PRAVASI

കൂടെയുള്ളവർ പോലും അറിയാത്ത ഗർഭങ്ങൾ

Blog Image

നവജാത ശിശുക്കൾ കൊല്ലപ്പെടുന്ന സംഭവങ്ങൾ കേരളത്തിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചു മൂടി എന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത് വന്നതാണ് അവസാന സംഭവം. തുറന്നുപറച്ചിലുകളിലൂടെയും വെളിപ്പെടുത്തലുകളുമോടെയാണ് ഇത്തരം സംഭവങ്ങൾ പുറംലോകം അറിയുന്നത്.
അനീഷ ബന്ധത്തില്‍നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് 25 വയസ്സുകാരനായ ഭവിന്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. പുതുക്കാട്ടെ ചെറിയ വീട്ടിനുള്ളിൽ വച്ച് അനീഷ ഗർഭം ധരിച്ച് പത്തുമാസം കുഞ്ഞിനെ ചുമന്ന് പെറ്റത് രണ്ട് പ്രാവശ്യമാണ്. ഇതുവരെ മകളുടെ ഗർഭത്തെ കുറിച്ച് താൻ അറിഞ്ഞിരുന്നില്ല എന്നാണ് അനീഷയുടെ അമ്മയുടെ മൊഴി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ പുതിയതല്ല. മലപ്പുറം കോട്ടക്കലിൽ പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചത് 2021 ഒക്റ്റോബർ 27നാണ്. അന്ന് പെൺകുട്ടി പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കിയായിരുന്നു. കുഞ്ഞ് കരഞ്ഞപ്പോൾ മാത്രമാണ് വീട്ടുകാർ ഇതിനെ കുറിച്ച് അറിഞ്ഞത് തന്നെ.
പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിലായത് ഈ മാസം 20നാണ്. രക്തസ്രാവത്തെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് യുവതി പ്രസവിച്ചതായി ഡോക്ടർമാർ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ജനിച്ചയുടൻ വായയും മൂക്കും പൊത്തിപ്പിടിച്ച് കുഞ്ഞിനെ കൊന്നെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീട്ടിലെ പറമ്പിൽ തള്ളിയെന്നുമാണ് യുവതി പറഞ്ഞത്. ആ സംഭവത്തിലും യുവതി ഗർഭിണിയായിരുന്നു എന്ന വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.

വിവാഹേതര ബന്ധത്തെ തുടർന്നുണ്ടാകുന്ന ഗർഭധാരണം മറച്ചുവെക്കാൻ വേണ്ടിയാണ് അമ്മമാർ നവജാതശിശുക്കളെ കൊലപ്പെടുത്താറുള്ളത്. ഗർഭം വീട്ടിലുള്ളവർ അറിയാതിരിക്കാൻ വേണ്ടി കുറ്റവാളികൾ വലിയ മുൻകരുതലുകളാണ് എടുക്കുന്നത്. ചെറിയ അസുഖങ്ങളുടെ പേര് പറഞ്ഞുകൊണ്ട് മറ്റുള്ളവരിൽ നിന്നും ഉൾവലിഞ്ഞ് നിൽക്കുകയാണ് ഇവർ പൊതുവേ ചെയ്യാറുള്ളത്. ഗർഭത്തിന്റെ ലക്ഷണങ്ങൾ കാട്ടി തുടങ്ങുന്നതോടെ ഇവർ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയും പെരുകിവരുന്ന വയർ മറ്റുള്ളവരിൽ നിന്നും മറച്ച് പിടിക്കുകയൂം ചെയ്യുന്നു. കുടവയർ മറക്കാൻ ഉപയോഗിക്കുന്ന തരം ബെൽറ്റുകളും ഇത്തരക്കാർ ഉപയോഗിക്കാറുണ്ട്. പലപ്പോഴും ഇന്റർനെറ്റിന്റെ സഹായത്തോടെ തന്നെയാണ് ഇവർ പ്രസവം നടത്താറുള്ളത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.