എനിക്ക് ഈ ജനുവരി
വിദൂരതയിലെ
കാമുകൻ്റെ
വിരഹദുഃഖം
വഹിച്ചെത്തുന്ന
ആശംസാ സന്ദേശങ്ങളമല്ല
ബ്രൂട്ടിൻ്റെ
അസഹനീയ ഗന്ധവുമായി എത്തുന്ന ഗൾഫുകാരൻ്റെ
വിലകൂടിയ ചടങ്ങിൻ്റെ
അഹന്തയല്ല :
വാട്ട്സപ്പ് സന്ദേശങ്ങൾക്കിടയിൽ
പണത്തിനിപ്പോൾ
വലിയഞ്ഞെരുക്കം
എന്ന് കുറിച്ചിട്ട
ബന്ധുവിൻ്റെ കൗശലമല്ല.....
ദ്വിമുഖമുള്ള
കവിസുഹൃത്തിൻ്റെ
മൂർച്ചയേറിയ
ചിരിയുമല്ല.
കശാപുശാലയിൽ
ആശംസയോ
എന്ന ബുദ്ധിജീവിയുടെ
വരണ്ട ചിരിയുമല്ല....
നുണകളുടെ
ഒരു കടലിരുമ്പവുമായ്
വന്നിരുന്ന സൗഹൃദങ്ങളുടെ
വായാടിത്തങ്ങളുമല്ല.....
ക്രൂരഫലിതങ്ങളുടെ
ഭയപ്പെടുത്തുന്ന
ആവർത്തനങ്ങളുമല്ല
എനിക്കി ജനുവരി
അശാന്തനായൊരു
പടയാളിയാണ്
എൻ്റെ പ്രതിരോധനത്തിനു
മേൽ
അവൻ വിള്ളലുകൾ
വീഴ്ത്തുന്നു..
മേൽവിലാസത്തിൻ്റെ
ക്ഷണിക സ്വാന്തനം പോലും
അവൻ എന്നിൽ നിന്നും
പിടിച്ചെടുക്കുന്നു.
ഒരു ഏകാകിനിയുടെ
മൗനത്തിലേക്കവൻ
ഹൃദയത്തിലെ വാക്കുകളെ
ബന്ധിച്ചിരിക്കുന്നു.
ഇപ്പോൾ
ഈ ജനുവരി
ഭൂമിയിലേക്ക്
അടർന്നമരുന്നതിൻ മുൻപ്
തിരിച്ചറിവിൻ്റെ
നീലച്ച നിമിഷങ്ങളാകുന്നു
ജയപരാജയങ്ങളറിയാത്ത
ഒരു വലിയ കിടമത്സരവുമായ്
ഈ ജനുവരി
എൻ്റെ കിനാക്കളിലേക്ക്
അലോസരങ്ങളെറിയുന്നു

സോഫി.എൻ.പി

