PRAVASI

ട്രംപിന്റെ താരിഫ് ഭീഷണി തള്ളി ഗോയൽ

Blog Image

ലോക രാഷ്ട്രീയം വീണ്ടും കലുഷിതമാവുകയാണ്. ഒരുവശത്ത്, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങൾ, മറുവശത്ത് ദേശീയ താൽപ്പര്യവും സ്വാഭിമാനവും മുറുകെ പിടിച്ച് ഇന്ത്യ. നയതന്ത്ര തലത്തിലുള്ള തർക്കങ്ങളും ചർച്ചകളും കുറച്ചുനാളുകളായി തുടരുകയാണ്. ഇന്ത്യയെ അങ്ങനെയൊന്നും പിടിച്ചു കെട്ടാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അമേരിക്കൻ പ്രസിഡന്റ് ഒടുവിൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്താൻ പോകുന്നു എന്ന് സ്വയമേ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ത്യയുടെ വാണിജ്യ വിഷയത്തിൽ തീരുമാനം പറഞ്ഞ അമേരിക്കൻ പ്രസിഡന്റിനെതിരെയുള്ള മറുപടിക്കായി ഇന്ത്യൻ ജനത കാത്തിരിക്കുകയായിരുന്നു.

ഒടുവിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ബിസിനസ് നേതാക്കളെ ഒരുമിച്ച് കൂട്ടുന്ന ബെർലിൻ ഗ്ലോബൽ ഡയലോഗ് വാർഷിക ഉച്ചകോടിയുടെ വേദിയിലാണ് ഇന്ത്യയുടെ ധീരമായ നിലപാട് ഗോയൽ ലോകത്തോട് വിളിച്ച് പറഞ്ഞത്. “തോക്ക് തലക്ക് വച്ച് ഒരു കരാറിനില്ല, താരിഫ് സമ്മർദ്ദത്തിന് ഇന്ത്യ വഴങ്ങില്ല”. ആ ഒറ്റ പ്രസ്താവന ഇന്ത്യൻ നയതന്ത്രത്തിന്റെ ദിശ ലോകത്തിന് കാട്ടി കൊടുക്കുന്നതായിരുന്നു. ഭീഷണിപ്പെടുത്തി ഇന്ത്യയെ വരുതിയിലാക്കാൻ കഴിയില്ല എന്ന പ്രഖ്യാപനമാണത്.


ആ വാക്കുകൾ കേവലം പ്രസ്താവനയല്ല. അത് 140 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രതിഫലനമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുള്ള ഇന്ത്യൻ തിരിച്ചടി. റഷ്യൻ എണ്ണ ഇറക്കുമതി വെട്ടിച്ചുരുക്കാൻ ഇന്ത്യ സമ്മതിച്ചു എന്ന അദ്ദേഹത്തിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടാണ് ഗോയൽ രംഗത്തെത്തിയത്. എന്താണ് ഈ പ്രസ്താവനയുടെ രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യം? നമുക്ക് നോക്കാം.

ഇന്ത്യയുടെ റഷ്യൻ സൗഹൃദമാണ് അമേരിക്കയെ ഇന്ത്യക്കെതിരെ തിരിയാൻ കാരണമാക്കിയത്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ, ഉപഭോക്തൃ താൽപര്യം മുൻനിർത്തി ഇന്ത്യ എണ്ണ വാങ്ങിയത് അമേരിക്കയെ ചൊടിപ്പിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള രാഷ്ട്രീയ എതിർപ്പ്, ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള തടസ്സം എന്നിവയാണ് ട്രംപ് ഭരണകൂടത്തെ അധിക താരിഫ് ചുമത്താൻ പ്രേരിപ്പിച്ചത്. പക്ഷെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ദേശീയ താൽപ്പര്യത്തെയും ഊർജ്ജ സുരക്ഷയെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് നാം ഉറച്ച നിലപാടെടുത്തു. അമേരിക്കയുടെ ഉപരോധങ്ങളോ ഭീഷണികളോ ഇന്ത്യയുടെ വളർച്ചയെ ബാധിച്ചില്ല എന്നതാണ് സത്യം.

പിയൂഷ് ഗോയൽ പറഞ്ഞതുപോലെ, ഇന്ത്യയുടെ വാണിജ്യ നയങ്ങൾ ദീർഘകാല ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അഥവാ, ഒരു നിമിഷത്തെ സമ്മർദ്ദത്തിന് വഴങ്ങി ക്ഷണികമായ നേട്ടങ്ങൾക്കായി സ്വന്തം താൽപ്പര്യങ്ങൾ പണയപ്പെടുത്തുന്ന നയമല്ല അത്.

ഇന്ത്യക്ക് ഊർജ്ജ സുരക്ഷയും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയുമാണ് പരമപ്രധാനം. വിലക്കുറവിൽ എണ്ണ കിട്ടുമ്പോൾ അത് വാങ്ങാതിരിക്കുന്നത് ജനങ്ങളോടുള്ള നീതികേടാകും. അമേരിക്ക താരിഫ് ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ തളർന്നില്ല. പകരം, പുതിയ വിപണികൾ തേടിപ്പോയി. ആഫ്രിക്ക, ലാറ്റിനമേരിക്ക, ആസിയാൻ രാജ്യങ്ങളുമായി വ്യാപാരം ശക്തിപ്പെടുത്തി. ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തിക്കൊണ്ട് ആത്മനിർഭർ ഭാരതിലൂടെ പ്രതിരോധം തീർത്തു. ഇന്ത്യയുടെ ഈ നടപടികളാണ് നമ്മെ അമേരിക്കൻ ഭീഷണികളെ മറികടക്കാൻ സഹായിച്ചത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.