എല്ലാവരും ക്യൂ നിന്ന് ജോസ് കെ മാണിയെ കല്ലെറിയുമ്പോൾ ഞാൻ എന്തുകൊണ്ട് ആ മനുഷ്യനൊപ്പം ചേർന്നു എന്നു ചോദിച്ച ചിലരുണ്ട്.ഒരുപക്ഷെ കെ മുരളീധരൻ കഴിഞ്ഞാൽ രാഷ്ട്രീയത്തിൽ പിച്ചവെച്ചു നടക്കാൻ തുടങ്ങിയ കാലം മുതൽ അപവാദങ്ങളുടേയും ഇല്ലാക്കഥകളുടേയും അസൂയയുടെയും പേരിൽ ഇത്രയേറെ അമ്പുകളേറ്റ ഒരു ചെറുപ്പക്കാരനുമുണ്ടാവില്ല കേരള രാഷ്ട്രീയത്തിൽ.അതിനെയൊക്കെ സൗമ്യനായി, ശാന്തനായി, അതേസമയം നിർഭയനായി, ജോസ് കെ മാണി അതിജീവിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്.

കള്ളക്കഥകളുടേയും വിമർശനങ്ങളുടെയും വിഴുപ്പലക്കലുകളുടെയും പരിഹാസങ്ങളുടേയും അവഹേളനങ്ങളുടേയും നടുവിൽ മുറിവേറ്റു നിൽക്കുമ്പോഴും ഒരു പാഴ് വാക്കുപോലും വായിൽനിന്നു വീഴാതെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉരുളയ്ക്കുപ്പേരി പോലെ ചടുലവും വിവേകപൂർണ്ണവുമായ മറുപടി നൽകുന്ന, പക്വതയുള്ള, പതംവന്ന നേതാവിനെയാണ് അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങളിൽ നമുക്കു കാണാൻ കഴിയുക. അതൊരു മിടുക്കു തന്നെയാണ്.
ഒരാൾ എത്ര പ്രഗത്ഭനാണെങ്കിലും ചിലപ്പോൾ അയാൾക്ക് തന്റെ പിതാവിന്റെ അതേ പകർപ്പാകാൻ കഴിഞ്ഞു എന്നു വരില്ല.
ഒരു പക്ഷേ ജോസ് കെ മാണി എന്ന തുടക്കക്കാരന്, പരിണിതപ്രജ്ഞനായ മാണി സാറിന്റെ വിടവ് നികത്താൻ ഈ ചെറിയ കാലത്തിനിടയിൽ കഴിഞ്ഞിട്ടുണ്ടാവില്ല. പല കാര്യങ്ങളിലും അദ്ദേഹം ഇതിനോടകം മാണി സാറിന്റെ മികച്ച ഫോമിൽ എത്തിയിട്ടുമുണ്ടാവില്ല.
പക്ഷേ അതു തികച്ചും സ്വാഭാവികമാണ്. കാരണം അദ്ദേഹമൊരു തുടക്കക്കാരൻ മാത്രമാണ്. മാണിസാർ അവസാനിപ്പിച്ച ഇടത്തുനിന്നു ജോസ് കെ മാണി തുടങ്ങുമ്പോൾ മാണി സാറിന്റെ പെർഫെക്ഷൻ പ്രതീക്ഷിക്കാൻ വിമർശകർക്ക് അവകാശമുണ്ട്. പക്ഷെ അതൊരു അത്യാഗ്രഹമാണെന്നു ഞാൻ പറയും.
ഒരു കാര്യം ഞാൻ നെഞ്ചിൽ തൊട്ടു പറയുന്നു. അപാരമായ നേതൃഗുണവും അന്യാദൃശ്യമായ നിരീക്ഷണ പാടവവും വിഷയങ്ങൾ പഠിച്ചു വിലയിരുത്താനുള്ള കൂർമ്മബുദ്ധിയുമുള്ള ക്രാന്തദർശിയായ യുവനേതാവാണ് ജോസ് കെ മാണി. അദ്ദേഹത്തെ രാഷ്ട്രീയ കേരളം തിരിച്ചറിയാൻ പോകുന്നതേയുള്ളു.
