തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിൽ നടന്ന ആലിംഗനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആഹ്ലാദ പ്രകടനത്തിനിടെ താൻ നടത്തിയ പെരുമാറ്റത്തിൽ എന്തെങ്കിലും അനൗചിത്യം തോന്നിയിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ പെരുമാറ്റത്തെ ചില സാമൂഹ്യമാധ്യമങ്ങൾ സ്ത്രീലമ്പടത്വമായി ചിത്രീകരിച്ചത് തന്നെ മാനസികമായി തകർത്തുവെന്ന് അദ്ദേഹം പറഞ്ഞു. “ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നെക്കുറിച്ച് പ്രചരിച്ച കാര്യങ്ങൾ കാരണം ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടു,” ചെറിയാൻ ഫിലിപ്പ് കുറിച്ചു.
ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ എംഎൽഎമാരെയും സ്നേഹത്തോടെയാണ് ആലിംഗനം ചെയ്തത്. ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ തന്റെ കുഞ്ഞനുജത്തിമാരെപ്പോലെയാണ്. ചെറിയാൻ ഫിലിപ്പിന്റെ പ്രവൃത്തിയിൽ ദുരുദ്ദേശ്യമില്ലെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ട്. പിതൃനിർവിശേഷമായ സ്നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തറും പ്രതികരിച്ചു. അരനൂറ്റാണ്ട് മുമ്പ് രാഷ്ട്രീയ പീഡനത്തെ തുടർന്ന് നട്ടെല്ലിനും സുഷുമ്‌ന നാടിക്കും ക്ഷതമേറ്റ കാര്യവും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചു. വലിയ ചികിത്സകൾക്ക് ശേഷമാണ് താൻ ഇന്നും എഴുന്നേറ്റു നടക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ദിരാ ഭവനിൽ വെച്ച് നേതാക്കളുമായി വീണ്ടും സൗഹൃദം പങ്കിട്ടതായും അദ്ദേഹം വ്യക്തമാക്കി.
.

