൽ ഡോക്ടർ ആയ അദ്ദേഹം ആയ കാലത്തു ഒരു നല്ല ക്ലിനിക് തുടങ്ങി ഒരു ദിവസം അഞ്ചു മണിക്കൂർ ചിലവാഴിച്ചാൽ അതു ഇന്ന് നല്ല ഹോസ്പിറ്റൽ ആകുമായിരുന്നു. ഒരു ഇൻകം സ്ട്രീമ് ഇല്ലാതെ റോൾ ചെയ്തു ചെയ്തു പോയതാണ് പ്രായമായപ്പോൾ ജപ്തി നോട്ടീസ് വന്നത്.അദ്ദേഹം ഇന്ത്യ വിഷനും ഒലിവ് പബ്ലിഷിങ് ഒക്കെ നടത്തി കടം കൂടി എന്നതിൽ കവിഞ്ഞു ഒന്നും സംഭവിച്ചില്ല.
എന്റെ അച്ഛൻ ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ച പാഠം കടം എടുക്കരുത്. കടം കൊടുക്കരുത്. ഞാൻ കടം എടുത്തില്ല. കടം കൊടുത്തു. പക്ഷെ അതു വാങ്ങിയ പലരും അങ്ങനെ ഒരു കാര്യം പോലും സംഭവിച്ചില്ല എന്ന മട്ടിൽ കൂൾ ആയി പോകുന്നു. അതിൽ പിന്നേ കടം കൊടുക്കുന്നതും നിർത്തി. പ്രതേകിച്ചു രാഷ്ട്രീയക്കാർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും
രാഷ്ട്രീയത്തിൽ സത്യ സന്ധമായി നിന്നാൽ കൈയ്യിൽ നിന്ന് കാശ് അങ്ങോട്ട് പോകും. ഇങ്ങോട്ട് ഒന്നും വരികയും ഇല്ല എന്നതാണ് അവസ്ഥ.
സ്വന്തം ജോലി ചെയ്തു വരുമാനമുള്ള പ്രൊഫഷനൽസാണ് യൂറോപ്പിലും മറ്റു പലയിടത്തും രാഷ്ട്രീയത്തിൽ വരുന്നത്. അവിടെ അഴിമതി സീറോയാണ്. ഒരാൾ എം പി യൊ മന്ത്രിയൊ ഒക്കെ ആയി കഴിഞ്ഞു പഴയ പ്രൊഫഷനിൽ തിരിച്ചു പോകും. ജോലി ചെയ്തു ജീവിക്കും അല്ലാതെ ആജീവാനാന്ത രാഷ്ട്രീയം എന്ന ഏർപ്പാട് ഇല്ല. മറുക്കുന്നത് വരെ അധികാരം എന്ന ഏർപ്പാട് ഇല്ല.
കേരളത്തിൽ മുഴുവൻ സമയ രാഷ്ട്രീയം തൊഴിലാക്കിയവർ എങ്ങനെ ജീവിക്കുന്നു എന്നത് എന്റെ ഒരു ഗവേഷണ വിഷയമാണ്. ഞാൻ പലരോടും അതു നേരിട്ട് ചോദിച്ചിട്ടും ഉണ്ട്. ചിലർക്ക് ചില പാർട്ട് ടൈം പ്രൊഫഷണൽ വരുമാനമുണ്ട്. പലരുടെയും ഭാര്യമാർക്ക് ജോലി ഉണ്ടായത് കൊണ്ട് വീട് പട്ടിണി ഇല്ലാതെ പോകുന്നു. പക്ഷെ വലിയ ഒരു വിഭാഗം റോൾ ചെയ്തു റോൾ ചെയ്തു പോകുന്നു. അവരുടെ കടം പലപ്പോഴും വീട്ടുകാർ പോലും അറിയില്ല.
പലപ്പോഴും മുഴുവൻ സമയം രാഷ്ട്രീയത്തിൽ ജീവിതം ചിലവാഴിക്കുന്ന പലരും പ്രൊഫഷണൽ വിദ്യാഭ്യാസം ഉണ്ടെങ്കിലും അതു പ്രയോഗിക്കാതെ ഡീ സ്കിൽ ചെയ്യപ്പെടും. പലരും യൂത്ത് കൊണ്ഗ്രെസ്സ് ഒക്കെ ആയി കേസും സാമ്പത്തിക പ്രശ്നവുമൊക്കെ ആകുമ്പോൾ ജോലി സാധ്യത തിരക്കി വരും. പക്ഷെ അപ്പോഴേക്കും രാഷ്ട്രീയ പ്രസംഗം ഒഴിച്ച് ബാക്കി എല്ലാത്തിലും ഡീ സ്കിൽ ആയതിനാൽനല്ല പ്രൊഫഷനൽ ജോലി കിട്ടില്ല. അങ്ങനെ ആയ കാലത്തു സമരം നടത്തി പോലീസ് അടി കൊണ്ട് കേസുമായി എങ്ങും എത്താതെ റോൾ ചെയ്തു കഴിയുന്ന ഒരുപാട് പേരെ അറിയാം.