പാർട്ടി കേഡറുകൾക്കിടയിൽ മാണി സാറിന്റെ കാലത്തില്ലാതിരുന്ന സംഘടനാപരമായ അച്ചടക്കവും പൊളിറ്റിക്കൽ മാനേജുമെന്റിലെ പ്രൊഫഷണലിസവും വളരുന്തോറും പിളരുമെന്നു മാണിസാർ തന്നെ വിശേഷിപ്പിച്ച കേരളാ കോൺഗ്രസ്സിന് ഇന്നുണ്ട്.
പാർട്ടി എന്ത് നിലപാടെടുത്താലും പാർട്ടിയുടെ അഞ്ച് എംഎൽഎ-മാരും പാർട്ടിക്കൊപ്പമുണ്ടാവുമെന്നു രാഷ്ട്രീയ കേരളത്തോടു പറയാനുള്ള ചങ്കുറപ്പ് സ്വയം ആർജ്ജിക്കുവാൻ ഈ ചെറിയ കാലത്തിനിടയിൽ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നുവെന്നത് വിസ്മയത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്.
പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുകയും അവ സൗഹാർദ്ദപരമായി പരിഹരിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയും, മൂർച്ചയുള്ള ഓർമ്മശക്തിയോടെ കാര്യങ്ങൾ കൃത്യമായും തുടർച്ചയായും പിന്തുടരുകയും ചെയ്യുന്ന ഒരാളാണ് ജോസ് കെ മാണിയെന്ന് അദ്ദേഹം ഇതിനോടകം നൂറു തവണ തെളിയിച്ചു കഴിഞ്ഞു.
സിംഹങ്ങളും പുലികളും തിമിംഗലങ്ങളും അടക്കിവാഴുന്ന പടക്കളമാണ് കേരളരാഷ്ട്രീയം. അതികായൻമാരായ ആ നേതാക്കളെയൊക്കെ അത്ഭുതത്തോടെയും ആദരവോടെയുമാണ് നാം കണ്ടുനിൽക്കാറുള്ളത്.
അത്തരം മഹാമേരുക്കളുമായി പോരിനിറങ്ങുമ്പോൾ, പിടിച്ചുനിൽക്കാൻ സമയാസമയം വാലും തലയും മാറിമാറി ഉയർത്തിക്കാട്ടി മനുഷ്യരെ വിഢികളാക്കാൻ ജാലവിദ്യ കാണിക്കുന്ന മായക്കാർക്കു മാത്രമേ മാർക്കറ്റുണ്ടാവൂ എന്നാണ് പൊതുസങ്കല്പം. എന്നാൽ അവർക്കിടയിൽ നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നേരെ വാ നേരേ പോ എന്ന ശൈലി പിന്തുടരുന്ന നേതാവാണ് ജോസ് കെ മാണി. അതാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്.
അതെ. ഒരു തെരഞ്ഞെടുപ്പു യുദ്ധം ജയിക്കാൻ എന്തു തറപ്പണിയും ചെയ്യാനോ നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാനോ മടിയില്ലാത്ത കഴിഞ്ഞ തലമുറയിലെ നേതാക്കൾക്കിടയിൽ, നമുക്ക് പരിചിതമല്ലാത്ത, പുതുതലമുറയുടെ നന്മയും വിശുദ്ധിയും നേരും നെറിയും ജോസ് കെ മാണിക്കുണ്ടെന്ന് എനിക്കുറപ്പിച്ചു പറയാൻ കഴിയും.
