PRAVASI

'ഞാന്‍ ഒരുനാളും നിങ്ങളെ അറിയുന്നില്ല' മത്തായി 7: 23

Blog Image

മത്തായി സുവിശേഷം ഏഴാം അധ്യായം ഇരുപത്തിമൂന്നാം വാക്യത്തില്‍ പറഞ്ഞിരിക്കുന്ന കര്‍ത്താവിന്‍റെ ഒരു പ്രസ്താവനയാണ് മുകളില്‍ തലവാചകം ആയി ചേര്‍ത്തിരിക്കുന്നത്. 'ഞാന്‍ ഒരുനാളും നിങ്ങളെ അറിയുന്നില്ല. അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിന്‍' ഒരു ദിവസം വാതില്‍ അടയ്ക്കപ്പെടും അനേകം നാളുകളുടെ കാത്തിരിപ്പിനു ശേഷമാണ് വാതില്‍ അടയ്ക്കപ്പെട്ടത്. അപ്പോള്‍ കേള്‍ക്കുന്ന ദീനരോദനങ്ങളുടെ കദനകഥയാണ് ഇവിടുത്തെ പ്രതിപാദ്യ വിഷയം. ശബ്ദങ്ങള്‍ക്ക് നല്ല കേള്‍വി പരിചയമുണ്ട്. ഭാഷയും അംഗീകരിക്കപ്പെടുന്നുണ്ട്. അതായത് കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചുള്ള പരിചയങ്ങള്‍ ഉണ്ട്. സഭകളില്‍ ആരാധനകളില്‍ സംബന്ധിക്കുമ്പോള്‍ വാചാലരായി കര്‍ത്താവേ എന്ന് വിളിച്ചവര്‍ ഉണ്ട്. പുറമേ നിന്നുകൊണ്ട് മുന്‍പരിചയങ്ങള്‍ വെച്ചുള്ള വിളികളാണ് കര്‍ത്താവേ എന്നുള്ളത്. എന്നാല്‍ അകത്തുനിന്ന് ഉള്ള ശബ്ദം ഞാന്‍ ഒരുനാളും നിങ്ങളെ അറിയുന്നില്ല. ഈ ശബ്ദം ലോപിച്ചു ലോപിച്ചു അകന്നു പോവുകയാണ്. ഈ വാക്ക് അവിശ്വാസികളോട് അല്ല എന്നുള്ള വസ്തുത നാം അറിഞ്ഞിരിക്കണം. സഭായോഗം മുടക്കാതെയും പള്ളികളില്‍ സ്ഥിരമായി പോകുന്നവരും കര്‍ത്താവേ എന്ന് വിളിക്കുന്നവരും ആണ് ഈ ശബ്ദം കേള്‍ക്കുന്നത്. അങ്ങനെയുള്ളവര്‍ വായില്‍ കൂടെ കര്‍ത്താവ് എന്ന് വിളിക്കും അത് സത്യവുമാണ്. എന്നാല്‍ ഈ കര്‍ത്താവിനെ ഹൃദയത്തില്‍ സ്വീകരിക്കാതെ വിശുദ്ധ ആരാധനകളില്‍ പങ്കാളികളായി തീരും. ഞായറാഴ്ച മാത്രം അറിയപ്പെടുന്ന കര്‍ത്താവ് തിങ്കള്‍ മുതല്‍ ശനി വരെ ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചുള്ള ജീവിതം.മത്തായി 15:8 ല്‍ 'ഈ ജനം അധരം കൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു.


