പ്രൊഫ. എം .കൃഷ്ണൻ നായർ സാർ സാഹിത്യ വാരഫലത്തിലൊരിടത്ത് ഇങ്ങനെ എഴുതിയതു വായിച്ചതായി ഓർക്കുന്നു.
"സമൂഹത്തിന്സേവനമനുഷ്ഠിക്കുന്നു
വെന്നുഭാവിച്ചുകൊണ്ടു യഥാർത്തത്തിൽ അതിനെ ദ്രോഹിക്കുന്നവരാണ് ഭൂരിപക്ഷവും.
അക്കൂട്ടരിൽപെട്ടുന്നു പൈങ്കിളികഥക
ളെഴുതുന്ന സ്ത്രീകൾ.............. പ്രേമവും പ്രേമഭംഗവും കാമുകനും കാമുകൻ്റെ വഞ്ചനയും ഒക്കെയാണ് ഇക്കൂട്ടരുടെ സ്ഥിരം വിഷയങ്ങൾ . പ്രതിപാദനരീതിയോ ? ഓക്കാനിപ്പിക്കുന്ന മട്ടിലും...."
മഹാധിഷണശാലിയായ ആമഹാൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തോടുചിലസ്ത്രീകളെഴുതിയപുസ്തകങ്ങൾ കാണിച്ചു കൊണ്ട് സവിനയം പറയുമായിരുന്നു.
"സർ ഇതാ, ഈ കൃതികൾ അങ്ങൊന്നു മറിച്ചുനോക്കൂ.മനുഷ്യജീവിതസുഗന്ധപൂരിത
മായ ഇവയെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?............."
ഞാനദ്ദേഹത്തിനു സമർപ്പിക്കുന്ന പുസ്തകങ്ങളിൽ ശ്രീമതി ദത്താത്രേയ ദത്തു , ശ്രീമതി സഫൂ വയനാട് തുടങ്ങിയ ചുരുക്കം ചിലരുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നുനിശ്ചയമാണ്.
അദ്ദേഹം പറയുമായിരുന്ന ഉത്തരം ഞാൻ ആത്മഗതം ചെയ്തു.
"പുതിയതലമുറയിലെശക്തരായ
കവയിത്രികൾ............. "
ഞാനിത്രയും എഴുതിയത്, ഇന്നലെ പോസ്റ്റൽ വഴി എനിക്കുലഭിച്ച ഒരു കവിതാസമാഹാരം വായിച്ചതുകൊണ്ടാണ്. ശ്രീമതി സഫൂ വയനാട് രചിച്ച "തൂബാ" എന്ന കവിതാ സമാഹാരം.
ഇതിൽ പ്രണയമുണ്ട്,ധാരാളം .പക്ഷെ ശ്രീ. കൃഷ്ണൻ നായർ സൂചിപ്പിച്ച ചില എഴുത്തുകാരെപ്പോലെ നീയില്ലെങ്കിൽ ഞാനില്ല, ഞാനില്ലെങ്കിൽ നീയില്ല എന്നതോതിൽ തിരിച്ചും മറിച്ചുംമറിച്ചുംതിരിച്ചുമിട്ടുപ്രണയത്തെ ചർവിതചർവണം നടത്തി ആ ചണ്ടി കവിതയെന്ന പേരിൽ അനുവാചകരുടെ മുന്നിലിട്ടു.മനം മടുപ്പിക്കുന്ന രീതിയിൽ അല്ലെന്നു മാത്രം. ഈ പുസ്തകത്തിനു നമ്മുടെ പ്രിയ കവി സച്ചിദാനന്ദൻ നൽകിയ ആസ്വാദനക്കുറിപ്പിലെ വാക്കുകൾ കടമെടുത്താൽ "സഫൂ വയനാടിൻ്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് പ്രണയത്തിൻ്റെ അനേക നിറഭേദങ്ങളും സ്വരഭേദങ്ങളുമാണ് ..........
മസൃണമായ ഭാഷയിൽ ആ തരളഭാവങ്ങൾ ആവിഷ്ക്കരിച്ചിരിക്കുന്നു. "
ഈ കവി തൻ്റെ ആമുഖത്തിൽ സൂചിപ്പിച്ച പോലെ "എഴുതുക എന്നത് വളരെയേറെ ആത്മസമർപ്പണം ആവശ്യമുള്ള ഒരു കർമ്മമാണ്. അതികഠിനമായ വികാരവിക്ഷോഭങ്ങളിൽ പെട്ട് മനസ്സുലഞ്ഞു പോകുന്ന പ്രവർത്തി...... "
അതെ വലിയൊരുണ്മയാണവർക്കുറിച്ചു വെച്ചത് "എഴുതാൻ വേണ്ടി എഴുതിയതല്ല "
മറിച്ച് "എഴുതാതിരിക്കാൻ കഴിയാത്തതു കൊണ്ട് എഴുതുന്നു..... "
വർഷങ്ങളായി നവമാദ്ധ്യമങ്ങളിൽ രചനകൾ നടത്തുന്ന ഈ കവിയെ എഴുത്തിലൂടെ സുപരിചിതയാണെനിക്ക്. നന്നെ ചെറുപ്പത്തിലെ പക്വമതിയ്ക്കുടമ.എത്ര സുന്ദരമായരചനയിലുംമഹാകവികൾക്കുപോലും ചിലയിടങ്ങളിൽ ചില്ലറ തെറ്റുകൾ സംഭവിക്കാം .അത് സ്വാഭാവികം മാത്രം . അത് മറ്റുള്ളവർ സൂചിപ്പിക്കുമ്പോൾ അവരോട് പരിഹാസരൂപേണ "കുരച്ചു ചാടുന്ന " ചില പുതുതലമുറ എഴുത്തുകാരുടെ സ്വഭാവം തെല്ലുമില്ലാത്ത, പറയുന്നതുൾക്കൊള്ളുന്ന സൌമ്യശീലത്തിനുടമകൂടിയാണ് ഈ കഴിവുറ്റ കലാകാരി എന്ന് സ്വന്തം അനുഭവത്തിൽ നിന്നെനിക്ക് പറയാൻ കഴിയും. ആ സാത്വിക സ്വഭാവം കൂടിയാവാം സഫൂവിനെ ഒരുത്തമ കവയിത്രിയാക്കിയത്.