ശവസംസ്കാര ചടങ്ങുകളിലോ വിവാഹ ചടങ്ങുകളിലോ പങ്കെടുക്കാനെത്തുമ്പോൾ ചില നേതാക്കൾ അമിതസൗഹൃദം അഭിനയിച്ചു ചളമാക്കുന്നതു സ്ഥിരം കാണുന്നവരാണു നാം. നാളെ മുതൽ നിങ്ങളും നിരീക്ഷിച്ചോളൂ. നമുക്ക് അത്തരമൊരു നാട്യം ഈ യുവനേതാവിൽ കാണാൻ കഴിയില്ല. അതു തന്നെയാണ് ആ മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത്.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രണ്ടുതവണയും റെക്കോർഡ് ഭൂരിപക്ഷം നേടി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കോട്ടയത്തിനു നൽകിയ സംഭാവന തിരക്കിനിടയിൽ മാധ്യമങ്ങൾ ചർച്ചചെയുന്നില്ല.
പാലായിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, സയൻസ് സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ രണ്ടാമതും ഒരു കേന്ദ്രീയ വിദ്യാലയം, ഏകലവ്യ മോഡൽ സ്‌കൂൾ, കോട്ടയം റെയിൽവേ സ്റ്റേഷന്റെ കണ്ണഞ്ചിപ്പിക്കുന്ന വികസനപദ്ധതികൾ തുടങ്ങിയ ആവിഷ്ക്കരിച്ച ജോസ് കെ മാണി വ്യത്യസ്ഥനല്ലെങ്കിൽ പിന്നെ മറ്റെന്താണ്!
കോട്ടയം മണ്ഡലത്തിലെ എത്രയെത്ര ഗ്രാമീണ റോഡുകളാണ് അദ്ദേഹം പ്രധാനമന്ത്രി ഗ്രാമീൺ വികാസ് യോജന എന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ച് റബ്ബറൈസ്ഡ് ടാറിംഗ് നടത്തിയത്. അങ്ങനെയൊരു സ്കീം റോഡു വികസനത്തിനായി ഉപയോഗിച്ച കേരളത്തിൽനിന്നുള്ള ആദ്യത്തെ എംപിയാണ് ജോസ് കെ മാണി.
ഈ സ്കീം നമ്മുടെ രാജ്യത്തുണ്ടെന്ന് കേരളത്തിലെ എംപിമാർ മനസ്സിലാക്കിയതുതന്നെ കോട്ടയത്ത് അതു നടപ്പിലാക്കിക്കഴിഞ്ഞപ്പോഴാണ്. ഒരു എംപിക്ക് തന്റെ മണ്ഡലത്തിൽ ഇത്രയധികം വികസനം നടത്താൻ കഴിയുമെന്ന് ആദ്യമായി കാണിച്ചുകൊടുത്തത് ജോസ് കെ മാണിയാണ്. ആ മനുഷ്യനെയാണ് ഇവിടെ ചിലർ കല്ലെറിയുന്നത്.
എല്ലാവരോടും സദാ ഹൃദ്യമായി പെരുമാറുന്ന ജോസ് കെ മാണിയുടെ പകുതി പോലും നേതൃശേഷിയുള്ള മറ്റാരും ഇന്ന് കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതുതലമുറയിലില്ലെന്ന് എനിക്കുറപ്പുണ്ട്.
അതുകൊണ്ടു തന്നെയാണ് എനിക്കീ മനുഷ്യനിൽ കേരളത്തിന്റെ ഭാവിരാഷ്ട്രീയം പ്രതീക്ഷയോടെ നോക്കിക്കാണുവാൻ കഴിയുന്നത്.
പറയുന്നവർ അങ്ങ് പറയട്ടെ. ഇനി, ഈ മനുഷ്യന്റെ മുന്നോട്ടുള്ള നിരന്തരയാത്രകളിൽ, ഒരു നിഴൽ പോലെ, അശ്വാരൂഢനായ പടയാളിയേപ്പോലെ ഒരു കാവലാളായി, കേരളാ കോൺഗ്രസ്സിന്റെ പതിനായിരക്കണക്കിന് യുവ പോരാളികൾക്കൊപ്പം വാളും പരിചയുമായി അഭിമാനത്തോടെ ഞാനുമുണ്ടാവും.
ഡോ. ബിജു കൈപ്പാറേടൻ.
മുൻ ജില്ലാ പഞ്ചായത്ത് അംഗം