ദൈവവേലയില്‍ ഒരുപക്ഷേ പങ്കാളികള്‍ ആയിരിക്കാം. നീതീകരണത്തെക്കുറിച്ചും വിശുദ്ധികരണത്തെക്കുറിച്ചും വായ് തോരാതെ പ്രസംഗിക്കുന്നവര്‍ ആയിരിക്കാം. അനേകരെ നേര്‍വഴിയില്‍ നടത്തുന്നവര്‍ ആയിരിക്കാം. എങ്കിലും രഹസ്യമായി പലരും പാപത്തിന്‍റെ ദാസന്മാര്‍ ആയിരിക്കാം. ദൈനംദിന ജീവിതത്തില്‍ മാനസാന്തരം ഇല്ലാതെ ഉപരി വിപ്ലവവുമായി പൊതുജനമധ്യേ ആത്മീകര്‍ എന്ന് അഭിനയിക്കുന്നവര്‍ ആയിരിക്കും ഇങ്ങനെയുള്ളവര്‍ ദൈവത്തെ വഞ്ചിക്കരുത് ദൈവത്തെ ഇങ്ങനെ പരിഹസിച്ചു കൂടാ ഗലാത്യര്‍ 6 : 7ല്‍ പറഞ്ഞിരിക്കുന്നത് വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.
മറ്റുള്ളവരെ വിധിക്കുവാന്‍ പലരും വേഗതയുള്ളവര്‍ ആണ് എന്നാല്‍ കര്‍ത്താവ് മത്തായിയുടെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്.
മത്തായി 7 :2, 3 ല്‍ നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുന്നതു എന്തു?
ആരാധനകളില്‍ തന്നെത്താന്‍ ശോധന ചെയ്യാതെ മറ്റുള്ളവരെ ശോധന ചെയ്തും വിധിച്ചും പോകുന്ന പ്രവണത ഒഴിവാക്കണം. യേശുക്രിസ്തു യോഹന്നാന്‍റെ സുവിശേഷം 14ന്‍റെ 15ല്‍ പറഞ്ഞിരിക്കുന്നത്
നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പനകളെ കാത്തുകൊള്ളും.
ഇന്ന് അനേകരും തങ്ങളുടെ ശുശ്രൂഷകള്‍ മൂലം ദൈവനാമം മഹത്വത്തെക്കാള്‍ സ്വന്തം പ്രശസ്തിക്കും, സ്വന്ത സാമ്രാജ്യ വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതു മൂലമാണ് അവസാനം കേള്‍ക്കാന്‍ ഇടയാകുന്നത് ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്ന്. മാത്രമല്ല മത്തായി 6 : 2  ല്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്നത്, ആകയാല്‍ ഭിക്ഷകൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്‍റെ മുമ്പില്‍ കാഹളം ഊതിക്കരുതു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 
വാതില്‍ അടയ്ക്കപ്പെടുന്നത് ദൈവത്തിന്‍റെ ക്രൂരത മുഖേന അല്ല. പ്രത്യുത മനുഷ്യര്‍ തങ്ങളുടെ ഈ വക പ്രവര്‍ത്തികളില്‍ നിന്ന് മടങ്ങി വരുമോ എന്ന് പ്രതീക്ഷിച്ച് ദീര്‍ഘ ക്ഷമയോടെ ഇരുന്നിട്ടും ഇങ്ങനെയുള്ളവര്‍ ഈ ലോക സുഖങ്ങളില്‍ തന്നെ തുടര്‍ന്നു പോകുന്നതിനാലും, മടങ്ങി വരുവാന്‍ സാധ്യത കാണാത്തതിനാലുമാണ് ഇങ്ങനെയുള്ളവര്‍ക്ക് വേണ്ടി വാതില്‍ അടച്ച് കളയുന്നത്. നോഹയും കുടുംബവും പെട്ടകത്തില്‍ കയറാന്‍ ദൈവത്തിന്‍റെ ആജ്ഞ ലഭിച്ചപ്പോള്‍ അവര്‍ കയറി എങ്കിലും ഏഴു ദിവസം വരെ ദൈവം വാതില്‍ അടച്ചില്ല. ഏഴു ദിവസം വരെ ദൈവം ദീര്‍ഘ ക്ഷമയോടെ കാത്തിരുന്നു. ദുഷ്ടത വിട്ടു മാറി ആരെങ്കിലും നോഹക്കും കുടുംബത്തിനും ഒപ്പം പെട്ടകത്തില്‍ കയറുമോ എന്ന് ദൈവം