ഹൃദയപുസ്തകം, കയറ്,ഹാ, എൻ്റെ അടുക്കള കവിതകൾ, യന്ത്രം, നമ്മളിടം,തെരുവിലെ കൂട്ടുകൾ, എഴുതുന്നവളെ പ്രണയിക്കുമ്പോൾ, അമ്മച്ചിരി, എത്ര സുന്ദരമാണ് നീയെന്ന എൻ്റെ ലോകം ,അവളും അവളും, പ്രണയോന്മാദം,തുബ , ന്യൂറോളജി വാർഡ്, മൽഹാർ രാഗം, യാദൃശ്ചികം , തറവാടിടങ്ങളിൽ, മരണാനന്തരം തീരാത്ത കാത്തിരിപ്പുകൾ ,പ്രണയകാവ്യങ്ങളിലൂടെയൊരു യാത്ര, സ്വർഗ്ഗവെയിൽ തിളക്കം, സ്നേഹനനവ്, സ്നേഹാന്വേഷണങ്ങളുടെ അവസാനം, നിന്നോടെനിക്കെന്ത് സ്നേഹമാണെന്നോ , സ്നേഹത്തിൻ്റെ മണം , ഇനിയുമെത്ര ശിശിരങ്ങൾ, ചെണ്ടുമല്ലി ദിനങ്ങൾ, പാതി ചൂര് , സ്വാർത്ഥതയുടെ ഖബ്ർ, ഓർമ്മകൾ തോൽക്കും യാമം തുടങ്ങിയ 29 സുന്ദര കവിതകളുടെ സമാഹാരമാണ് സഫുവയനാടിൻ്റെ തൂബാ. ഏതെങ്കിലും ഒരു കവിതയിലെ ഏതാനും വരികളുദ്ധരിച്ച് " ഇതാ മനോഹരമായ വരികൾ " എന്നു പറയാനെളുതല്ല.കുറേകൽക്കണ്ടതുണ്ടുകളിൽ നിന്ന് ഒന്നെടുത്ത് "ഇതിനാണ് മധുരമധികം " എന്നു പറയാനാവില്ലല്ലൊ !''
ഹാ!എൻ്റെ അടുക്കള കവിതകളിൽ നിന്ന് ഏതാനും വരികൾ.
"അടുക്കളയിൽ കറിക്കരിയും നേരത്താണ് , ഏറെ നാളുകൾക്കു ശേഷം
കവിത എഴുതാമോന്ന്
വളരെ ലാഘവത്തോടെ
അയാളൊരു സന്ദേശമയച്ചത്. "
ആ സന്ദേശമയച്ച ആളാവട്ടെ കവയിത്രിയുടെ ഭാഷയിൽ
"ഒലീവ് മരങ്ങളുടെ താഴ്വാരങ്ങളിരുന്നു
മുന്തിരി വീഞ്ഞു നുകർന്ന്,
ബോഗൻ വില്ലകൾ പൂക്കുന്നത് നോക്കിയിരിക്കയും
സദാവായിക്കുകയും എഴുതുകയും ചെയ്യുന്ന എന്നെ ആയിരിക്കും എൻ്റെ കവിത ഒന്നൊഴിയാരെ ചവച്ചിറക്കുമ്പോൾ
അയാൾ സങ്കൽപ്പിച്ചു കൂട്ടുന്നത്..."
ഇങ്ങനെ എടുത്തു പറയാൻ എത്രയെത്ര വരികൾ.
എല്ലാം വായിച്ചാസ്വദിക്കണമെന്നു തോന്നുന്നവർക്ക് ഈ പുസ്തകം വാങ്ങി വായിക്കാം. അത് നിങ്ങളെ ഒട്ടും നിരാശപ്പെടുത്തുകയില്ല. നിങ്ങൾ നല്ല കവിതകൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ !!!
ഈ കവിതാസമാഹാരത്തിന് മാറ്റുകൂട്ടാനായി കവി ശ്രീ സച്ചിദാനന്ദൻ, ശ്രി കരീപ്പുഴ ശ്രീകുമാർ എന്നിവരുടെ ആസ്വാദനക്കുറിപ്പുകളും ചേർത്തിട്ടുണ്ട്.
നല്ല കവിത മാത്രം എഴുതാനറിയാവുന്ന ശ്രീമതി സഫൂ വയനാടിന് ഞാൻ ഹൃദയപൂർവ്വം ആശംസകൾ നേരുന്നു .
കെ.ടി. കെ.ചൂലൂർ