എനിക്ക് അറിയാവുന്ന ഒരാളുണ്ട്. കഴിവ് ഉള്ളയാൾ. എൽ എൽ എം. പലപ്പോഴും ഞാൻ അദ്ദേഹത്തോട് പറയും നിങ്ങൾ ഹൈ കോടതിയിൽ നന്നായി പ്രാക്റ്റിസ് ചെയ്താൽ വലിയ ഫീസ് ഉള്ള പ്രശസ്ത വക്കീൽ. അല്ലെങ്കിൽ ജഡ്ജി ആയേനെ.
കേരളത്തിൽ ഇപ്പോൾ വിദ്യാർത്ഥി രാഷ്ട്രീയം കളിച്ചു കോഴ്സ് മുഴുമിക്കാതെ രാഷ്ട്രീയ സ്വപ്നം കാണുന്നവരോട് ഞാൻ പറയും കോഴ്സ് തീർത്തു നല്ല പ്രൊഫഷനാലായി വരുമാനതോടൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തുക. കാരണം രാഷ്ട്രീയത്തിൽ പോലും സക്സ്സസ് റേറ്റ് 10% ൽ താഴെയാണ്
എനിക്ക് അറിയാവുന്ന ഒരു എഞ്ചിനിയർ ബാംഗ്ലൂരിൽ നല്ല രീതിയിൽ ബിസിനസ്സ്. പഴയ ആവേശ കെ എസ് യൂ, യൂത്ത് കൊണ്ഗ്രെസ്സ്. അച്ഛൻ മരിച്ചപ്പോൾ നാട്ടിൽ വന്നു. എല്ലാവരും കൂടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിർത്തി. ജയിച്ചു. പിന്നേം ജയിച്ചു. അങ്ങനെ ജയിച്ചു. പിന്നേ തോറ്റു. അപ്പോഴേക്കും ഇരുപത് വർഷം പോയി. കടം മാത്രം ബാക്കി.
പ്രശ്നം കേരളത്തിൽ രാഷ്ട്രീയം തലക്ക് പിടിച്ചാൽ അതു ഒരു തരം ലഹരിയാണ്. പൊതു പ്രവർത്തനം ഒരു ശീലമാകും. രാവിലെ കുളിച്ചു നല്ല വസ്ത്രം ധരിച്ചു രാവിലെ പൊതു പ്രവർത്തനം നടത്തി ഇല്ലെങ്കിൽ ചിലർക്ക് ഉറക്കം വരില്ല. എവിടെ മരണം ഉണ്ടെങ്കിൽ പോകും. വിവാഹങ്ങൾ. പാർട്ട് പരിപാടികൾ. പ്രസംഗങ്ങൾ അങ്ങനെ അങ്ങനെ ഒരു ഇരുപത് വർഷം പോകും. അതിന് ഇടയിൽ പഞ്ചായത്തിലോ വല്ലോം തെരെഞ്ഞെടുത്താൽ അത്യാവശ്യം പോക്കറ്റ് മണി കിട്ടിയാലും അതു പെട്രോളിന് പോലും തികയില്ല.
വിദ്യാർത്ഥി രാഷ്ട്രീയം തലക്ക് പിടിച്ചു വരുന്നെന്നു കണ്ടു വീട്ടുകാർ കേരളത്തിൽ നിന്ന് നാട് കടത്തി. അവിടെയും സാമൂഹിക പ്രവർത്തനം തുടർന്നു എങ്കിലും നന്നായി പഠിച്ചു പ്രൊഫഷണൽ ലീഡർഷിപ്പിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്നു.
നാട്ടിൽ വന്നു രാഷ്ട്രീയത്തിൽ സജീവമായി സ്വന്തം പോക്കറ്റിൽ നിന്നും രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോൾ എന്റെ മക്കൾ ചോദിക്കും ഇതു കൊണ്ട് എന്ത് പ്രയോജനം? അപ്പോൾ പറയും പത്താമത്തെ വയസ്സിൽ സ്കൂൾ ലീഡർ ആയപ്പോൾ മുതൽ ഉള്ളിൽ കയറിയ ലഹരിയാണ് പൊതു പ്രവർത്തനം അതു ചോരയിൽ കയറിയാൽ പിന്നേ പോകില്ല. പൊതു പ്രവർത്തനം ഹരം അല്ലാത്തവർ ഇതിൽ ഒന്നും പോകില്ല.
പക്ഷെ ജോലി ചെയ്തു ശമ്പളമുള്ളത് കൊണ്ടും കടം വാങ്ങാത്തത് കൊണ്ടും അവർ എന്നേ എന്റെ വഴിക്ക് വിടുന്നു എന്നേയുള്ളു. രാഷ്ട്രീയം എന്തെങ്കിലും സ്വന്തം പ്രയോജനത്തിന് അല്ല ബോധ്യങ്ങൾ കൊണ്ടാണന്നു പറഞ്ഞാൽ ആരും വിശ്വസിക്കാത്ത കാലമാണ് എന്നത് വേറെ കാര്യം.

ജെ.എസ് അടൂർ