പരീക്ഷിച്ചാണ് വാതില്‍ അടയ്ക്കാതെ തുറന്നിട്ടിരിക്കുന്നത് എങ്കിലും ആരും ദൈവത്തിന്‍റെ വാക്കുകള്‍ വിശ്വസിക്കുകയോ അനുസരിക്കുകയോ ചെയ്തില്ല. ദൈവത്തെ അനുസരിച്ചും കാണാതെ വിശ്വസിച്ചവരുമായ നോഹയെയും കുടുംബത്തെയും രക്ഷപ്പെടുത്തുവാന്‍ ദൈവം തീരുമാനിക്കുകയും പെട്ടകത്തിന്‍റെ വാതില്‍ ദൈവം തന്നെ അടക്കുകയും ചെയ്തു. ഇതേ അനുഭവമായിരിക്കും അവസാനം സംഭവിക്കാന്‍ പോകുന്നതും. അന്ന് ദുഷ്ടന്മാര്‍ക്ക് വാതില്‍ അടയ്ക്കപ്പെട്ടു എങ്കില്‍ ഇനി സംഭവിക്കാന്‍ ഇരിക്കുന്നത് വിശുദ്ധന്മാര്‍ എന്ന പദവി ലഭിച്ചവര്‍ക്ക് ആയിരിക്കുമെന്നുള്ള വ്യത്യാസം മാത്രം.
2 പത്രോസ് 3 : 9 ല്‍ 
ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവു തന്‍റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളു.
ഈ സംഭവങ്ങള്‍ വിളിച്ചറിയിക്കുന്നത് ഒരു മുന്നറിയിപ്പ് ആയിട്ടാണ്. മനം തിരിഞ്ഞ മടങ്ങി വരുവാന്‍ ദൈവം അനേകം അവസരങ്ങള്‍ നല്‍കുന്നുണ്ട്. ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ പകല്‍ ഉള്ളടത്തോളം നാം തികച്ചെടുക്കേണ്ടവരാണ്. അതിനു കാരണം കര്‍ത്താവ് നമ്മെ ഈ ലോകത്തിന്‍റെ വെളിച്ചം ആയിട്ടാണ് ഈ ഭൂമിയില്‍ ആക്കിയിരിക്കുന്നത്. ദൈവം മക്കള്‍  എടുക്കപ്പെട്ടതിനു ശേഷം അതായത് വെളിച്ചം മാറി പോകുമ്പോള്‍ ഇരുള്‍ വ്യാപിക്കും. അന്ധകാരം അതായത് അധര്‍മ്മ മൂര്‍ത്തിയുടെ അഴിഞ്ഞാട്ടം ആയിരിക്കും. കാലഗതികള്‍ക്ക് അനുസരിച്ചുള്ള വിശുദ്ധിയല്ല ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നത്. ശിഷ്യത്വം എന്നത് ഒരു പാര്‍ടൈം ശുശ്രൂഷ അല്ല. ദൈവത്തെ ആഴമായി സ്നേഹിക്കുന്നവന്‍ എക്കാലത്തും കര്‍ത്താവിന്‍റെ ശുശ്രൂഷകളില്‍ പങ്കാളികളായി തീരണം. സുവിശേഷവേലയ്ക്ക് റിട്ടയര്‍മെന്‍റ് ഇല്ല. അതിനാലാണ് ദാവീദ് സങ്കീര്‍ത്തനങ്ങളില്‍ പറഞ്ഞിരിക്കുന്നത് ഞാനുള്ള  കാലത്തോളം എന്‍റെ ദൈവത്തിന് കീര്‍ത്തനം പാടുമെന്ന്. ദൈവം വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധര്‍ ആകുവീന്‍ എന്ന് 1 പത്രോസ് 1:16ല്‍ പറഞ്ഞിരിക്കുന്നത്.ആകയാല്‍ ദൈവീക വചനങ്ങളാല്‍ ദൈന്യദി ന ജീവിതത്തില്‍ ശുദ്ധീകരണം പ്രാപിച്ച് ദൈവ ഇഷ്ടത്തെ തികച്ചെടുക്കുവാന്‍ സര്‍വ്വ കൃപാലുവായ ദൈവം ഏവര്‍ക്കും ഇടയാക്കട്ടെ. പ്രശസ്തര്‍ ആകുന്നതിലും നല്ലത് ദൈവസന്നിധിയില്‍ വിശ്വസ്തരായി തീരുക എന്നതാണ്.
മത്തായി 25 : 21 ല്‍  പറഞ്ഞിരിക്കുന്നത് നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നാണ്.ആ വിളിക്ക് യോഗ്യരാകുവാന്‍ ഏവര്‍ക്കും ദൈവം കൃപ ചെയ്യട്ടെ.

പാസ്റ്റര്‍ പി. പി. കുര്യന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.