ഡാളസ്: പ്രസിദ്ധ കവിയും കഥാകൃത്തും നോവലിസ്റ്റുമായ ജോണ്‍ ഇളമതയുടെ 'കഥ പറയുന്ന കല്ലുകള്‍' എന്ന ചരിത്രനോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷ "STORIED STONES"എന്ന പുസ്തകത്തിന്‍റെ കവര്‍ പ്രകാശനം ഡാളസ്സില്‍ നടത്തപ്പെട്ട ലാനയുടെ പതിന്നാലാം ദ്വൈവാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു.
സുപ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രയ്ക്ക് കവര്‍ ഡിസൈന്‍ കൈമാറിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
നോവലിന്‍റെ ഔദ്യോഗിക പ്രകാശനം നവംബര്‍ 11-ന് ഷാര്‍ജാ പുസ്തകമേളയില്‍ വെച്ച് നടത്തപ്പെടും.
ബുദ്ധന്‍, മോശ, നെന്‍മാണിക്യം, സോക്രട്ടറീസ് ഒരു നോവല്‍, മാര്‍ക്കോപോളോ, മരണമില്ലാത്തവരുടെ താഴ്വര എന്നിവയാണ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുള്ള ചരിത്രനോവലുകള്‍.
ലാനയുടെ 2002-2005 കാലഘട്ടത്തിലെ പ്രസിഡണ്ടായി ജോണ്‍ ഇളമത സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, ടൊറന്‍റോ, ജര്‍മ്മനി എന്നിവിടങ്ങളിലായി ലാനയുടെ മൂന്നു സമ്മേളനങ്ങള്‍ ആ കാലയളവില്‍ വിജയകരമായി നടത്തി. ലാനയെ ഒരു അന്തര്‍ദ്ദേശീയ സാഹിത്യ പ്രസ്ഥാനമാക്കി വളര്‍ത്തുന്നതില്‍ ജോണ്‍ ഇളമത സ്തുത്യര്‍ഹമായ നേതൃത്വം നല്കിയിട്ടുണ്ട്.
ഈയടുത്തകാലത്ത് നിര്യാതയായ ആനിയമ്മയാണ് സഹധര്‍മ്മിണി. കാനഡയിലെ മിസ്സിസ്സാഗയിലാണ് സ്ഥിരതാമസം.



